കോട്ടയ്ക്കൽ.–കേരളത്തിൽ 30 വയസ്സിനു മുകളിലുള്ളവരിൽ 18 ശതമാനം ആളുകൾക്കും ജീവിതശൈലീ രോഗങ്ങൾ പിടിപെട്ടതായി ആരോഗ്യവകുപ്പിന്റെ ആദ്യഘട്ട സർവേയിൽ കണ്ടെത്തി. 51 ലക്ഷം പേർക്കാണ് പ്രമേഹവും രക്തസമ്മർദവുമുള്ളത്. 27.91 പേർക്കു രോഗസാധ്യതയുമുണ്ട്. വിവിധ തരം അർബുദമുള്ളവരും ശ്വാസകോശ സംബന്ധമായ രോഗമുള്ളവരും വേറെയുമുണ്ട്.
1,54,26,178 പേരെയാണ് ആദ്യഘട്ടത്തിൽ സർവേയിൽ ഉൾപ്പെടുത്തിയത്. 5 മാസത്തിനകം രണ്ടാംഘട്ട സർവേ പൂർത്തിയാകും. ഇതുകൂടി കഴിയുന്നതോടെ ശതമാന നിരക്ക് ഉയരുമെന്നാണ് പറയുന്നത്.
ജോലിയുടെ സ്വഭാവം, വിശ്രമം തുടങ്ങി 38 ചോദ്യങ്ങൾക്കാണ് ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി ഉത്തരം തേടുന്നത്. തെറ്റായ ഉത്തരം നൽകുകയോ, മറുപടി കൊടുക്കാതിരിക്കുകയോ ചെയ്യരുതെന്നു അവർ പ്രത്യേകം പറയുന്നുണ്ട്.
ഭക്ഷണക്രമം, വ്യായാമം, മാനസിക പിരിമുറുക്കം കുറയ്ക്കൽ, മതിയായ ഉറക്കം എന്നീ 4 കാര്യങ്ങളിൽ ശ്രദ്ധചെലുത്തിയാൽ ഇത്തരം രോഗങ്ങളിൽ നിന്നു മുക്തരാകാമെന്നു ആരോഗ്യവകുപ്പധികൃതർ നിഷ്ക്കർഷിക്കുന്നു. ആവശ്യത്തിലധികം ഭക്ഷണം കഴിക്കരുത്. സമയം തെറ്റാതെ കഴിക്കുകയും വേണം. നിത്യവ്യായാമം നിർബന്ധമാണ്. ചെയ്യുന്നത് കാഠിന്യമുള്ള ജോലി ആണെങ്കിലും മാനസിക
പിരിമുറുക്കത്തിൽ നിന്നു മുക്തരാകാൻ ശ്രമിക്കണം. ഉറക്കക്കുറവുണ്ടെങ്കിൽ പരിഹരിക്കണമെന്നും പറയുന്നു.