ചിലന്തിയാറിൽ തടയണ നിർമ്മിക്കാനും, മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിർമ്മാണത്തിനായി മുന്നിട്ടിറങ്ങാനുമുള്ള നടത്താനുമുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിന്റെ പശ്ചാത്തലത്തിൽ ശക്തമായ എതിർപ്പുയർത്തി തമിഴ്നാട് രംഗത്ത്. കേരളം മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് ആവശ്യമാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതെസമയം തമിഴ്നാട് സിപിഎമ്മും കേരളത്തിന്റെ നീക്കത്തെ എതിർത്ത് രംഗത്തുണ്ട്. കേരളത്തിന്റെ നീക്കം കോടതിയലക്ഷ്യമാണെന്നാണ് തമിഴ്നാട് സിപിഎം ഘടകത്തിന്റെ നിലപാട്.
തമിഴ്നാടിനു വെള്ളം, കേരളത്തിനു സുരക്ഷ’ എന്ന സമീപനമാണ് കേരളത്തിന്റേത്. തമിഴ്നാടിനെക്കൂടി വിശ്വാസത്തിലെടുത്ത് അണക്കെട്ട് നിർമ്മിക്കുക എന്നതാണ് ലക്ഷ്യം. എന്നാൽ മുല്ലപ്പെരിയാർ അണക്കെട്ടിനെ തൊട്ടു കളിക്കുകയെന്നത് തമിഴ്നാട്ടിൽ വലിയൊരു വൈകാരിക പ്രശ്നമായതിനാൽ കേരളത്തോട് സൗഹാർദ്ദ സമീപനമുള്ള സ്റ്റാലിനും നിലപാട് കടുപ്പിക്കേണ്ടി വരും.
തമിഴ്നാടിന്റെ അനുമതിയില്ലാതെ മുല്ലപ്പെരിയാറിൽ ഒരു ഇഷ്ടിക പോലും തൊടാൻ കഴിയില്ലെന്ന് സംസ്ഥാന ജവവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകൻ പറഞ്ഞു. ഇതിനിടെ ചിലന്തിയാറിൽ തടയണ നിർമിക്കാൻ നടത്തിയ നീക്കം തമിഴ്നാട്ടിൽ വലിയ പ്രതിഷേധം വിളിച്ചു വരുത്തിയിരുന്നു. എന്നാൽ ജലവിതരണത്തിനുള്ള സംവിധാനം മാത്രമാണ് നിർമ്മിക്കുന്നതെന്ന് വ്യക്തമാക്കി കേരളം രംഗത്തെത്തി.
അതെസമയം മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട്ടിലേക്ക് കൃഷിക്കായി വെള്ളം തുറന്നുവിടുന്നത് ഇന്ന് തുടങ്ങും. തേനി ജില്ലയിലെ 14,707 ഏക്കർ പ്രദേശത്തെ കൃഷിയാണ് മുല്ലപ്പെരിയാർ തമിഴ്നാടിന്റെ വലിയ ആശങ്കയാക്കി മാറ്റുന്നത്.