Tuesday, December 24, 2024
Homeപുസ്തകങ്ങൾകേരളത്തിലെ പള്ളികൾ - പുണ്യ ദേവാലയങ്ങളിലൂടെ ഒരു യാത്ര (പുസ്തക നിരൂപണം)

കേരളത്തിലെ പള്ളികൾ – പുണ്യ ദേവാലയങ്ങളിലൂടെ ഒരു യാത്ര (പുസ്തക നിരൂപണം)

പ്രൊഫ. (ഡോ.) തോമസ് സ്കറിയ, സെന്റ് തോമസ് കോളേജ്, പാലാ

പാലാ സെന്റ് തോമസ് കോളേജ്, പ്രൊഫസറും പ്രശസ്ത സാഹിത്യ നിരൂപകനുമായ ഡോ. തോമസ് സ്കറിയ മലയാളി മനസ്സിലെ പ്രിയ എഴുത്തുകാരി ലൗലി ബാബുവിന്റെ പുണ്യ ദേവാലയങ്ങളിലൂടെ എന്ന സ്പെഷ്യൽ രചനയുടെ പുസ്തകരൂപമായ കേരളത്തിലെ പള്ളികൾ – പുണ്യ ദേവാലയങ്ങളിലൂടെ ഒരു യാത്ര എന്ന കൃതിയ്ക്ക് എഴുതിയ നിരൂപണം

ചരിത്രമുറങ്ങുന്ന പള്ളികളിലൂടെയുള്ള യാത്ര

എല്ലാ ലിഖിത ചരിത്രവും സാന്ദ്രീകരണം, പ്രതീകവൽക്കരണം, യോഗ്യത എന്നിവയുടെ ഒരു ഉൽപന്നമാണ്. അത് സന്ദേശം നിർമ്മിക്കുന്ന രീതിയല്ല, സന്ദേശം തന്നെയാണ്. ഗണ്യമായ സ്വാധീനം മനുഷ്യർക്കിടയിൽ ചെലുത്താൻ ചരിത്ര രചനക്കു സാധിക്കും. ലൗലി ബാബു തെക്കേത്തല എഴുതിയ കേരളത്തിലെ പള്ളികൾ – പുണ്യ ദേവാലയങ്ങളിലൂടെ ഒരു യാത്ര എന്ന ഗ്രന്ഥത്തിനും മേൽ പറഞ്ഞ പ്രസ്താവം അനുയോജ്യമാണ്. പന്ത്രണ്ട് പള്ളികളിലൂടെയുള്ള ഒരു തീർത്ഥയാത്ര പോലെയും ഈ കൃതിയുടെ വായനാനുഭവത്തെ വിവരിക്കാം.

ചരിത്രരചനയുടെ രീതിശാസ്ത്രവും യാത്രാവിവരണത്തിൻ്റെ സൗന്ദര്യ ശാസ്ത്രവും ഈ ഗ്രന്ഥത്തിൽ സമന്വയിക്കുന്നു. പാലാ സെൻ്റ് തോമസ് കത്തീഡ്രലിലെക്കുറിച്ചാണ് ആദ്യം വിവരിക്കുന്നതെന്നത് ഒരു പാലാക്കാരനായ എനിക്ക് അനല്പമായ സന്തോഷമാണ് പകരുന്നത്. ഭരണങ്ങാനം പള്ളിയും മലയാറ്റൂർ പള്ളിയും പാറേൽ പള്ളിയും മണർകാട് പള്ളിയും കടമറ്റം, അർത്തുങ്കൽ, നിരണം, കൊടുങ്ങല്ലൂർ,പാലയൂർ , പരുമല പള്ളികളും യാത്രയിൽ ഇടം പിടിക്കുന്നു.

പള്ളികളുടെ പഴക്കവും പ്രശസ്തിയും ലൗലി ബാബുവിൻ്റെ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ട്. പള്ളികളെ ആത്മീയാനുഭൂതിക്ക് കോട്ടം തട്ടാതെ നല്ല ചരിത്ര ബോധത്തോടെ ലൗലി ബാബു തെക്കേത്തല അവതരിപ്പിച്ചിരിക്കുന്നു. പള്ളികളെ ‘ആരാധനാലയമായി മാത്രമല്ല എഴുത്തുകാരി കാണുന്നത്. ഒരു ദേശത്തിൻ്റെ സാമൂഹികവും സാംസ്കാരികവുമായ നീക്കിയിരിപ്പുകളായാണ് . അതുകൊണ്ടുതന്നെ ഈ ഗ്രന്ഥത്തിന് പ്രസക്തിയും പ്രാധാന്യവും ഏറുന്നു.

ഒരു പക്ഷേ പ്രദേശവാസികളായ ക്രിസ്ത്യാനികൾക്കു പോലും അറിയില്ലാത്ത ഒട്ടേറെ കാര്യങ്ങൾ ലൗലി ബാബു ഈ ഗ്രന്ഥത്തിൽ പരാമർശിക്കുന്നുണ്ട്. ദേശചരിത്രവും ദേശനാമ ചരിത്രവുമൊക്കെ വിവരിച്ച് പള്ളികളുടെ സ്ഥാപന ചരിത്രത്തിലേക്കെത്തിച്ചേരുന്ന രചനാശൈലി ഹൃദ്യവും ആകർഷകവുമാണ്. കേരളത്തിലെ ക്രിസ്ത്യാനികളുടെ ആത്മീയ വളർച്ചയുടെ ഒരു ഭൂപടം ഈ ഗ്രന്ഥത്തിൽ ദർശിക്കാം.

എല്ലാ ചരിത്ര പ്രേമികളും നിശ്ചയമായും ഈ ഗ്രന്ഥം വായിച്ചിരിക്കേണ്ടതുണ്ട്.

പ്രൊഫ. (ഡോ.) തോമസ് സ്കറിയ,
സെന്റ് തോമസ് കോളേജ്, പാലാ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments