ശമനതാള മൃദുമന്ദഹാസമായ്
വാതിലിൽ മുട്ടുന്നു ശ്രാദ്ധദേവൻ
വന്നുവോ നീയെന്ന ചോദ്യത്തിനുത്തരം
പാശേന നൽകിയാ ധർമ്മരാജൻ .
ഒഴുകുന്ന മിഴിനീർ തുടയ്ക്കാൻ മറന്നിട്ട്
നിശ്ചലം നിൽക്കുന്നു മക്കൾ ചാരേ
ഒന്നിലും തളരാത്ത പാതിയോ ഇന്നിതാ
ശൂന്യതയിൽ മിഴിപാകി നിന്നിടുന്നു.
ശവക്കച്ചയണിയിക്കാൻ നേരമായ്
ചൊല്ലുന്നു കാർമ്മികൻ മക്കളോട്
ചേർത്തടച്ചിട്ടുമടയാ മിഴിക്കോണിൽ
ഒരു തുള്ളി കണ്ണീർ തുളുമ്പി നിൽപ്പൂ.
കാപട്യമേലാട ചാർത്തിയോർ ചുറ്റിലും
നിൽക്കുന്നു ദുഃഖം കടം കൊണ്ടപോൽ
തേങ്ങലുകൾ പൊട്ടിക്കരച്ചിലായ്
മാറുന്നു
ഇത്ര മേൽ സ്നേഹമോ ഓർത്തു
ഞാനും.