മുംബൈ: ഇത്തവണത്തെ ക്രിസ്മസ്, ന്യൂ ഇയര്‍ അവധി കേരളത്തില്‍ ആഘോഷിക്കാനാവാത്ത ഗതികേടിലാണ് മുംബൈയിലെ മലയാളികള്‍. ഒരാഴ്ച്ചക്കിടെ ആറിരട്ടിയിൽ അധികമാണ് വിമാന നിരക്ക് കൂടിയത്. ട്രെയിനില്‍ സീറ്റും ലഭിക്കാതായതോടെ അധിക ബോഗികളോ സ്പെഷ്യല്‍ ട്രെയിനുകളോ വേണമെന്ന് ആവശ്യപ്പെട്ട് നോര്‍ക്ക, കേന്ദ്ര സര്‍ക്കാറിനെ സമീപിച്ചുകഴിഞ്ഞു.
20,415 രൂപ ആണ് നിലവിൽ കൊച്ചിക്കുള്ള ഏറ്റവും കുറഞ്ഞ നിരക്ക്. ഡിസംബര്‍ 15 മുതല്‍ ജനവരി ആദ്യ ആഴ്ച്ച വരെ എല്ലാ ദിവസത്തെയും സ്ഥിതി ഇതൊക്കെ തന്നെയാണ്. രണ്ടു മാസം മുൻപ് അയ്യായിരത്തില്‍ താഴെയുണ്ടായിരുന്ന ടിക്കറ്റ് നിരക്കാണ് ഇങ്ങനെ കൂടിയത്.
ഓരോ ദിവസം കഴിയുമ്പോഴും വില കുതിച്ചുയരുകയാണ്. തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും കണ്ണൂരേക്കുമൊക്കെയുള്ള വിമാന ടിക്കറ്റ് മൂന്നിരട്ടി വരെ കൂടിയപ്പോൾ കൊച്ചിയിലേക്ക് വർദ്ധിച്ചത് ആറിരട്ടിയോളമാണ്.
കേരളത്തിലേക്ക് മുംബൈയില്‍ നിന്നും ദിവസവുമുള്ളത് ഒരു ട്രെയിന്‍ മാത്രം. ആഴ്ചയില്‍ പല ദിവസങ്ങളിലായി നാലു ട്രെയിനുകള്‍ വേറെയുമുണ്ട്. അതിലെല്ലാം മാസങ്ങൾക്ക് മുൻപേ ബുക്കിംഗ് പൂർത്തിയായി. ഇതര സംസ്ഥാനങ്ങളില്‍ നിന്നും മുംബൈ വഴി പോകുന്ന മറ്റ് ട്രെയിനുകളിലാണെങ്കില്‍ സീറ്റുമില്ല, സ്പെഷ്യൽ ട്രെയിൻ അനുവദിക്കുക, അല്ലെങ്കിൽ ബോഗികളുടെ എണ്ണം കൂട്ടുക എന്നതാണ് യാത്രക്കാർ ഉന്നയിക്കുന്ന ആവശ്യം.