ന്യൂഡൽഹി > യുപി, കർണാടകം, ഹിമാചൽ സംസ്ഥാനങ്ങളിലായി ഒഴിവുവരുന്ന 15 രാജ്യസഭ സീറ്റുകളിലേക്ക് ചൊവ്വാഴ്‌ച തെരഞ്ഞെടുപ്പ്. യുപിയിൽ 10 സീറ്റിലേക്ക് ബിജെപിയുടെ എട്ടും എസ്‌പിയുടെ മൂന്നും സ്ഥാനാർഥികൾ മത്സരിക്കുന്നു. കർണാടകത്തിൽ നാല് സീറ്റിലേക്ക് മൂന്ന് കോൺഗ്രസ് സ്ഥാനാർഥികളും ബിജെപിയുടെയും ജെഡിയുവിന്റെയും ഓരോ സ്ഥാനാർഥികളുമുണ്ട്. ഹിമാചലിൽ ഏക സീറ്റിലേക്ക് കോൺഗ്രസിന്റെ മനു അഭിഷേക് സിങ്‌വിയും ബിജെപിയുടെ ഹർഷ് മഹാജനും മത്സരിക്കുന്നു.
യുപിയിൽ 403 നിയമസഭാ സീറ്റിൽ നാലെണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. 399 എംഎൽഎമാരാണ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യുക. 37 ഒന്നാം വോട്ടുകൾ കിട്ടുന്ന സ്ഥാനാർഥികൾ ജയിക്കും. 252 എംഎൽഎമാരുള്ള ബിജെപിക്ക് ഏഴ് സ്ഥാനാർഥികളെ വിജയിപ്പിക്കാം. സഖ്യകക്ഷികളുടെയും മറ്റും പിന്തുണയിൽ എട്ടാമത്തെ സ്ഥാനാർഥിയായി സഞ്‌ജയ് സേത്തിനെ ജയിപ്പിക്കാനും ബിജെപി ശ്രമിക്കുന്നുണ്ട്.
ജയാ ബച്ചൻ, മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ അലോക് രഞ്‌ജൻ, ദളിത് നേതാവായ രാംജിലാൽ സുമൻ എന്നിവരാണ് എസ്‌പി സ്ഥാനാർഥികൾ. 108 എംഎൽഎമാരുള്ള എസ്‌പിക്ക് രണ്ട് സ്ഥാനാർഥികളെ ജയിപ്പിക്കാനാകും. ജയിലിൽ കഴിയുന്ന രണ്ട് എസ്‌പി എംഎൽഎമാർ വോട്ടുചെയ്യാനിടയില്ല. അങ്ങനെയെങ്കിൽ മൂന്നാമത്തെ സ്ഥാനാർഥിയെ ജയിപ്പിക്കാൻ അഞ്ച് വോട്ട് അധികമായി കണ്ടെത്തേണ്ടി വരും. രണ്ട് എംഎൽഎമാരുള്ള കോൺഗ്രസ് എസ്‌പിയെ പിന്തുണയ്ക്കും. ഒമ്പത് എംഎൽഎമാരുള്ള ആർഎൽഡി ബിജെപിക്ക് വോട്ടുചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ആർഎൽഡിയുടെയും ആറ് എംഎൽഎമാരുള്ള എസ്‌ബിഎസ്‌പിയുടെയും പല എംഎൽഎമാരും തങ്ങളെ പിന്തുണയ്ക്കുമെന്നാണ് എസ്‌പിയുടെ അവകാശവാദം.
കർണാടകത്തിൽ അജയ് മാക്കൻ, സയ്യിദ് നാസർഹുസൈൻ, ജി സി ചന്ദ്രശേഖർ എന്നിവരാണ് കോൺഗ്രസ് സ്ഥാനാർഥികൾ. ബിജെപിയുടെ നാരായണ ഭണ്ഡാഗെയും ജെഡിഎസിന്റെ ഡി കുപേന്ദ്ര റെഡ്ഡിയും മത്സരരംഗത്തുണ്ട്. ബിജെപിക്ക് 66 എംഎൽഎമാരുള്ളതിനാൽ ഭണ്ഡാഗെയുടെ ജയം ഉറപ്പാണ്. ജെഡിഎസിന് 19 എംഎൽഎമാർ. ജയിക്കാൻ 45 വോട്ടാണ് ആവശ്യം. ബിജെപിയുടെ അധികമായി വരുന്ന 21 വോട്ടുകൂടി നേടിയാലും ജെഡിഎസ് സ്ഥാനാർഥിക്ക് ജയം എളുപ്പമാവില്ല. കോൺഗ്രസ് തങ്ങളുടെ എംഎൽഎമാരെ വോട്ടെടുപ്പിന് മുമ്പായി പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റി. 13 സംസ്ഥാനങ്ങളിലെ 41 സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.