Monday, December 23, 2024
HomeUS Newsതിരിഞ്ഞുനോക്കുമ്പോൾ - ഭരതൻ ✍ദിവ്യ എസ് മേനോൻ

തിരിഞ്ഞുനോക്കുമ്പോൾ – ഭരതൻ ✍ദിവ്യ എസ് മേനോൻ

ദിവ്യ എസ് മേനോൻ

മലയാളസിനിമയ്ക്ക് സൗന്ദര്യബോധം സമ്മാനിച്ച സംവിധായകനാണ് ശ്രീ ഭരതൻ എന്ന് പറയുന്നതിൽ അതിശയോക്തി ഒട്ടുമില്ല. കഥയെന്തുമാവട്ടെ, കഥയ്ക്കും കഥാപാത്രങ്ങൾക്കും തന്റെ ചിന്തകളുടെ, വിചാരങ്ങളുടെ മനോഹാരിത പകർന്നു നൽകിയ സംവിധായകനായിരുന്നു അദ്ദേഹം. ഒരു ചിത്രകാരൻ കൂടിയായിരുന്ന അദ്ദേഹം തന്റെ മാന്ത്രിക വിരൽസ്പർശം കൊണ്ട് വെള്ളിത്തിരയിൽ വരച്ചിട്ട ചിത്രങ്ങൾ ഇന്നും ആസ്വാദകരെ വിസ്മയിപ്പിക്കുമ്പോൾ മലയാളി തിരിച്ചറിയുന്നത് പകരം വയ്ക്കാനില്ലാത്ത ഒരു അപൂർവ്വ പ്രതിഭയെയാണ്.

1947 നവംബർ 14 ന് തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്തുള്ള എങ്കക്കാട് എന്ന സ്ഥലത്ത് പരമേശ്വരൻ നായരുടേയും കാർത്ത്യായനിയമ്മയുടേയും മകനായാണ് ഭരതന്റെ ജനനം. മലയാളസിനിമക്ക് ഒട്ടും അപരിചിതമല്ലാത്ത ഒരു കുടുംബത്തിൽ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ജനനം. പ്രശസ്ത സംവിധായകൻ ശ്രീ പി എൻ മേനോൻ ഭരതന്റെ ചെറിയച്ഛനായിരുന്നു. വടക്കാഞ്ചേരി ഗവണ്മെന്റ് ഹൈസ്കൂളിലും തൃശൂർ ആർട്സ് കോളേജിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് അദ്ദേഹം സ്കൂൾ ഓഫ് ഫൈൻ ആർട്സിൽ നിന്ന് ഡിപ്ലോമ കരസ്ഥമാക്കി. കലാസംവിധായകനായായിരുന്നു ഭരതന്റെ സിനിമ പ്രവേശം. പ്രശസ്ത സംവിധായകൻ വിൻസെന്റിനൊപ്പം ‘ഗന്ധർവ്വക്ഷേത്രം’ എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി പ്രവർത്തിക്കുന്നത്.

ആദ്യ കാലങ്ങളിൽ കലാസംവിധായകനായും സഹസംവിധായകനായുമായിരുന്നു അദ്ദേഹം പ്രവർത്തിച്ചിരുന്നത്. 1974 ൽ പത്മരാജൻ തിരക്കഥ എഴുതിയ ‘പ്രയാണം’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ഭരതൻ സംവിധാനരംഗത്ത് ചുവടുറപ്പിക്കുന്നത്. രണ്ടു അതുല്യ പ്രതിഭകളെ മലയാളത്തിന് സമ്മാനിച്ച അപൂർവ്വ ചലച്ചിത്ര അനുഭവമായി മാറി പ്രയാണം എന്ന ചിത്രം. മലയാളചലച്ചിത്ര പ്രേക്ഷകർക്ക് അതുവരെ പരിചിതമല്ലാതിരുന്ന കഥ പറച്ചിലും ചാരുതയാർന്ന അവതരണവും ഭരതനെയും പത്മരാജനെയും മലയാള മനസ്സുകളിൽ കുടിയിരുത്തി…. ഇനിയൊരു ഇറങ്ങിപ്പോക്ക് ഇല്ലാത്തവിധം.

പ്രയാണത്തിന് ശേഷം ഉറൂബ് രചിച്ച ‘അണിയറ’ എന്ന ചിത്രവും ‘ഗുരുവായൂർ കേശവൻ’ എന്ന ചിത്രവും ഭരതൻ സംവിധാനം ചെയ്തു. ഈ രണ്ടു ചിത്രങ്ങൾക്കും ശേഷം പത്മരാജൻ തിരക്കഥ എഴുതിയ ‘രതിനിർവേദം’ എന്ന ചിത്രമാണ് മലയാളസിനിമയിൽ ഭരതൻ എന്ന സംവിധായകന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചത് എന്ന് നിസ്സംശയം പറയാം. കൗമാര സ്വപ്നങ്ങളെ കലർപ്പില്ലാതെ പകർത്തിയെഴുതിയ രതിനിർവേദം യഥാസ്ഥിതിക മലയാളസിനിമാ രീതികളെ വെല്ലുവിളിച്ചു. മലയാളി അന്നേ വരെ കാണാത്ത, അറിയാത്ത പുതിയ കാഴ്ചകളുടെ വസന്തമാണ് ഭരതൻ തുറന്നിട്ടത്. ലൈംഗികതയെ അശ്ലീലചുവയില്ലാതെ കാല്പനിക സൗന്ദര്യം ചാർത്തിക്കൊടുത്തുകൊണ്ട് അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് തന്നെയാവും അദ്ദേഹത്തെ ഒരു ജനപ്രിയ സംവിധായകനാക്കിയതും.

രതിനിർവേദത്തിനു ശേഷം ഭരതൻ സ്വന്തം തിരക്കഥയിലുള്ള ആരവം എന്ന ചിത്രം സംവിധാനം ചെയ്തു. ഈ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല. പിന്നീട് അദ്ദേഹം പത്മരാജൻ കഥയും തിരക്കഥയും എഴുതിയ ‘തകര’ എന്ന ചിത്രം സംവിധാനം ചെയ്തു. തകര എല്ലാ അർത്ഥത്തിലും മിന്നും വിജയം നേടി. കഥയുടെ കെട്ടുറപ്പ് കൊണ്ടും അഭിനേതാക്കളുടെ അഭിനയമികവ് കൊണ്ടും അതിസുന്ദര ഗാനങ്ങൾ കൊണ്ടും മികച്ച അവതരണരീതി കൊണ്ടും ചലച്ചിത്രാസ്വാദകരുടെ മനസ്സുകളിലിടം പിടിച്ച ഈ ചിത്രം സാമ്പത്തികമായും വിജയം കൊയ്തു.

പിന്നീട് അദ്ദേഹം സംവിധാനം ചെയ്ത ‘ചാമരം’ എന്ന ചിത്രം ജോൺപോൾ എന്ന പകരം വയ്ക്കാനില്ലാത്തൊരു തിരക്കഥാകൃത്തിനെ മലയാള സിനിമക്ക് സമ്മാനിച്ചു. മലയാളത്തിലെ പല പ്രശസ്ത തിരക്കഥാകൃത്തുക്കളുടെയും കഥകളെ തിരശീലയിൽ അവിസ്മരണീയമാക്കിയത് ഭരതന്റെ മാന്ത്രിക സ്പർശമാണ്. എം ടിയുടെ തിരക്കഥയിൽ അദ്ദേഹം സംവിധാനം ചെയ്ത വൈശാലി ഇന്നത്തെ തലമുറയിലെ പ്രേക്ഷകർ പോലും അത്ഭുതത്തോടെ നോക്കിക്കാണുന്ന ഒരു ചിത്രമാണ്. ലോഹിതദാസിന്റെ തിരക്കഥയിൽ പിറന്ന അമരം എന്ന ചിത്രമാവും ഒരുപക്ഷെ ഭരതൻ സിനിമകളിലെ ഏറ്റവും ജനപ്രിയമായത്. മമ്മൂട്ടി എന്ന മഹാനടന്റെ അഭിനയപാടവം മുഴുവൻ പുറത്തുകൊണ്ടുവന്ന ഈ ചിത്രം മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്ന് തന്നെയാണ്. ലോഹിതദാസിന്റെ തന്നെ തിരക്കഥയിൽ പിറന്ന വെങ്കലവും ഭരതൻ ചിത്രങ്ങളുടെ മാസ്മരിക സൗന്ദര്യം വെളിവാക്കുന്ന ഒന്നാണ്.

പാളങ്ങൾ, കാതോടു കാതോരം, സന്ധ്യമയങ്ങും നേരം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, കേളി, ചിലമ്പ്, കാറ്റത്തെ കിളിക്കൂട്, നീലക്കുറിഞ്ഞി പൂത്തപ്പോൾ, ഒഴിവുകാലം, ചമയം, മാളൂട്ടി, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ദേവരാഗം, പാഥേയം, താഴ്‌വാരം എന്നീ ചിത്രങ്ങളെല്ലാം ഭരതന്റെ മികച്ച ചിത്രങ്ങളാണ്. മിക്ക ചിത്രങ്ങളും കലാപരമായി മുന്നിട്ട് നിൽക്കുന്നവയും ഒപ്പം തന്നെ സാമ്പത്തിക വിജയം നേടിയവയുമാണ്. മലയാളത്തിന് പുറമെ തമിഴിലും അദ്ദേഹം സിനിമകൾ ചെയ്തിട്ടുണ്ട്. അദ്ദേഹം കമലഹാസനെ നായകനാക്കി സംവിധാനം ചെയ്ത തേവർമകൻ തമിഴിലെ എക്കാലത്തെയും മികച്ചൊരു കമേർഷ്യൽ ചിത്രമായി കണക്കാക്കപ്പെടുന്നു. തകരയുടെ തമിഴ് മൊഴിമാറ്റമായ ‘ആവാരം പൂ’, കാറ്റത്തെ കിളിക്കൂടിന്റെ തമിഴ് പതിപ്പ് എന്നിവയും ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്.

സംഗീതസംവിധാനരംഗത്തും ഗാനരചനയിലും വ്യക്തിമുദ്ര പതിപ്പിച്ച ഒരാളാണ് ഭരതൻ. താഴ്‌വാരത്തിലെ കണ്ണെത്താ ദൂരേ മറുതീരം, കേളിയിലെ താരം വാൽക്കണ്ണാടി നോക്കി, കാതോടു കാതോരത്തിലെ കാതോടു കാതോരം എന്നിവ ഭരതന്റെ സംഗീതസംവിധാനത്തിൽ പിറന്നുവീണ ജനപ്രിയ ഗാനങ്ങളാണ്. ചിലമ്പിലെ പുടമുറിക്കല്ല്യാണം, താരും തളിരും മിഴിപൂട്ടി എന്നീ ജനപ്രിയഗാനങ്ങൾ എഴുതിയതും അദ്ദേഹം തന്നെയാണ്. ഭരതൻ സിനിമകളിലെ അതിമനോഹര ഗാനങ്ങൾ സംഗീതത്തോടുള്ള അദ്ദേഹത്തിന്റെ സ്നേഹം വെളിവാക്കുന്നവയാണ്. പാട്ടുകൾക്ക് അദ്ദേഹം നൽകുന്ന ദൃശ്യചാരുത ഒരുപക്ഷെ മലയാള സിനിമയിൽ മറ്റൊരു സംവിധായകനും അവകാശപ്പെടാൻ കഴിയില്ല. ഭരതൻ സിനിമകളുടെ ആത്മാവ് തന്നെയായിരുന്നു ഹൃദ്യമായ പാട്ടുകൾ. ഇന്നും നാം ഒരിത്തിരിയധികം ഇഷ്ടത്തോടെ ഹൃദയത്തിൽ സൂക്ഷിച്ചു വച്ചിരിക്കുന്ന പാട്ടുകളിൽ പലതും അദ്ദേഹം ജീവൻ നൽകിയവ തന്നെയല്ലേ?

1975 ൽ പ്രയാണത്തിന് മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാർഡും 1992 ൽ തേവർമകന് മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ അവാർഡും ലഭിക്കുകയുണ്ടായി. മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് 1975 ൽ പ്രയാണത്തിനും 1979 ൽ തകരക്കും 1980 ൽ ചാമരത്തിനും 1982 ൽ ഓർമ്മക്കായ് എന്ന ചിത്രത്തിനും കരസ്ഥമാക്കി. അദ്ദേഹം സംവിധാനം ചെയ്ത ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം 1987 ലും വെങ്കലം 1992 ലും മികച്ച ജനപ്രിയ ചിത്രങ്ങൾക്കുള്ള സംസ്ഥാന അവാർഡുകൾ നേടി. മികച്ച കലാസംവിധാനത്തിനുള്ള പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 1997 ൽ പുറത്തിറങ്ങിയ ചുരമാണ് അദ്ദേഹത്തിന്റെ അവസാന ചിത്രം. 1998 ജൂലൈ 30 നായിരുന്നു അന്ത്യം.

തന്റെ ഗ്രാമത്തിന്റെ ചന്തവും ചിന്തകളുമാണ് ഭരതൻ തന്റെ സിനിമകളിലൂടെ പ്രതിഫലിപ്പിച്ചെടുത്തത് എന്ന് തോന്നിപ്പിച്ചിട്ടുണ്ട്. ഗ്രാമീണസൗന്ദര്യം കഥയ്ക്കും കഥാപാത്രങ്ങൾക്കും യഥേഷ്ടം പകർന്നു നൽകിയ അദ്ദേഹത്തിന്റെ സിനിമകൾ മലയാളിക്ക് എന്നും നൊസ്റ്റാൾജിയയുടെ ഭാഗമാണ്. സിനിമയെ ഒരു കലാരൂപമായി തന്നെ കാണുകയും ഓരോ സിനിമയിലൂടെയും തന്നിലെ കലാകാരനെ സ്വയം മിനുക്കിയെടുക്കുകയും ചെയ്ത പ്രഗത്ഭനായ കലാകാരന് പ്രണാമം 🙏🏻

ദിവ്യ എസ് മേനോൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments