Sunday, November 24, 2024
Homeസ്പെഷ്യൽപരിശുദ്ധ റമദാൻ അവസാന പത്തിലേക്ക്.

പരിശുദ്ധ റമദാൻ അവസാന പത്തിലേക്ക്.

വിശ്വാസികളുടെ മനസ്സിൽ ആത്മശുദ്ധിയുടെ തെളിച്ചം ജ്വലിപ്പിച്ച വിശുദ്ധ റമദാൻ അവസാന പത്തിലേക്ക്. ദൈവകാരുണ്യം വഴിഞ്ഞൊഴുകിയ ആദ്യ പത്തും പാപമോചനത്തിന് വഴിതുറന്ന രണ്ടാമത്തെ പത്തും വിടചൊല്ലി. ഇനിയുള്ളത് നരകമോചനത്തിന് വഴിയൊരുങ്ങുന്ന
അവസാനത്തെ പത്ത് ദിനങ്ങളാണ്. ലൈലത്തുൽ ഖദ്റി​ന്റെ അനുഗ്രഹങ്ങൾ പെയ്തിറങ്ങുന്ന ദിനരാത്രങ്ങളാണ് അവശേഷിക്കുന്നത്. ഇതിനാൽ റമദാൻ അവസാനത്തിലേക്ക് കടക്കുന്നതോടെ പള്ളികളും വിശ്വാസികളുടെ ഗൃഹങ്ങളും കൂടുതൽ പ്രാർഥനാമുഖരിതമാകും. പള്ളികൾക്കും വിശ്വാസികൾക്കും ഉറക്കമില്ലാ രാവുകളാണ് ഇനിയുള്ളത്.

അന്നപാനീയങ്ങൾ വെടിഞ്ഞ് പതിനാല് മണിക്കൂറിലേറെ നീളുന്ന പകൽനേരത്തെ നോമ്പി​ന്റെ ക്ഷീണം രാത്രി ഉറക്കമൊഴിഞ്ഞുള്ള പ്രാർഥനക്കും നമസ്കാരത്തിനും വിശ്വാസികളെ തളർത്തുന്നില്ല. രാത്രിയുള്ള തറാവീഹ് നമസ്കാരവും ചെറിയ ഇടവേളയ്ക്കുശേഷം പാതിരാത്രി കഴിഞ്ഞുള്ള ഖിയാമുല്ലൈൽ നമസ്കാരവും തെറ്റുകുറ്റങ്ങൾ ഏറ്റുപറഞ്ഞുള്ള ദീർഘനേരത്തെ പ്രാർഥനയും വിശ്വാസികളുടെ മനസ്സിനെ കൂടുതൽ ആർദ്രമാക്കുന്നു. റമദാന്റെ അവസാന ദിനങ്ങൾ കൂടുതൽ പുണ്യമുള്ളതിനാൽ നിർബന്ധ ദാനമായ സക്കാത്തും മറ്റു ദാനധർമ്മങ്ങളും കൊടുത്തുവീട്ടാൻ വിശ്വാസികൾ ഈ സമയമാണ് ഉപയോഗപ്പെടുത്തുന്നത്. റമദാനിലെ രാപ്പകലുകൾ ഏറെ ശ്രേഷ്ഠമാണ്. എന്നാൽ, അവസാന പത്തിലെ നാളുകളുടെ പവിത്രത ഏറെയാണ്. ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠമായ വിധിനിർണയ രാത്രിയായ ലൈലത്തുൽ ഖദ്ർ ആണ് ഈ നാളുകളെ കൂടുതൽ മഹത്ത്വപ്പെടുത്തുന്നത്.

ഖുർആൻ അവതരിച്ച രാത്രിയാണെന്നതാണ് ലൈലത്തുൽ ഖദ്റിന്റെ മഹത്ത്വം. പ്രപഞ്ചം സാക്ഷ്യംവഹിച്ച അതിമഹത്തായ രാവിനെക്കുറിച്ചുള്ള ഖുർആൻ വാക്യമാണിത്. മനുഷ്യൻ വിണ്ണിലേക്ക് ഉയരുകയും മാലാഖമാർ ദൈവത്തിന്റെ എണ്ണമറ്റ അനുഗ്രഹങ്ങളുമായി ഭൂമിയിലേക്ക് ഇറങ്ങി വരുകയും ചെയ്യുന്ന മഹത്തായ രാവിനെക്കുറിച്ചുള്ള പ്രഖ്യാപനം പ്രവാചകന് മുന്നിൽ വെളിപ്പെടുത്തിയ രാവാണിത്. റമദാനിലെ അവസാന നാളുകളിൽ ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിക്കാമെന്നാണ് പ്രവാചകൻ അരുളിയിട്ടുള്ളത്. ലൈലത്തുൽ ഖദ്റിന്റെ രാത്രിയിലെ നമസ്കാരവും ഖുർആൻ പാരായണവും ദൈവസ്മരണയും മറ്റു സൽക്കർമങ്ങളുമെല്ലാം ആയിരം മാസത്തെ പുണ്യകർമ്മങ്ങളേക്കാൾ ശ്രേഷ്ഠമാണെന്നാണ് ഖുർആൻ വ്യക്തമാക്കിയിട്ടുള്ളത്.

അതുകൊണ്ടുതന്നെ, റമദാൻ അവസാനത്തിലേക്ക് കടന്നാൽ പ്രവാചകൻ പള്ളിയിൽ ഭജന (ഇഅ്തികാഫ്) ഇരിക്കുകയും ആരാധനാ കർമ്മങ്ങളാൽ രാത്രിയെ സജീവമാക്കുകയും തന്റെ കുടുംബത്തെ വിളിച്ചുണർത്തി ഇതിന് പ്രേരിപ്പിക്കുകയും ചെയ്തിരുന്നതായി ഹദീസുകൾ വ്യക്തമാക്കുന്നു. ദൈവം മനുഷ്യന് നൽകിയ എണ്ണമറ്റ അനുഗ്രഹങ്ങൾക്ക് തിരിച്ച് നന്ദി രേഖപ്പെടുത്താനുള്ള സുവർണാവസരം കൂടിയാണ് വിശ്വാസികൾക്ക് ഈ പവിത്ര ദിനങ്ങൾ. ഇനിയുള്ള ദിവസങ്ങളിൽ മനസ്സും ശരീരവും ഉരുകിയൊലിക്കുന്ന പ്രാർത്ഥനകളുമായി ആത്മസമർപ്പണം ചെയ്തുകൊണ്ട് തന്നെ സൃഷ്‌ടിച്ച ലോക രക്ഷിതാവിലേക്ക് മടങ്ങാം…

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments