എല്ലാവർക്കും നമസ്കാരം
കഠിനമായ ചൂടിൽ വെന്തുരുകുന്ന ഈ സമയത്ത് ആകെ ആശ്വാസം കായ്ച്ചു നിൽക്കുന്ന മാവും പ്ലാവും കാണുന്നതാണ്. മൂത്ത ചക്ക പൊട്ടിച്ച് ഇന്നത്തെ വിഭവം തീരുമാനിച്ചു. പാലക്കാടൻ ചക്ക എരിശ്ശേരി കഴിച്ചിട്ടുണ്ടോ, സൂപ്പർ ടേസ്റ്റി ആണ് ട്ടോ. എന്നാപ്പിന്നെ സമയം കളയാതെ ആവശ്യമായ സാധനങ്ങൾ എടുത്തു വയ്ക്കാം.
ചക്ക എരിശ്ശേരി
ആവശ്യമായ സാധനങ്ങൾ
മൂത്ത പച്ച ചക്കച്ചുള – ഒരു കപ്പ്
ചക്കക്കുരു – പത്തെണ്ണം
വെള്ളം – ആവശ്യത്തിന്
ഉപ്പ് – പാകത്തിന്
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
മുളകുപൊടി – മുക്കാൽ ടീസ്പൂൺ
അരയ്ക്കാൻ
തേങ്ങ ചിരകിയത് – ഒരു മുറി
ജീരകം – കാൽ ടീസ്പൂൺ
വറുത്തു കൊട്ടാൻ
വെളിച്ചെണ്ണ – ആറ് ടീസ്പൂൺ
കടുക് – ഒരു ടീസ്പൂൺ
ഉഴുന്നുപരിപ്പ് – ഒരു ടീസ്പൂൺ
മുളക് – രണ്ടെണ്ണം
കറിവേപ്പില – രണ്ടു തണ്ട്
തേങ്ങ ചിരകിയത് – കാൽ മുറി
ഉണ്ടാക്കുന്ന വിധം
ചക്കച്ചുളയും കുരുവും ചെറുതായി മുറിച്ച് വയ്ക്കുക. തേങ്ങയും ജീരകവും അല്പം വെള്ളം ചേർത്ത് നല്ല മയത്തിൽ അരച്ചെടുക്കുക.
ചെറുതായി മുറിച്ചു വച്ചിരിക്കുന്ന ചക്കച്ചുളയും കുരുവും ഉപ്പും മുളകുപൊടിയും മഞ്ഞൾപൊടിയും പാകത്തിന് മാത്രം വെള്ളവും ചേർത്തിളക്കി വേവിക്കുക. കഷണങ്ങൾ നന്നായി വെന്താൽ വലിയ സ്പൂൺ കൊണ്ട് ഉടച്ചെടുക്കുക.
നാളികേരം അരച്ചത് ചേർത്തിളക്കി ആറേഴു മിനിറ്റ് പാകം ചെയ്യുക. വെള്ളം കുറവായതിനാൽ അടിയിൽ പിടിക്കാതെ നോക്കണം. നല്ല കുഴഞ്ഞ പരുവത്തിൽ ഇരിക്കണം കറി.
വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഉഴുന്നുപരിപ്പും കറിവേപ്പിലയും മുളകും ചേർത്ത് മൂപ്പിച്ച് തേങ്ങ ചിരകിയത് ചേർത്ത് ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കറിയിലേക്ക് ഒഴിച്ച് ഇളക്കി യോജിപ്പിക്കുക.
സ്വാദുള്ള പാലക്കാടൻ സ്പെഷ്യൽ ചക്ക എരിശ്ശേരി തയ്യാർ.