പൂനെ: അത്യാഡബംര കാറായ പോഷെ ഇടിച്ച് രണ്ട് ടെക്കികൾ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാറോടിച്ചിരുന്ന 17കാരൻ പബ്ബിൽ നിന്നാണ് ഡ്രൈവ് ചെയ്ത് വന്നിരുന്നത്. അതിവേഗതയിൽ വന്ന കാർ എതിര്‍ദിശയിൽ വന്ന മോട്ടോർ സൈക്കിളിൽ ഇടിക്കുകയായിരുന്നു. ഞായറാഴ്ച അതിരാവിലെയായിരുന്നു സംഭവം. മരിച്ച രണ്ടുപേർ ദമ്പതികളാണെന്നാണ് വിവരം.
സംസ്ഥാനത്ത് രാഷ്ട്രീയ വിവാദം കൂടിയാണ് ഈ സംഭവം. പോലീസ് ഒരു എംഎൽഎയുമായി ഒത്തുകളിച്ച് വണ്ടിയോടിച്ച ബിൽഡറുടെ മകനെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് ശിവസേനാ നേതാവ് സഞ്ജയ് റൗത്ത് ആരോപിച്ചിരുന്നു.പോഷെ കാർ ഓടിച്ചിരുന്ന കൗമാരക്കാരൻ പൂനെയിലെ ഒരു പ്രമുഖ ബിൽഡറുടെ മകനാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇയാൾ പബ്ബിൽ നിന്ന് നന്നായി മദ്യപിച്ചിരുന്നു. പബ്ബിൽ നിന്ന് മദ്യവാങ്ങിയതിന്റെ ബിൽ പേയ്മെന്റ് വിവരങ്ങൾ ലഭിച്ചതായി പോലീസ് കമ്മീഷണർ അമിതേഷ് ഘോഷ് പറഞ്ഞു. മദ്യപിച്ച് വാഹനമോടിച്ചതിന്റെ വകുപ്പുകളും 17കാരനെതിരെ ചുമത്തിയതായി പോലീസ് വ്യക്തമാക്കി.
ശനിയാഴ്ച വൈകീട്ട് പത്തരയോടെയാണ് യുവാവും സുഹൃത്തുക്കളും കോസീ, ബ്ലാക് മാരിയറ്റ് എന്നീ രണ്ട് പബ്ബുകൾ സന്ദർശിച്ചത്. രണ്ടിടത്തുമായി ഇവർ ഒന്നര മണിക്കൂറിനുള്ളിൽ ചെലവിട്ടത് 48000 രൂപയാണ്. ഇതിന്റെ ബില്ലുകളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.
ഇയാൾ പബ്ബിൽ നിന്ന് കാറെടുത്ത് പോകുന്നതിന്റെയും വണ്ടിയിടിക്കുന്നതിന്റെയുമെല്ലാം സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇനി രക്ത പരിശോധനാ ഫലങ്ങൾ കൂടി വരാനുണ്ട്.