കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം )999 മലകള്‍ക്കും പ്രകൃതിയ്ക്കും മാനവ കുലത്തിനും തണലേകുന്ന സ്വര്‍ണ്ണ മലക്കൊടിയുടെ ദര്‍ശനം ധനുമാസം പത്തു വരെ ഉണ്ടാകും എന്ന് കാവ് ഭാരവാഹികള്‍ അറിയിച്ചു .
അച്ചന്‍കോവില്‍ ശ്രീ ധര്‍മ്മ ശാസ്താക്ഷേത്രത്തിലെ മണ്ഡല ഉത്സവത്തിന് തുടക്കം കുറിച്ച ധനു ഒന്ന് മുതല്‍ കല്ലേലി കാവിലെ പവിത്രമായ നിലവറ തുറന്നു മലക്കൊടി ദര്‍ശനം നടന്നു വരുന്നു . മലയെ വിളിച്ച് ,മലയെ സ്തുതിച്ചു , മലയെ ഊട്ടി ,മലയെ വിളിച്ചു ചൊല്ലി നിലവറ എന്നും പ്രഭാതത്തില്‍ തുറക്കുകയും വൈകിട്ട് സൂര്യ അസ്തമയ സമയം 41 തൃപ്പടികളിലും തേക്കില നാക്ക് നീട്ടി ഇട്ട് കാര്‍ഷിക വിളകള്‍ ചുട്ട് വെച്ച് വറ പൊടിയും മുളയരിയും വെച്ച് മല ദൈവങ്ങളെ ദീപം കാണിച്ച് സന്ധ്യാവന്ദനം ചൊല്ലി ദീപ നമസ്ക്കാരം ചെയ്തു നിലവറ അടയ്ക്കും .
നൂറ്റാണ്ടുകള്‍ പഴക്കം ഉള്ള കൗള ശാസ്ത്ര വിധി പ്രകാരം ആദി ദ്രാവിഡ നാഗ ജനതയുടെ ആചാരത്തില്‍ ഊന്നി 999 മല വില്ലിനും ഊട്ടും പൂജയും അര്‍പ്പിക്കും . പാണ്ടി മലയാളം ഒന്ന് പോലെ തെളിഞ്ഞു വിളയാടാന്‍ മല വില്ലന്മാര്‍ക്ക് ഊട്ട് നല്‍കി തൃപ്തിപ്പെടുത്തും . ധനു മാസം 7 ന് അച്ചന്‍കോവില്‍ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ കോന്നി കരക്കാരുടെ ഉത്സവം നടക്കുന്ന നാളില്‍ എല്ലാ ജനതയ്ക്കും വേണ്ടി വിഭവ സമര്‍ഥമായ സദ്യ നല്‍കുകയും മലയെ ഊട്ടി സ്തുതിക്കുകയും ചെയ്യും എന്ന് ഭാരവാഹികള്‍ അറിയിച്ചു