കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഭാരത് ഭവന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫ്രൈഡേ ഫിലിം സ്‌ക്രീനിംഗിന്റെ ഭാഗമായി 2024 ഏപ്രില്‍ 5 വെള്ളിയാഴ്ച സര്‍റിയലിസ്റ്റ് സിനിമയുടെ ആചാര്യന്‍ അലെഹാന്ദ്രോ ജോഡോറോവ്‌സ്‌കിയുടെ ‘ദ ഡാന്‍സ് ഓഫ് റിയാലിറ്റി’ പ്രദര്‍ശിപ്പിക്കും വൈകിട്ട് 6 മണിക്ക് തൈക്കാട് ഭാരത് ഭവനില്‍ നടക്കുന്ന പ്രദര്‍ശനത്തിന് പ്രവേശനം സൗജന്യമായിരിക്കും. 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.
2013ലെ കാന്‍ ചലച്ചിത്രമേളയില്‍ ‘ഡിറക്ടേഴ്‌സ് ഫോര്‍ട്ട്‌നൈറ്റ്’ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സിനിമയാണിത്. ജോഡോറോവ്‌സ്‌കിയുടെ അര്‍ധ ആത്മകഥാപരമായ സിനിമയാണിത്. യാഥാര്‍ഥ്യം എന്നത് വസ്തുനിഷ്ഠമല്ലെന്നും നമ്മുടെ ഭാവന നടത്തുന്ന നൃത്തമാണ് യാഥാര്‍ഥ്യമെന്നും വിചിത്രവും മായികവുമായ ദൃശ്യബിംബങ്ങളിലൂടെ സ്ഥാപിച്ചെടുക്കുകയാണ് സംവിധായകന്‍.
1930കളിലെ ചിലിയില്‍ ജനിച്ചുവളര്‍ന്ന ഒരു കുട്ടി വിചിത്രസ്വഭാവക്കാരായ മാതാപിതാക്കളുടെ ഇടയില്‍ ദുരിതമനുഭവിക്കുന്നു. കാര്‍ലോസ് ഇബാനസ് എന്ന സൈനിക മേധാവിയെ വധിക്കാനായി പിതാവ് കുടുംബം ഉപേക്ഷിച്ചുപോവുന്നു. സങ്കീര്‍ണമായ ഒരു പിതൃപുത്രബന്ധത്തിന്റെ കഥ കൂടിയാണ് ഇത്.
സ്പാനിഷ് ഭാഷയിലുള്ള ചിലി-ഫ്രാന്‍സ് സംയുക്ത സംരംഭമായ ഈ ചിത്രത്തിന്റെ ദൈര്‍ഘ്യം 133 മിനിറ്റ് ആണ്.