ഈ വർഷത്തെ ഹജ്ജിന്‍റെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തിൽ 18 ലക്ഷത്തോളം തീർഥാടകർ ആണ് ഹജ്ജ് കർമ്മം നിർവഹിക്കുന്നത്. ‘ദൈവത്തിന്റെ വിളി കേൾക്കുന്നു’ എന്ന അർത്ഥമുള്ള ‘ലബ്ബൈക്’ എന്ന മന്ത്ര ധ്വനികളുമായി തൂവെള്ള വസ്ത്രം ധരിച്ച തീര്‍ത്ഥാടകര്‍ അറഫ സംഗമത്തിൽ ഒത്തുചേര്‍ന്നു. ഹജ്ജിലെ ഏറ്റവും സുപ്രധാനമായ ചടങ്ങ് അറഫ സംഗമമാണ്. അറഫ ലഭിക്കാത്തവർക്ക് ഹജ്ജില്ലെന്നാണ് പ്രവാചകവചനം.
സൗദിയിലെ മുതിർന്ന പണ്ഡിതനും ഹറം ഇമാമുമായ ഡോ. സാലിഹ് ബിൻ ഹുമൈദ് അറഫ പ്രഭാഷണം നിർവഹിച്ചു. ഹാജിമാർ ഇന്ന് മുസ്‌ദലിഫയിൽ അന്തിയുറങ്ങി വെള്ളിയാഴ്ച മിനയിൽ തിരിച്ചെത്തും. അവിടെ മൂന്നു ദിവസം രാപ്പാർത്താണ് ബാക്കി കർമങ്ങൾ പൂർത്തിയാക്കുക.
ബലിയറുക്കൽ, മൂന്നു ദിവസത്തെ ജംറയിൽ കല്ലേറ് കർമം, മക്ക മസ്ജിദുൽ ഹറാമിലെത്തി പ്രദക്ഷിണം എന്നിവയാണ് ബാക്കി കർമങ്ങൾ. ഇതെല്ലാം പൂർത്തിയാകുന്നതോടെ ഈ വർഷത്തെ ഹജ്ജ് അവസാനിക്കും. ഹജ്ജിനു വരുന്ന തീര്‍ത്ഥാടകര്‍ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്ന ഇടമാണ് തമ്പുകളുടെ നഗരം എന്നറിയപ്പെടുന്ന മിന താഴ് വാരം.
1,22,518 ഹാജിമാരാണ് ഇത്തവണ ഇന്ത്യയിൽനിന്ന് ഹജ്ജിന് എത്തിയത്. ഇതിൽ 16,341 പേർ കേരളത്തിൽ നിന്നുള്ളതാണ്. കനത്ത ചൂടിനിടയിലാണ് ഇത്തവണത്തെ ഹജ്ജ് നടക്കുന്നത്. അന്തരീക്ഷം തണുപ്പിക്കാനുള്ള സംവിധാനങ്ങൾ ഉൾപ്പെടെ ചൂട് ചെറുക്കാനായി മിനായിലും അറഫയിലും റോഡിലും മറ്റുമായി വിവിധ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.