കാലിഫോര്‍ണിയ: ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ഒരു വാല്‍നക്ഷത്രത്തിന്‍റെ കാഴ്‌ച എങ്ങനെയായിരിക്കുമെന്ന് നമ്മളില്‍ പലര്‍ക്കും അറിയുമായിരിക്കും. എന്നാല്‍ ഭൂമിയില്‍ നിന്ന് ഏകദേശം 400 കിലോമീറ്ററുകള്‍ അകലെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് നോക്കുമ്പോള്‍ ഒരു വാല്‍നക്ഷത്രത്തിന്‍റെ ശോഭ എങ്ങനെയായിരിക്കും?
ബഹിരാകാശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യക്ഷപ്പെട്ട വാല്‍നക്ഷത്രത്തിന്‍റെ ചിത്രം പകര്‍ത്തിയിരിക്കുകയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള നാസ സഞ്ചാരി ഡോണ്‍ പെറ്റിറ്റ്. ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് ഒരു ധൂമകേതുവിനെ കാണുന്നത് തികച്ചും അത്ഭുതകരമാണ് എന്നാണ് ഡോണിന്‍റെ വാക്കുകള്‍. ഈ തലക്കെട്ട് സഹിതം വാല്‍നക്ഷത്രത്തിന്‍റെ ബഹിരാകാശ ചിത്രം ഡോണ്‍ പെറ്റിറ്റ് ട്വീറ്റ് ചെയ്തു. അറ്റ്‌ലസ് സി2024-ജി3 (C/2024 G3 ATLAS) എന്ന വാല്‍നക്ഷത്രമാണ് ചിത്രത്തിലുള്ളത്. ഈ ജനുവരി 13ന് ഭൂമിയില്‍ നിന്ന് ഏറ്റവും തെളിമയോടെ ദൃശ്യമാകുന്ന ധൂമകേതുവാണ് അറ്റ്‌ലസ് സി2024-ജി3 അഥവാ കോമറ്റ് ജി3 അറ്റ്‌ലസ്.
ചിലിയിലെ അറ്റ്‌ലസ് ദൂരദര്‍ശിനിയാണ് കോമറ്റ് ജി3യെ 2024 ഏപ്രില്‍ അഞ്ചിന് കണ്ടെത്തിയത്. തിരിച്ചറിയുമ്പോള്‍ ഭൂമിയില്‍ നിന്ന് 655 ദശലക്ഷം കിലോമീറ്റര്‍ അകലെയായിരുന്നു ഇതിന്‍റെ സ്ഥാനം. കണ്ടെത്താന്‍ ഏറെ പ്രായമുള്ള +19 മാഗ്നിറ്റ്യൂഡിലായിരുന്നു ഈ വാല്‍നക്ഷത്രത്തിന്‍റെ സ്ഥാനം. സി2024-ജി3 അറ്റ്‌ലസിന് സൂര്യനെ ചുറ്റാൻ ഏകദേശം 160,000 വർഷം വേണം. ഇത്രയും ദൈര്‍ഘ്യമേറിയ ഭ്രമണപഥത്തിലൂടെയാണ് സഞ്ചാരം എന്നതിനാല്‍ ഈ ധൂമകേതുവിനെ ഇനിയെന്ന് കാണുമെന്ന് നമുക്ക് ഊഹിക്കാന്‍ കൂടി കഴിയില്ല. അതിനാല്‍ ജനുവരി 13ലെ ആകാശക്കാഴ്‌ച അത്യപൂര്‍വ വിസ്‌മയമായി മാറും.
കോമറ്റ് ജി3 അറ്റ്‌ലസ് ജനുവരി 13ന് സൂര്യോപരിതലത്തിന് 8.7 ദശലക്ഷം മൈല്‍ മാത്രം അടുത്തെത്തും. സൂര്യന് ഇത്രയും അടുത്ത് സാധാരണയായി വാല്‍നക്ഷത്രങ്ങള്‍ എത്താറില്ല. അതിനാല്‍ സൂര്യനെ അതിജീവിക്കുമോ ഈ വാല്‍നക്ഷത്രം എന്ന സംശയം സജീവമാണ്. സൂര്യന് വളരെ അടുത്തെത്തും എന്നതുകൊണ്ടുതന്നെ കോമറ്റ് ജി3യ്ക്ക് തിളക്കവുമേറും. 2025ലെ ഏറ്റവും തിളക്കമേറിയ വാല്‍നക്ഷത്രമായിരിക്കും സി2024-ജി3. നഗ്നനേത്രങ്ങള്‍ സി2024-ജി3 ധൂമകേതുവിനെ കാണുക പ്രയാസമായിരിക്കും.