ചെന്നൈ: മുത്താപുതുപ്പേട്ടില്‍ മലയാളി ദമ്പതിമാരെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രാജസ്ഥാന്‍ സ്വദേശി മഹേഷ് തനിച്ചാണ് കൃത്യംചെയ്തതെന്ന് പോലീസ് നിഗമനം.
പാലാ പിഴക് പഴയകുളത്ത് ശിവന്‍നായര്‍, ഭാര്യ എരുമേലി പുഷ്പവിലാസം പ്രസന്നകുമാരി എന്നിവരാണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. ഇവരോട് മഹേഷിനുള്ള വ്യക്തിവിരോധമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് കണ്ടെത്തല്‍. മോശം പെരുമാറ്റത്തിന്റെപേരില്‍ ഇയാളെ ശിവന്‍നായരും കുടുംബാംഗങ്ങളും മുന്‍പ് താക്കീത് ചെയ്തിരുന്നതായും പോലീസ് പറഞ്ഞു.
നേരത്തേ പലതവണ ഇവിടെയെത്തി പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നതിനാല്‍ മരുന്ന് വാങ്ങുന്നതിനായിപോലും വീട്ടില്‍ വരാന്‍ പാടില്ലെന്ന് മഹേഷിനോട് ശിവന്‍നായരും പ്രസന്നകുമാരിയും പറഞ്ഞിരുന്നു. ഇത് വകവെക്കാതെ കഴിഞ്ഞ ദിവസം വീണ്ടുമെത്തിയപ്പോള്‍ പ്രസന്നകുമാരി ദേഷ്യപ്പെട്ടതായി ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ അശ്ലീലചിത്രങ്ങള്‍ക്ക് അടിമയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ശിവന്‍നായരുടെയും പ്രസന്നകുമാരിയുടെയും മൃതദേഹങ്ങള്‍ ചൊവ്വാഴ്ച കുടുംബാംഗങ്ങള്‍ക്ക് കൈമാറി. ഓസ്ട്രേലിയയിലുള്ള മകള്‍ എത്തിയതിനുശേഷം സംസ്‌കാരം ചെന്നൈയില്‍ നടത്തും.