Sunday, December 22, 2024
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – 2024 | ഏപ്രിൽ 13 | ശനി

വാർത്തകൾ ഒറ്റനോട്ടത്തിൽ – 2024 | ഏപ്രിൽ 13 | ശനി

കപിൽ ശങ്കർ

🔹ഏപ്രില്‍ 15ന് കുന്നംകുളം ചെറുവത്തൂര്‍ ഗ്രൗണ്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തുന്നതുമായി ബന്ധപ്പെട്ട് കര്‍ശന സുരക്ഷ ക്രമീകരണങ്ങള്‍. സ്വകാര്യ ഹെലികോപ്റ്ററുകള്‍, മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റുകള്‍, ഹാങ് ഗ്ലൈഡറുകള്‍, റിമോട്ട് ഉപയോഗിച്ചുള്ള ഇലക്ട്രോണിക് കളിവസ്തുക്കള്‍, ഹെലികാം തുടങ്ങിയവ താത്കാലികമായി നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജ ഉത്തരവിറക്കി. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലും കുന്നംകുളം മുനിസിപ്പാലിറ്റി, കണ്ടാണശ്ശേരി, ചൂണ്ടല്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലും സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പൊലീസിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

🔹സുരേഷ് ഗോപിക്ക് പിന്തുണ പ്രഖ്യാപിച്ചെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് തൃശ്ശൂര്‍ മേയര്‍ എംകെ വര്‍ഗീസ്. വികസനത്തിന് സാമ്പത്തികം ആരുതന്നാലും സ്വീകരിക്കുമെന്നും താനെപ്പോഴും എല്‍ഡിഎഫിന് ഒപ്പമാണെന്നും ഇടതുപക്ഷത്തിന് ദോഷമായിട്ട് ഒന്നും ചെയ്യില്ലെന്നും എംകെ വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.

🔹പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിസിനസ് പ്രമുഖൻ ബിൽ ഗേറ്റ്സും തമ്മിലുള്ള അഭിമുഖ പരിപാടി ദൂരദര്‍ശനിൽ സംപ്രേഷണം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയില്ലെന്ന് റിപ്പോര്‍ട്ട്. പ്രസാർ ഭാരതി അനുമതി തേടിയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ അനുകൂല മറുപടി നൽകാഞ്ഞതിനെ തുടർന്ന് അഭിമുഖം സംപ്രേഷണം ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കെ വിമർശനം ഉയരും എന്ന് അനൗദ്യോഗികമായി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസാർ ഭാരതിയെ അറിയിച്ചുവെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു.

🔹കേരള വിദ്യാഭ്യാസ ചട്ടമനുസരിച്ച് കളി സ്ഥലങ്ങളില്ലാത്ത സ്കൂളുകൾക്കെതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിര്‍ദ്ദേശം നൽകി. കൊല്ലം തെവായൂർ ഗവൺമെന്റ് വെൽഫെയർ എൽ പി സ്കൂളിൽ കളിസ്ഥലത്ത് വാട്ടർ ടാങ്ക് നിർമ്മിക്കുന്നത് ചോദ്യം ചെയ്തു പിടിഎ പ്രസിഡന്‍റ് നൽകിയ ഹർജിയിലാണ് നിർദ്ദേശം. സ്കൂളുകൾ അടച്ചുപൂട്ടുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കണമെന്നും, സ്കൂളുകളിൽ കളിസ്ഥലങ്ങൾ ഏത് അളവിൽ വേണം എന്നതിനെക്കുറിച്ച് സർക്കാർ മാർഗനിർദേശങ്ങൾ പുറത്തിറക്കണമെന്നും, കളി സ്ഥലങ്ങളിൽ ഒരുക്കേണ്ട സൗകര്യങ്ങളെ കുറിച്ച് സർക്കുലറിൽ വ്യക്തമാക്കണമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ സർക്കാരിന് നിർദ്ദേശം നൽകി.

🔹കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇടത് നേതാക്കള്‍. പന്ന്യന്‍ രവീന്ദ്രന്‍ മത്സരിക്കുന്നത് എന്തിനെന്ന തരൂരിന്റെ ചോദ്യം അഹങ്കാരം നിറഞ്ഞെതെന്ന് മന്ത്രി ജിആര്‍ അനില്‍ കുറ്റപ്പെടുത്തി. ശശി തരൂര്‍ ആര്‍എസ്എസ് മനസ്സുള്ള കോണ്‍ഗ്രസുകാരനാണെന്നും വാക്കുകളിലും പ്രവര്‍ത്തിയിലും അത് പ്രകടമാണെന്നും ജിആര്‍ അനില്‍ കുറ്റപ്പെടുത്തി.

🔹ആലപ്പുഴ: ഉത്സവ കെട്ടുകാഴ്ചയ്ക്കുള്ള സാധനങ്ങൾക്കും, വാഹനത്തിനും തീപിടിച്ചു. കെട്ടുരുപ്പടികൾക്കും (ഉത്സവകാളയ്ക്കു നിർമിക്കാൻ ഉപയോഗിക്കുന്നത്) വാഹനവുമാണ് തീപിടിച്ച് നശിച്ചത്. ചുനക്കര പഞ്ചായത്ത് കരിമുളയ്ക്കൽ വാർഡ് എട്ടിൽ ഉത്സവ ശേഷം കൊണ്ടുപോവുകയായിരുന്നു ഉരുപ്പടികൾ. കായംകുളം അഗ്നി രക്ഷാസേനയുടെ രണ്ട് യൂണിറ്റ് എത്തി തീ അണച്ചു.ആളപായമില്ല. കെട്ടുകാഴ്ചക്കായി കൊണ്ടുപോവുകയായിരുന്ന ഉരുപ്പടികൾ വൈദ്യുതി ലൈനിൽ തട്ടി നിമിഷ നേരംകൊണ്ട് തീഗോളമായി. തീയണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടുവെന്ന് വാഹനത്തിൽ ഉണ്ടായിരുന്നവര്‍ പറഞ്ഞു. വെള്ളം ഒഴിക്കുമ്പോൾ തീ ആളിക്കത്തുകയായിരുന്നു. ആനയ്ക്കുള്ള നെറ്റിപ്പട്ടവും മറ്റ് ചില സാധനങ്ങളും മാത്രമാണ് മാറ്റാൻ സാധിച്ചത്. തീയണയ്ക്കാൻ സാധിക്കാതെ വന്നതോടെ ഫര്‍ഫോഴ്സിനെ കാത്തിരിക്കുകയായിരുന്നു എന്നും നാട്ടുകാര്‍ പറഞ്ഞു.

🔹ചരിത്രപ്രസിദ്ധമായ തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും. തിരുവമ്പാടിയിലും പാറമേക്കാവിലും തുടങ്ങി ഘടകക്ഷേത്രങ്ങളിലും കൊടിയേറുന്നതോടെ നാടാകെ പൂരത്തിന്റെ ആവേശക്കൊടുമുടിയിലാകും. 17 നാണ് സാമ്പിള്‍ വെടിക്കെട്ട്. 19 നാണ് തൃശൂര്‍ പൂരം.

🔹തൃശൂർ പൂരത്തിനായി എത്തുന്ന മുഴുവൻ ആനകളുടെയും പട്ടികയും, ഫിറ്റ്നസ് സർട്ടിഫിക്കറ്റും സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം നല്‍കി. അമിക്കസ് ക്യൂറി ആനകളെ പരിശോധിക്കണം, ആരോഗ്യ പ്രശ്നങ്ങളും മദപ്പാടുമുള്ള ആനകളെ പൂരത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. അതോടൊപ്പം15 ന് മുമ്പ് ആനകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹൈക്കോടതിയിൽ സമർപ്പിക്കണമെന്നും സർക്കുലറിലുണ്ട്. എന്നാൽ സർക്കുലർ പിൻവലിച്ചില്ലെങ്കിൽ തൃശൂർ പൂരത്തിന് ആനകളെ വിട്ടു നൽകില്ലെന്ന് ആന ഉടമകളുടെ സംഘടന വ്യക്തമാക്കി. ആന ഉടമകളുടെയും ഉത്സവ സംഘടകരുടെയും അടിയന്തര യോഗം ഉച്ചയ്ക്ക് ഒന്നിന് തൃശൂരിൽ ചേരും.

🔹കൊടും ചൂടിന് ആശ്വാസമായി കേരളത്തില്‍ വേനല്‍ മഴ. ഇന്നലെ മെച്ചപ്പെട്ട മഴ ലഭിച്ച കേരളത്തിന് ഇന്നും അടുത്ത ദിവസങ്ങളിലും കാര്യമായ തോതില്‍ മഴ പ്രതീക്ഷിക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പ്രകാരം ഈ മാസം 15 -ാം തിയതിവരെ കേരളത്തില്‍ വിവിധ ജില്ലകളില്‍ മഴ ലഭിക്കുമെന്ന് ഉറപ്പാണ്.

🔹കോതമംഗലം കോട്ടപ്പടിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി കാട്ടിലേക്കയച്ചു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണറിടിച്ച് പുറത്തെത്തിച്ച കാട്ടാനയെ വനംവകുപ്പ് സംഘം കാട്ടിലേക്ക് തുരത്തി. പതിനഞ്ച് മണിക്കൂര്‍ നേരമാണ് ആന കിണറ്റിനുള്ളില്‍ കിടന്നത്. അതേ സമയം ആനയെ മയക്കുവെടി വെച്ച് പിടികൂടാത്തതില്‍ പ്രദേശത്ത് നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്.

🔹സംസ്ഥാനത്തെ 3 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചു. തൃശൂര്‍ പാറളം കുടുംബാരോഗ്യ കേന്ദ്രം 92 ശതമാനം സ്‌കോറും, പാലക്കാട് കുളപ്പുള്ളി നഗര കുടുംബാരോഗ്യ കേന്ദ്രം 86 ശതമാനം സ്‌കോറും, കൊല്ലം കരുനാഗപ്പള്ളി നഗര കുടുംബാരോഗ്യ കേന്ദ്രം 89 ശതമാനം സ്‌കോറും നേടിയാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയത്. ഈ സര്‍ക്കാരിന്റെ കാലത്ത് ഇതുവരെ പുതിയതും പുന:അംഗീകാരവും ഉള്‍പ്പെടെ ആകെ 143 സ്ഥാപനങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്.മികച്ച സൗകര്യങ്ങളും സേവനങ്ങളുമൊരുക്കി കൂടുതല്‍ സര്‍ക്കാര്‍ ആശുപത്രികളെ ദേശിയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താനായി നടത്തിയ നടപടികളുടെ ഭാഗമായാണ് ഈ അംഗീകാരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

🔹അമൃത്‌സര്‍: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ അംഗരക്ഷകനും പിന്നീട് കൊലയാളിയുമായ ബിയാന്ത് സിങ്ങിന്റെ മകന്‍ സരബ്ജിത് സിങ് ഖല്‍സ ഫരീദ്‌കോട്ടില്‍ സ്ഥാനാര്‍ഥി. സ്വതന്ത്രനായാണ് മത്സരിക്കുന്നത്. ഇന്ദിരാഗന്ധിയെ വെടിവെച്ച് കൊന്ന കേസിലെ രണ്ട് പ്രതികളിലൊരാണ് ബിയാന്ത് സിങ്.2014-ലും 2009-ലും സരബ് ജിത് സിങ് ഫത്തേഗാര്‍ഹ് സാഹിബ്, ബതിന തുടങ്ങിയ മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയെങ്കിലും പരാജയപ്പെടുകയായിരുന്നു. 2019-ല്‍ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയുമായിരുന്നു.
1984 ഒക്ടോബര്‍ 31-ന് ഇന്ദിരാഗന്ധി വെടിയേറ്റ് മരിക്കുമ്പോള്‍ ബിയാന്ത് സിങ്ങും സത്വവന്ത് സിങ്ങുമായിരുന്നു പ്രധാനമന്ത്രിയുടെ അംഗരക്ഷകര്‍

🔹വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനത്തിനായുള്ള ദയാധനമായ 34 കോടി രൂപ സമാഹരിച്ചു. 18 വര്‍ഷമായി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിനെ മോചിപ്പിക്കാനായി സമാഹരിച്ച തുക ഇന്ത്യന്‍ എംബസി വഴി സൗദി കുടുംബത്തിന് നല്‍കും. 2006 ലാണ് അബ്ദുള്‍ റഹീമിന്റെ മനഃപ്പൂര്‍വ്വമല്ലാത്ത കൈപിഴവ് മൂലം സൗദി സ്വദേശിയായ 15 കാരന്‍ മരിച്ചത്.

🔹ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. ആദ്യം ബാറ്റ് ചെയ്ത് ലഖ്നൗവിന് 7 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാനേ സാധിച്ചുള്ളു. 20 റണ്‍സ് മാത്രം നല്‍കി 3 വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ 167ല്‍ ഒതുക്കിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 55 റണ്‍സെടുത്ത ജേക് ഫ്രേസര്‍ മക്ഗുര്‍ക്കിന്റെയും 41 റണ്‍സെടുത്ത റിഷഭ് പന്തിന്റെയും ബാറ്റിംഗ് മികവിലാണ് അനായാസ വിജയം നേടിയത്.

🔹എമിറേറ്റ്സ് പ്രൊഡക്ഷന്റെ ബാനറില്‍ വിജയന്‍ പള്ളിക്കര നിര്‍മ്മിക്കുന്ന ‘പൊറാട്ട് നാടകം’ എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. സംവിധായകന്‍ നാദിര്‍ഷയുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ഗാനം പുറത്തിറങ്ങിയത്. സിദ്ദിഖിന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്ന നൗഷാദ് സാഫ്റോണ്‍ സംവിധാനം ചെയ്ത ചിത്രത്തിന് രാഹുല്‍ രാജിന്റേതാണ് സംഗീതം. നാട്ടുപാട്ടിന്റെ ഈണമുള്ള നാഴൂരി പാല് എന്നു തുടങ്ങുന്ന പാട്ടിന്റെ വരികള്‍ എഴുതിയത് ബി കെ ഹരിനാരായണനാണ്. പാടിയിരിക്കുന്നത് രാഹുല്‍ രാജും സിത്താര കൃഷ്ണകുമാറും ചേര്‍ന്ന്. വടക്കന്‍ കേരളത്തിലെ ഗ്രാമീണ സൗന്ദര്യം തുളുമ്പുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത് നൗഷാദ് ഷെരീഫാണ്. ചിത്രത്തില്‍ രാഹുല്‍ മാധവ്, സുനില്‍ സുഖദ, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, നിര്‍മല്‍ പാലാഴി, ബാബു അന്നൂര്‍, ഷുക്കൂര്‍ വക്കീല്‍, ഐശ്വര്യ മിഥുന്‍, ജിജിന, ചിത്ര ഷേണായ്, ചിത്ര നായര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ചിത്രത്തില്‍ കോതാമൂരിയാട്ടം, പൊറാട്ട് നാടകം തുടങ്ങിയ കലാരൂപങ്ങള്‍ പശ്ചാത്തലമായി വരുന്നു. കോമഡിക്ക് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രം വടക്കന്‍ കേരളത്തിലെ ഗോപാലപുരം എന്ന ഗ്രാമത്തില്‍ 21 ദിവസം അരങ്ങേറുന്ന സംഭവങ്ങളാണ് ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നത്.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments