ആന്റിഗ്വ: ട്വന്റി20 ലോകക്കപ്പിലെ ആദ്യ സൂപ്പര്എട്ടില് അമേരിക്കയെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്കയ്ക്ക് വിജയം.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തു. അമേരിക്ക ആറു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്ത് പൊരുതി വീണു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ക്വിന്റണ്‍ ഡി കോക്ക് (40 പന്തില്‍ 74), എയ്ഡന്‍ മാര്‍ക്രം (32 പന്തില്‍ 46) മികച്ച പ്രകടനം പുറത്തെടുത്തു. ഹെന്റിച്ച് ക്ലാസന് 22 പന്തില്‍ പുറത്താവാതെ നേടിയ 36 റണ്‍സ് നിര്‍ണായമായി.
മറുപടി പറഞ്ഞ അമേരിക്ക ഒരു ഘട്ടത്തിൽ ബാറ്റിംഗ് തകർച്ച നേരിട്ടു. 76 റൺസിനിടെ അഞ്ച് വിക്കറ്റ് അമേരിക്കയ്ക്ക് നഷ്ടമായി. സ്റ്റീവന്‍ ടെയ്ലര് (24), നിതീഷ് കുമാര്‍ (എട്ട്), ആരോണ്‍ ജോണ്‍സ് (0), കോറി ആന്ഡേഴ്സണ് (12), ഷയാന്‍ ജഹാങ്കീര്‍ (മൂന്ന്) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
എന്നാൽ ആറാം വിക്കറ്റിൽ ആൻഡ്രിയാസ് ഗൗസ്-ഹർമീത് സിംഗ് സഖ്യം 91 റൺസ് കൂട്ടിച്ചേർത്തു. പക്ഷേ ഇരുവരുടെയും പോരാട്ടം വിജയത്തിലേക്കെത്തിയില്ല. ഗൗസ് 80 റൺസുമായി പുറത്താകാതെ നിന്നപ്പോൾ ഹർമീത് സിംഗ് 38 റൺസുമായി പുറത്തായി. ജസ്ദീപ് സിംഗ് (രണ്ട്) പുറത്താവാതെ നിന്നു.