Logo Below Image
Wednesday, August 20, 2025
Logo Below Image
Homeകേരളംവേനൽമഴയിൽ റെക്കോഡ്‌ ; ഇന്നും നാളെയും നാലു ജില്ലയിൽ മഞ്ഞ അലർട്ട്‌; മഴയുടെ തീവ്രത കുറയുന്നു...

വേനൽമഴയിൽ റെക്കോഡ്‌ ; ഇന്നും നാളെയും നാലു ജില്ലയിൽ മഞ്ഞ അലർട്ട്‌; മഴയുടെ തീവ്രത കുറയുന്നു ; 8 മരണം, 2 പേരെ കാണാതായി.

തിരുവനന്തപുരം; തീവ്രമഴയ്‌ക്ക്‌ നേരിയ ശമനമായെങ്കിലും ദുരിതമൊഴിയുന്നില്ല. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കോഴിക്കോട്‌, കണ്ണൂർ ജില്ലകളിലായി എട്ടുപേർ മരിച്ചു. രണ്ടുപേരെ കാണാതായി.

ആലപ്പുഴ ഭരണിക്കാവ്‌ കട്ടച്ചിറ ചക്കാലേത്ത്‌ കിഴക്കതിൽ പത്മകുമാർ(63) വെള്ളക്കെട്ടിൽ വീണും ഹരിപ്പാട്‌ മീൻ പിടിക്കാൻ പോയ പിലാപ്പുഴ തെക്ക് ചാക്കാട്ട് കിഴക്കതിൽ സ്റ്റീവ് (23) വള്ളം മറിഞ്ഞുമാണ്‌ മരിച്ചത്‌. തകഴിയിൽ വെള്ളിയാഴ്‌ച വെള്ളത്തിൽവീണ്‌ കാണാതായ തെങ്ങുകയറ്റത്തൊഴിലാളി മുഹമ്മ കായിപ്പുറം സ്വദേശി രഞ്‌ജിത്തിനായി (46) തെരച്ചിൽ തുടരുന്നു. പത്തനംതിട്ട നിരണത്ത് പാടശേഖരത്തിൽ മീൻ പിടിക്കാൻ പോയ യുവാവ് വള്ളം മറിഞ്ഞ് മുങ്ങി മരിച്ചു. നിരണം സെൻട്രൽ കോട്ടയ്ക്കച്ചിറയിൽ വീട്ടിൽ രാജേഷ് (അബു, 45) ആണ് മരിച്ചത്.

എറണാകുളം ജില്ലയിൽ മീൻപിടിത്തത്തിനിടെ കാണാതായ പറവൂർ കെടാമംഗലം മുളവുണ്ണീരാംപറമ്പ് (നികത്തിൽ) വീട്ടിൽ രാധാകൃഷ്‌ണൻ (62), ചെറായി തൃക്കടക്കാപ്പിള്ളി സ്രാമ്പിക്കൽ മുരളിയുടെ മകൻ നിഖിൽ (32) എന്നിവരുടെ മൃതദേഹം ശനിയാഴ്‌ച കണ്ടെത്തി. വ്യാഴം വൈകിട്ട് കുമ്പളത്ത് വഞ്ചിമറിഞ്ഞ് കായലിൽവീണ രാധാകൃഷ്‌ണന്റെ മൃതദേഹം ശനി രാവിലെ ഫോർട്ട്‌ വൈപ്പിൻ ഭാഗത്ത്‌ കണ്ടെത്തി.

വ്യാഴം വൈകിട്ട്‌ വീരൻപുഴയിൽ ചെറായി തൃക്കടക്കാപ്പിള്ളിയിൽ മീൻപിടിക്കുന്നതിനിടെയാണ്‌ നിഖിൽ വഞ്ചിമറിഞ്ഞ്‌ പുഴയിൽ വീണത്. മലപ്പുറം കാളികാവ് അഞ്ചച്ചവിടി പരിയങ്ങാട് പുഴയിൽ വ്യാഴാഴ്‌ച കാണാതായ കട്ടക്കാടൻ അബ്‌ദുൾ ബാരി(52)യുടെ മൃതദേഹം കണ്ടെത്തി. തയ്യിലക്കടവ്‌ പാലത്തിനുസമീപം കാണാതായ ഊരകം വെങ്കുളം സ്വദേശി പിലാക്കൻ സെയ്‌തലവി(63)ക്കായി തിരച്ചിൽ തുടരുന്നു. കോഴിക്കോട്‌ വടകര മാഹി കനാലിൽ മീൻ പിടിക്കാനിറങ്ങിയ യുവാവ്‌ മരിച്ചു. തോടന്നൂർ വരക്കൂൽ താഴ മുഹമ്മദ്‌(30) ആണ് മരിച്ചത്‌. കണ്ണൂരിൽ വ്യാഴാഴ്‌ച ഒഴുക്കിൽപ്പെട്ട്‌ കാണാതായ പാട്യം മുതിയങ്ങയിൽ വിനോദ് ഭവനിൽ നളിനി(70)യുടെ മൃതദേഹം കണ്ടെത്തി.

വിഴിഞ്ഞത്തുനിന്ന്‌ രണ്ടു ബോട്ടിലായി മീൻപിടിക്കാൻ പോയി കാണാതായ എട്ടുപേരെയും കണ്ടെത്തി കരയ്‌ക്കെത്തിച്ചു. ഞായറും തിങ്കളും ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ മഞ്ഞ അലർട്ട്‌ (ശക്തമായ മഴ) ആണ്‌.

മെയ്‌ അവസാനിക്കുമ്പോൾ വേനൽ മഴയിൽ റെക്കോഡ്‌. 776 മില്ലി മീറ്റർ മഴയാണ്‌ ലഭിച്ചത്‌. ലഭിച്ച മഴയുടെ 75 ശതമാനവും മേയിലായിരുന്നു. വേനൽ മഴ ഇതിനുമുമ്പ്‌ കൂടുതൽ ലഭിച്ചത് 2004 ലും (765 മില്ലി മീറ്റർ) 2021 ലും (752 മില്ലി മീറ്റർ) ആയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com