Monday, September 30, 2024
Homeകേരളംഎഡിജിപി വിവാദം മതന്യൂനപക്ഷങ്ങളെ എൽഡിഎഫിൽ നിന്ന് അകറ്റാനെന്ന് മുഖ്യമന്ത്രി; 'അൻവറിൻ്റെ പരാതികൾ അന്വേഷിക്കുന്നു.

എഡിജിപി വിവാദം മതന്യൂനപക്ഷങ്ങളെ എൽഡിഎഫിൽ നിന്ന് അകറ്റാനെന്ന് മുഖ്യമന്ത്രി; ‘അൻവറിൻ്റെ പരാതികൾ അന്വേഷിക്കുന്നു.

സ്വർണക്കടത്തും ഹവാല പണമിടപാടും നടത്തുന്നത് രാജ്യദ്രോഹ പ്രവർത്തനത്തിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദ ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. അഞ്ച് വർഷത്തിനിടെ മലപ്പുറം ജില്ലയിൽ നിന്ന് 150 കിലോഗ്രാം സ്വർണം പൊലീസ് പിടികൂടി. 123 കോടി രൂപയും പിടിച്ചു. ഇപ്പോൾ എഡിജിപിയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ സ്വർണക്കടത്ത് തടയുന്ന സർക്കാർ പ്രവർത്തനം ഇല്ലാതാക്കാനും മതന്യൂനപക്ഷങ്ങളെ എൽഡിഎഫിൽ നിന്ന് അകറ്റാനും ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

എഡിജിപിയും ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച വിവാദത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. കാലാകാലങ്ങളായി മതന്യൂനപക്ഷങ്ങൾ യുഡിഎഫിന് ഒപ്പമായിരുന്നു. അവരിപ്പോൾ എൽഡിഎഫിനൊപ്പമാണ്. എൽഡിഎഫിൽ നിന്ന് അവരെ അകറ്റുകയാണ് ലക്ഷ്യം. അൻവറിൻ്റെ ആരോപണങ്ങളിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വെച്ചാണ് അന്വേഷണം നടത്തുന്നത്.

സംസ്ഥാനത്ത് ബിജെപിയുടെ വോട്ട് വിഹിതം വർധിച്ചിട്ടുണ്ട്. അക്കാര്യം വിശദമായി തന്നെ പരിശോധിക്കുന്നുണ്ട്. തൃശ്ശൂരിൽ ബിജെപി ജയിച്ചത് കോൺഗ്രസ് വോട്ട് ലഭിച്ചത് കൊണ്ടാണ്. ലോക്സഭാ തെര‌ഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന സിപിഎം പ്രവർത്തകർ കോൺഗ്രസിന് വോട്ട് ചെയ്യാറുണ്ട്. അതാണ് തൃശ്ശൂരിൽ സംഭവിച്ചത്. സിപിഎമ്മിൻ്റെ വോട്ട് ബിജെപിയിലേക്ക് പോയോ എന്ന കാര്യവും പരിശോധിക്കും. നേമത്ത് സംഭവിച്ചത് തന്നെ തൃശ്ശൂരിലും ആവർത്തിക്കും. ബിജെപി അടുത്ത തെരഞ്ഞെടുപ്പിൽ അവിടെ പരാജയപ്പെടും. എന്നാൽ എല്ലാ മണ്ഡലങ്ങളിലും ബിജെപി വോട്ട് വിഹിതം വ‍ർധിക്കുന്നുണ്ട്.

പാർട്ടിയിൽ പ്രായപരിധി മാനദണ്ഡം നടപ്പാക്കും. താൻ തുടരണോ വേണ്ടേ എന്ന കാര്യം പാ‍ർട്ടിയാണ് തീരുമാനിക്കുക, താനല്ല. താനെന്നും പാർട്ടിയുടെ വിശാല താത്പര്യത്തിന് ഒപ്പമായിരുന്നു. സിതാറാം യെച്ചൂരി രാഷ്ട്രീയ വിയോജിപ്പിക്കുകൾ നിലനിർത്തിക്കൊണ്ട് എല്ലാവരുമായും സൗഹൃദം നിലനിർത്തിയ നേതാവാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മതേതര കക്ഷികൾ ഒരുമിച്ച് പ്രവ‍ർത്തിക്കണം.

ഇന്ത്യ മുന്നണിയിലെ കക്ഷികളുമായി സഹകരിച്ച് സിപിഎം മുന്നോട്ട് പോകും. എന്നാൽ മറ്റ് രാഷ്ട്രീയ പാർട്ടികളുടെ താത്പര്യ പ്രകാരം ഒരു നേതാവിനെ സിപിഎമ്മിന് തിരഞ്ഞെടുക്കാനാവില്ല. സിപിഎമ്മിൻ്റെ അടുത്ത ജനറൽ സെക്രട്ടറിയെ സീതാറാം യെച്ചൂരിയുമായി താരതമ്യം ചെയ്യേണ്ട കാര്യമില്ല. പാർട്ടിയുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന മികച്ച നേതാവിനെ തന്നെ ജനറൽ സെക്രട്ടറി പദത്തിലേക്ക് പാ‍ർട്ടി കോൺഗ്രസിൽ തിരഞ്ഞെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments