Wednesday, December 25, 2024
Homeസ്പെഷ്യൽപുര നിറഞ്ഞ് പുരുഷന്മാർ (ലേഖനം) ✍ഒ.കെ. ശൈലജ ടീച്ചർ

പുര നിറഞ്ഞ് പുരുഷന്മാർ (ലേഖനം) ✍ഒ.കെ. ശൈലജ ടീച്ചർ

ഒ.കെ. ശൈലജ ടീച്ചർ

ഈ ശീർഷകം വായിക്കുമ്പോൾ ഒരു തമാശയായി തോന്നി തള്ളിക്കളയരുതേ എന്നൊരു അപേക്ഷയോടെ തുടങ്ങട്ടെ.

പ്രപഞ്ചത്തിൽ ജീവനുള്ളവയും ജീവനില്ലാത്തവയും ഉണ്ട്.

ജീവനുള്ളവയുടെ സവിശേഷതകളാണ് അവ വളരുന്നു, ആഹാരം കഴിക്കുന്നു. ചുറ്റുമുള്ളവയോട് പ്രതികരിക്കുന്നു. വിസർജ്ജനം നടത്തുന്നു പ്രത്യുല്പാദനം നടത്തുന്നു എന്നിവ. ഇതെല്ലാം തന്നെ വളരെ പ്രാധാന്യമുള്ളതുമാണ്.

പ്രപഞ്ചത്തിൻ്റെ നിലനില്പ് സൃഷ്ട്രിയിലധിഷ്ഠിതമാണ്.
പക്ഷിമൃഗാദികളിലും, സസ്യലതാദികളിലും ആൺ പെൺ വർഗ്ഗമുണ്ട്.

നിങ്ങളൊന്നു ചിന്തിച്ചുനോക്കൂ. നന്നായിട്ടൊന്നു പ്രകൃതിയെ നിരീക്ഷിക്കൂ! .

ഒരേ വർഗ്ഗം തന്നെ പോരേ. എന്തിനാണ് ആണെന്നും, പെണ്ണെന്നുമുള്ള വേർതിരിവ്.

ഒരുപക്ഷേ നമ്മളാരും ആഗ്രഹിച്ചിട്ടല്ല, നമ്മൾ ഈ ഭൂമിയിൽ ജന്മമെടുത്തത്.
അതൊരു പ്രകൃതി നിയമമാണ്.

ജനനത്തിനുശേഷം വളരുന്നതും വലുതാവുന്നതും സ്വന്തമായിട്ടല്ല എന്നതാണ് സത്യം.

നമുക്ക് ജന്മം തന്നവർ , അതായത് നമ്മുടെ മാതാപിതാക്കൾ ആഗ്രഹിച്ചിട്ടാണ് നാം പിറവി കൊള്ളുന്നത്. നിർഭാഗ്യവശാൽ, ആഗ്രഹിക്കാതെ പിറന്നുവീഴുന്നവരും, ആഗ്രഹിച്ചിട്ടും സന്താനഭാഗ്യം ലഭിക്കാത്തവരുമുണ്ട്.

ഒരു ഇരുപത് വർഷങ്ങൾക്കു മുമ്പുള്ള ചിന്താഗതിയോ,തീരുമാനമോ അല്ല ഇന്നത്തെ തലമുറയ്ക്കുള്ളത് എന്നത് ചിന്തനീയമാണ്.

നമുക്കറിയാം വർഷങ്ങൾക്കു മുമ്പ് ഇവിടെ കൊടികുത്തിവാണിരുന്ന ദുരാചാരങ്ങളും, അന്ധവിശ്വാസങ്ങളും, അനുഷ്ഠാനങ്ങളും, മേൽക്കൊയ്മകളുമെല്ലാം എത്രത്തോളം നിന്ദ്യവും, ക്രൂരവും, അപലപനീയവുമാണെന്ന്.

ബാലവിവാഹം, സതി, മാറുമറയ്ക്കാൻ അനുവദിക്കായ്ക, അങ്ങനെ അനവധി ദുരാചാരങ്ങൾക്കും, പീഢനങ്ങൾക്കുമിടയിൽ പെട്ട് അസ്വതന്ത്രയായി ഹോമിക്കപ്പെട്ടുപോയിരുന്നു എത്രയോ സ്ത്രീ ജന്മങ്ങൾ.

ഇതിനൊക്കെ കാരണക്കാർ , കുടുംബത്തിലും, സമൂഹത്തിലും ആധിപത്യം വഹിച്ചിരുന്ന പുരുഷന്മാരായിരുന്നു. കുറഞ്ഞപക്ഷം സ്ത്രീകളുമുണ്ടായിരുന്നു.

സ്ത്രീക്ക് സ്വാതന്ത്ര്യവും, വിദ്യാഭ്യാസവും അവർ നിഷേധിച്ചത്, സ്ത്രീകൾ ഉയർന്നനിലയിൽ ചിന്തിച്ച് കുടുംബത്തിലും സമൂഹത്തിലും അവരോടൊപ്പമെത്തുക എന്നതിനല്ല അവർ അന്ന് പ്രാധാന്യം കൊടുത്തിരുന്നത്. മറിച്ച് സ്ത്രീകൾ ഉത്തമയായ ഭാര്യയും ഗൃഹനാഥയുമാകണമെന്ന ചിന്താഗതിയോടെയാണ്. ഉത്തമയായ ഭാര്യ എന്നതിന്, ഭർത്താവിനെ പരിചരിചരിക്കുകയും ഇഷ്ടാനിഷ്ടങ്ങളനുസരിച്ച് ജീവിക്കുന്നവൾ. അടുക്കളച്ചുവരുകൾക്കുള്ളിലൊതുങ്ങുന്ന കുടുംബിനി.

സാമൂഹ്യപരിഷ്ക്കർത്താക്കളുടെ നിരന്തരമായ പോരാട്ടം കൊണ്ടു അവയൊക്കെ ഇല്ലാതായെങ്കിലും, ഇന്നും പലയിടങ്ങളിലും അതിൻ്റെ അവശേഷിപ്പുകൾ ഉണ്ടെന്നുള്ളതാണ് വസ്തുത.

അതാണ് നമ്മൾ ഇടയ്ക്കിടെ കേൾക്കുകയും കാണുകയും ചെയ്യുന്ന സ്ത്രീപീഡനങ്ങളും, സ്ത്രീധനമരണവും

ഇന്ന് ഒരു ദുരന്തം നടക്കുന്ന നിമിഷത്തിൽ തന്നെ പൊടിപ്പും തൊങ്ങലും വെച്ച് അതൊരു വൻവാർത്തയായി ലോകമാകമാനം ചർച്ച ചെയ്യപ്പെടുന്നു.
പ്രതിഷേധിക്കുന്നു, പ്രതികരിക്കുന്നു. ഇതു കണ്ടും കേട്ടും വളർന്നു വരുന്ന പെൺകുട്ടികളിൽ അകാരണമായ ഭീതി ജനിക്കുന്നു.

വിവാഹം, പ്രസവം, കുഞ്ഞിനെ മുലയൂട്ടൽ, പരിചരണം, സ്നേഹവാത്സല്യവും ശിക്ഷണവും നൽകി വളർത്തൽ എന്നീ കടമകൾ ഇഷ്ടത്തോടെയും, സന്തോഷത്തോടെയും പൂർണ്ണമനസ്സോടെ ചെയ്യുന്നതിനു പകരം ഇതിൽ നിന്നെല്ലാം വിട്ടു നിൽക്കാനുള്ള പ്രവണതയാണ് കാണാൻ കഴിയുന്നത്.

ഇതിനു കാരണക്കാർ ആരാണെന്നു ചിന്തിച്ചാൽ ഉത്തരങ്ങൾ ധാരാളം.

സ്വന്തം കുടുംബം, സമൂഹം, ഇന്നത്തെ സോഷ്യൽ മീഡിയ, വിദ്യാഭ്യാസരീതി, ലഹരിയോടുള്ള ആസക്തി ഇങ്ങനെ ഒരു പാട് കാരണങ്ങളുണ്ട്.

വളർന്നു വരുന്ന ഒരു പെൺകുട്ടി കാണുന്നത് സ്വന്തം കുടുംബത്തിലെ സ്ത്രീകളനുഭവിക്കുന്ന അസ്വാതന്ത്ര്യവും, പീഡനങ്ങളുമാകുമ്പോൾ ചിന്താശേഷിയുള്ള അവൾ തീരുമാനിച്ചു പോകുന്നതെന്താണ്?.

വിദ്യാഭ്യാസം നേടി ജോലി കരസ്ഥമാക്കി സ്വയം പര്യാപ്തയാകുക എന്നതായിരിക്കും.
അത് വേണം. അങ്ങനെ പെൺകുട്ടികൾ അഭ്യസ്തവിദ്യരും സ്വയം പര്യാപ്തി നേടിയവരും ആകുന്നതിനോടൊപ്പം തന്നെ അവൾ സാമൂഹ്യ ജീവിയാണ്, പ്രകൃതിയിലെ ഒരംശം ആണ് എന്ന ബോധം മറക്കരുത്.

തൻ്റെ കുടുംബവും, സമൂഹവും, പ്രകൃതിയും കൈകോർത്തിട്ടാണ് ഞാൻ എന്ന ജീവി(വ്യക്തി) ജനിച്ചതും വളർന്നതും സ്വയംപര്യാപ്തി നേടിയതും.

ഒരു പെൺകുട്ടിയും സ്വയംഭൂവല്ല, താനേ വളർന്നതും പഠിച്ചതും ജോലി നേടിയതുമല്ല.

അപ്പോൾ പിന്നെ ഞാൻ വളർന്നു വലുതാകാൻ കാരണക്കാരായ വരോട്, പ്രകൃതിയോട് നീതി പുലർത്തേണ്ട ഉത്തരവാദിത്വവും പെൺകുട്ടികൾക്കുണ്ട്.

സമൂഹം, രക്ഷിതാക്കൾ, പുരുഷന്മാർ ഇവരുടെ ഭാഗത്തു നിന്നും സ്ത്രീകൾക്കു നേരെ അനീതിയും, പീഢനവും ഇല്ലാതിരിക്കുകയും, അവളുടെ വ്യക്തിത്വത്തെ അംഗീകരിച്ച് ആവശ്യത്തിനുള്ള സ്വാതന്ത്ര്യവും, സ്നേഹവും കരുതലും നൽകിയാൽ, അത് തങ്ങൾക്ക് കിട്ടുമെന്നുള്ള വിശ്വാസം അവരിലുണ്ടാക്കിയാൽ കുറേയൊക്കെ മാറി ചിന്തിക്കാൻ പെൺകുട്ടികൾ തയ്യാറാകുമെന്നാണ് എൻ്റെ അഭിപ്രായം.

കുടുംബത്തിൽ നിന്നും വിട്ട് വിദ്യാഭ്യാസത്തിനും ജോലിക്കും വേണ്ടി അന്യനാടുകളിലേക്ക് ചേക്കേറുമ്പോൾ, അവിടത്തെ സംസ്ക്കാരവും പെൺകുട്ടികളെ സ്വാധീനിക്കുന്നുണ്ട്.

വർഷങ്ങൾക്ക് മുൻപ് പുര നിറഞ്ഞു നില്ക്കുന്ന പെണ്മക്കളെ ഓർത്ത് ഉറങ്ങാതെ, നൊമ്പരപ്പെട്ടവരായിരുന്നു അച്ഛനമ്മമാർ. മാത്രവുമല്ല പെണ്മക്കൾക്ക് മാനഹാനി വരുമോ എന്നൊരു ആശങ്കയും അവരിലുണ്ടായിരുന്നു

കെട്ടാച്ചരക്ക് എന്ന പേരിട്ടവരെ വിളിച്ച് അപമാനിക്കുന്നതുകാരണം പുറത്തിറങ്ങാൻ മടിച്ചിരുന്നു.

ഇന്നിൻ്റെ അവസ്ഥ നേരെ വിപരീതമായി. അതും ഏറെ ദു:ഖകരം തന്നെയാണ്.

യുവാക്കൾ വിദ്യാസമ്പന്നരായി , നല്ല ജോലി നേടുകയും, ദുശ്ശീലങ്ങൾക്കടിമയാകാതെയും ഇരിക്കുക.
പഴഞ്ചൻ കാഴ്ചപ്പാടുകൾ പൂർണ്ണമായും മാറ്റാൻ അവനും കുടുംബവും സമൂഹവും തയ്യാറാകുക. പരസ്പര ബഹുമാനം, അംഗീകാരം, സ്നേഹം, കരുതൽ, തുല്യതാമനോഭാവം, എന്നീ ശീലങ്ങൾ കുടുംബത്തിൽ നിന്ന് ചെറുപ്പം മുതലേ ആൺകുട്ടികളിൽ വളർത്തിയെടുക്കേണ്ടത് രക്ഷിതാക്കളാണ്.

പെണ്മക്കളെയും ആൺമക്കളേയും വേർതിരിച്ച് കാണാതെ, തരംതാഴ്ത്തിക്കാണാതെ, രണ്ടുപേർക്കും ഒരുപോലെ സ്നേഹവും സംരക്ഷണവും, സ്വാതന്ത്ര്യവും കൊടുക്കുക.

അച്ഛനമ്മമാർ തമ്മിലുള്ള ദാമ്പത്യജീവിതത്തിൻ്റെ ഊഷ്മളതയും, ആനന്ദാനുഭൂതിയും, സുരക്ഷിതത്വവും കണ്ടു വളരുന്ന, അവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പെൺകുട്ടികൾ വിവാഹത്തോടും , ദാമ്പത്യജീവിതത്തോടും മാതാവാകുന്നതിനോടും വിമുഖത കാണിക്കുകയില്ല.

ചുരുക്കം ചിലർ അങ്ങനെയാകുന്നുണ്ടെങ്കിൽ അരക്ഷിതമായ ചുറ്റുപാടിൽ നിന്നും വളർന്നു വരുന്ന പെൺകുട്ടികളോ, അവരോടൊപ്പമുള്ള സൗഹൃദമോ കൊണ്ടാണ്.

ഇന്ന് സസ്യലതാദികളിലും പക്ഷിമൃഗാദികളിലും ചിലത് വംശനാശം വന്നു കൊണ്ടിരിക്കുകയാണ്. ആ ദുരവസ്ഥ തന്നെ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ, ആവാസവ്യവസ്ഥയെ തകിടംമറിക്കുന്നുണ്ട്.

പിന്നെ മനുഷ്യവംശവും അന്യം നിന്നുപോകുന്ന അവസ്ഥയിലേക്കു പോകാനുള്ള ഇട വരാതിരിക്കാൻ ആൺകുട്ടികളോ, പെൺകുട്ടികളോ പുരനിറഞ്ഞു നില്ക്കാൻ പാടില്ലെന്നുള്ളത് മനസ്സിലാക്കേണ്ടത് നമ്മൾ തന്നെയല്ലേ.

ആരും ആരേയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. വസ്തുതകൾ ശരിയായ രീതിയിൽ ചിന്തിച്ച് തങ്ങളുടെ ഉത്തരവാദിത്വങ്ങളും കടമകളും നിറവേറ്റിക്കൊണ്ടു ജീവിക്കുമ്പോഴാണ് ഓരോ മനുഷ്യജന്മവും സമ്പൂർണ്ണമാകുന്നത്.

മാതൃത്വമെന്ന ദിവ്യമായ കർമ്മം നിർവ്വഹിക്കാൻ നിയോഗിക്കപ്പെട്ടതും കൂടിയാണ് സ്ത്രീജന്മം.

പ്രകൃതിയുടെ താളം തെറ്റാതിരിക്കാൻ, പെൺകുട്ടികൾ ശരിയായ രീതിയിൽ ചിന്തിച്ചു പ്രവർത്തിക്കട്ടെ. അവളെ തനിക്കധീനതയിലാക്കാതെ, അവളും കൂടി ചേർന്നതാണ് ഒരു കുടുംബം എന്ന സമത്വവും സ്വാതന്ത്ര്യവും അവൾക്കു നല്കിക്കൊണ്ടു മുന്നോട്ടു പോകാൻ ആൺകുട്ടികളും തയ്യാറാകുക എന്നത് ഈ കാലഘട്ടത്തിൻ്റെ ആവശ്യമായി വരുന്നു.

ഒ.കെ. ശൈലജ ടീച്ചർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments