കോട്ടയം: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ചൈനയിലും മറ്റും കാണപ്പെടുന്ന ചെമ്പരത്തിയുടെ വകഭേദമായ കെനഫ് ചെടികളിൽ നിന്നുള്ള നാരുകളും നിക്കൽ നാരുകളും സംയോജിപ്പിച്ച് മയോ ഇലക്ട്രിക് സെൻസറുകളുടെ സഹായത്തോടെ കൃത്രിമ കൈ വികസിപ്പിച്ചെടുത്തതിനാണ് സെൻ്റ് ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിലെ സംഘത്തിന് പേന്റന്റ് ലഭിച്ചത്.
ശരീരത്തിലെ പേശിയിൽ ഉണ്ടാകുന്ന വൈദുതിക വികാരങ്ങൾ ഉപയോഗിച്ചാണ് ഈ കൈ പ്രവർത്തിപ്പിക്കുന്നതെന്നും സാധാരണ കൈ പോലെ അനായാസം ചലിപ്പിക്കുവാൻ സാധിക്കുമെന്നും ഈ കണ്ടുപിടിത്തത്തിന് നേതൃത്വം നൽകിയ സെൻ്റ് ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ വിഭാഗം പ്രൊഫ. ഡോ. അജു ജോ ശങ്കരത്തിൽ അറിയിച്ചു.
വൈദ്യുതി മാർഗം പ്രവർത്തിക്കുന്ന ഈ കൃത്രിമ കൈ സാധാരണ പ്രോസ്മെറ്റിക് വകഭേദങ്ങൾ അപേക്ഷിച്ചു മിതമായ നിരക്കിൽ വിപണിയിൽ എത്തിക്കുവാൻ കഴിയും. സെന്റ്റ് ഗിറ്റ്സിലെ അവസാന വർഷ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളായ പോൾ ജെ ഇല്ലിക്കൻ, മെൽവിൻ സന്തോഷ് തോമസ്, നീരജ് കുമാർ വി., മുഹമ്മദ് ഈസാ കെ. എ. എന്നിവരാണ് സംഘത്തിലെ മറ്റുള്ളവർ.
അമേരിക്കൻ സൊസൈറ്റി ഓഫ് മെക്കാനിക്കൽ എഞ്ചിനിയേഴ്‌സ് നടത്തിയ രാജ്യാന്തര ഇന്നോവേഷൻ കോണ്ടെസ്റ്റിൽ ഈ കണ്ടുപിടിത്തത്തിന് ഒന്നാം സ്ഥാനവും പ്രശസ്തി പത്രവും ലഭിച്ചിട്ടുണ്ട്.
പ്രകൃതിദത്തമായ നാരുകൾ ഉപയോഗിച്ച് നിർമിക്കുന്ന ഈ കൃത്രിമ കൈ നിലവിൽ ലഭ്യമായവയെ അപേക്ഷിച്ചു പരിസ്ഥിതി സൗഹൃദപരമാണ്. കെനഫ് നാരുകൾ കൊണ്ടുള്ള സംയുക്തങ്ങൾ ഉപയോഗിച്ച് വാഹനങ്ങളുടെ ഉൾഭാഗങ്ങൾ, നിർമ്മാണ സാമഗ്രികൾ, ഇടഭിത്തികൾ, തപാൽ പെട്ടികൾ തുടങ്ങിയവയും നിർമിക്കാം.
പരിസ്ഥിതി പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ഹരിത വസ്‌തുക്കളുടെ ഉപയോഗം വ്യവസായങ്ങളിലും സമൂഹത്തിലും കൂടി വരുന്നതിനാൽ ഇവയുടെ പ്രസക്തി ഏറെയാണെന്ന് ഗവേഷകർ പറയുന്നു. കേരള സ്റ്റേറ്റ് സ്റ്റാർട്ട് അപ്പ് മിഷനുമായി ചേർന്ന് ഈ ന്യൂതന ആശയത്തെ വികസിപ്പിച്ചു നവസംരഭം തുടങ്ങുവാനാണ് ഈ സംഘത്തിന്റെ തീരുമാനം.
ഡോ. അജുവിന് ഇതിനോടകം വിവിധ കണ്ടുപിടിത്തങ്ങൾക്കു മൂന്നു അന്താരാഷ്ട്ര പേറ്റന്റുകളും പതിനഞ്ചു ഇന്ത്യൻ പേറ്റൻ്റുകളും ലഭിച്ചിട്ടുണ്ട്.
കുമരകം സെൻറ് ജോൺസ് ഓർത്തഡോക്സ് പുത്തൻപള്ളി വികാരി ജോൺ ശങ്കരത്തിൽ കോറെപ്പിസ്കോപ്പയുടെയും ആനി ശങ്കരത്തിലിൻ്റെയും മകനാണ് ഡോ. അജു. കേരള ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിൽ അസിസ്റ്റന്റ്റ് എഞ്ചിനീയറും കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (NIT) ഗവേഷണ വിദ്യാർത്ഥികൂടിയായ അശ്വതി ആൻ മാത്യു ആണ് ഭാര്യ.