Tuesday, November 5, 2024
Homeഅമേരിക്കതിരിഞ്ഞുനോക്കുമ്പോൾ - എം ബി ശ്രീനിവാസൻ ✍അവതരണം: ദിവ്യ എസ് മേനോൻ

തിരിഞ്ഞുനോക്കുമ്പോൾ – എം ബി ശ്രീനിവാസൻ ✍അവതരണം: ദിവ്യ എസ് മേനോൻ

ദിവ്യ എസ് മേനോൻ

ദക്ഷിണേന്ത്യൻ ചലച്ചിത്രരംഗത്തെ അറിയപ്പെടുന്ന ഒരു സംഗീത സംവിധായകനായിരുന്നു ശ്രീ എം ബി ശ്രീനിവാസൻ. മലയാളചലച്ചിത്ര ആസ്വാദകർ ഇന്നും ഏറെ സ്നേഹത്തോടെ ഹൃദയത്തിൽ സൂക്ഷിക്കുന്ന അപൂർവ്വസുന്ദരങ്ങളായ പല മെലഡികൾക്കും ഈണം നൽകിയിട്ടുള്ളത് അദ്ദേഹമാണ്. ലളിതവും മധുരവുമായ അദ്ദേഹത്തിന്റെ ഈണങ്ങൾ ആസ്വാദകഹൃദയങ്ങൾ കീഴടക്കിയതിൽ ഒട്ടും അതിശയോക്തിയില്ല.

1925 ൽ ആന്ധ്രാപ്രദേശിലെ ചിത്തൂരിലാണ് എം ബി എസ് എന്നറിയപ്പെട്ടിരുന്ന എം ബി ശ്രീനിവാസന്റെ ജനനം. ചെറുപ്പത്തിലേ തന്നെ സംഗീതമാണ് തന്റെ വഴി എന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. സംഗീതത്തിൽ അതീവ തത്പരനായിരുന്ന അദ്ദേഹം കർണ്ണാടകസംഗീതവും ഹിന്ദുസ്ഥാനിയും അഭ്യസിച്ചിരുന്നു. തമിഴ് സിനിമയിലൂടെയാണ് അദ്ദേഹത്തിന്റെ സിനിമ പ്രവേശനം. മലയാളത്തിൽ 1961 ൽ പുറത്തിറങ്ങിയ ‘സ്വർഗ്ഗരാജ്യം’ എന്ന ചിത്രത്തിന് വേണ്ടിയാണ് അദ്ദേഹം ആദ്യമായി സംഗീതം നൽകിയത്. അതിന് ശേഷം കാൽപ്പാടുകൾ എന്ന ചിത്രത്തിനും സ്നേഹദീപം എന്ന ചിത്രത്തിനും അദ്ദേഹം സംഗീതം നൽകി. പക്ഷെ അദ്ദേഹത്തിന്റെ സംഗീത സംവിധാനത്തിൽ ആദ്യം പുറത്തിറങ്ങിയത് സ്നേഹദീപം എന്ന ചിത്രമായിരുന്നു. പി ഭാസ്കരൻ ആയിരുന്നു ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചത്.

ഒരു കാലഘട്ടത്തിൽ മലയാളത്തിൽ പുറത്തിറങ്ങിയ കാവ്യഭംഗി നിറഞ്ഞുതുളുമ്പുന്ന ഒട്ടേറെ ഗാനങ്ങളുടെ ഈണങ്ങൾ എം ബി എസ്സിന്റേതായിരുന്നു. ഓ എൻ വി യുടെ കവിത തുളുമ്പുന്ന വരികളെ സംഗീതത്തിന്റെ തൂവൽ സ്പർശത്താൽ തഴുകിയുണർത്തിയത് പലപ്പോഴും എം ബി എസ് ആയിരുന്നു. അടൂർ ഗോപാലകൃഷ്ണൻ, എം ടി, കെ ജി ജോർജ്ജ് തുടങ്ങി പ്രഗത്ഭരുടെ സിനിമകളിലും സംഗീതമൊരുക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. ഉൾക്കടൽ, ചില്ല്, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ , പുതിയ ആകാശം പുതിയ ഭുമി, കന്യാകുമാരി, ഓപ്പോൾ, വളർത്തുമൃഗങ്ങൾ, ഒരു കൊച്ചുസ്വപ്നം, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് എന്നിങ്ങനെ പ്രശസ്തമായ പല സിനിമകൾക്കും ഈണങ്ങൾ നൽകിയത് അദ്ദേഹമാണ്.

ചില്ല് എന്ന സിനിമയിലെ ഒ എൻ വി രചിച്ച്, എം ബി എസ് ഈണം നൽകിയ ‘ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം’, ‘ചൈത്രം ചായം ചാലിച്ചു’, ‘പോക്കുവെയിൽ പൊന്നുരുകി പുഴയിൽ വീണു’ എന്നീ പാട്ടുകൾ ഇന്നും ആസ്വാദകഹൃദയങ്ങളിൽ ഒളിമങ്ങാതെ നിറഞ്ഞുനിൽക്കുന്നുണ്ട്. അതുപോലെ തന്നെ ദുഃഖവും പ്രണയവും വിരഹവും നിറഞ്ഞു നിൽക്കുന്ന ഉൾക്കടലിലെ ‘എന്റെ കടിഞ്ഞൂൽ പ്രണയ കഥയിലെ’, ‘നഷ്ടവസന്തത്തിൻ തപ്തനിശ്വാസമേ’, ‘ശരദിന്ദു മലർദീപ നാളം’ എന്നീ പാട്ടുകളും ഒ എൻ വി – എം ബി എസ് കൂട്ടുകെട്ട് മലയാളത്തിന് സമ്മാനിച്ച അമൂല്യനിധികളാണ്. പരസ്പരത്തിലെ ‘നിറങ്ങൾ തൻ നൃത്തം’, യവനികയിലെ ‘ചമ്പക പുഷ്പ സുവാസിതയാമം’, മണിവത്തൂരിലെ ആയിരം ശിവരാത്രികളിലെ ‘നെറ്റിയിൽ പൂവുള്ള സ്വർണ്ണചിറകുള്ള പക്ഷി’, കടലിലെ ‘ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ’ എന്നീ മധുരമനോഹര ഗാനങ്ങളെല്ലാം എം ബി ശ്രീനിവാസന്റെ സംഗീതത്തിൽ പിറന്നവയാണ്.

1988 മാർച്ച്‌ 9 ന് ഹൃദയസ്തംഭനം മൂലമായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മലയാളി അല്ലാതിരുന്നിട്ടും മലയാളഭാഷയെ തൊട്ടറിഞ്ഞ ഈണങ്ങൾ സമ്മാനിച്ച അതുല്യകലാകാരന് പ്രണാമം 🙏🏻

അവതരണം: ദിവ്യ എസ് മേനോൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments