സംസ്ഥാന വ്യാപകമായി നടക്കുന്ന അര്‍ധവാര്‍ഷിക പരീക്ഷയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന തരത്തിലുള്ള നടത്തിപ്പ് വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും പൊതുസമൂഹത്തെയും ആശങ്കയിലാക്കുന്നു. ട്യൂഷന്‍ സെന്ററുകളുമായുള്ള ഒത്തുകളി ചോദ്യപേപ്പര്‍ തയാറാക്കുന്നതില്‍ ഉണ്ടെന്ന് വിദ്യാഭ്യാസ വകുപ്പിനെതിരേ മുമ്പ് ഉയര്‍ന്ന ആക്ഷേപങ്ങള്‍ ശരിവെയ്‌ക്കുന്നതാണ് പുതിയ സംഭവം. ട്യൂഷന്‍ സെന്ററുകളുടെ പരിശീലന ചോദ്യപേപ്പര്‍ അര്‍ധവാര്‍ഷിക പരീക്ഷയ്‌ക്ക് വിദ്യാഭ്യാസ വകുപ്പ് കോപ്പിയടിച്ചെന്നാണ് ആക്ഷേപങ്ങള്‍.
അദ്ധ്യാപകര്‍ക്ക് കിട്ടുംമുമ്പേ വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യപേപ്പറുകള്‍ ലഭിച്ചതാണ് പുതിയ സംഭവം. കഴിഞ്ഞ ദിവസം രാജ്യദ്രോഹ കുറ്റം ചുമത്താവുന്ന തരത്തില്‍ ഭാരതത്തിന്റെ ഭൂപടം തെറ്റായി ചോദ്യപേപ്പറില്‍ ചേര്‍ത്ത് വിതരണം ചെയ്തിരുന്നത് വിവാദമായിരുന്നു. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പ്രതിഷേധ സമരങ്ങള്‍ നേരിടേണ്ടി വരുമെന്ന് എന്‍ടിയു മുന്നറിയിപ്പ് നല്‍കി. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുടെ മുഖമുദ്രയായി വിദ്യാഭ്യാസ വകുപ്പ് മാറിയെന്ന് എന്‍ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.അനൂപ് കുമാര്‍ ആരോപിച്ചു. ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍നിന്ന് അതേപടി പകര്‍ത്തിയെടുത്താണ് ചോദ്യപേപ്പറുകള്‍ പലതും തയാറാക്കിയിരിക്കുന്നത്.
പ്ലസ് വണ്‍ ചോദ്യപേപ്പറില്‍ ഭൂരിഭാഗവും തെറ്റുകളാണ്. പ്ലസ് ടു ഫിസിക്‌സ്, പത്താംതരം ഇംഗ്ലീഷ് തുടങ്ങിയവയിലെ പല ചോദ്യങ്ങളും പകര്‍ത്തിയെഴുതിയതാണ്. ഇതിനുപുറമെ ഭൂരിഭാഗം ചോദ്യങ്ങളും പല ട്യൂഷന്‍ സെന്ററുകളുടെയും ഓണ്‍ലൈന്‍ ചാനലുകളില്‍ പരീക്ഷത്തലേന്ന് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പൊതു വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം അട്ടിമറിക്കുന്ന ഇത്തരം നടപടികള്‍ക്ക് പിന്നില്‍ ഉന്നതങ്ങളില്‍ സ്വാധീനമുള്ള ചോദ്യപേപ്പര്‍ തയാറാക്കുന്ന ഉദ്യോഗസ്ഥരും ട്യൂഷന്‍ ലോബികളുമാണ്. ഉദ്യോഗസ്ഥരെ മാറ്റി നീതിയുക്തമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് ആവശ്യപ്പെട്ടു.