ആലത്തൂർ എം.പിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ മുൻ മന്ത്രി കെ രാധാകൃഷ്ണന്റെ അമ്മ ചിന്ന (84) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാത്രി പന്ത്രണ്ടരയോടെയാണ് അന്തരിച്ചത്. പാർലമെൻറ് സമ്മേളനത്തിൽ പങ്കെടുക്കാനായി ഡൽഹിയിലായിരുന്ന കെ രാധാകൃഷ്ണൻ വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചു.
അൽപസമയം മുൻപ് കെ.രാധാകൃഷ്ണൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മരണ വിവരം അറിയിച്ചത്. ‘ജീവിതത്തിൽ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞു’ എന്നായിരുന്നു അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് അദ്ദേഹം ഫേസ്ബുക്കിൽ അറിയിച്ചത്.
ഭർത്താവ് പരേതനായ എം.സി കൊച്ചുണ്ണി. ആലപ്പുഴ കായംകുളം സ്വദേശിയായ ചിന്ന വിവാഹ ശേഷം ഭർത്താവിനൊപ്പം ഇടുക്കി വാഗമൺ പുള്ളിക്കാനത്ത് തേയിലത്തോട്ടത്തിൽ 38 വർഷത്തോളം ജോലി നോക്കി. ഭർത്താവിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ നാടായ ചേലക്കരയിലേക്ക് താമസം മാറ്റി.