ഭോപാൽ: 35കാരിയായ ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം 10 മാസത്തോളം ഫ്രിഡ്ജിൽ സൂക്ഷിച്ച 41കാരനെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു.മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് സംഭവം. പ്രതിയായ സഞ്ജയ് പതിദാറിനെ ഉജ്ജയിനിൽനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അടച്ചിട്ട മുറിയിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് വീട്ടിൽ വാടകക്ക് താമസിച്ചിരുന്നവർ പൊലീസിന്റെ സാന്നിധ്യത്തിൽ പരിശോധന നടത്തിയത്.പരിശോധനയിൽ മുറിയിലെ ഫ്രിഡ്ജിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. 2024 വർഷം ജൂണിലാണ് സഞ്ജയ് വീടൊഴിഞ്ഞത്.
”വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി താമസക്കാർ പരാതി നൽകി. തുടർന്ന് നടത്തിയ തിരച്ചിലിൽ അടച്ചിട്ട മുറിയിലെ ഫ്രിഡ്ജിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.”-ദേവാസ് എസ്.പി പുനീത് ഗെഹ്ലോട് പറഞ്ഞു. കൊല്ലപ്പെട്ടത് പ്രതിഭ പതിദാർ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.സഞ്ജയ് പതിദാറിന്റെ ലിവ് ഇൻ പങ്കാളിയായിരുന്ന പ്രതിഭ 2024 മാർച്ചിലാണ് കൊല്ലപ്പെട്ടത്. മൃതദേഹം കണ്ടെത്തി മണിക്കൂറുകൾക്കകം സഞ്ജയ് ഉജ്ജയിനിൽ നിന്ന് അറസ്റ്റിലാവുകയും ചെയ്തു.യുവതിയുടെ കൈകൾ ബന്ധിക്കപ്പെട്ട നിലയിലായിരുന്നു.
2024 ജൂലൈയിൽ ബൽവീർ രാജ്പുത് താമസം മാറുന്നതിന് മുമ്പ് പ്രതിഭ പതിദാർ എന്ന സ്ത്രീ ഈ വീട്ടിൽ സഞ്ജയ്ക്കൊപ്പം താമസിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.2024 ജൂണിൽ സഞ്ജയ് വീട് മാറി. പ്രതിഭയെ 2024 മാർച്ച് മുതൽ കാണാനില്ലെന്ന് നാട്ടുകാർ പറഞ്ഞു. പ്രതിഭയുമായി അഞ്ച് വർഷമായി ലിവ്-ഇൻ ബന്ധത്തിലായിരുന്നു സഞ്ജയ്.2023ലാണ് സഞ്ജയ് യും പ്രതിഭയും ദേവാസിലേക്ക് താമസം മാറിയത്. വിവാഹിതരാണെന്നാണ് അയൽക്കാരോട് ഇവർ പറഞ്ഞിരുന്നത്.
2024 ജനുവരി മുതൽ തങ്ങളുടെ ബന്ധം നിയമപരമായി രജിസ്റ്റർ ചെയ്യാൻ പ്രതിഭ സഞ്ജയെ നിർബന്ധിക്കാൻ തുടങ്ങി. അതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളാകാൻ തുടങ്ങിയത്.
നിയമപരമായി പ്രതിഭയെ വിവാഹം കഴിക്കാൻ സഞ്ജയ് തയാറായിരുന്നില്ല. പലപ്പോഴും രണ്ടുപേരും ഇതിനെ ചൊല്ലി തർക്കമുണ്ടായി.തുടർന്ന് മാർച്ചിൽ സുഹൃത്തായ വിനോദ് ദവെയുടെ സഹായത്തോടെ പ്രതിഭയെ കൊല്ലാൻ സഞ്ജയ് തീരുമാനിച്ചു.ഇരുവരും ചേർന്ന് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും കൈകൾ ബന്ധിക്കുകയും മൃതദേഹം ഫ്രിഡ്ജിൽ തിരുകിക്കയറ്റുകയും ചെയ്തു.വീട് വിട്ടെങ്കിലും ഉടമസ്ഥനെ കണ്ട് തന്റെ സാധനങ്ങൾ സൂക്ഷിക്കാൻ കുറച്ചുകാലത്തേക്ക് ഒരുമുറി വേണമെന്ന് ആവശ്യപ്പെട്ടു.വാടക തരാമെന്ന് ഏറ്റതിനാൽ വീട്ടുടമ അതനുവദിക്കുകയും ചെയ്തു. സഞ്ജയ് ഇടക്കിടെ മുറിയിലെത്തുമായിരുന്നു.