Tuesday, January 7, 2025
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – 2024 | മെയ് 01 | ബുധൻ

വാർത്തകൾ ഒറ്റനോട്ടത്തിൽ – 2024 | മെയ് 01 | ബുധൻ

കപിൽ ശങ്കർ

🔹മെയ് ഒന്ന് തൊഴിലാളി ദിനം :
19ാം നൂറ്റാണ്ടിലെ അമേരിക്ക.. തൊഴിലാളികളെ അടിമകളായി കരുതിയിരുന്ന കാലം. 12 മുതല്‍ 15 മണിക്കൂര്‍ വരെയായിരുന്നു ജോലി സമയം. പിന്നാലെ, എട്ടുമണിക്കൂര്‍ ജോലി എട്ടുമണിക്കൂര്‍ വിനോദം എട്ടുമണിക്കൂര്‍ വിശ്രമം എന്ന ആവശ്യം തൊഴിലാളികള്‍ക്കിടയില്‍ ബലപ്പെട്ടു. അങ്ങനെ, 1886 മെയ് ഒന്നിന് ചിക്കാഗോയിലെ തൊഴിലാളികള്‍ ഒത്തുകൂടി. ഹെയ് മാര്‍ക്കറ്റ് സ്‌ക്വയറിലെ ഈ തൊഴിലാളി പ്രതിഷേധത്തിന് നേരെ അജ്ഞാതന്‍ ബോംബെറിഞ്ഞു. പൊലീസും തൊഴിലാളികളും തമ്മില്‍ ഏറ്റുമുട്ടി. നിരവധി പേര്‍ മരിച്ചുവീണു. ജോലിസമയം 8 മണിക്കൂറിലേക്ക് ചുരുങ്ങാന്‍ ഈ കലാപം വഴിയൊരുക്കി.
ലോകത്തിലെ തൊഴിലാളികളുടെ വര്‍ഗബോധത്തിന് ഊര്‍ജം പകരാനും ഹെയ് മാര്‍ക്കറ്റ് കൂട്ടക്കൊല കാരണമായി. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ്, 1889ല്‍ യുഎസിലെ സോഷ്യലിസ്റ്റ് ഗ്രൂപ്പുകളുടെയും ട്രേഡ് യൂണിയനുകളുടെയും ഒരു സംഘം ആദ്യമായി മെയ് ദിനം ആചരിച്ചത്.
1904 ല്‍ ആംസ്റ്റര്‍ഡാമില്‍ നടന്ന ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സിന്റെ വാര്‍ഷിക യോഗത്തിലാണ്, എട്ടുമണിക്കൂര്‍ ജോലിസമയമാക്കിയതിന്റെ വാര്‍ഷികമായി മെയ് ഒന്ന് തൊഴിലാളി ദിനമായി കൊണ്ടാടുവാന്‍ തീരുമാനിച്ചത്. തൊഴിലാളികള്‍ മെയ് ഒന്നിന് ജോലികള്‍ നിര്‍ത്തിവയ്ക്കണമെന്നുള്ള പ്രമേയം യോഗം പാസാക്കുകയും ചെയ്തു. തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശവും ഓരോ മെയ്ദിനവും ഓര്‍മപ്പെടുത്തുന്നുണ്ട്.

🔹ദില്ലിയിൽ മൂന്ന് സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. സ്കൂൾ ഒഴിപ്പിച്ചു പൊലീസ് പരിശോധന നടത്തുന്നു. ചാണക്യപുരി സംസ്കൃതി സ്കൂൾ, ഈസ്റ്റ് ഡൽഹിയിലെ മയൂർ വിഹാർ മദർ മേരി സ്കൂൾ, ദ്വാരകയിലെ ഡൽഹി പബ്ലിക് സ്കൂൾ എന്നിവയ്ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതിൽ മദർമേരി സ്‌കൂളിൽ പരീക്ഷ നടക്കുകയായിരുന്നു. വിവരം ലഭിച്ചയുടൻ പരീക്ഷ നിർത്തിവെക്കുകയും സ്‌കൂൾ പരിസരം വിടാൻ എല്ലാവരോടും ആവശ്യപ്പെടുകയും ചെയ്തു.

🔹ആറ്റിങ്ങലിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടത്തിൽ അഞ്ച് പേർക്ക് ഗുരുതര പരിക്ക്. കാർ പൂർണമായും തകർന്നു. പൂവാറിൽ നിന്നും ഇടതുവ്വ പള്ളിയിലേക്ക് പോവുകയായിരുന്നു ബസ്. 50 ഓളം യാത്രക്കാർ ബസിലുണ്ടായിരുന്നു. കാർ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു.

🔹മുംബൈ കേന്ദ്രമാക്കി സ്വർണ വ്യാപാരം നടത്തിയിരുന്ന എസ് കുമാർ ജ്വല്ലറി ഉടമ ശ്രീകുമാർ പിള്ള രണ്ടു വർഷം മുൻപാണ് നാടകീയമായി മുംബൈ ഉപനഗരമായ ഡോംബിവ്‌ലിയിൽ നിന്ന് അറസ്റ്റിലാകുന്നത്. ബി.എം.ഡബ്ല്യു കാറും കാറിൽ ഒളിപ്പിച്ചിരുന്ന 2.9 കോടി രൂപയും പോലീസ് പിടിച്ചെടുത്തിരുന്നു. 70 കോടിയോളം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിലായിരുന്നു അറസ്റ്റ്. കേസിൽ കഴിഞ്ഞ 21 മാസത്തോളമായി ജയിലിൽ കഴിയുന്ന ശ്രീകുമാർ പിള്ളയ്ക്ക് ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

🔹മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഇന്നുമുതല്‍ പുഷ്പമേള ആരംഭിക്കും. ദേവികുളം റോഡില്‍ ഡിടിപിസിയുടെ കീഴിലുള്ള പാര്‍ക്കിലാണ് മേള തുടങ്ങുന്നത്. വിദേശയിനം ചെടികള്‍ ഉള്‍പ്പെടെ 1500ഓളം ഇനങ്ങളിലുള്ള പൂച്ചെടികളാണ് പാര്‍ക്കില്‍ ഒരുക്കിയിട്ടുള്ളത്. മൂന്നാറിന്റെ തനത് പൂക്കളും എത്തിച്ചിട്ടുണ്ട്.

🔹തിരഞ്ഞെടുപ്പ് തോല്‍ക്കുമെന്ന് തിരിച്ചറിഞ്ഞതോടെ കോണ്‍ഗ്രസ് വ്യാജ വീഡിയോകള്‍ സൃഷ്ടിച്ച് അവരുടെ ‘സ്നേഹത്തിന്റെ കടയില്‍’ വില്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ജനങ്ങളുടെ ജീവിതം മാറ്റുന്നതിനായി താന്‍ രാവും പകലും പ്രവര്‍ത്തിക്കുന്നുവെന്നും അതേസമയം, തന്നെ തകര്‍ക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യാ സഖ്യമെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസിന്റെ മുഖമുദ്ര വഞ്ചനയാണെന്നും മോദി തിരഞ്ഞെടുപ്പ് റാലിയില്‍ ആരോപിച്ചു.

🔹തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സി.പി.എമ്മിന്റെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. തുക കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസിന്റെ മൊഴി ആദായ നികുതി വകുപ്പ് എടുത്തു. പണത്തിന്റെ ഉറവിടം കാണിക്കാന്‍ ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സിപിഎം പിന്‍വലിച്ച ഒരു കോടി രൂപയാണ് ബാങ്കില്‍ തിരിച്ച് നിക്ഷേപിക്കാന്‍ ശ്രമിച്ചത്. ഇതിനിടെയാണ് അപ്രതീക്ഷിതമായി പണം ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്.

🔹സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് ഒരു മരണം കൂടി. ആലപ്പുഴയില്‍ വയറിങ് ജോലിക്കിടെ ഇലക്ട്രീഷ്യനായ പൂങ്കാവ് പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ സുഭാഷ് (45) ആണ് കുഴഞ്ഞുവീണു മരിച്ചത്. സൂര്യാഘാതം മൂലമാണ് മരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സംസ്ഥാനത്ത് ഇതുവരെ മൂന്നുപേര്‍ സൂര്യാഘാതമേറ്റ് മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്.

🔹കടുത്ത ചൂടിനിടയില്‍ കൊല്ലം ജില്ലയില്‍ ശക്തമായ വേനല്‍ മഴ. ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. ഓണമ്പലം സെന്റ് മേരിസ് കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരന്‍ തുളസീധരന്‍ പിള്ള (65) ആണ് മരിച്ചത്.

🔹ഗതാഗത മന്ത്രി കെ.ബി.ഗണേഷ്‌കുമാറിന്റെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണത്തിനെതിരെ സിഐടിയു. മെയ് 2 മുതല്‍ നടപ്പാക്കുന്ന ഡ്രൈവിംഗ് പരിഷ്‌ക്കാരം ബഹിഷ്‌ക്കരിക്കുമെന്ന് സിഐടിയു വ്യക്തമാക്കി. ഡ്രൈവിംഗ് പരീക്ഷ ഉള്‍പ്പെടെ നടത്താന്‍ അനുവദിക്കില്ലെന്നാണ് സിഐടിയു നിലപാട്. പ്രതിഷേധം തണുപ്പിക്കാന്‍ ഗതാഗതമന്ത്രി ചില ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും സമരവുമായി സംഘടന മുന്നോട്ടുപോവുകയാണ് .

🔹മെയ് രണ്ട് മുതല്‍ ആഗസ്റ്റ് 31 വരെ നീണ്ടു നില്‍ക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധ്യാപക പരിശീലനത്തില്‍ എണ്‍പതിനായിരം അധ്യാപകര്‍ പങ്കെടുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ അവയുടെ അക്കാദമിക മൂല്യം നഷ്ടപ്പെടാതെ ക്ലാസ് മുറികളില്‍ പ്രയോഗിക്കാന്‍ അധ്യാപകരെ പ്രാപ്തരാക്കുകയാണ് പരിശീലനം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. കേരളത്തിലെ മുഴുവന്‍ അധ്യാപകര്‍ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പ്രായോഗിക പരിശീലനം നല്‍കി മറ്റൊരു കേരള മാതൃക രാജ്യത്തിന് മുന്നില്‍ കാഴ്ച വയ്ക്കുമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

🔹സേലത്ത് വിനോദസഞ്ചാരികളുമായി പോയ സ്വകാര്യ ബസ് മറിഞ്ഞ് ആറു മരണം. അപകടത്തില്‍ മുപ്പത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. വിനോദ സഞ്ചാര കേന്ദ്രമായ യേര്‍ക്കാട് നിന്ന് സേലത്തിലേക്ക് മടങ്ങുമ്പോള്‍ യേര്‍ക്കാട് ചുരം പാതയില്‍ വെച്ചാണ് ഇന്നലെ അപകടമുണ്ടായത്.

🔹ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ നാലു വിക്കറ്റിന് തകര്‍ത്ത് ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. മുംബൈ ഉയര്‍ത്തിയ 145 റണ്‍സ് വിജയലക്ഷ്യം 62 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോയ്നിസിന്റെ മികവില്‍ ലഖ്നൗ മറികടന്നു. ഈ ജയത്തോടെ ലഖ്നൗ 12 പോയന്റുമായി പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന് പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി. ഒമ്പതാം സ്ഥാനത്തുള്ള മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഇതോടെ മങ്ങിയിരിക്കുകയാണ്.

🔹സിജു വില്‍സണ്‍ നായകനായെത്തുന്ന ‘പഞ്ചവത്സര പദ്ധതി’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകര്‍ക്കരികില്‍. ‘മാലോകം മാറുന്നേ…’ എന്നു തുടങ്ങുന്ന ഗാനത്തിന് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ആണ് വരികള്‍ കുറിച്ചത്. ഷാന്‍ റഹ്‌മാന്‍ ഈണമൊരുക്കിയ ഗാനം ജോബ് കുര്യന്‍ ആലപിച്ചു. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. പി.ജി.പ്രേംലാല്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘പഞ്ചവത്സര പദ്ധതി’. കിച്ചാപ്പൂസ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ കെ.ജി.അനില്‍കുമാര്‍ ചിത്രം നിര്‍മിച്ചിരിക്കുന്നു. സാമൂഹിക ആക്ഷേപഹാസ്യത്തിലൂടെ കഥ പറയുന്ന ചിത്രമാണിത്. സജീവ് പാഴൂരിന്റേതാണു തിരക്കഥയും സംഭാഷണവും. പുതുമുഖം കൃഷ്ണേന്ദു.എ.മേനോന്‍ ആണ് ‘പഞ്ചവത്സര പദ്ധതി’യിലെ നായിക. പി.പി.കുഞ്ഞികൃഷ്ണന്‍, നിഷ സാരംഗ്, സുധീഷ്, രഞ്ജിത് മണംബ്രക്കാട്ട്, മുത്തുമണി, വിജയകുമാര്‍, ചെമ്പില്‍ അശോകന്‍, ബിനോയ് നമ്പാല, ഹരീഷ് പേങ്ങന്‍,സിബി തോമസ്, ജിബിന്‍ ഗോപിനാഥ്, ആര്യ സലിം, ജോളി ചിറയത്ത്, ലാലി.പി.എം തുടങ്ങിയവരും വേഷമിടുന്നുണ്ട്.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments