Logo Below Image
Wednesday, August 20, 2025
Logo Below Image
Homeഅമേരിക്കആത്മീയത കുടുംബങ്ങളിൽ നിന്ന് (ലേഖനം) ✍ സി. ഐ. ഇയ്യപ്പൻ, തൃശൂർ

ആത്മീയത കുടുംബങ്ങളിൽ നിന്ന് (ലേഖനം) ✍ സി. ഐ. ഇയ്യപ്പൻ, തൃശൂർ

സി. ഐ. ഇയ്യപ്പൻ, തൃശൂർ

ആത്മീയത കേട്ടറിഞ്ഞും, വായിച്ചും പഠിക്കേണ്ട ഒന്നല്ല . ജീവിതത്തിൽ അതിന്റെ ദുഃഖങ്ങളും, സുഖങ്ങളും, പ്രയാസങ്ങളും അനുഭവിച്ചറിയണം. അങ്ങിനെ ആത്മീയത ജീവിതത്തിൽ പകർത്താൻ കഴിയണം.

ഒരു സാഹസികമായ ഒരു കാറോട്ട മത്സരം നടുക്കുന്നു. അത് നടത്തുന്ന വഴി, ജീവിത യാത്രയായും, അതിൽ പങ്കെടുക്കുന്ന കാർ മനുഷ്യശരീരമായും, കാറ് ഓടിക്കുന്ന ഡ്രൈവർ മനസ്സും, ബുദ്ധിയും ആയും, കാറിലെ യാത്ര കാരനായ ആളെ ബോധമായും സങ്കൽപ്പിക്കാം. സാഹസികമായ കാറോട്ട മത്സരം എന്ന് പറയുമ്പോൾ, മത്സരം നടക്കുന്നത് കുണ്ടും, കുഴിയും ,ചേറും, കുത്തന്നെയുള്ള, കയറ്റവും, ഇറക്കവുമുള്ള വഴികളിൽ കൂടിയാണ് യാത്ര എന്നത് യാത്രക്കാരന് നല്ല ബോധ്യമുണ്ട്. ജീവൻ പോലും അപകടപ്പെടുന്ന ഒരു യാത്രയാണെന്നും അയാൾക്ക് അറിയാം. എന്നിട്ടും ഇതെല്ലാം ആസ്വദിച്ചിരിക്കുന്ന ആളെ പോലെ ആയിത്തീരുക എന്നതാണ് ആത്മീയതയുടെ ലക്ഷ്യം.

ഓരോ വീട്ടിലും, സന്തോഷവും, സമാധാനവും, സംതൃപ്തിയും, ഉണ്ടാകണമെങ്കിൽ ആ കുടുംബത്തിൽ സ്നേഹം നിറഞ്ഞിരിയ്ക്കണം. ആത്മീയത തുടങ്ങേണ്ടത് കുടുംബങ്ങളിൽ നിന്നാണ്. ഭാര്യയും, ഭർത്താവുമായി തുടങ്ങുന്ന കുടുംബ ജീവിതം ഒരു ത്രാസിലെ രണ്ടു തട്ടുള്ളതിൽ ഒന്നിൽ ഭൗതികതയും, മറ്റേതിൽ ആത്മീയതയും തുല്യ അളവിൽ നിറയ്ക്കുന്ന വിധം ആകണം. ഒരു കുടുംബവുമായി ജീവിക്കുന്ന വ്യക്തികൾക്ക് ഇവ രണ്ടും ആവശ്യമാണ്. സൂര്യോദയത്തിനു മുമ്പ് ഭാര്യയും, ഭർത്താവും ഒരുമിച്ച് ധ്യാനം ചെയ്യുമ്പോൾ ആത്മീയ ഊർജ്ജം ആ കുടുംബത്തിന് വന്നുചേരുന്നു. കാലത്തെ, വീട്ടിലെ തിരക്ക് പിടിച്ച ജോലികൾ ഒത്തൊരുമിച്ച് സ്നേഹത്തോടെ ചെയ്തു കഴിയുമ്പോൾ ഉണ്ടാകുന്ന മനസ്സുഖവും ആയിട്ടു വേണം ആ ദിവസം തുടരാൻ.

അനുഭവ സമ്പത്ത് , മറ്റെല്ലാ സമ്പത്തിനേക്കാളും ശ്രേഷ്ഠമാണത്രേ. കുടുംബവുമായി ജീവിക്കുന്നവർ കേൾക്കേണ്ടത് കുടുംബവുമായി ജീവിക്കുന്നവരുടെ അനുഭവങ്ങളാണ്.  തൃശ്ശൂർ തേക്കിൻ കാട് മൈതാനത്ത് ധാരാളം വൃക്ഷങ്ങൾ ഉണ്ട്. സന്ധ്യാനേരം അടുക്കുമ്പോഴേക്കും ഓരോ വൃക്ഷത്തിലും, കൂട് കൂട്ടി ജീവിക്കുന്ന കാക്ക മുതലായ പക്ഷികൾ തിരികെ എത്തി അന്നത്തെ അനുഭവങ്ങൾ പങ്കുവെക്കുന്ന കലപില ശബ്ദം കൊണ്ട് മൈതാനം മുഖരിതമാകും. നമ്മുടെ കുടുംബങ്ങളിൽ അപ്പനും അമ്മയും കുട്ടികളും അവരുടെ വിശേഷങ്ങൾ പങ്കുവെക്കുന്നത് പോലെ.
സ്നേഹമുണ്ടെങ്കിൽ ആ കുടുംബത്തിൽ മറ്റെല്ലാം നിറഞ്ഞ് തുളുമ്പും.

ദേശാടനം നടത്തുന്ന മൂന്ന് വൃദ്ധന്മാർ വഴിയിൽ കണ്ട വീട്ടിലേക്ക് ചെന്ന് , തങ്ങൾക്ക് വിശക്കുന്നു. ഭക്ഷിക്കാൻ വല്ലതും തരണമെന്ന് അപേക്ഷിച്ചു. കുറച്ചുകഴിഞ്ഞപ്പോൾ ആ വീട്ടിലെ ഗ്രഹമാതാ അവരെ ഭക്ഷണത്തിനായി വീട്ടിലേയ്ക്ക് ക്ഷണിച്ചു. അവർ പറഞ്ഞു. ഞങ്ങൾ ഭക്ഷണം കഴിക്കാൻ ഒരുമിച്ച് ഒരു വീട്ടിലേക്കും പോവുകയില്ല എന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തി. ഇദ്ദേഹത്തിന്റെ പേര് വിജയം. മറ്റാളെ ചൂണ്ടി ഇദ്ദേഹത്തിന്റെ പേര് സമ്പത്ത്. എൻ്റെ പേര് സ്നേഹം എന്നാണ്. ഞങ്ങളിൽ ആരെവിളിച്ചാലും വിളിക്കുന്ന ആളോടൊപ്പം നിങ്ങളുടെ വീട്ടിൽ അത് നിറയും. അകത്തു പോയി ഭർത്താവുമായി ആലോചിച്ച് ഞങ്ങളിൽ ആരെ ആദ്യം വിളിക്കണം എന്ന് ചോദിച്ചുവരുവാൻ പറഞ്ഞു. ഗ്രഹമാതാ അകത്തു പോയി ഭർത്താവിനോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു . നമ്മുക്ക് ഇപ്പോൾ ആവശ്യം സമ്പത്താണ് അദ്ദേഹത്തെ വിളിക്കൂ എന്ന് പറഞ്ഞു. അതുകേട്ട് ഭാര്യ സ്വയം ഒന്ന് ആലോചിച്ച ശേഷം അവരിൽ ആദ്യം സ്നേഹത്തെ ക്ഷണിച്ചു. സ്നേഹത്തെ വിളിച്ചപ്പോൾ അവർ മൂന്നു പേരും ഭക്ഷണത്തിനായി ഒന്നിച്ചു വരുവാൻ തയ്യാറായി. സ്നേഹമുണ്ടെങ്കിൽ അവിടെ സമ്പത്തും, വിജയവും താനേ വന്നുകൊള്ളും.
തുടർന്ന് അവർ പറഞ്ഞു നിങ്ങൾ സ്നേഹത്തെ കൂടാതെ മറ്റ് ആരെവിളിച്ചാലും ഞങ്ങളിൽ ആരും നിങ്ങളുടെ ഭക്ഷണം കഴിക്കാൻ വരുകയില്ലായിരുന്നു. സ്നേഹത്തിന് ഇത്രമാത്രം പ്രാധാന്യം കൊടുക്കുന്ന ഒരു കുടുംബമാണ് എന്ന് അറിഞ്ഞത് കൊണ്ടു മാത്രമാണ് ഞങ്ങൾ നിങ്ങളുടെ ആദിത്യം സ്വീകരിക്കുന്നത് എന്ന് പറഞ്ഞു.

കുറച്ചു വിദ്യാർത്ഥികളും, അവരുടെ മാഷും വഴിയോരത്തെ ഒരു കടയിലേക്ക് കയറി ചെന്നു. മാഷ് അവരോട് പറഞ്ഞു. ഐസ് ക്രീമും , കത്തിച്ച മെഴുകുതിരിയും ഇവിടെയുണ്ട്. ഇവ രണ്ടും അല്പസമയത്തിനകം ഉരുകി പോകുന്നവയുമാണ്. നിങ്ങൾക്ക് ഇതിൽ ഏതു വേണമെന്ന് ചോദിച്ചു , കുട്ടികളെല്ലാവരും ഒരേ സ്വരത്തിൽ ഐസ്ക്രീം എന്ന് പറഞ്ഞു. നമ്മൾ ആണെങ്കിലും ഇത് തന്നെയായിരിക്കും ആവശ്യപ്പെടുക. അതിൽ തെറ്റില്ല. എന്നാൽ ഐസ്ക്രീമിന്റെ മധുരവും, രുചിയും നിങ്ങൾ മാത്രം അനുഭവിച്ച് അറിയുന്നതാണ്. എന്നാൽ മെഴുകുതിരിയുടെ പ്രകാശം മറ്റെല്ലാവർക്കും വെളിച്ചം നൽകുന്നതാണ് . ഇതാണ് ആത്മീയത എന്ന്, മാഷ് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.

നമ്മുടെ ജീവിത യാത്രയിൽ ചുറ്റുപാടും സസ്സൂക്ഷ്മം വീക്ഷിച്ചുവേണം യാത്ര ചെയ്യാൻ. സുരക്ഷിതമായി, ലക്ഷ്യത്തിലെത്തിചേരുന്നതിന് , നിരന്തരമായ ജാഗ്രത വേണം. ഒരു നിമിഷ നേരത്തെ ജാഗ്രത കുറവുകൊണ്ട് പല അപകടങ്ങളും സംഭവിക്കും. ചെറുപ്രായത്തിൽ തന്നെ കൃത്യനിഷ്ഠത ജീവിതത്തിന്റെ ഒരു മുദ്രാവാക്യമായി , പ്രാവർത്തികമാക്കി, തുടങ്ങേണ്ട, ഒരു സ്വഭാവമാണ്. പെട്ടെന്ന് ഒരു ദിവസം അതിനു ശ്രമിച്ചാൽ നടക്കണമെന്നില്ല.

ഒരുകച്ചവടക്കാരൻ ഒരു കഴുതയുമായി യാത്ര ചെയ്യുകയായിരുന്നു. വഴിയിലെ ഒരു ആൾമറയില്ലാത്ത കിണറിൽ കഴുത വീഴാൻ ഇടയായി. വഴിയാത്രക്കാരിൽ പലരും കഴുതയെ കിണറ്റിൽ നിന്ന് കരകയറ്റാൻ വലയും മറ്റും ഇട്ടുകൊടുത്തിട്ടും കഴുതയെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല . അവസാനം കഴുതയെ ആ കിണറ്റിൽ ഇട്ട് മൂടാൻ തീരുമാനിച്ചു. മണ്ണ് ഇട്ടു തുടങ്ങി. ഓരോ പ്രാവശ്യം മണ്ണിടുമ്പോഴും കഴുത അതിന്റെ മുകളിൽ കയറി നിൽക്കും. അങ്ങിനെ അവസരത്തിനൊത്ത് അതിന്റെ ബുദ്ധി പ്രവർത്തിച്ചു. അവസാനം കിണർ മുഴുവനായി മൂടി കഴിഞ്ഞപ്പോൾ കഴുത അതിന്റെ മുകളിൽ എത്തി. അവിടെ നിന്ന് രക്ഷപ്പെട്ടു. പൊതുവെ കഴുതകളെ വിവരമില്ലാത്ത കൂട്ടത്തിലാണ് കണക്കാക്കുന്നത്. ജീവിതത്തിൽ ഒരു തവണ എങ്കിലും നമ്മളിൽ പലരും കഴുത വിളി കേട്ടവരുമാണ്. എന്നാൽ സ്വയം രക്ഷയ്ക്ക് ഉണർന്നു പ്രവർത്തിക്കാനുള്ള കഴിവ് ഏതു ജീവിക്കും ഉണ്ടെന്ന് വേണം കണക്കാക്കാൻ. ആരെയും മുൻവിധികളോടെ ഒന്നിനും കൊള്ളാത്തവരായി വിധിക്കരുത് നമുക്കില്ലാത്ത പലതും അവർക്കുണ്ടായെന്നു വരാം.

ഒരു കപ്പലിന്റെ എഞ്ചിൻ കേടായി . കടലിൽ യാത്ര ചെയ്യാൻ കഴിയാതെ കിടക്കേണ്ടിവന്നു. കരയിൽ നിന്ന് പലരും വന്ന് ശ്രമിച്ചിട്ടും കപ്പൽ സ്റ്റാർട്ട് ആക്കാൻ കഴിഞ്ഞില്ല. അങ്ങനെയിരിക്കെ ഒരു യുവതി വന്ന് എഞ്ചിൻ ആകെ പരിശോധിച്ചു. ആ സമയം, ഇതെല്ലാം നോക്കി കണ്ട്, കപ്പലിലെ കപ്പിത്താനും അവിടെ ഉണ്ടായിരുന്നു. യുവതി എഞ്ചിന്റെ മുകളിൽ ഒരു ഭാഗത്ത് ചുറ്റിക കൊണ്ട് അടിച്ചു. എഞ്ചിൻ സ്റ്റാർട്ടായി. യുവതി ഇരുപതിനായിരം രൂപയുടെ ബില്ല് കൊടുത്തു. കപ്പിത്താൻ പറഞ്ഞു നിങ്ങൾ ചുറ്റിക കൊണ്ട് ഒരു അടിയല്ലേ അടിച്ചുള്ളു , എന്നിട്ട് ഇത്ര വലിയ ബില്ലൊ. യുവതി പറഞ്ഞു ഞാൻ റിപ്പയർ ചെയ്തതിന് ആയിരം രൂപയെ എഴുതിയിട്ടുള്ളൂ. ബാക്കി എന്റെ ബുദ്ധിക്കുള്ള ചാർജ് ആണ്. ഇതിനുമുമ്പ് പല കപ്പലുകളുടേയും കേടുപാടുകൾ തീർക്കാൻ കഴിയാതെ രാവും പകലും അധ്വാനിച്ചതിൽനിന്ന് കിട്ടിയ അറിവുകളാണ് , ആ യുവതി ഇവിടെ പ്രയോഗിച്ചത്. ആരുടെ അനുഭവങ്ങൾക്കും വിലയിടരുത്.

ഒരു ദിവസം നാട്ടിൽ അലഞ്ഞു തിരിഞ്ഞു നടന്നിരുന്നു ഒരു ചെറുപ്പക്കാരനെ പോലീസ് അവരുടെ ജീപ്പിൽ കയറ്റി ദൂരെയുള്ള അയാളുടെ വീട്ടിലേക്ക് കൊണ്ടുചെന്നാക്കി. എന്തോ അസുഖം മൂലം ചെറുപ്പകാലത്ത് വീടുവിട്ട് പോയതായിരുന്നു അയാൾ. അഴുക്കുപിടിച്ച വസ്ത്രങ്ങളും, ശുദ്ധിയില്ലാത്ത ദേഹവുമായി അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന അയാളെ, വീട്ടുകാരും, പൊലീസും കാലങ്ങളായി അന്വേഷിച്ചു നടക്കുകയായിരുന്നു. ഒരു ധനികന്റെ വീടിന്റെ മുന്നിൽ ജീപ്പ് നിർത്തി ആ ചെറുപ്പക്കാരനോട് ഈവീട് നിങ്ങളുടെതാണെന്ന് പറഞ്ഞു. ഒരു ധനവാന്റെ ഭാഗമാണ് താൻ എന്ന് അറിഞ്ഞപ്പോൾ ആ ചെറുപ്പക്കാരന് എന്തെന്നില്ലാത്ത ആശ്വാസവും , ആനന്ദവുമാണ് അനുഭവപ്പെട്ടത്.ആ ചെറുപ്പക്കാരനുണ്ടായ അനുഭവമാണ് ആത്മീയതയെ കുറിച്ച് അറിയുമ്പോൾ ഉണ്ടാകുക.

എന്റെ ചെറുപ്പകാലത്ത് ഞങ്ങളുടെ വീട്ടിൽ നിലത്ത് ഇഴഞ്ഞു നടക്കുന്ന ഒരു ഭംഗിയുള്ള പാവ കുട്ടി ഉണ്ടായിരുന്നു. മാസത്തിൽ ഒന്നോ രണ്ടോ ദിവസം അപ്പൻ ആ പാവക്കുട്ടിയെ പെട്ടിയിൽ നിന്ന് പുറത്തെടുക്കും. ഞങ്ങൾ കുട്ടികൾ വീട്ടിലെ തളത്തിൽ നിലത്ത് വട്ടമിട്ടിരിക്കും. അപ്പൻ അതിന് വൈൻഡ് കൊടുത്ത് നിലത്തു വയ്ക്കുമ്പോൾ പാവക്കുട്ടി മുട്ടുകുത്തി ഇഴഞ്ഞു നടക്കാൻ തുടങ്ങും. കൗതുകത്തോടെ ഞങ്ങൾ അത് നോക്കിക്കാണും. പാവക്കുട്ടിയെ കയ്യിലെടുക്കാൻ ആഗ്രഹം ഉണ്ടെങ്കിലും അതിന് അനുവാദമില്ല. വൈൻഡ് തീരുമ്പോൾ അതു നിക്കും. ഞങ്ങളുടെ ആഗ്രഹപ്രകാരം രണ്ടോ മൂന്നോ പ്രാവശ്യം അപ്പൻ അതിനു വൈൻഡ് കൊടുക്കും.
പാവക്കുട്ടിയെ ആണെങ്കിൽ പെട്ടിയിൽ സൂക്ഷിച്ചു വയ്ക്കാം . പിന്നെയും വൈൻഡ് കൊടുത്താൽ അത് പ്രവർത്തിക്കും. എന്നാൽ മനുഷ്യന്റെ കാര്യമോ നിശ്ചിത സമയത്തോളം പ്രവർത്തിക്കാനുള്ള വൈൻഡ് കൊടുത്ത് ഭൂമിയിലേക്ക് വിടുന്ന മനുഷ്യന്റെ വൈൻഡ്‌ തീരുമ്പോൾ വീണ്ടുമൊരു വൈൻഡ് കൊടുക്കാനുള്ള സംവിധാനം ഇല്ല. അതോടെ മനുഷ്യൻ വടിയാകുന്നു. ഇത്രയൊക്കെയുള്ളൂ മനുഷ്യരായ നമ്മുടെ കാര്യം.

ഒരു തണുപ്പ് കാലത്ത്, ഒരു കട തിണ്ണയിൽ ഒരു വൃദ്ധൻ തണുത്ത് വിറച്ചിരിക്കുന്നുണ്ടായിരുന്നു. ഒരാൾ വൃദ്ധന്റെ അടുത്ത് ചെന്ന് എന്താണ് തണുത്ത് വിറച്ചിരിക്കുന്നത് , മൂടിപ്പുതച്ചിരിക്കാൻ ഒരു പുതപ്പ് എൻ്റെ കൂടെ വന്നാൽ തരാമെന്ന് പറഞ്ഞ് അയാളുടെ വീട്ടിലേക്ക് വൃദ്ധനെ കൂട്ടിക്കൊണ്ടു പോയി. പുതപ്പിടുക്കാൻ അകത്തുപോയ അയാൾ ഫോൺ വിളിയും മറ്റുമായി പുതപ്പിന്റെ കാര്യം മറന്നു. പിറ്റേന്ന് നേരം വെളുത്തപ്പോഴാണ് അയാൾ പുതപ്പിന്റെ കാര്യം ഓർത്തത് പുതപ്പുമായി പുറത്തുവന്ന അയാൾ കണ്ടത് മരിച്ചു കിടക്കുന്ന വൃദ്ധനെയാണ്. പുതപ്പില്ലാത്തപ്പോൾ തണുപ്പിനെ പ്രതിരോധിക്കാൻ വൃദ്ധന് കഴിയുമായിരുന്നു. പുതപ്പെന്ന പ്രതീക്ഷ, വൃദ്ധന്റെ മനസ്സിൽ വന്നതോടെ പ്രതിരോധിക്കാനുള്ള കഴിവ് വൃദ്ധന് നഷ്ടപ്പെട്ടു. വാഗ്ദാനം കൊടുത്താൽ അത് നിറവേറ്റി കൊടുക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്.

നമ്മൾ എന്തായിരിക്കണമെന്ന്, നമ്മൾ തന്നെ തീരുമാനിക്കുക. മറ്റുള്ളവരുടെ പെരുമാറ്റം നമ്മൾ പകർത്തരുത്. എല്ലാ സാഹചര്യങ്ങളും ഒത്തു വന്നിട്ട് ഒന്നും ചെയ്യാൻ കഴിയുകയില്ല. നല്ല ദിവസം എന്ന ഒന്നില്ല. തുടങ്ങാൻ തീരുമാനിച്ചത് ഇന്നുതന്നെ തുടങ്ങുക

സി. ഐ. ഇയ്യപ്പൻ, തൃശൂർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com