Thursday, December 26, 2024
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – മാർച്ച് 21, 2024 വ്യാഴം

വാർത്തകൾ ഒറ്റനോട്ടത്തിൽ – മാർച്ച് 21, 2024 വ്യാഴം

കപിൽ ശങ്കർ

🔹സ്ട്രീറ്റുകളിൽ പാർക്ക് ചെയ്തിരുന്ന കാറുകൾ മോഷ്ടിക്കുകയും വാഹനങ്ങൾ സ്ക്രാപ്പിന് വിൽക്കുകയും ചെയ്തതിന് ടോ ട്രക്ക് ഉപയോഗിക്കുന്ന ലാമർ മില്ലർ (44)യെന്നയാളെ ഫിലാഡൽഫിയ പോലീസ് അറസ്റ്റ് ചെയ്തു. ഫിലാഡൽഫിയയിൽ നിന്നുള്ള ലാമർ മില്ലർ,സിറ്റിയിലുടനീളമുള്ള സ്ട്രീറ്റുകളിൽ യാത്ര ചെയ്തു, ഉപേക്ഷിക്കപ്പെട്ട നിലയിൽ പാർക്ക് ചെയ്ത കാറുകളാണ് കൊണ്ടുപോകുന്നത് പോലീസ് പറഞ്ഞു.

🔹മാർച്ച് 16 ശനിയാഴ്ച പുലർച്ചെ ഡാളസിൽ ബൈക്ക് അപകടത്തിൽ മരിച്ച മലയാളി യുവാവ് ആൽവിൻ രാജന്റെ(31) പൊതുദർശനവും, സംസ്കാര ശുശ്രുഷയും മാർച്ച് 22 വെള്ളിയാഴ്ച രാവിലെ 930 മുതൽ മെസ്കിറ്റിലുള്ള ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ വെച്ച് നടക്കും.

🔹വെസ്റ്റ് ഇൻഡീസ് ഇതിഹാസവും വൈറ്റ് ബോൾ ക്രിക്കറ്റിലെ ഏറ്റവും പ്രശസ്തരായ കളിക്കാരിലൊരാളുമായ ക്രിസ് ഗെയ്‌ലും യുഎസിലെ അലി ഖാനും ന്യൂയോർക്കിലെ എംപയർ സ്റ്റേറ്റ് ബിൽഡിംഗിൽ ദീപം തെളിയിച്ചു, വരാനിരിക്കുന്ന ഐസിസി പുരുഷ ടി20 ലോകത്തിനായുള്ള ട്രോഫി ടൂർ ആരംഭിക്കുന്നു.

🔹അമേരിക്കയിലെ പ്രൊഫഷണലുകളെ ഫൊക്കാനയുടെ ഭാഗമാക്കുന്നതിൻ്റെ ഭാഗമായി കാനഡയിൽ നിന്നുള്ള ഡോ. ക്രിസ്‌ല ലാലിനെ ഫൊക്കാന 2024 -2026 കാലയളവിൽ ഫൊക്കാന യൂത്ത് പ്രതിനിധിയായി മത്സരിപ്പിക്കുന്നുവെന്ന് 2024 – 2026 പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡോ. കല ഷഹി അറിയിച്ചു. ചങ്ങനാശേരി ചങ്ങൻങ്കരി സ്വദേശിയായ ക്രിസ്‌ല ലാൽ കാനഡയിൽ നിന്നാണ് ഫൊക്കാനയിലേക്ക് വരുന്നത്.

🔹ബെൽവുഡിലുള്ള മാർതോമാ സ്ലിഹാ കത്തീഡ്രൽ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ‘സീറോത്സവം 2024’ എന്ന സംഗീത നിശയുടെ ആദ്യ ടിക്കറ്റിൻ്റെ ഉദ്ഘാടനം ഷിക്കാഗോ രൂപതയുടെ ബിഷപ്പ് മാർ ജോയി ആലപ്പാട്ട് നിർവഹിച്ചു. പ്രസ്തുത പരിപാടിയുടെ ഗ്രാൻറ് സ്പോൺസറായ അച്ചാമ്മ അലക്സ് മരുവിത്ത ദമ്പതികൾക്ക് ആദ്യ ടിക്കറ്റ് നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്.

🔹ബിജെപി ബൂത്ത് സെക്രട്ടറിയുടെ കട തീയിട്ട് നിശിപ്പിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ പൊള്ളലേറ്റ് ചികിത്സയിൽ. ‌‌‌തിരുവനന്തപുരത്ത് കാച്ചാണിയിലാണ് സംഭവം. ബിജെപി ബൂത്ത് സെക്രട്ടറി അനൂപിന്റെ കടയാണ് ഡിവൈഎഫ്ഐ പ്രവർത്തകൻ തീയിട്ടത്.

🔹സംസ്ഥാനത്ത് 32 വർഷത്തിനിടെ കൊലക്കേസ് പ്രതികളായ 67 കുറ്റവാളികൾ പരോളിലിറങ്ങി മുങ്ങിയെന്ന് റിപ്പോർട്ട്. ജയിൽ വകുപ്പിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കുറ്റവാളികളാണ് പരോളിലിറങ്ങി മുങ്ങിയത്. മറ്റു കേസുകളിൽ വിവിധ കാലയളവിലേക്ക് കഠിന തടവിന് ശിക്ഷിക്കപ്പെട്ട മൂന്നു പേരും മുങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു.

🔹2014 മുതലുള്ള നികുതി കുടിശ്ശികയുടെ പേരില്‍ കോണ്‍ഗ്രസിനെ വളഞ്ഞ് ആദായ നികുതി വകുപ്പ്. 2014 മുതല്‍ 2017 വരെയുള്ള നികുതി കുടിശ്ശിക കൂടി കൂട്ടി 520 കോടി രൂപയുടെ നികുതി കുടിശ്ശിക കോണ്‍ഗ്രസ് അടച്ചില്ലെന്ന് ആദായ നികുതി വകുപ്പ് കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച ആദായ നികുതി വകുപ്പിന്റെ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ദില്ലി ഹൈക്കോടതിയെ സമീപിച്ചെങ്കിലും നോട്ടീസ് റദ്ദാക്കാന്‍ കോടതി തയ്യാറായില്ല.

🔹വിവാഹിതയായ യുവതിയുടെ നഗ്നവീഡിയോ പകർത്തുകയും ഇത് കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്ത കേസിൽ പ്രതി 13 വർഷത്തിന് ശേഷം പിടിയിൽ. മലപ്പുറം മൂത്തേടം സ്വദേശിയായ 54 വയസുകാരൻ സുരേഷ് കെ. നായരാണ് അറസ്റ്റിലായത്. പത്തനംതിട്ട തിരുവല്ലയിൽ വിവാഹിതയായ സ്ത്രീയുമായി സൗഹൃദം സ്ഥാപിച്ച ശേഷമായിരുന്നു സുരേഷ് കെ. നായർ നഗ്ന വീഡിയോ പകർത്തിയതും പീഡ‍ിപ്പിച്ചതും.

🔹പത്തനംതിട്ട: കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഏഴാംതല സ്വദേശി ദിലീപാണ് കൊല്ലപ്പെട്ടത്. പത്തനംതിട്ട ഏഴാം തലയിൽ വനത്തിനുള്ളിൽ വെച്ചാണ് സംഭവമുണ്ടായത്. കാടിനുള്ളിലെ പുഴയിൽ സുഹൃത്തിനൊപ്പം മീൻ പിടിക്കാൻ പോയ സമയത്താണ് ആനക്കൂട്ടം ആക്രമിച്ചത്. ദിലീപിനെ കാട്ടാനക്കൂട്ടം ആക്രമിച്ചു എന്നാണ് സുഹൃത്ത് ഓമനക്കുട്ടൻ വെളിപ്പെടുത്തിയത്.

🔹2018 ല്‍ കര്‍ണാടക തിരഞ്ഞെടുപ്പിനിടെ അമിത് ഷായെ കൊലക്കേസ് പ്രതിയെന്നു വിളിച്ച് അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് ഹൈക്കോടതി സ്റ്റേ ചെയ്തു. രാഹുല്‍ 27ന് നേരിട്ടു ഹാജരാകണമെന്ന് നിര്‍ദേശിച്ച് ചായ്ബസയിലെ എംപി-എംഎല്‍എ കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. നേരിട്ടു ഹാജരാകുന്നതില്‍ ഇളവു തേടിയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം രാജ്യത്തിന്റെ പ്രതിച്ഛായ മോശമാക്കുന്ന പ്രസ്താവനകള്‍ നടത്തുന്നുവെന്നാരോപിച്ച് രാഹുല്‍ ഗാന്ധി, അരവിന്ദ് കേജ്രിവാള്‍, അഖിലേഷ് യാദവ് എന്നീ നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്രത്തിനു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.

🔹പത്മജ വേണുഗോപാലിന് പിന്നാലെ തിരുവനന്തപുരം നഗരസഭ മുന്‍ പ്രതിപക്ഷ നേതാവും കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായിരുന്ന മഹേശ്വരന്‍ നായര്‍ ബിജെപിയില്‍ ചേര്‍ന്നു. കായിക താരം കൂടിയായിരുന്ന പദ്മിനി തോമസ്, തമ്പാനൂര്‍ സതീഷ് എന്നിവര്‍ കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെയാണ് കെ.കരുണാകരന്റെ വിശ്വസ്തനായിരുന്ന മഹേശ്വരന്‍ നായരും ബിജെപിയില്‍ ചേരുന്നത്.

🔹വനത്തിനുള്ളില്‍ മീന്‍ പിടിക്കാന്‍ പോയ സംഘത്തില്‍ ഒരാളെ കാട്ടാന ചവിട്ടി കൊന്നു. തേക്കുതോട് ഏഴാംതല നെടുമനാല്‍ സ്വദേശി ദിലീപ് (52) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ രക്ഷപ്പെട്ടു. റാന്നി വനം ഡിവിഷനിലെ വടശേരിക്കര റേഞ്ചിലെ ഗുരുനാഥന്‍ മണ്ണ് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ പുളിഞ്ചാല്‍ വനമേഖലയിലാണ് സംഭവം. ജനവാസമേഖലയില്‍നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരെയാണു സംഭവം നടന്നത്.

🔹 മാര്‍ച്ച് 22 ന് എല്ലാ ജില്ലകളിലും വേനല്‍ മഴ ലഭ്യമാകുമെന്ന് കാലാവസ്ഥാ പ്രവചനം. അടുത്ത നാല് ദിവസത്തെ മഴ സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് മഴ ലഭിക്കാന്‍ സാധ്യതയുള്ള ജില്ലകള്‍ പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവയാണ്. നാളെ കേരളത്തില്‍ വ്യാപകമായി മഴ ലഭ്യമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

🔹സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന വ്യക്തി അധിക്ഷേപങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ കെ ശൈലജ. കൊവിഡ് കള്ളി എന്നുള്‍പ്പെടെ വിളിച്ച് നടത്തുന്ന പ്രചാരണങ്ങളെ നിയമപരമായി നേരിടും. വടകരയില്‍ സ്ഥാനാര്‍ത്ഥിയായി പേര് നിശ്ചയിച്ചതിന് ശേഷം തനിക്കെതിരെ നടക്കുന്ന സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങള്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു കെ കെ ശൈലജ.

🔹ഡിജിറ്റല്‍ എക്‌സറേ ഫിലിം ഇല്ലാത്തത് മൂലം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എക്‌സ്റേ യൂണിറ്റ് അടച്ചുപൂട്ടി. എക്‌സ്‌റേ ഫിലിം കമ്പനിക്ക് പണം നല്‍കാത്തതിനാല്‍ ഫിലം വിതരണം മുടങ്ങുകയായിരുന്നു. 10 ലക്ഷത്തിലധികം രൂപ കമ്പനിക്ക് കൊടുക്കാനുണ്ട്. കഴിഞ്ഞ ആറുമാസമായി ഇത് മുടങ്ങിക്കിടക്കുകയാണ്. അധികൃതരുടെ അനാസ്ഥ മൂലം നൂറുകണക്കിന് രോഗികളാണ് ദുരിതത്തിലായത്. എക്‌സ്‌റേ യൂണിറ്റ് അടച്ചത് പുതിയതായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആരംഭിച്ച അത്യാഹിത വിഭാഗത്തെയും ട്രോമാ കെയര്‍ യൂണിറ്റിനെയും ബാധിച്ചു.

🔹കോഴിക്കോട് എന്‍.ഐ.ടി ക്യാമ്പസില്‍ ഇനി മുതല്‍ രാത്രി 11 മണി വരെ മാത്രമായിരിക്കും ക്യാന്‍ന്റീന്‍ പ്രവര്‍ത്തിക്കുകയെന്ന് അറിയിപ്പ്. വിദ്യാര്‍ത്ഥികള്‍ രാത്രി 12 മണിക്ക് മുമ്പാകെ ഹോസ്റ്റലില്‍ തിരികെ പ്രവേശിക്കണമെന്നും ഡീന്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. നിയന്ത്രണം ലംഘിക്കുന്നവര്‍ക്ക് സസ്പെന്‍ഷന്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

🔹തൃശ്ശൂര്‍ പുതുക്കാട് പാഴായിലെ കര്‍ഷകന്‍ മനോജിന്റെ വാഴകള്‍ വൈദ്യുതി കമ്പിക്ക് കീഴിലാണെന്ന് ചൂണ്ടിക്കാട്ടി കെഎസ്ഇബി അധികൃതര്‍ വെട്ടികളഞ്ഞെന്ന് പരാതി. കെഎസ്ഇബിയുടേത് നീതികരിക്കാനാവാത്ത നടപടിയാണെന്നും കര്‍ഷക ദ്രോഹം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി എടുക്കുമെന്നും കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു.

🔹തിരുവനന്തപുരം പനവിള ജംഗ്ഷനിലുണ്ടായ അപകടത്തില്‍ മലയന്‍കീഴ് സ്വദേശി സുധീര്‍ മരിച്ചു . അമിതവേഗത്തിലെത്തിയ ടിപ്പറാണ് അപകടമുണ്ടാക്കിയത്. ടിപ്പറിനടിയിലേക്ക് സുധീര്‍ ഓടിച്ചിരുന്ന വാഹനം വീഴുകയായിരുന്നു. അധ്യാപകനാണ് സുധീര്‍. തലക്ക് ഗുരുതരമായി പരിക്കേറ്റ സുധീര്‍ അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

🔹ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആന പാപ്പാന് ദാരുണാന്ത്യം.ആനയ്ക്കിടയില്‍ കുരുങ്ങി ആന പാപ്പാന്‍ കുനിശ്ശേരി കൂട്ടാല ദേവനാണ് (58) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നെന്മാറയിലെ സ്വകാര്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

🔹മകള്‍ക്കൊപ്പം കാമുകനെ വീട്ടില്‍ കണ്ടതില്‍ കുപിതയായി അമ്മ മകളെ കഴുത്തു ഞെരിച്ചു കൊന്നു. ഹൈദരാബാദിലെ ഇബ്രാഹിംപട്ടണത്തിലായിരുന്നു സംഭവം. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് മകള്‍ കാമുകനെ വിളിച്ചുവരുത്തിയെന്ന് ആരോപിച്ച് മര്‍ദിക്കുകയും തുടര്‍ന്ന് കൊലപ്പെടുത്തുകയുമായിരുന്നു. 19 വയസുകാരിയായ ഭാര്‍ഗവിയാണ് സ്വന്തം വീട്ടിനുള്ളില്‍ വെച്ച് കൊല്ലപ്പെട്ടത്.

🔹നീലഗിരി ദേവാലയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നീര്‍മട്ടം സ്വദേശി ഹനീഫ (45) ആണ് മരിച്ചത്. ദേവഗിരി എസ്റ്റേറ്റിന് സമീപത്ത് വച്ചാണ് കാട്ടാന ആക്രമണമുണ്ടായത്.

🔹സദ്ഗുരു ജഗ്ഗി വാസുദേവ് തലച്ചോറിലെ രക്തസ്രാവത്തെത്തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായി. അദ്ദേഹം ഇപ്പോള്‍ സുഖം പ്രാപിച്ചുവരുന്നതായി ഇഷ ഫൗണ്ടേഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

🔹വിദ്വേഷ പ്രസ്താവനയില്‍ കര്‍ണാടകയിലെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ കരന്ത്ലജെക്കെതിരെ കേസെടുത്ത് തമിഴ്നാട് മധുര പൊലീസ്. കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നും സാമുദായിക സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നും എഫ്ഐആറിലുണ്ട്. അതോടൊപ്പം കേരളത്തെയും മലയാളികളെയും ആക്ഷേപിച്ചുള്ള പരാമര്‍ശം പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയാന്‍ കേന്ദ്ര മന്ത്രി ശോഭ കരന്ദലജെ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. അതേസമയം ശോഭ കരന്ത്‌ലജെക്കെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ണാടക ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.

🔹ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യം ഫിന്‍ലാന്‍ഡ്. വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് പ്രകാരമാണ് ഫിന്‍ലാന്‍ഡിനെ ഏറ്റവും സന്തോഷമുള്ള രാജ്യമായി തിരഞ്ഞെടുത്തിരിക്കുന്നത്. തുടര്‍ച്ചയായ ഏഴാം വര്‍ഷമാണ് ഫിന്‍ലാന്‍ഡിനെ ഈ അംഗീകാരം ലഭിക്കുന്നത്. ഡെന്‍മാര്‍ക്ക്, ഐസ്ലന്‍ഡ്, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് ഹാപ്പിനെസ്സ് റാങ്കിംഗില്‍ ഫിന്‍ലന്‍ഡിന് തൊട്ടുപിന്നാലെയായി ഉള്ളത്. ഏറ്റവും അവസാന സ്ഥാനത്തുള്ളത് അഫ്ഗാനിസ്ഥാനാണുള്ളത്. 143 രാജ്യങ്ങളുള്ളതില്‍ ഇന്ത്യയുടെ റാങ്കിംഗ് 126 ആണ്. റാങ്കിംഗില്‍ മുപ്പതാം സ്ഥാനത്തുള്ള സിംഗപ്പൂര്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഒന്നാമതാണ്.

🔹പൃഥ്വിരാജ് സുകുമാരന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ആടുജീവിത’ത്തിലെ ഏവരും കാത്തിരുന്ന പാട്ടെത്തി. ഓഡിയോ ലോഞ്ച് വേള മുതല്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ‘പെരിയോനെ റഹ്‌മാനെ..’ എന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. റഫീക്ക് അഹമ്മദ് ആണ് ഗാനം ഒരുക്കിയിരിക്കുന്നത്. ജിതിന്‍ രാജ് ആണ് ആലാപനം. ചില മൂവി സീനുകള്‍ മാത്രമാണ് ഗാനരംഗത്ത് ഉള്‍കൊള്ളിച്ചിരിക്കുന്നത്. ബാക്കിയെല്ലാം നജീബിന്റെ ജീവിതത്തിലൂടെ റഹ്‌മാന്‍ സഞ്ചരിക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. മനോഹരമായ ദൃശ്യങ്ങളാല്‍ സമ്പന്നമായ ഗാനം നജീബിന്റെ ഉള്ളുതൊട്ട ഗാനമെന്നാണ് ഏവരും പറയുന്നത്.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments