ന്യൂഡൽഹി: ഭരണഘടന ഉയർത്തി പിടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലോക്സഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. ദൃഢപ്രതിജ്ഞ ചെയ്താണ് രാഹുൽ സത്യവാചകം ചൊല്ലിയത്. ഭരണപക്ഷത്തിൻ്റെ ഭാഗത്തേക്ക് ഭരണഘടന ഉയർത്തി കാട്ടിയാണ് രാഹുൽ ചേംബറിലേക്ക് കയറിയത്. പ്രതിപക്ഷം നിറഞ്ഞ കയ്യടികളോടെയും മുദ്രാവാക്യങ്ങളോടെയും രാഹുലിനെ സ്വീകരിച്ചു.
ഇംഗ്ലീഷിലാണ് രാഹുൽ സത്യവാചകം ചൊല്ലിയത്. ജോഡോ ജോഡോ ഭാരത് ജോഡോ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം രംഗത്തെത്തിയതോടെ ജയ് ശ്രീറാം വിളിച്ച് ഭരണപക്ഷവും രംഗത്തെത്തി. അതേസമയം, അമേഠി എംപിയായി കിശോരിലാലും സത്യപ്രതിജ്ഞ ചെയ്തു. രാഹുൽ ഗാന്ധി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാൻ സോണിയ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും ലോക്സഭയിൽ എത്തിയിരുന്നു.
ഭരണഘടന ഉയർത്തിപ്പിടിച്ചാണ് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും സത്യപ്രതിജ്ഞ ചെയ്തത്. ഉത്തർപ്രദേശിൽ മികച്ച വിജയം നേടാൻ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് എസ് പി നേതാവിന്റെ സത്യപ്രതിജ്ഞ.