കൊച്ചി: സർക്കാരിന് കെഎസ്ആര്‍ടിസി യിലെ പെന്‍ഷൻ വൈകുന്നതിൽ ഹൈക്കോടതി കര്‍ശനമായ മുന്നറിയിപ്പ് നല്‍കി. പെന്‍ഷൻ മുടങ്ങിയതിന്‍റെ പേരില്‍ ഇനിയൊരു ആത്മഹത്യയുണ്ടാകരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ ദുഃഖകരമാണെന്നും കെ.എസ്.ആർ ടി സി പെൻഷൻ കിട്ടാതെ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളിൽ സർക്കാരിന് ദുഃഖം തോന്നുന്നില്ലേയെന്നും കോടതി ചോദിച്ചു.
കാട്ടാക്കടയിലെ വിരമിച്ച കെ.എസ്.ആർ ടി സി ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. അതേസമയം,പെൻഷൻ കിട്ടാതെയാണ് ആത്മഹത്യയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.
നാല് ആത്മഹത്യകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഓണമാണ് വരുന്നതെന്നും സെപ്റ്റംബറിലെ പെന്‍ഷൻ നല്‍കാൻ വൈകരുതെന്നും കൃത്യമായി കൊടുക്കണമെന്നും ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
ജൂലൈ മാസത്തെ പെന്‍ഷൻ കൊടുത്തുവെന്നും ആഗസ്റ്റിലെ പെന്‍ഷൻ ഒരാഴ്ചക്കുള്ളില്‍ നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ആഗസ്റ്റ് മാസത്തെ പെന്‍ഷൻ ഉടൻ നല്‍കാനും കോടതി നിര്‍ദേശം നല്‍കി.
കഴിഞ്ഞ 20ന് ആണ് റിട്ട.കെഎസ്ആര്‍ടിസി ജീവനക്കാരനായ കാട്ടാക്കട ചെമ്പനക്കോട് സ്വദേശി എം സുരേഷ് ആണ് (65) ആത്മഹത്യ ചെയ്തത്. പെൻഷൻ കിട്ടാത്തതിലെ മനോവിഷമമാണ് ആത്മഹത്യക്ക് പിന്നില്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം. പാപ്പനംകോട് ഡിപ്പോയിൽ നിന്ന് വിരമിച്ച ജീവനക്കാരനാണ് സുരേഷ്.പാപ്പനംകോട് ഡിപ്പോയിൽ ജീവനക്കാരനായിരുന്ന സുരേഷിനെ അപകടത്തെ തുടർന്നുള്ള ചികിത്സക്കടക്കം സാമ്പത്തിക ബുദ്ധിമുട്ട് ബാധിച്ചിരുന്നു.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാത്തതിന്‍റെ പേരില്‍ സര്‍ക്കാര്‍ നേരിട്ടത് രണ്ടു വര്‍ഷത്തിനിടെ 15 കോടതിയലക്ഷ്യ നടപടികളാണ്. പെന്‍ഷന്‍ മുടങ്ങിയതിന്‍റെ പേരില്‍ നാലുപേരാണ് ഇതിനകം ആത്മഹത്യ ചെയ്തത്.