ജയ്‌പുർ; രണ്ട് യുവ ബാറ്റർമാരുടെ തകർപ്പനടിക്കാണ് രാജസ്ഥാൻ റോയൽസ് കാത്തിരിക്കുന്നത്. ഓപ്പണർ യശസ്വി ജയ്‌സ്വാളും ധ്രുവ് ജുറേലും തിളങ്ങിയാൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ ആദ്യകളി എളുപ്പമാകും. ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റ് പരമ്പരയിൽ ഇരുവരും മിന്നുന്ന പ്രകടനമായിരുന്നു. ജയ്‌പുർ സവായ് മാൻസിങ് സ്‌റ്റേഡിയത്തിൽ പകൽ 3.30നാണ് കളി.
കൂറ്റനടിക്ക് ക്യാപ്‌റ്റൻ സഞ്‌ജു സാംസണും രാജസ്ഥാൻ നിരയിൽ ഉണ്ടാകും. കഴിഞ്ഞ സീസണിൽ മികച്ച തുടക്കം കിട്ടിയിട്ടും പ്ലേ ഓഫ് സാധ്യമായില്ല. സ്‌പിന്നർമാരാണ് പ്രധാന ആയുധം. ആർ അശ്വിൻ, യുശ്‌വേന്ദ്ര ചഹാൽ എന്നിവരുണ്ട്. ആദം സാമ്പ അവസാനനിമിഷം പിന്മാറിയത് തിരിച്ചടിയാണ്. രഞ്‌ജി യിൽ തിളങ്ങിയ ഓൾറൗണ്ടർ തനുഷ് കൊട്ടിയനാണ് പകരക്കാരൻ. പേസറായി ആവേശ് ഖാനും ഓൾറൗണ്ടറായി റിയാൻ പരാഗുമുണ്ട്.
മൂന്നാംസീസൺ കളിക്കുന്ന ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് കഴിഞ്ഞ രണ്ടിലും പ്ലേ ഓഫിൽ ഇടംപിടിച്ചു. കെ എൽ രാഹുൽ നയിക്കുന്ന ടീമിൽ മികച്ച വിദേശതാരങ്ങളും ഇന്ത്യൻ യുവതാരങ്ങളുമുണ്ട്. ക്വിന്റൺ ഡി കോക്ക്, നിക്കോളാസ് പുരാൻ, കൈൽ മയേഴ്‌സ് എന്നിവർക്കൊപ്പം മാർകസ് സ്‌റ്റോയിനിസും ക്രുണാൾ പാണ്ഡ്യയും ചേർന്നാൽ പൂർണമായി. ദേവ്‌ദത്ത് പടിക്കലും വിൻഡീസ് പേസ്‌വിസ്‌മയം ഷമർ ജോസഫും ടീമിലുണ്ട്.
മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസും ഇന്ന് രാത്രി 7.30ന് മുഖാമുഖം കാണുമ്പോൾ ഹാർദിക് പാണ്ഡ്യയാകും ശ്രദ്ധാകേന്ദ്രം. കഴിഞ്ഞ രണ്ടു സീസണിലും ഗുജറാത്തിനെ നയിച്ചത് ഹാർദിക്കാണ്. ഇക്കുറി മുംബൈയുടെ ക്യാപ്‌റ്റനാണ് ഈ ഓൾറൗണ്ടർ. ഇന്ത്യൻ ടീം ക്യാപ്‌റ്റൻ രോഹിത് ശർമ മറ്റൊരു നായകനുകീഴിൽ കളിക്കുന്നത് ആദ്യമായാണ്. രോഹിത്, സൂര്യകുമാർ, ഇഷാൻ കിഷൻ, തിലക് വർമ, ടിം ഡേവിഡ് എന്നിവർ അടങ്ങുന്ന മുംബൈ ബാറ്റിങ് നിര ശക്തമാണ്. മലയാളിതാരം വിഷ്‌ണു വിനോദും ടീമിലുണ്ട്. വിക്കറ്റ് കീപ്പർ കൂടിയാണ് വിഷ്–ണു. ബൗളിങ് നിരയിലെ പ്രധാനി ജസ്‌പ്രീത് ബുമ്രയാണ്.
കഴിഞ്ഞ സീസണിൽ റണ്ണറപ്പായിരുന്നു ഗുജറാത്ത് ടൈറ്റൻസ്. ആദ്യ സീസണിൽ കപ്പടിച്ച ടീം കളിച്ച രണ്ടു സീസണിലും ഫൈനലിലെത്തി. ശുഭ്‌മാൻ ഗില്ലാണ് ക്യാപ്‌റ്റൻ. കഴിഞ്ഞ സീസണിൽ കളിക്കാതിരുന്ന ന്യൂസിലൻഡ് ബാറ്ററും പരിചയസമ്പന്നനുമായ കെയ്‌ൻ വില്യംസൺ, അഫ്‌ഗാൻ സ്‌പിന്നർ റഷീദ് ഖാൻ എന്നിവരുണ്ട്. പേസർ മുഹമ്മദ് ഷമിക്കുപകരം മലയാളിയായ സന്ദീപ് വാര്യർ ടീമിലെത്തി.