Sunday, September 8, 2024
Homeഅമേരിക്കമഞ്ഞിൽ ഒരുവൾ (കാനഡ നിവാസിയായ നിർമ്മലയുടെ നോവൽ) പുസ്തകാസ്വാദനം: പി. എൻ വിജയൻ

മഞ്ഞിൽ ഒരുവൾ (കാനഡ നിവാസിയായ നിർമ്മലയുടെ നോവൽ) പുസ്തകാസ്വാദനം: പി. എൻ വിജയൻ

പി. എൻ വിജയൻ

പ്ലാൻ ചെയ്യാത്ത ഒരു അരിമണി

വായിക്കുന്നത് എന്താണെന്ന് മുഴുവൻ മനസ്സിലാവാതെ നിലാപ്പതതൂവുന്ന വിവരണങ്ങളുടെ ലയത്തിൽ കേനഡയുടെ പശ്ചാത്തലഭംഗികൾ ആസ്വദിച്ചു കൊണ്ട് പേജുകൾ മറിയുകയാണ്. ഇത്രയും രസകരമായ ഒരു വായന ഇതിനുമുമ്പേ ഉണ്ടായിട്ടില്ല. ഏകദേശം 40 പേജ് എത്തിയപ്പോഴാണ് അകത്തുനിന്ന് ഭക്ഷണത്തിൻ്റെ സമയമായെന്ന അറിയിപ്പ്. അത്രയുംനേരം മറ്റൊരു ലോകത്തായിരുന്നു എന്നു മനസ്സിലായത് അപ്പോഴാണ്.

നിർമ്മലയുടെ പുസ്തകം ആയിരുന്നു എന്നെ ഏറ്റെടുത്തത്.

മഞ്ഞുപെയ്യുന്ന ദിവസങ്ങളിലൂടെ ദിനചര്യകൾ ഉത്സവമാക്കിക്കൊണ്ട് അശ്വിനിയുടെയും ഭർത്താവ് മോഹനൻ്റേയും മകൾ കീർത്തനയുടെയും പിന്നെ സുഹൃത്തുക്കളുടെയും ജീവിതം മുന്നേറുകയാണ്. മഞ്ഞുകലപ്പകൾക്കടിയിലൂടെ ജീവിതം പുരോഗമിക്കുമ്പോഴാണ് ആദ്യത്തെ പേടി. അശ്വിനിയുടെ വലത്തേ മുലയിലെ അപരിചിതമായ ആ കൊച്ചു നൊമ്പരം. ഒരു അരിമണിയുടെ ഉദയം . അതു ജോലിത്തിരക്കിനിടയിലും ഒരു ബാധയായി അവളെ പിന്തുടരുന്നു. അശ്വനി എന്ന കഥാപാത്രത്തിൽ നിന്ന് അതിൻ്റെ സംഭ്രമം, അങ്കലാപ്പ് വായനക്കാരൻ ഏറ്റെടുക്കുന്നു. ഇപ്പോൾ അത് എൻ്റെ പ്രശ്നമായിരിക്കുന്നു. ഡോക്ടർ ഗാരറ്റിൻ്റെ ക്ലിനിക്കിൽ ഞാനാണ് ഇരിക്കുന്നത് . മാമോഗ്രാം ഒരു പേടിസ്വപ്നമായി തൂങ്ങി നിൽക്കുന്നു. തലയ്ക്കു മുകളിൽ ഡെമോക്കിൾസിൻ്റെ വാളുപോലെ. എന്നാലും ഒരുതീരുമാനത്തിലെത്തണമല്ലോ.

ഇപ്പോൾ ഏകദേശം മനസ്സിലായി. സ്തനാർബുദത്തിൻ്റെ സംശയനിഴലിൽനിന്ന് ഭയത്തിൻ്റെ തീച്ചൂളയിലൂടെ ദിവസങ്ങൾ നീക്കുന്ന ഒരു പ്രവാസിയുവതിയുടെ കഥയാണ് ഞാൻ വായിക്കുന്നത്. കാനഡയിൽ പഠിക്കാൻ എത്തി അവിടെത്തന്നെ ജോലികിട്ടി കുടുംബവും കുട്ടികളുമായി കഴിയുന്ന അശ്വനി എന്ന യുവതിയുടെ കഥ.
വളരെ കൃത്യമായ, പ്രസന്നമായ ഭാഷ.

ഇംഗ്ലീഷിലുള്ള സംഭാഷണങ്ങളും ആലോചനകളും പലപ്പോഴും അതിൻ്റെ ഊഷ്മളത നഷ്ടപ്പെടാതിരിക്കാനല്ല ചൈതന്യം നിലനിർത്താൻ കൂടി ഇംഗ്ലീഷിൽത്തന്നെ എഴുതുന്ന രീതി നമുക്ക് അത്ര പരിചിതമല്ല. മലയാളത്തിൽ എഴുതി വായനക്കാരെ ബുദ്ധിമുട്ടിക്കുന്നില്ല എന്നത് പുതുമയല്ല . ഇംഗ്ലീഷ് ഡയലോഗുകൾ വി. കെ. എന്നും മലയാറ്റൂരും ഉപയോഗിച്ചിട്ടുണ്ടെങ്കിലും അദ്ധ്യായങ്ങളുടെ തലക്കെട്ടുകൾപോലും
ഇവിടെ പലയിടത്തും ഇംഗ്ലീഷിലാണ്. അത് ജീവിതശൈലിയുടെ ഭാഗമായി കഥയുടെ ഒഴുക്കിന്ന് അനുകൂലമായി ഭവിക്കുന്നു എന്നതാണ് ആഹ്ലാദം.

നോക്കു, അദ്ധ്യായത്തിൻ്റെ പേരുകൾ:
Eye of the Storm
Beginning of the End
Can sir ?
March in like a Lamb, Out like a Lion
Positive is Negative
What is in a Name ?
Ready Set Go
Tender Loving Stuffy Dear
Sarie is the Sexiest Dress Anchor the Moment
In Wonderland
Too good to be True
High as a Kite
Once Upon a Time
Let it Snow …….
അവസാനാദ്ധ്യായം
Me, Myself and I

Dr.U.R.അനന്തമൂർത്തിയുടെ “ഭാരതീപുര” എന്ന കന്നഡ നോവലിൽ മുപ്പതോളം പേജുള്ള ഒരു അദ്ധ്യായം പൂർണ്ണമായും ഇംഗ്ലീഷിലാണ്. സംഭാഷണം മാത്രമല്ല ആഖ്യാനവും . കാരണം ആ സംഭവങ്ങൾ ഒരു കേംബ്രിജ് റിട്ടേൺഡ് ലേൻഡ് ലോഡിനെ ചുറ്റി പറ്റിയാണ്.

ഇവിടെ കഥനടക്കുന്ന ഭൂമിയും ആകാശവും മഞ്ഞിൽപ്പുതഞ്ഞ കേനഡയുടേതാണ് . ടൊറോൺടോയും അതിനടുത്ത സ്ഥലങ്ങളുമാണ് കഥാപരിസരം. ഏതായാലും വായനക്കാർ കേനഡയുടെ പ്രണയിതാക്കൾ മാത്രമല്ല രക്ഷിതാക്കൾ കൂടിയാവുന്നു.

തുടർന്നുള്ള വായനയിൽ അശ്വിനിയുടെ ലേബ് ടെസ്റ്റുകൾക്കും പരീക്ഷണങ്ങൾക്കും റിപ്പോർട്ടുകൾക്കും ഫലങ്ങൾക്കും കത്തിരിക്കുന്നവർ എല്ലാവരും ആശങ്കാകുലരാണ്. പലരും ഉൽക്കണ്ഠാഭരിതരും.

ചാൾസ് ഡിക്കൻ്റെ The Old Curiosity Shop – ലെ മിടുക്കിക്കുട്ടി – Little Nell ആസ്പത്രിയിലായപ്പോൾ ആ തുടർക്കഥയുടെ അടുത്ത അദ്ധ്യായത്തിന്നുവേണ്ടി കാത്തിരുന്ന അമേരിക്കക്കാർ ബോസ്റ്റൺ തുറമുഖത്ത് ഇംഗ്ലണ്ടിൽ നിന്നുള്ള കപ്പൽ വരുന്ന ദിവസം നേരത്തേ എത്തിയിരുന്നു. അരുതാത്തതൊന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയോടെ.

കഠോരഹൃദയനും സിനിമയും സീരിയലും കാണുമ്പോൾ അല്ലെങ്കിൽ പുസ്തകം വായിക്കുമ്പോൾ ലോലഹൃദയനാവും . വായിക്കുമ്പോൾ ഞാനും ദയയും കരുതലും അർഹിക്കുന്നവളുടെകൂടെയാണ്.

നാട്ടിലെ ഒരു വായനാക്ലബ്ബിലൂടെ പരിചയപ്പെട്ട നിർമ്മല എന്ന പ്രവാസി എഴുത്തുകാരിയുടെ മഞ്ഞിൽ ഒരുവൾ എന്ന നോവൽ വായിച്ചപ്പോൾ തോന്നിയത് ഇങ്ങനെയൊക്കെയാണ്. കേനഡയിൽ പഠിക്കാനെത്തി ജോലിനേടി കുടുംബത്തോടൊപ്പം സുഖമായി അടിച്ചുപൊളിക്കുന്നതിന്നിടയിൽ സ്തനാർബുദം ബാധിച്ച ഒരുയുവതിയുടെ സംഭ്രമജനകമായ മണിക്കൂറുകൾ മിനുട്ടുകളും സെക്കൻ്റുകളും ആയി പെരുകുമ്പോൾ ഭയാശങ്കകളെ
നർമ്മം വിതറിയ വിവരണങ്ങൾകൊണ്ടും ധൈര്യംവിടാത്ത തീരുമാനങ്ങൾകൊണ്ടും നേരിടുന്ന അപരിചിതമായ ഒരു അതിസാഹസികതയുടെ കഥ

കഥ പുരോഗമിക്കുന്നതിനിടയിൽ വായനക്കാരനെ വിസ്മയിപ്പിക്കുന്ന ഒരുപാട് മുഹൂർത്തങ്ങൾ ഉണ്ട്. ഓരോ അധ്യായത്തിന്റെയും തലക്കെട്ടുകൾ തന്നെ ഒരു പുതിയ പരീക്ഷണമാണെന്ന് സൂചിപ്പിച്ചു. കാൻസർ വിഷയമായ ഒരു അദ്ധ്യായത്തിൻ്റെ തലക്കെട്ട് Can Sir? എന്നത് ഒരു ഉദാഹരണം മാത്രം

തുടക്കത്തിൽ പറഞ്ഞ ഒരു ചെറിയകുരു ഒരു അരിമണി കല്യാണിയാവുന്നതും കളവാണിയാവുന്നതും തുടർന്ന് ആകുലതകളും ഉത്കണ്ഠകളും പെരുകുന്നതും എന്നാൽ അവയെ വകഞ്ഞുമാറ്റിക്കൊണ്ട് അശ്വിനി മുന്നേറുന്നതും അത്ഭുതകരമാണ്. അത് ഒരു Pity Party നടത്തുന്നതു വരെ എത്തുന്നു . “നമുക്ക് ഒരു സഹതാപപ്പാർട്ടി നടത്തിയാലോ ?” എന്ന് അശ്വിനി ചോദിക്കുന്നത് വായനക്കാരൻ ഒരിക്കലും പ്രതീക്ഷിക്കാത്തതാണ്.

പുതുമകൾ സൃഷ്ടിച്ചുകൊണ്ട് ഒരുവിചാരധാര – സ്റ്റ്രീം ഓഫ് കോൺഷ്യൻസ് എന്ന് പണ്ട് കേട്ടിരുന്നതുപോലെ . കാഴ്ചകൾ,സംഭവങ്ങൾ, അനുഭവങ്ങൾ അവയെ സൗമ്യമായി നെയ്തെടുക്കുന്ന സൗഹൃദങ്ങൾ . മനോഹരമായ ഒരു കനേഡിയൻ കാർപ്പെറ്റ് .

പ്രവാഹത്തിനിടയിൽ കണ്ടുമുട്ടുന്ന പ്രണയത്തിൻറെ സ്യൂഡോ കോഡുകളും സൗഹാർദത്തിന്റെ രജതരേഖകളും ധാരാളമുണ്ട്

പറയുന്ന വിഷയം ഞരമ്പുകളിലൂടെ കുത്തിത്തുളച്ച് കടന്നുപോകുന്ന മൊട്ടുസൂചികൾ ആകുമ്പോഴും അതിനെ സുന്ദരമായ ഒരു ആശ്വാസമാക്കാൻ അശ്വിനി പുതിയ ഹോബികൾ പരിശീലിക്കുന്നുണ്ട് . അതിലൊന്ന് മുറ്റത്തെ ചെടികളിലേയ്ക്കും അവയുടെ പരിപാലനത്തിലേക്കും പിന്നെ ഇലകളിലേക്കും പുഷ്പങ്ങളിലേക്കും വളരുമ്പോൾ രോഗാതുരത എന്ന ദുരനുഭവം മറ്റൊന്നായി മാറുന്നു .

അതിനിടയിൽ പടിഞ്ഞാറ് പെട്രോമാക്സ് കത്തിച്ചുനിൽക്കുന്ന സൂര്യൻ തേജസ്സായി മാറുന്നു. അതിനെ തലോടിക്കൊണ്ട് കൂട്ടുകാരിയുടെ വാക്കുകൾ പോലെ – “നീ ഭാഗ്യവതിയാണ് സുഖപ്പെടുത്താൻ ഏറ്റവും എളുപ്പമുള്ള ഭാഗത്താണല്ലോ നിനക്ക് കാൻസർ വന്നത് . വേറെ വല്ലഭാഗത്തുമായിരുന്നെങ്കിൽ എത്രപ്രയാസപ്പെട്ടേനെ”. “നന്ദിയുണ്ട് ക്യാൻസൂ.” എത്ര സൗമ്യമായാണ് ഭയത്തെ ഒതുക്കി ഒരു സ്വർണ്ണത്തരിയാക്കി, അല്ലെങ്കിൽ ഒരു വൈഡൂര്യമണിയാക്കി മിന്നിക്കുന്നത്.

ക്ഷമ, പ്രത്യാശ, പ്രാർത്ഥന —- തുടങ്ങിയ സദ്വിചാരങ്ങൾ എല്ലാം ഒരു പെട്ടിക്കകത്ത് ആക്കി സന്ദർശനമുറിയിൽ തുറന്നുവെച്ച് സുഹൃത്തുക്കൾ പിരിഞ്ഞുപോകുന്ന ഒരുസന്ദർഭം ഉണ്ട് വിവരണങ്ങളിലെ മഴവില്ലുകൾ കാർമേഘത്തെ ഒന്നുമല്ലാതാക്കുന്ന ഒരു പെട്ടിവിദ്യ.

അശ്വിനിയുടെ ഓർമ്മയിലും സ്വപ്നത്തിലും വ്രണംപൊട്ടിയ മുല പ്രത്യക്ഷപ്പെടുന്നുണ്ട്. ഉറക്കം കെടുത്തുന്നുമുണ്ട്. എന്നാൽ ഭയത്തിന് അവൾ കീഴടങ്ങുന്നില്ല മുലയെ പാൽസഞ്ചിയും അമ്മിഞ്ഞയും മമ്മൂസിന്റെ മമ്മിഞ്ഞയും ആക്കി അവൾ സ്വയം സാന്ത്വനപ്പെടുത്തുന്നു. മാത്രമല്ല ക്യാൻസറിനെ വെല്ലുവിളിച്ചുകൊണ്ട് “നട്ടെല്ലില്ലാത്ത നാണമില്ലാത്ത കാൻസർ പെറ്റുപെരുകാൻ മാത്രമറിയുന്ന നാണമില്ലാത്ത കൂത്തിച്ചി ” എന്നുവരെ വിളിച്ചുപോകുന്ന രാത്രികളും ഉണ്ട് .

കഥ നടക്കുന്നത് കാനഡയിൽ ആണെന്ന് മറക്കരുതല്ലോ . കേനഡയുടെ പ്രകൃതിഭംഗി വിവരിക്കുന്ന ഒരുപാട് സന്ദർഭങ്ങൾ ഇടക്കിടെ മഞ്ഞുരുക്കുന്നുണ്ട്. ചെറിമരങ്ങളും ആപ്പിൾമരങ്ങളും പൂമരങ്ങളായി നിൽക്കുന്ന റോഡരികിലൂടെ സഹതാപക്കാറ്റേറ്റ് അശ്വതി ഡ്രൈവ്ചെയ്യുന്നത് നമുക്ക് നേരിൽ കാണാവുന്നതാണ്.

ഒരിടത്ത് ഗൗരവമായ ചിന്തകളിൽനിന്ന് പുറത്തുകടന്ന് – “എന്നാൽ ഇനി അമേരിക്കൻ പ്രസിഡണ്ടിനോട് സംസാരിക്കാം ” എന്നുപറഞ്ഞ് നമ്മെ ചിരിപ്പിക്കുന്ന ഒരു മുഹൂർത്തമുണ്ട്. അതിൽനിന്ന് “കീർത്തനയുടെ കല്യാണം കാണണം, അമ്മയെ രാമേശ്വരത്തു കൊണ്ടുപോകണം …” എന്ന നാട്ടുനടപ്പുകളിലേയ്ക്കും ആശകളിലേയ്ക്കും പെട്ടെന്ന് സ്ഥലംമാറ്റം വാങ്ങുന്ന ആലോചനകളുമുണ്ട്.

മരണത്തെക്കുറിച്ച് വെറുതെ ആലോചിക്കുമ്പോൾ “to kick the bucket “എന്ന ഒരു ഇംഗ്ലീഷ് പ്രയോഗം കടന്നുവരുന്നു. ആത്മഹത്യ ചെയ്യാന്‍ കഴുത്തില്‍ കുരുക്കിട്ട് തൊട്ടിയില്‍ കയറിനില്‍ക്കുന്ന ഭാഗ്യവാന്‍ അതിനെ തൊഴിച്ചു മാറ്റുന്നതോടെ ജീവിതക്ലേശങ്ങള്‍ തീര്‍ന്നു പോകുന്നു. പരിചയമില്ലാത്തവർക്ക് പാകത്തിനൊരു കഥ കിട്ടിയതിൽ സന്തോഷിക്കാം.

മറ്റൊന്ന് നമ്മുടെ കേട്ടുകേൾവിയിലെ അമ്പലപ്പുഴ – ചതുരംഗപ്പലകയാണ് . ആദ്യത്തെ കള്ളിയിൽ ഒരു മണി, രണ്ടാമത്തെ കള്ളിയിൽ രണ്ടു മണി, അങ്ങനെ ഓരോന്നിലും ഇരട്ടി ഇരട്ടിയായി അത് മുന്നേറുമ്പോൾ രാജാവ് തോറ്റുപോകുന്ന കഥ. കാൻസറിന്റെ അണുക്കൾ ഇരട്ടിയും ഇരട്ടിയുടെ യിരട്ടിയുമാവുന്ന ഒരു ദുരന്തകഥയാണ് വായനക്കാർ കൂട്ടിവെച്ചു വായിച്ചു ഭയക്കുന്നത്. ഭയക്കാനല്ല കഥ ആശ്വസിക്കാനാണ്. ഇവിടെ തോൽക്കാൻ പോവുന്നത് കേൻസറാണെന്നതാണ് ധ്വനി.

ഒന്നുകൂടെ പറയട്ടെ, Who Moved My Cheese ? എന്ന ഒരു വിഖ്യാത അമേരിക്കൻകൃതി ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിയുന്ന ഒരു സൂചനയുണ്ട് ഒരിടത്ത്. അടുത്ത വാചകം “എൻറെ പാലട ആരാണ് മാറ്റിയത് ?” എന്നാണ്. ചീസിൽ നിന്ന് പാലടയിലേയ്ക്കുള്ള മാറ്റം വിദേശത്ത് നിന്ന് സ്വദേശത്തേക്കുള്ള ഒരു ഓർമ്മത്തെറ്റ് അല്ല, നർമ്മച്ചെപ്പായാണ് മാറുന്നത്.

ഇതുപോലെ നിരാശയിൽ വീണുപോവാതെ ധൈര്യത്തോടു മുന്നേറുവാൻ രോഗികൾക്ക് പ്രചോദനമാവുന്ന വിവരണങ്ങൾ ധാരാളം. വീണുപോവാതെ താണുപോവാതെ ഉറപ്പിച്ചുനിർത്തുന്ന അക്ഷരങ്ങളുടെ മഹാനിക്ഷേപമായി നോവൽ മാറുന്നു. വായിക്കുന്ന ഓരോവാക്യവും അടുത്തവാക്യത്തിലേക്ക് വായനക്കാരനെ ഏറ്റെടുക്കുന്നു .

ഒരു പുസ്തകത്തിലെ ഒരുകഥാപാത്രത്തിന് വേണ്ടി ഒരുരാജ്യം മുഴുവൻ കാത്തിരുന്ന വായനക്കാരുടെ ജിജ്ഞാസ നേരത്തേ പറഞ്ഞുവല്ലോ. സുഖമാവുക ദുഃഖം എന്ന വായനയുടെ ഔഷധവീര്യമാണത്. ഇവിടെ കനലുകളിലൂടെ നടക്കുമ്പോഴും ഒരു പട്ടുനൂൽ പിടിക്കാനുള്ളതുപോലെ തോന്നുന്നു . ഒരു കോപ്പ മാംസം അത്ര പ്രധാനപ്പെട്ടതാണോ എന്ന് ആശിനിയുടെ ചിന്ത അധികഠിനമായ ഒരുയാഥാർത്ഥ്യത്തെ അംഗീകരിക്കുന്നു. വളരെ ലളിതമായി കൈകാര്യം ചെയ്യുന്നു. അത് ഊഷ്മളമായ ഒരു ഭാവിയുടെ കാത്തിരിപ്പാവുന്നു.
ഒരു വലിയ വെള്ളപ്പൊക്കത്തെ ചെറിയ ചാലുകളിലൂടെ ഒഴുക്കിവിടുന്ന നയതന്ത്രം.

വായിച്ചുകഴിഞ്ഞ് പുസ്തകം അടച്ചുവെച്ച ശേഷം ബാക്കിയാവുന്ന കാര്യങ്ങളാണ് നാളേക്ക് കൈമാറാൻ ഉള്ളത് . അതിൽ സമൂഹത്തിന് പ്രയോജനപ്പെടുന്ന നന്മയുടെ സ്വർണ്ണത്തരികൾ ഉണ്ടാകും. ഉണ്ടാകണം. അവ ഔഷധമാകുന്നു ആരോഗ്യമാകുന്നു . ഭയങ്ങളെ നേരിടാനുള്ള ശക്തിയാകുന്നു. അതാണ് ഈ പുസ്തകം. കാൻസറിന്റെ പരാജയത്തിന് ഒരു സ്മാരകം. ഭയപ്പാടിൻ്റെ വിഹ്വലതകളിൽനിന്ന് ജീവിതത്തിൻ്റെ സ്വച്ഛതയിലേക്കുള്ള തിരിച്ചുവരവിന്റെ സങ്കീർത്തനം . എത്രപുകഴ്ത്തിയാലും മതിയാവാത്ത നന്മയുടെ പൂത്തിരികൾ നക്ഷത്രങ്ങളായി മാറുന്ന വായനയുടെ ആകാശവിസ്തൃതി. എത്ര കത്തിയാലും അടിയിൽ ബാക്കിയാവുന്ന ഊർജ്ജം . എഴുത്തിന്റെ പ്രസന്നമധുരമായ ലാവണ്യം മാരകമായ രോഗാവസ്ഥയെ മറികടന്ന് ആശ്വാസത്തിന്റെ പൂങ്കാവനം കാഴ്ചവയ്ക്കുന്ന അനുഭവം. അതാണ് ഈ പുസ്തകം – മഞ്ഞിൽ ഒരുവൾ . മഞ്ഞുകട്ട ആയിരമായിരം കഠിനശൈത്യത്തിന്റെ തരികൾ കൂടിയതാണ്. അവ മരണത്തിൻ്റെ അണുക്കളുടെ പ്രതീകമാണ്. മരണത്തിൻ്റെ ആണുക്കൾക്കിടയിൽനിന്ന് വെളിച്ചത്തിലേക്ക് വരുന്ന ഒരു രോഗിയുടെ ജീവിതവിജയത്തിന്റെ സ്തോത്രമാണ് ഈ പുസ്തകം.

അവസാനത്തെ നൂറോളം പേജുകളിലൂടെ കടന്നുപോയത് തികച്ചും മറ്റൊരു മനോനിലയിലാണ്. അവിടെ ഇംഗ്ലീഷും മലയാളവും മാറിമാറി വിതറിയ തമാശയും ചിരിയും വായനയോടു സഹകരിച്ചില്ല. കീമോതെറാപ്പിയുടെ ദിവസങ്ങളും തുടർന്നുള്ള ക്ഷീണവും ഛർദ്ദിയും വയറിളക്കവും ഒതുക്കാനോ ഒളിപ്പിക്കാനോ ഒളിപ്പിച്ചതിന്നു മുകളിൽ പരുത്തിയുടെയും പട്ടിൻ്റെയും മൃദുലമായ ആവരണങ്ങൾചാർത്തി മത്സരിക്കാനോ ശ്രമിച്ചില്ല. പിന്നെ അശ്വിനിയും പ്രായപൂർത്തിയായ മകൾ കീത്തനയും ആണ് മുന്നോട്ടു നീങ്ങാൻ പരസ്പരം സഹായിക്കുന്നത് . സ്ത്രീത്വവും സ്ത്രൈണതയും തോറ്റുകൊടുക്കാതെ മുന്നേറുന്നത് വ്യത്യസ്തമായ വായനാനുഭവമാവുന്നു. അശ്വിനി എന്ന വ്യക്തിയുടെ നിലപാടുകളാവുന്നു പ്രധാനം. എങ്ങനെയെങ്കിലും ജീവിക്കുക എന്നതല്ല. സ്ത്രീയായിട്ടു തന്നെ ജീവിക്കുക. വസന്തത്തിലെ വർണ്ണോത്സവം കാഴ്ചവെയ്ക്കുന്ന വൃക്ഷത്തിൻ്റെ ബാഹ്യസൗന്ദര്യമല്ല അതിൻ്റെ ശക്തിയുള്ള ഉൾക്കാതലാണ് അതിനെ നിലനിർത്തുന്നത് എന്ന ഉറപ്പിച്ചുകൊണ്ട് അശ്വിനി സ്വയം ഒരു പാഠമായി മാറുന്നിടത്താണ് നോവൽ വിജയിക്കുന്നത്.

തുടക്കത്തിൽ തമാശയായി അത്ഭുതപ്പെടുത്തുന്ന “സോളമൻ ഗ്രണ്ടി” യുടെ നഴ്സറി റൈം പര്യവസാനത്തിൽ “സോളമൻ” എന്ന കഥാപാത്രത്തിൻ്റെ ചരിത്രത്തിനും ഇതിഹാസത്തിനും അപ്പുറത്തേയ്ക്കു വളരുന്ന ജ്ഞാനോദയമായിട്ടാണ് പ്രകാശിക്കുന്നത്. അത് പെണ്ണെഴുത്തിൻ്റെ പരിധിയിൽ ഒതുങ്ങുന്നതല്ല. എഴുത്തിൻ്റെ വിസ്ഫോടനത്തിൽ നെഞ്ചുറപ്പിൻ്റെ ഗോപുരമായി ഉയർന്നുനിൽക്കുന്നു. ഒരു മുലയുടെ അഭാവം ഒരു വ്യക്തിത്വത്തെ ബാധിക്കുന്നേയില്ല എന്ന കണ്ടെത്തലിൽ അർബുദം മാത്രമല്ല പരാജയപ്പെടുന്നത്. മനുഷ്യമനസ്സിൻ്റെ ചായ്‌വുകളും സമൂഹത്തിൻ്റെ ശീലങ്ങളും ആണ്. നിങ്ങൾക്കിതിലെ ചില വരികളെ An Ode to Breast Cancer എന്നു വിളിക്കാം. ചില ഭാഗങ്ങളെ A Classic of Breast Cancer Agony എന്നു വിളിക്കാം. മൊത്തമായി An Epic of Cancer – War and Victory എന്നു പ്രശംസിക്കാം.

എഴുത്തുകാരി നിർമ്മലയ്ക്ക് എൻ്റെ വന്ദനങ്ങൾ.

പി. എൻ വിജയൻ

https://www.writersunion.ca/member/nirmala

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments