Sunday, November 24, 2024
Homeഅമേരിക്കഛിന്നഗ്രഹപതനം യഥാർത്ഥ ഭീഷണി, കൂട്ടവംശനാശത്തിന് അത് കാരണമാവും- എസ്. സോമനാഥ്.

ഛിന്നഗ്രഹപതനം യഥാർത്ഥ ഭീഷണി, കൂട്ടവംശനാശത്തിന് അത് കാരണമാവും- എസ്. സോമനാഥ്.

1908 ജൂണ്‍ 30-ന് റഷ്യയിലെ സൈബീരിയയിലെ തുന്‍ഗസ്‌ക വനപ്രദേശത്ത് ഒരു വാല്‍നക്ഷത്രമോ, ആസ്റ്ററോയിഡോ ഭൗമാന്തരീക്ഷത്തില്‍ വെച്ച് പൊട്ടിത്തെറിക്കുകയുണ്ടായി.12 മെഗാടണ്‍ ശക്തിയുള്ള ആ സ്ഫോടനത്തില്‍ തുന്‍ഗസ്‌ക വനപ്രദേശത്തെ 2150 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ 8 കോടിയോളം മരങ്ങള്‍ നിലം പതിച്ചു. സ്ഫോടനത്തിന്റെ തരംഗങ്ങളും ഉഷ്ണതരങ്കവും കിലോമീറ്ററുകള്‍ക്കപ്പുറത്തേക്ക് സഞ്ചരിച്ചു. അത് പോയ വഴിയെല്ലാം ആഘാതം സൃഷ്ടിച്ചു. ഉല്‍ക്കാ പതനത്തിന്റെ ആഘാതം എത്രത്തോളമുണ്ടായേക്കുമെന്നതിന്റെ തെളിവാണ് ഈ സംഭവം.

ഭൂമിയ്ക്കടുത്ത് നില്‍കുന്ന ഛിന്നഗ്രഹം അപ്പോഫിസും സമാനമായ ഭീഷണിയാണ് ഉയര്‍ത്തുന്നത്. 370 മീറ്റര്‍ വ്യാസമുള്ള അപോഫിസ് ദശാബ്ദങ്ങള്‍ക്കുള്ളില്‍ ഭൂമിയില്‍ പതിച്ചേക്കുമെന്നാണ് ബഹിരാകാശ ശാസ്ത്രജ്ഞരുടെ പ്രവചനം. 2029 ഏപ്രില്‍ 13 -ന് അപ്പോഫിസ് ഭൂമിക്കരികിലൂടെ കടന്നുപോവും. പിന്നീട് വീണ്ടും 2036-ല്‍. ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചാല്‍ അത് ഭൂമിയിലെ സര്‍വചരാചരങ്ങളുടെയും നാശത്തിന് കാരണമാവുമെന്ന് പറയുകയാണ് ഐഎസ്ആര്‍ഒ മേധാവി എസ്. സോമനാഥ്. ന്യൂസ് 18 നോടാണ് അദ്ദേഹം ഇത് സംബന്ധിച്ച് പ്രതികരിച്ചത്.

’70 വയസും 80 വയസും വരെയുള്ള നമ്മുടെ ജീവിത കാലത്ത് നമ്മള്‍ അത്തരം ഒരു ദുരന്തം കാണാനിടയില്ലാത്തതിനാല്‍ നമ്മളതിനെ നിസാരമായി കാണുകയാണ്. ലോകത്തിന്റേയും പ്രപഞ്ചത്തിന്റേയും ചരിത്രത്തില്‍ ഛിന്നഗ്രഹങ്ങള്‍ ഗ്രഹങ്ങളോട് അടുക്കുന്നതും അതിന്റെ സ്വാധീനവുമെല്ലാം പതിവായി സംഭവിക്കുന്നതാണ്. വ്യാഴത്തില്‍ ഷൂമേക്കര്‍ ലെവി എന്ന വാല്‍നക്ഷത്രം വന്നിടിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അത്തരം ഒരു സംഭവം ഭൂമിയിലുണ്ടായാല്‍
നമ്മള്‍ക്കെല്ലാം വംശനാശം സംഭവിക്കും.’ അദ്ദേഹം പറഞ്ഞു.

“യഥാര്‍ത്ഥമായ സാധ്യതകളാണിവ. നമ്മള്‍ സ്വയം തയ്യാറാവേണ്ടതുണ്ട്. നമ്മുടെ ഭൂമിക്ക് അത് സംഭവിക്കരുത്. മനുഷ്യ വംശവും എല്ലാ ജീവജാലങ്ങളും ഇവിടെ ജീവിക്കണം. ഛിന്നഗ്രഹ പതനത്തെ നമുക്ക് തടയാനായേക്കില്ല. പക്ഷെ പകരം മാര്‍ഗങ്ങള്‍ സ്വീകരിക്കണം. ഛിന്നഗ്രഹത്തെ വഴിതിരിച്ചുവിടുകയെന്ന രീതിയുണ്ട്. ഭൂമിയോടടുക്കുന്ന വസ്തുക്കളെ തിരിച്ചറിയുകയും അവയെ വഴിതിരിച്ചുവിടുകയും വേണം. ചിലപ്പോള്‍ ആ ശ്രമം പരാജയപ്പെട്ടേക്കാം. അതിനാല്‍ സാങ്കേതിക വിദ്യ വികസിക്കേണ്ടതുണ്ട്. പ്രവചിക്കാനുള്ള കഴിവുകളും ഛിന്നഗ്രഹങ്ങളെ വഴിതിരിച്ചുവിടാനുള്ള ഭാരമേറിയ ഉപകരണങ്ങള്‍ ബഹിരാകാശത്തയക്കാനുള്ള കഴിവുകളും ആര്‍ജിക്കണം. നിരീക്ഷണം മെച്ചപ്പെടുത്തണം. രാജ്യങ്ങള്‍ സംയുക്തമായി ഇതിനായി പ്രവര്‍ത്തിക്കണം’, സോമനാഥ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments