‘ആറാട്ട് എന്ന അമൃതവർഷണം’
വേട്ടയോടു കൂടി അതായത് ദേവചൈതന്യത്തിൻ്റെ ബഹി: പ്രസരത്തോടുകൂടി ഗ്രാമം മുഴുവൻ ആ ചൈതന്യത്തിൽ ആറാടുക യാണ്. അതു തന്നെ ആറാട്ട്. സാധാരണ ക്ഷേത്രത്തിനു വെളിയിൽ ഉള്ള ഒരു തീർത്ഥത്തിലാണിതു നിർവ്വഹിക്കുക. അതിൽ താന്ത്രിക വിധിപ്രകാരം ദേവൻ നീരാടുമ്പോൾ അത് ആ ദേവശരീരത്തിൻ്റെ ശിരസ്സിൽ നിന്നും പ്രവഹിക്കുന്ന അമൃതപ്രവാഹത്തിന് സാദൃശ്യം വഹിക്കുന്നു. അതിനാൽ ദേവൻ്റെ ഈ നിമഞ്ജനത്തോടെ നാട്ടുകാരും ആറാട്ടുതീർത്ഥത്തിൽ സ്നാനം ചെയ്യുന്നു. ഈ ദേവചൈതന്യം സ്വീകരിക്കുന്നതിനുവേണ്ടി വിദൂരദേശങ്ങളിൽ നിന്നാണെങ്കിൽപ്പോലും തദ്ദേശവാസികൾ നാട്ടിൽ എത്തിച്ചേരണമെന്ന ആചാരം ഈ സങ്കല്പത്തിൽനിന്നും ഉടലെടുത്തതാണ്. പരദേവതയുടെ ഈ അനുഗ്രഹപ്രവാഹത്തിലാറാടുന്ന പ്രക്രിയയിൽ ദേശത്തുള്ള എല്ലാവരും പങ്കാളികളാകണമെന്നത് പഴയ കാലത്തെ ഒരലിഖിത നിയമമായിരുന്നു.
ഉത്സവകാലത്തെ പൂജാവിശേഷങ്ങൾ
ഈ ചൈതന്യ വർദ്ധനവിന് നിത്യപൂജാദികൾ സവിശേഷരീതിയിൽ ചെയ്യുക മാത്രമാണ് ഉത്സവാവസരത്തിൽ ചെയ്യാറുള്ളത്. അവയിൽ സാധാരണ ജനങ്ങൾ സഹർഷം പങ്കെടുക്കുകയും ചെയ്യും. ദേവൻ്റെ നിത്യപൂജാക്ഷേത്രമാകുന്ന സാധകൻ ചെയ്യുന്ന നിത്യ മന്ത്രസാധനയാണെന്ന് ക്ഷേത്രസങ്കല്പത്തിൽ നിന്നും വ്യക്തമാണല്ലോ. ഈ മന്ത്രജപമാകുന്ന നിത്യപൂജാവിധാനം സംഗോപാംഗം വളരെ വിസ്തരിച്ച് അവിടെ നടക്കുന്നു. സാധാരണ ശ്രീഭൂതബലിയ്ക്കു പകരം അവിടെ അതിൻ്റെ ബൃഹത്തായ ചടങ്ങ് ഉത്സവബലി നടക്കുന്നു. പക്ഷെ, ഇങ്ങനെ നടത്തുന്ന ഈ പ്രത്യേക ഉപാസന ക്ഷേത്രദേവൻ്റെ ഗുരുസ്ഥാനം വഹിക്കുന്ന തന്ത്രിയുടെ സാന്നിദ്ധ്യത്തിലാണ് ചെയ്യുക. അദ്ദേഹം ആദ്യം ചെയ്യുന്ന ക്രിയ മുളയിടുകയും കൊടിയേറ്റുകയുമാണ്. ആ ചടങ്ങുകൾ കുണ്ഡലിന്യുത്ഥാപനത്തിൻ്റെ പ്രതീകാത്മച്ഛായ വഹിക്കുന്നു എന്ന് അധികപേരും മനസ്സിലാക്കിയിരിക്കാൻ ഇടയില്ല. അതാണ് ഈ പ്രത്യേക മന്ത്രസാധനയുടെ വൈശിഷ്ട്യം. കുണ്ഡലിനീ ശക്തിയെ സഹസ്രാരപത്മത്തിൽ കയറ്റി അവിടെ വെച്ചാണ് മന്ത്രസാധന നടക്കുന്നത്. അത് അതിശക്തമായ ചൈതന്യവർദ്ധനവിനും തന്മൂലം ഉള്ള അമൃതസ്രവണത്തിനും കാരണമാകും. അതാണ് ഉത്സവത്തിൻ്റെ ഉള്ളടക്കം .
കൊടിയേറ്റവും കൊടിമരവും
കൊടിമരം സാധാരണയായി വലിയ ബലിക്കല്ലിനു പുറത്തായിട്ടാണല്ലോ സ്ഥാപിച്ചിട്ടുണ്ടായിരിക്കുക. തമിഴ്നാട്ടിലേയും മറ്റും ക്ഷേത്രങ്ങളിൽ ബലിക്കല്ലിനപ്പുറത്താണ് കൊടിമരം സ്ഥാപിക്കാറുള്ളത്. വലിയ ബലിക്കല്ലുതന്നെ ക്ഷേത്രത്തിൻ്റെ പുറത്തെ ബലിവട്ടമാകുന്ന അരക്കെട്ടിൻ്റെ മുഖ്യ അവയവമാണല്ലോ. അതാണ് ബാഹ്യപ്രകാര മാതൃകയിൽ മൂലാധാരസ്ഥാനം. കുണ്ഡലിനീശക്തി ഉറങ്ങിക്കിടക്കുന്നത് അവിടെയാണത്രെ. അവിടുന്നങ്ങോട്ട് സഹസ്രാരം വരെ നീണ്ടുകിടക്കുന്ന ഒന്നാണല്ലോ നമ്മുടെ മേരുദണ്ഡം. നട്ടെല്ലാണ് മനുഷ്യൻ്റെ പാർത്ഥിവശരീരത്തിൽ ഇതിനെ പ്രതിനിധാനം ചെയ്യുന്നത്. വെറുമൊരു തേക്കിൻകുഴയോ മറ്റോ മാത്രമല്ല ഈ കൊടിമരം. അതിന്മേൽ ചെമ്പുകൊണ്ടോ മറ്റോ ഉപര്യുപരിയായി പണിതിരിക്കുന്ന പാറകൾ അടുക്കടുക്കായി നിർമ്മിച്ചിട്ടുള്ള നട്ടെല്ലിൻ്റെ അസ്ഥിവലയങ്ങളോട് അത്ഭുതാവഹമായ സാദൃശ്യം വഹിക്കുന്നു എന്നതും ശ്രദ്ധേയമാണ്. വലിയ ബലിക്കല്ലിനപ്പുറത്തായാലും ഇപ്പുറത്തായാലും മൂലാധാരം മുതൽ ആരംഭിയ്ക്കുന്നുവെന്നേ ഈ കൊടിസ്ഥാനം സൂചിപ്പിയ്ക്കുന്നുള്ളൂ. വാസ്തവത്തിൽ നീളം വീതി എന്ന ദ്വിമാന രീതിയിൽ നിർമ്മിയ്ക്കപ്പെട്ട ക്ഷേത്രത്തിൻ്റെ ബാഹ്യപ്രാകാരത്തിൽ കൊടിമരം നീണ്ടുകിടക്കേണ്ടത് ഭൂമിയ്ക്ക് സമാന്തരമായി ക്ഷേത്രത്തിൻ്റെ ശ്രീകോവിലിൽ പ്രതിഷ്ഠിതമായ മൂലബിംബംവരെയോ മണ്ഡപത്തിലെ വാഹനം വരെയോ ആണ്. പക്ഷെ പ്രകടീകരണത്തിൻ്റെ ( Demonstrative effect ) കാരണം കൊണ്ടായിരിക്കാം ഈ കൊടിമരം നാട്ടുകാർ കാണത്തക്ക വിധത്തിൽ ഭൂമിയ്ക്ക് ലംബമായിട്ടാണ് കുഴിച്ചിട്ടിരിയ്ക്കുക. ഈ കൊടിമരം സാധാരണ ഉത്സവാവസരങ്ങളിൽ മാത്രം നാട്ടിയാൽ മതിയാകും. അതാണ് വിധി. അങ്ങനെയാകുമ്പോൾ ഒരു കവുങ്ങിൻ തടിമാത്രമാണ് അതിനു വേണ്ടി വരിക. അത് അസൗകര്യമാകുമെന്നതിനാൽ മഹാക്ഷേത്രങ്ങളിൽ നേരത്തെ ഉത്സവം പ്രമാണിച്ച് കൊടിമര പ്രതിഷ്ഠ കഴിഞ്ഞിരിയ്ക്കും. സ്വർണ്ണം പൂശുകയും മറ്റും ചെയ്യുന്നത് അതിനൊരു മോടിക്കൂട്ടുക മാത്രമാണ്. താന്ത്രികമായി ഇതിനു പ്രാധാന്യമില്ല എന്നും മനസ്സിലാക്കുക.
(തുടരും)