തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണങ്ങളിൽ ഇളവ് വരുത്തി പുതിയ ഉത്തരവിറങ്ങി.
ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് (എം വി ഐ) ഒരു ദിവസം നടത്താവുന്നത് 40 ടെസ്റ്റാണ്. രണ്ട് എംവിഐ ഉള്ളിടത്ത് പ്രതിദിനം 80 ടെസ്റ്റുകൾ നടത്താം. ടെസ്റ്റിനുള്ള വാഹനങ്ങൾക്ക് 18 വർഷം വരെ പഴക്കമാകാം. റോഡ് ടെസ്റ്റ് നടത്തേണ്ടത് ഗ്രൗണ്ട് ടെസ്റ്റിന് ശേഷമാകും. സമരക്കാരുമായി സർക്കാർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് പുതിയ നിർദേശങ്ങൾ സർക്കാർ ഇറക്കിയത്.
ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനങ്ങളിൽ ക്യാമറ വെക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിക്കും എന്നിങ്ങനെയാണ് പുതിയ നിർദേശങ്ങൾ. ഗതാഗത വകുപ്പ് നടപ്പാക്കാനുദ്ദേശിച്ച പരിഷ്കാരങ്ങളിൽ ഇളവുകൾ മന്ത്രി പ്രഖ്യാപിച്ചെങ്കിലും വിശദാംശം ഉൾപ്പെടുത്തി ഉത്തരവിറക്കിയിരുന്നില്ല. ഇതുമൂലം ടെസ്റ്റുകളും പഴയപടിയാകാത്ത സാഹചര്യമുണ്ടായിരുന്നു. ഉത്തരവിറങ്ങിയതോടെ ഡ്രൈവിങ് ടെസ്റ്റ് പുതുക്കിയ നിർദേശങ്ങളോടെ നടക്കും.
25 പുതിയ അപേക്ഷകർ, 10 റീടെസ്റ്റ്, അഞ്ചു പേർ പഠനാവശ്യത്തിനടക്കം വിദേശത്ത് പോകേണ്ടവരോ അവധിക്ക് വന്ന് മടങ്ങിപ്പോകേണ്ടവരോ ആയ പ്രവാസികളെന്ന രീതിയിലാകണം ടെസ്റ്റുകളിലെ മുൻഗണന. വിദേശത്ത് പോകുന്ന അപേക്ഷകർ ഇല്ലാത്ത സാഹചര്യത്തിൽ റീടെസ്റ്റ് അപേക്ഷകരുടെ സീനിയോറിറ്റി പരിഗണിച്ച് അവസരം നൽകണം.
റോഡ് സുരക്ഷ മുൻനിർത്തി ഗ്രൗണ്ട് ടെസ്റ്റിന് ശേഷം റോഡ് ടെസ്റ്റ് നടത്തുന്ന രീതി തുടരും. റോഡ് ടെസ്റ്റുകൾ നിയമക്രമം പാലിച്ച് റോഡിൽ തന്നെ നടത്തണം. റോഡ് സുരക്ഷ കണക്കിലെടുത്ത് ഡ്യുവൽ ക്ലച്ച്-ബ്രേക്ക് സംവിധാനമുള്ള വാഹനങ്ങളിൽ ടെസ്റ്റ് നടത്തുന്ന രീതി തുടരും.
ലേണേഴ്സ് ലൈസൻസ് നേടിയവരുടെയും ഇതിന്റെ കാലാവധി അവസാനിക്കുന്നവരുടെയും ക്രമം അനുസരിച്ചുള്ള പ്രത്യേക പട്ടിക തയാറാക്കണം. ഓരോ ഓഫിസിന്റെ കീഴിലുമുള്ള തീർപ്പാകാനുള്ള അപേക്ഷകളുടെ ബാഹുല്യം പരിശോധിച്ച് അധികം അപേക്ഷകരുള്ള സ്ഥലങ്ങളിൽ മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് വിഭാഗത്തിൽനിന്നുള്ള ഉദ്യോഗസ്ഥരെ നിയോഗിച്ച് അപേക്ഷ തീർപ്പാക്കണം.