ന്യൂഡല്‍ഹി: കേന്ദ്ര ന്യൂനപക്ഷ വകുപ്പ് കൈകാര്യം ചെയ്യുന്ന ആദ്യ ബുദ്ധമതക്കാരന്‍ എന്ന പേര് സ്വന്തമാക്കി കേന്ദ്രമന്ത്രി കിരണ്‍ റിജിജ്ജു. കേരളത്തില്‍ നിന്നുള്ള ജോര്‍ജ് കുര്യനായിരിക്കും റിജിജ്ജുവിന്റെ പ്രധാന സഹായി.
സാധാരണയായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുസ്ലീം സമുദായത്തില്‍ നിന്നുള്ള മന്ത്രിമാരാണ് കൈകാര്യം ചെയ്ത് വന്നിരുന്നത്. മുന്‍ ബിജെപി സര്‍ക്കാരുകളുടെ കാലത്തും ഈ രീതി തന്നെയായിരുന്നു നിലനിന്നിരുന്നത്. 2022 ജൂലൈയില്‍ മുഖ്താര്‍ അബ്ബാസ് നഖ്‌വി ന്യൂനപക്ഷ വകുപ്പ് മന്ത്രിസ്ഥാനം രാജിവെച്ചതോടെയാണ് ഈ രീതിയ്ക്ക് അല്‍പ്പം മാറ്റം വന്നത്. നഖ്‌വിയുടെ രാജിയ്ക്ക് പിന്നാലെ ന്യൂനപക്ഷ വകുപ്പിന്റെ ചുമതല അന്നത്തെ വനിതാ ശിശുക്ഷേമ വികസന വകുപ്പ് മന്ത്രിയായിരുന്ന സ്മൃതി ഇറാനിയ്ക്ക് ലഭിക്കുകയായിരുന്നു. സമാനമായി ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ തലപ്പത്തിരിക്കുന്നത് സിഖ് വംശജനായ ഇക്ബാല്‍ സിംഗ് ലാല്‍പുരയാണ്. സാധാരണയായി മുസ്ലീം സമുദായത്തില്‍ നിന്നുള്ളവര്‍ എത്തിപ്പെട്ടിരുന്ന പദവിയായിരുന്നു ഇത്.
പാര്‍ലമെന്റിന്റെ ഇരുസഭകളിലും എന്‍ഡിഎയില്‍ നിന്നുള്ള മുസ്ലീം അംഗങ്ങള്‍ കുറവാണ്. ഇതാകാം കിരണ്‍ റിജിജ്ജുവിനെ ന്യൂനപക്ഷ വകുപ്പ് മന്ത്രിയായി തെരഞ്ഞെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.
2014ല്‍ രാജ്യസഭാ എംപിയായിരുന്ന നജ്മ ഹെപ്തുള്ളയെയാണ് ന്യൂനപക്ഷ വകുപ്പ് മന്ത്രിയായി ബിജെപി സര്‍ക്കാര്‍ നിയോഗിച്ചത്. എന്നാല്‍ 2016ല്‍ മണിപ്പൂര്‍ ഗവര്‍ണറായി നിയമനം ലഭിച്ചതോടെ നജ്മ ഈ സ്ഥാനം രാജിവെച്ചിരുന്നു.2014മുതല്‍ മന്ത്രിസഭയിലുണ്ടായിരുന്ന മുഖ്താര്‍ അബ്ബാസ് നഖ്‌വിയെ പിന്നീട് ന്യൂനപക്ഷ വകുപ്പ് മന്ത്രിയായി നിയമിക്കുകയായിരുന്നു. 2019 വരെ അദ്ദേഹം ഈ പദവി വഹിച്ചിരുന്നു. മോദി സര്‍ക്കാര്‍ രണ്ടാമതും അധികാരത്തിലെത്തിയതോടെ നഖ്‌വിയെ വീണ്ടും തല്‍സ്ഥാനത്തേക്ക് പുനര്‍നിയമിക്കുകയായിരുന്നു.
2006ല്‍ യുപിഎ സര്‍ക്കാരാണ് ആദ്യമായി ന്യൂനപക്ഷ വകുപ്പ് മന്ത്രിയെ നിയമിക്കുന്നത്. അബ്ദുള്‍ റഹ്‌മാന്‍ അന്റുലെ ആയിരുന്നു ആദ്യമായി ഈ പദവിയിലെത്തിയത്. അദ്ദേഹത്തിന് ശേഷം സല്‍മാന്‍ ഖുര്‍ഷിദ്, കെ റഹ്‌മാന്‍ ഖാന്‍ എന്നിവരും ഈ പദവി വഹിച്ചു.