Friday, November 22, 2024
Homeസ്പെഷ്യൽനക്ഷത്രക്കൂടാരം – (ബാലപംക്തി – 39) അവതരണം: കടമക്കുടി മാഷ്

നക്ഷത്രക്കൂടാരം – (ബാലപംക്തി – 39) അവതരണം: കടമക്കുടി മാഷ്

കടമക്കുടി മാഷ്

പ്രിയപ്പെട്ട കൂട്ടുകാരേ

എല്ലാവർക്കും സുഖമെന്നു വിശ്വസിക്കുന്നു.. മഴ അതിന്റെ സകല പ്രതാപങ്ങളൊടെയും തകർത്താടിയ ദിവസങ്ങളാണ് കടന്നുപോയത്. പേമാരിയും കുത്തൊഴുക്കും വെള്ളപ്പൊക്കവുമൊക്കെ വലിയ ദുരന്തമാണ് കേരളത്തിൽ ഇപ്രാവശ്യം കുടഞ്ഞെറിഞ്ഞത്. വയനാട്ടിൽ ഉരുൾപൊട്ടൽ മൂലം ചൂരൽമല – മുണ്ടക്കൈ പ്രദേശങ്ങളിലെ നൂറുകണക്കിന് സഹോദരങ്ങളാണ് നിർഭാഗ്യകരമായ മരണത്തിലേക്ക് വഴുതി വീണത്. ആയിരങ്ങൾക്ക് പരിക്കുപറ്റി.
ദുരന്തമുഖങ്ങളിൽ പതറാതെ രക്ഷാപ്രവർത്തനം നടത്തിയ എല്ലാ നല്ലവർക്കും അഭിനന്ദനങ്ങൾ.

ഇപ്രാവശ്യവും നമുക്ക് ശൈലികളിലൂടെയാത്ര ചെയ്യാം.

നാക്കിന് എല്ലില്ലാതിരിക്കുക

കൂസലെന്യേ സംസാരിക്കുക, വായിൽ തോന്നിയതു മുഴുവൻവിളിച്ചു പറയുക, ആരോടും എപ്പോഴും എന്തും പറയാൻ നാവുവഴങ്ങുന്നത് നാവിന് എല്ലില്ലാത്തതു കൊണ്ടാണെന്നാണ് വിവക്ഷ.

അങ്ങനെ യാതൊരു നിയന്ത്രണവുമില്ല തെ സന്ദർഭം പോലും ശ്രദ്ധിക്കാതെ വായിൽവന്നതൊക്കെ സംസാരിക്കു ന്നിടത്ത് ഈ ശൈലിയുടെ പ്രയോഗിക്കാം.

ഉദാ: ദാസപ്പൻ ഗ്രാമസഭയിൽ വായിൽ തോന്നിയതൊക്കെ വിളിച്ചുപറഞ്ഞത് നാക്കിനെല്ലില്ലാഞ്ഞിട്ടല്ലേ?.

കാടും പടർപ്പും തല്ലുക
അപ്രസക്തമായതു പറയുക, പരസ്പര ബന്ധമില്ലാതെ പറയുന്നതിന്നും ഇതേ ശൈലി ഉപയോഗിക്കാറുണ്ട്. നായാട്ടിനു പോകുന്നവരുടെ സംസാരത്തിൽ ‘നിന്നു ഭാഷ സ്വീകരിച്ചതാവണം ഈ ശൈലി. നായാട്ടിനു പോകുന്നവർ മൃഗങ്ങളെ ഇളക്കാനായി കാടും വള്ളിപ്പടർപ്പും ആസകലം അടിച്ചു ബഹളമുണ്ടാ ക്കാറുണ്ടല്ലോ. അതുപോലെ ആവശ്യത്തിലധികം പ്രയത്നിക്കുകയും പറയുകയും ചെയ്യുന്നതിനും ബന്ധമി ല്ലാത്ത കാര്യങ്ങൾകൂടി ഉൾക്കൊള്ളിക്കുന്നതിനും ഈ ശൈലി പ്രയോഗിക്കുന്നു. കാടും പടലും തല്ലുക എന്നും ഇതിന് പകരമായി ഉപയാേഗിക്കാറുണ്ട്

ഉദാ: കാടും പടർപ്പും തല്ലുന്ന പോലെയാണ് പ്രതികളോട് ഇൻസ്പെടക്ടറുടെ ചോദ്യങ്ങൾ മുഴുവനും.

〰️〰️〰️〰️〰️

ഭാരതം 78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന തിരക്കിലാണ്
വർഷങ്ങൾ നീണ്ട ബ്രിട്ടീഷ് അടിമത്ത ഭരണത്തിൽ നിന്ന് മോചനം നേടിയതിന്റെ സ്മരണ പുതുക്കിയാണ് നാം ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. നമ്മുടെ വീരന്മാരായ സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗത്തെ ഓർമ്മപ്പെടുത്തുന്നതാണ് സ്വാതന്ത്ര്യദിനം. 2024 ഓഗസ്റ്റ് 15 ന് നാം സ്വാതന്ത്ര്യത്തിന്റെ 77 വർഷങ്ങൾ പിന്നിടുകയാണ്.

1947 ഓഗസ്റ്റ് 15 അർദ്ധരാത്രിയിലാണ് നാം സ്വാതന്ത്ര്യത്തിലേക്ക് കുതിച്ചെത്തിയത്. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കാൻ 200 വർഷത്തിലേറെ സമയമെടുത്തു. 1947 ഓഗസ്റ്റ് 15 ന് രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ആദ്യമായി ചെങ്കോട്ടയിൽ ത്രിവർണ്ണപതാക ഉയർത്തി. അതിനുശേഷം എല്ലാ വർഷവും സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി ഡൽഹിയിലെ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തുന്നു.

ഇനി മാഷെഴുതിയ ഒരു ഗാനമാണ്.

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲

സ്വാതന്ത്ര്യഗീതം
+++++++++++++

ഉണരട്ടെ ഉണരട്ടെ മൂവർണ്ണക്കൊടി
വാനിൽ
ഉയരട്ടെ ഉയരട്ടെ ഭാരത വർണ്ണ പതാക
ഒന്നാണ് നമ്മൾ ഒന്നാണ് നമ്മൾ
ഒരേ മനസ്സുള്ള മക്കൾ
ഭാരതാംബയുടെ മക്കൾ.
(ഉണരട്ടെ…..)
ജാതിമതങ്ങൾ ആചാരങ്ങൾ വേറെ
വേഷങ്ങൾ ഭൂഷകൾ ഭാഷകൾ വേറെ
എങ്കിലും ചോരയിൽ നമ്മളൊന്നാണ്
ചങ്കിൽ തുടിക്കുന്ന താളമൊന്നാണ്.
(ഉണരട്ടെ…..)
വർണ്ണങ്ങൾ കുലങ്ങൾ ഗോത്രാദികൾ
വേറെ
സംസ്ഥാനം നഗരം ഗ്രാമങ്ങൾ വേറെ
എങ്കിലും അമ്മ തൻ മക്കളാെന്നാണ്
ചങ്കിലെരിഞ്ഞിടും അഗ്നിയൊന്നാണ്
(ഉണരട്ടെ…..)
**”

ശൈലികളും സ്വാതന്ത്ര്യ ഗീതവും നിങ്ങൾക്ക് താല്പര്യമായില്ലേ? ഇനി ഒരു കഥയാവാം
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

കുട്ടികളായ കുട്ടികൾക്കെല്ലാം പരിചയമുള്ള അധ്യാപകനാണ് കഥയുമായി എത്തുന്നത്. . ശ്രീ. എ.ബി.വി.കാവിൽപ്പാട്.  പാലക്കാട് ജില്ലയിലെ കാവിൽപ്പാട് സ്വദേശി. റിട്ടയേർഡ് അധ്യാപകൻ. ബാലസാഹിത്യകാരൻ . കുട്ടികൾക്കു വേണ്ടി ഇത്രയധികം നല്ല പുസ്തകങ്ങൾ രചിച്ചിട്ടുള്ള ബാലസാഹിത്യപ്രതിഭ മലയാളത്തിൽ അപൂർവ്വമാണ്. പുരാണേതിഹാസങ്ങളിലെയും മുത്തശ്ശിച്ചൊല്ലുകളിലെയും കഥകൾ മാത്രമല്ല വിദേശബാലസാഹിത്യ കഥകളും ധാരാളമായി പുനരാഖ്യാനം ചെയ്തിട്ടുണ്ട്. ബാലകവിതകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മലയാളത്തിലെ വളർന്നു വരുന്ന ബാലസാഹിത്യപ്രതിഭകളെ കണ്ടെത്തി വളർത്തിയെടുക്കുന്ന സാഹിത്യഗുരുനാഥൻ കൂടിയാണ് ശ്രീ. കാവിൽപ്പാട് മാഷ്.

🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸

🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

അദ്ദേഹമെഴുതിയ ഒരു കഥയാണ് ഇനി നിങ്ങൾക്കായി വിളമ്പുന്നത്.

പക തീർക്കൽ
+++++++++++

പണ്ടു പണ്ട് ഒരു രാക്ഷസൻ ഒരു പൂവൻകോഴിയെ അപമാനിച്ചു. രാക്ഷസനോട് പ്രതികാരം ചെയ്യണമെന്ന് പൂവന് അതിയായ മോഹം. അവൻ അതിനുള്ള ഒരുക്കം ആരംഭിച്ചു. എന്തൊക്കെയാണെന്നല്ലേ ഒരുക്കങ്ങൾ? നാലു ചക്രങ്ങളുള്ള ഒരു വണ്ടി അവൻ തയ്യാറാക്കി. ആ വണ്ടിയിൽ നാല് എലികളെ പൂട്ടി. പിന്നീട് അവനും പ്രിയപ്പെട്ട പിടക്കോഴിയും വണ്ടിയിൽ കയറി പ്രതികാരം ചെയ്യുവാൻ രാക്ഷസന്റെ വീട്ടിലേക്കു പുറപ്പെട്ടു.

പോകുന്ന വഴിയിൽ അവർ ഒരു പൂച്ചയെ കണ്ടുമുട്ടി. വണ്ടി നിറുത്തി പൂവൻകോഴി പൂച്ചയോടു പറഞ്ഞു.

“പൂച്ചേ പൂച്ചേ.. രാക്ഷസൻ എന്നേയും നിന്നേയും ഈ ഭൂമുഖത്തുള്ള എല്ലാ കൊച്ചുകൊച്ചു ജീവികളേയും അപമാനിച്ചിരിക്കുന്നു. ഞാൻ അയാളോട് പ്രതികാരം ചെയ്യുവാൻ പോവുകയാണ്.എന്താ നീ വരുന്നോ?”

പൂവന്റെ ചോദ്യം കേട്ട് പൂച്ച പറഞ്ഞു:

“ഓഹോ നമ്മളെയൊക്കെ അപമാനിക്കാൻ രാക്ഷസൻ അത്ര വളർന്നോ? എന്നാൽ അതു കാണണമല്ലോ. ഞാനും വരുന്നുണ്ട് ”

വണ്ടിയിൽ പൂച്ചയേയും കയറ്റി അതിവേഗത്തിൽ പൂവൻകോഴി രാക്ഷസൻ്റെ വീടിനെ ലക്ഷ്യമാക്കി വണ്ടി ഓടിച്ചു. വഴിക്കുവച്ച് കണ്ടുമുട്ടിയ ആട്ടുകല്ല്, മൊട്ടുസൂചി, മുട്ട, താറാവ്, സൂചി ഇവയെല്ലാം തങ്ങൾക്ക് രാക്ഷസനിൽ നിന്നും ഏറ്റ അപമാനത്തെക്കുറിച്ചു പൂവനിൽനിന്നും കേട്ടറിഞ്ഞു. രാക്ഷസനോട് പ്രതികാരം ചെയ്യുവാൻ അവയും വണ്ടിയിൽക്കയറി.

ഇപ്പോൾ ആരൊക്കെയാണെന്നല്ലേ രാക്ഷസനോട് പ്രതികാരം ചെയ്യാൻ പുറപ്പെട്ടിരിക്കുന്നത്? പൂവനും പിടയും, പിന്നെ പൂച്ച, ആട്ടുകല്ല്, മൊട്ടുസൂചി, മുട്ട, താറാവ്, സൂചി.

എല്ലാവരും കൂടി വണ്ടിയിൽ രാക്ഷസന്റെ വീട്ടിലെത്തിയപ്പോൾ രാക്ഷസൻ പുറത്തെങ്ങോ പോയിരിക്കുകയായിരുന്നു. വണ്ടി നിറുത്തി എല്ലാവരും താഴെയിറങ്ങി. എലികൾ വണ്ടിവലിച്ച് ഒഴിഞ്ഞൊരു മൂലയിൽ കൊണ്ടുപോയി നിറുത്തിയിട്ടു. കോഴിപ്പൂവൻ ഓരോരുത്തരും ചെയ്യേണ്ട കാര്യങ്ങൾ പറഞ്ഞു. അതനുസരിച്ച് പൂവനും പിടയും രാക്ഷസന്റെ വീടിന്റെ ഉത്തരത്തിൽ കയറിയിരുന്നു. പൂച്ച അടുപ്പിനരുകിലും, താറാവ് വെള്ളമെടുക്കുന്നിടത്തും, മുട്ട ഒരു തോർത്തിനകത്തും, മൊട്ടുസൂചി കസേരയിലെ കുഷ്യനകത്തും, സൂചി കിടക്കയിലും, ആട്ടുകല്ല് വാതിലിനു മുകളിലും കയറി ഒളിച്ചിരുന്നു.

പുറത്തുപോയ രാക്ഷസൻ മടങ്ങിയെത്തി. വന്നപാടേ രാക്ഷസൻ അടുക്കളയിൽ ചെന്ന് ആഹാരം പാകം ചെയ്യാനൊരുങ്ങി. അയാൾ അടുപ്പിനടുത്തു ചെന്ന് തീ പൂട്ടുമ്പോൾ പൂച്ച അയാളുടെ മുഖത്തേക്ക് ചാരം തോണ്ടിയിട്ടു!
മുഖം കഴുകാൻ വെള്ളമെടുക്കാൻ ചെന്ന രാക്ഷസന്റെ കണ്ണിലേക്ക് താറാവ് വെള്ളം ശക്തിയായി തെറിപ്പിച്ചു!

മുഖത്തെ വെള്ളം തുടച്ചുകളയാൻ തോർത്തെടുത്തപ്പോൾ മുട്ട ഉടഞ്ഞ് രാക്ഷസൻ്റെ മുഖത്തു കൂടി ഒഴുകി! കസേരയിൽ വന്നിരുന്ന രാക്ഷസനെ കുഷ്യനകത്ത് ഒളിച്ചിരുന്ന മൊട്ടുസൂചി ആഞ്ഞു കുത്തി!

മൊട്ടുസൂചിയുടെ കുത്തേറ്റു ചാടിയെഴുന്നേറ്റ് കട്ടിലിൽ പോയിക്കിടന്ന രാക്ഷസന്റെ കഴുത്തിൽ തലയിണയിൽ ഒളിച്ചിരുന്ന സൂചി കുത്തിക്കയറി

വർദ്ധിച്ച വേദനയോടെ പുറത്തേക്ക് ഓടാനൊരുങ്ങിയ രാക്ഷസൻ വാതില്ക്കലെത്തിയപ്പോൾ “ഡും” വാതില്ക്കൽ കയറിയിരുന്ന ആട്ടുകല്ല് രാക്ഷസന്റെ തലയിൽ പതിച്ചു! രാക്ഷസൻ ചത്തുവീണു! തങ്ങളെ അപമാനിച്ച രാക്ഷസനോട് പകതീർത്ത സന്തോഷത്തോടെ കോഴിപ്പൂവനും പരിവാരവും വണ്ടിയിൽ കയറി യാത്രതിരിച്ചു. മടങ്ങിപ്പോകുമ്പോൾ ഒരാൾ മാത്രം കുറവായിരുന്നു. ആരാണെന്നോ? മുട്ട. പാവം, രാക്ഷസനോട് പ്രതികാരത്തിനു മുതിരുമ്പോൾ ഉടഞ്ഞു പോയല്ലോ!

———————————–

നല്ല കഥ. ഒരുമയുണ്ടെങ്കിൽ എത്ര ശക്തനായ എതിരാളിയെയും ജയിക്കാമെന്ന സന്ദേശമാണ് ഈ കഥ പറയുന്നത്.

——————————————————

പകതീർക്കലിന്റെ ആവേശം മനസ്സിലങ്ങനെ കിടന്ന് പെരുക്കട്ടെ. അതിനെ മധുരംചേർത്തു സുഖകരമാക്കാൻ നല്ല ഒരു കുഞ്ഞു കവിതയുമായി നിങ്ങളെക്കാണാൻ ഒരു സാഹിത്യകാരി എത്തിയിട്ടുണ്ട്. കഥകളും കവിതകളും നാടൻ പാട്ടുകളും ഒക്കെ എഴുതുന്ന ചിത്രകാരിയും കൂടെയായ സുജ കൊക്കാട്.

കൊട്ടാരക്കര താലൂക്കിൽ കോക്കാടുകാരിയായ സുജ, പി.വിജയ(late)ന്റെയും എൽ.ഇന്ദിരയുടെയും മകളാണ്.

കേരളാ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും ടൈപ്പ് റൈറ്റിംഗ് ഹയറും, കമ്പ്യൂട്ടർ പി ജി ഡി സി എ.യും പാസ്സായിട്ടുണ്ട്. മലയാളി മാഗസിനിൽ സ്ഥിരമായി എഴുതാറുണ്ട്.

മഴച്ചില്ലകൾ തളിർക്കു മ്പോൾ (എ സ്ക്വയർ മീഡിയ പബ്ലിക്കേഷൻസ് )
താരത്തിളക്കം, രാത്രിമഴ പെയ്തുകൊണ്ടിരിക്കുന്നു (യുവ പബ്ലിക്കേഷൻസ് )
പലമഴപ്പെയ്ത്ത് (സരോവരം പബ്ലിക്കേഷൻസ്) എന്നീ പുസ്തകങ്ങളിലും
ന്യൂസ് ട്രാക് ദിനപ്പത്രം, ഗാന്ധി ദർശൻ മാസിക തുടങ്ങിയവയിലും രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മലയാള കാവ്യസാഹിതി, (എറണാകുളം) കേരളസാഹിത്യസംഘം(കൊട്ടാരക്കര)
സുഗതകുമാരി സാഹിത്യവേദി, (കോഴിക്കോട് ) എന്നിവിടങ്ങളിൽനിന്ന് കവിതാ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

സുജ വി കൊക്കാട് എഴുതിയ കവിതയാണ് താഴെ കൊടക്കുന്നത്.

🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄

🦨🦨🦨🦨🦨🦨🦨🦨🦨🦨🦨🦨🦨🦨

അണ്ണാറക്കണ്ണനോട്
〰️〰️〰️〰️〰️〰️〰️〰️

അണ്ണാറക്കണ്ണാ! പൂവാലാ! നിന-
ക്കെങ്ങനെകിട്ടിയീ മൂന്നുവര?
മാനത്തെ മാരിവിൽ തന്നതാണോ,
മാവിന്റെ കൊമ്പത്തുരഞ്ഞതാണോ?
അല്ലല്ലയീവര മുതുകിലെ മൂവര
ശ്രീരാമദേവൻ്റെ തൃക്കൈവര!
വരമാണു കുഞ്ഞേ! കഴിവതു
ചെയ്തതിൻ ഫലമാണ്,
ദേവൻ്റെ തൃക്കൈവര!

——————————–

അണ്ണാറക്കണ്ണൻ്റെ മുതുകിലെ വരയുടെ ഇതിഹാസകഥ
ഓർമ്മിപ്പിക്കുകയാണ് ഈ കവിതയിലൂടെ സുജ കൊക്കാട്.നല്ലതു
ചെയ്താൽ നന്മ വരും. അതെന്നേക്കും ഓർമ്മയായി നിലനില്ക്കുകയും ചെയ്യും.

——————–

നല്ല ഈ കവിതയ്ക്കു ശേഷം ഇനി നമുക്കൊരു കഥയായാലോ ചങ്ങാതിമാരേ.? ഈ കഥ എഴുതിയത് കുട്ടികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കവിയാണ് , ശ്രീ.രാമകൃഷ്ണൻ കുമരനല്ലൂർ. 

കവിത,കഥ,കഥാകാവ്യം,പുനരാഖ്യാനം എന്നീമേഖലകളിലായി ഇരുപതിലധികം ബാലസാഹിത്യകൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് പുസ്തകങ്ങള്‍ തമിഴിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
NCERT ദേശീയപുരസ്കാരം,സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്, ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ് , അദ്ധ്യാപകലോകം അവാര്‍ഡ് തുടങ്ങി നിരവധി ബഹുമതികള്‍ ലഭിച്ചു.
യുറീക്ക മാസികയുടെ പത്രാധിപരായിരുന്നു.
കുമരനല്ലൂർ സാറിന്റെ കഥ താഴെ കൊടുക്കുന്നു.

🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠

🏚️🏚️🏚️🏚️🏚️🏚️🏚️🏚️🏚️🏚️🏚️🏚️🏚️🏚️

വെണ്ണവീട്
〰️〰️〰️〰️〰️

‘എനിക്കൊരു വീട് വേണം”

“ആയിക്കോട്ടെ”

‘വെണ്ണകൊണ്ടൊരു വീട് ”

* അയ്യോ! വെണ്ണകൊണ്ടൊരു വീടോ ?”

‘ അതെ, വെണ്ണകൊണ്ടൊരു വീട്

* അപ്പോൾ വെയിലത്തുരുകിലേ വീട്?”

‘ വെയിലത്തുരുക്യാ തണുപ്പത്തുറക്കേം ചെയ്യില്വേ ?”

” തൈരിൻ്റെ മണമുണ്ടായിരിക്കും വീടിന്”

” അതെങ്ങനെ?”

* തൈരിൽ നിന്നല്ലേ വെണ്ണയെടുക്കുന്നത്?”

“അപ്പോ പാലിന്റെ മണോംണ്ടായിരിക്കും”

” അതെങ്ങനെ?”

‘പാലല്ലേ തൈരാകുന്നത്?”

‘എന്നാൽ പയ്യിൻ്റെ മണോംണ്ടാകും വീടിന്”

* അതെങ്ങനെ?”

“പയ്യല്ലേ പാല് തരുന്നത് ?”

“അയ്യോ!പയ്യിന്റെ മണമുള്ള വീട്ടിൽ എങ്ങന്യാ കെടക്ക്വാ ?” “പയ്യിന്റെ മണമുണ്ടെങ്കി പുല്ലിൻ്റെ മണോംണ്ടാകും വീടിന്.

പയ്യ് പുല്ലല്ലേ തിന്നണത്”

“പയ്യിന്റേം പുല്ലിന്റേം മണമുള്ള വെണ്ണവീട് വേണോ കൂട്ടുകാരേ!

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
വെണ്ണവീട് എന്നകഥ വായിച്ച് രസിച്ചിരിക്കുന്ന കുഞ്ഞുങ്ങളേ നിങ്ങൾക്കു വേണ്ടി സുന്ദരമായ ഒരു കവിതയും പാടി വി.ബി.സുദക്ഷിണ ടീച്ചർ വരുന്നുണ്ട്.

അധ്യാപകരായ വേങ്ങശ്ശേരി ബാലകൃഷ്ണൻ എഴുത്തച്ഛന്റെയും ജാനകി ടീച്ചറുടെയും മകളായി പാലക്കാട് ജില്ലയിൽ മണ്ണാർക്കാടാണ് ടീച്ചർ ജനിച്ചത്. മണ്ണാർക്കാട്, ALPS, KTMHS,കല്ലടി MES കോളേജ്, ചിറ്റൂർ GBTS എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.

മലപ്പുറം, പാലക്കാട് ജില്ലകളിൽ അധ്യാപികയായിരുന്നു.മേഴത്തൂർ GHSS ൽ നിന്നും വിരമിച്ചു.

ABV കാവിൽപ്പാട് സാറിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ അക്ഷരപ്പാട്ടുകൾ, ഗുണപാഠകവിതകൾ,സംഖ്യാഗാനങ്ങൾ, കുട്ടിക്കവിതകൾ എന്നിവയിൽ ഭാഗമായിട്ടുണ്ട്.

കർഷകനായ ശ്രീ.MK ചന്ദ്രശേഖരനാണ് ടീച്ചറുടെ ഭർത്താവ്. ചിത്ര,നിഖില, സച്ചിൻ എന്നിവർ മക്കളും, ദിലീപ്, പ്രദീപ് എന്നിവർ മരുമക്കളുമാണ്.
വി.ബി സുദക്ഷിണ ടീച്ചറുടെ കവിതയാണ് താഴെ.

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄

മൂങ്ങ
********

അന്തിയ്ക്ക് മൂളുന്ന കൂട്ടുകാരാ,

അന്തിയാവോളം ഉറങ്ങിയാലോ?

കലപിലപാടും കിളിയെക്കണ്ടോ

പാറിപ്പറക്കും പൂമ്പാറ്റയെക്കണ്ടോ?

മാനത്തെ മാരിവിൽ കാണേണ്ടേ

കതിരണി പാടങ്ങൾ കാണേണ്ടേ?

പകലോൻ വരുന്നേരം കൂടെപ്പോരൂ

ഈ വർണ്ണ പ്രപഞ്ചത്തെയാസ്വദിക്കൂ!

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
സുദക്ഷിണ ടീച്ചറുടെ മൂങ്ങ ഇഷ്ടമായല്ലോ അല്ലേ?നല്ല കവിത. ഇത് പാടിപ്പാടി പഠിക്കണം. കൂട്ടുകാരെ കേൾപ്പിക്കണം.

ഇത്തവണത്തെ വിഭവങ്ങളൊക്കെ ആസ്വാദ്യമായോ? കൂട്ടുകാർ ഇത് മറ്റു ചങ്ങാതിമാർക്കു കൂടെ ഷെയർ ചെയ്തു കൊടുക്കണേ. അങ്ങനെ അവരും ഇതെല്ലാം വായിച്ച് സന്തോഷിക്കട്ടെ.

പ്രിയമുള്ള പുതിയ വിഭവങ്ങളുമായി നമുക്കിനി നക്ഷത്രക്കൂടാരത്തിന്റെ പുതിയവാതിൽ തുറക്കാനെത്തുമ്പോൾ കാണാം കുട്ടുകാരേ……!!.

സ്നേഹത്താേടെ,
നിങ്ങളുടെ.. പ്രിയപ്പെട്ട

കടമക്കുടി മാഷ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments