പ്രിയ കൂട്ടുകാരേ,
മലയാളി മനസ്സിന്റെ നക്ഷത്രക്കൂടാരം നിങ്ങൾക്കിഷ്ടമാവുന്നുണ്ടല്ലോ. ഈ ആഴ്ച നമ്മൾ ഒരു പ്രധാന വ്യക്തിയെ ഓർമ്മിക്കുകയാണ്. ആദരണീയനായ സുഭാഷ് ചന്ദ്രബോസ് എന്ന ദേശസ്നേഹിയെ.
നേതാജി എന്ന അപരനാമത്തിലറിയപ്പെടുന്ന സുഭാഷ് ചന്ദ്രബോസിന്റെ ഓർമ്മദിനം ജനുവരി 23 -ന് ആണെന്നറിയാമല്ലോ..ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ പ്രമുഖസ്ഥാനമുള്ള നേതാജിയുടെ ഓർമ്മ ദിനത്തിന് ദേശപ്രേംദിൻ എന്നാണ് നാം പേരിട്ടിരിക്കുന്നത്. സ്വാതന്ത്ര്യസമരചരിത്രത്തിലെ കൊടുങ്കാറ്റായിരുന്നു ചന്ദ്രബോസ്. തുടർച്ചയായി രണ്ടു തവണ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഗാന്ധിജിയുടെ സമരരീതികൾ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരുവാൻ പര്യാപ്തമല്ല എന്ന് അദ്ദേഹം ദൃഢമായി വിശ്വസിച്ചിരുന്നു. അതിനാൽ കോൺഗ്രസ്സിൽ നിന്നും തെറ്റിപ്പിരിഞ്ഞ് ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക് എന്ന പേരിൽ ഒരു രാഷ്ട്രീയപ്പാർട്ടി രൂപവത്കരിക്കുകയും വിദേശ ശക്തി കൾക്കെതിരെ തീവ്രമായ സമര പരിപാടികൾ ആവിഷ്ക്കരിക്കുകയും ചെയ്തു.പതിനൊന്നു തവണ അദ്ദേഹത്തെ ബ്രിട്ടീഷ് അധികാരികൾ ജയിലിലടച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത് അദ്ദേഹം ഇന്ത്യയിൽനിന്നു പലായനം ചെയ്ത് ജർമ്മനിയിലെത്തി. അച്ചുതണ്ടു ശക്തികളുടെ സഹായത്തോടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്തു. സ്വാതന്ത്ര്യം നേടിയെടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ പരമമായ ലക്ഷ്യം.
ദേശസ്നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അതിരുകളിൽ അരക്ഷിതാവസ്ഥകൾ മറനീക്കിയെത്തുന്ന ഈ കാലത്ത് നേതാജിയെപ്പോലൊരു നേതാവിന്റെ സ്മരണ നമ്മളെ ഉത്തേജിതരാക്കും.
ഇനി നിങ്ങൾക്കു വേണ്ടി ഞാനെഴുതിയ ഒരു കുഞ്ഞു കവിതയായാലോ കൂട്ടുകാരേ ?
അപ്പുപ്പൻ താടി.
🔹🔹🔹🔹🔹🔹🔹
മുറ്റത്തങ്ങനെ പാറിനടപ്പു –
ണ്ടപ്പൂപ്പൻതാടി.
ചുറ്റും നിന്നിട്ടാർപ്പുവിളിക്കു –
ന്നപ്പും കുഞ്ഞാവേം.
കാറ്റിലുയർന്നും താഴ്ന്നുംപാറി
അപ്പൂപ്പൻതാടി
തോറ്റു മടങ്ങാതതിന്റെ പിമ്പേ
അപ്പും കുഞ്ഞാവേം
പെട്ടെന്നങ്ങത മേലോട്ടേറി
അപ്പൂപ്പൻതാടി
തട്ടീം മുട്ടീം വീണു കരഞ്ഞു
അപ്പും കുഞ്ഞാവേം.
കാറ്റിനൊടൊപ്പം കാണാതായി
അപ്പൂപ്പൻതാടി.
മാനംനോക്കി നടന്നു വെറുതേ
അപ്പും കുഞ്ഞാവേം.
❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️
ഇനി ഒരു കഥയാണ്. കഥ പറയാനെത്തുന്നത്
പത്തനംതിട്ടക്കാരനായ ഒരു ബാലസാഹിത്യകാരനാണ്. – ശ്രീ.റജി മലയാലപ്പുഴ . അധ്യാപകനും പ്രഭാഷകനുമായ അദ്ദേഹം ധാരാളം കഥകളും കവിതകളും കുട്ടികളുടെ പ്രസിദ്ധീകരണങ്ങളിൽ എഴുതിക്കൊണ്ടേയിരിക്കുന്നു.
റജി മലയാലപ്പുഴ സാർ എഴുതിയ കഥയാണ് താഴെ.
ചുണക്കുട്ടനും, മണിക്കുട്ടനും
മണിക്കുട്ടനും, ചുണക്കുട്ടനും രണ്ട് പൂച്ചക്കുട്ടികളായിരുന്നു.
മണി കിലുക്കി നടപ്പാണ് മണിക്കുട്ടൻ്റെ പണി.
ചുണക്കുട്ടൻ എവിടെയും ചാടിക്കടന്ന് എന്തും കൈക്കലാക്കി തിന്നും. മണിക്കുട്ടന് അല്പം പോലും നല്കില്ല. അടുക്കളയിൽ നിന്നും മീൻ പൊരിക്കുന്ന മണം.
ചുണക്കുട്ടന് കൊതിയായി..
അവൻ മണിക്കുട്ടനെ വിളിച്ചു. നമുക്ക് പതുങ്ങിച്ചെന്ന് മീൻ കൈക്കലാക്കാം..
മണിക്കുട്ടൻ പറഞ്ഞു ഞാനില്ല.. വീട്ടുകാർ കണ്ടാൽ അടി കിട്ടും..
ചുണക്കുട്ടന് കൊതികൊണ്ട് ഇരിപ്പ് ഉറച്ചില്ല.
അവൻ പതുക്കെ ജനാലയിലൂടെ അടുക്കളയിലേക്ക് ചാടി..
പിഞ്ഞാണത്തിൻ്റെ അടപ്പ് തള്ളിയിട്ട് മീൻ തിന്നാൻ തുടങ്ങി.
ശബ്ദം കേട്ട് വടിയുമായി വീട്ടുകാരൻ എത്തി.
ചുണക്കുട്ടൻ മീൻ തിന്നുന്നത് കണ്ട് അയാൾക്ക് അരിശം മൂത്തു.ഇതെല്ലാം കണ്ട് പടിവാതിൽക്കൽ മണിക്കുട്ടി ഇരിപ്പുണ്ടായിരുന്നു.
ചുണക്കുട്ടനെ അടിക്കാൻ അയാൾ പമ്മിച്ചെല്ലുന്നത് കണ്ട മണിക്കുട്ടി പെട്ടെന്ന് കഴുത്തു കുടഞ്ഞു.. മണിയടി ശബ്ദം കേട്ട് അയാൾ പെട്ടെന്ന് അങ്ങോട്ടേക്ക് നോക്കി.. ചുണയൻ ആ സമയംകൊണ്ട് ഉണ്ടായിരുന്ന രണ്ട് മീനും കടിച്ചെടുത്ത് പുറത്തു ചാടി..
അന്നാദ്യമായി ചുണക്കുട്ടൻ മണിക്കുട്ടന് മീൻ പകുത്തു നൽകി..
പിന്നീടൊരിക്കലും ചുണക്കുട്ടൻ എങ്ങും മിടുക്കു കാട്ടാൻ പോയില്ല.
🥀🥀🌼🌼🌼🌷🪷🌸🏵️💮🌹💐💐💐
കഥ ഇഷ്ടമായല്ലാേ.
ഇനി നമുക്ക് പ്രൈമറി ഹെഡ്മാസ്റ്ററായി വിരമിച്ച കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാഗം സ്വദേശിയായ ഒരു ബാലസാഹിത്യകാരനെ പരിചയപ്പെടാം.
യുറീക്ക റസിഡന്റ് എഡിറ്റർ,പത്രാധിപസമിതി അംഗം, അഴകത്ത് സ്മാരകസമിതി സെക്രട്ടറി, ഡയറ്റ് പ്രോഗ്രാം ഉപദേശകസമിതി അംഗം, മുഖം, അ എന്നീ ചെറുമാസികകളുടെ പ്രത്രാധിപർ, പാഠപുസ്തകരചനാസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള മഹത് വ്യക്തിയാണ് ശ്രീ വി.എം രാജമോഹൻ സാർ.
സാറിന്റെ ഒരു കവിതയായാലോ? കുട്ടികൾക്കായി ധാരാളം പുസ്തകങ്ങൾ രചിച്ചിട്ടുള്ള വി.എം.രാജ് മോഹൻ സാറിന്റെ ഒരു ഹൃദ്യമായ കവിതയാണ് വള്ളംകളിപ്പാട്ട് .
വള്ളംകളി പാട്ട്
വെള്ളം പൊങ്ങി തിത്തിത്തെ
വള്ളം വന്നു തിത്തിത്തെ
വഞ്ചിയിലേറി തിത്തിത്തെ
വഞ്ചി തുഴഞ്ഞു തിത്തിത്തെ
കാഴ്ചകൾ കണ്ടു തിത്തിത്തൈ
കൊഞ്ചു പിടിച്ചു തിത്തിത്തെ
അക്കരെയെത്തി തിത്തിത്തെ
തെയ്യത്തരികിട തിത്തിത്തെ
വള്ളംകളിപ്പാട്ട് എന്ന കവിതയ്ക്കു ശേഷം നല്ലൊരു കഥ പറയാൻ ഒരു സാറെത്തിയിട്ടുണ്ട്. – ശ്രീ ജോസ് പ്രസാദ്.
അദ്ദേഹം കാസർഗോഡ് ജില്ലയിലെ മലാൻകടവ് സ്വദേശിയാണ്. എൻമകജെ പഞ്ചായത്തിലെ ഏൽക്കാന A J B സ്ക്കൂളിലെ അധ്യാപകനാണ്. ഇപ്പോൾ ബദിയടുക്കയ്ക്കടുത്ത് നീർച്ചാലിലാണ് താമസിക്കുന്നത്.
ബാലമാസികകളിൽ കഥകളും കവിതകളും നോവലുകളും എഴുതുന്നു.. ധാരാളം ബാലസാഹിത്യകൃതികളുടെ രചയിതാവാണ്. കുട്ടികളുടെ ദീപികയിൽ വിദേശബാലസാഹിത്യകഥകൾ പുനരാഖ്യാനം ചെയ്ത് അവതരിപ്പിക്കുന്ന പംക്തി കൈകാര്യം ചെയ്യുന്നുണ്ട്.
ജോസ് പ്രസാദ് സാറിന്റെ രസകരമായ ഒരുകഥയുണ്ട് താഴെ.
പല്ലവി മോളുടെ ഊഞ്ഞാൽക്കഥ
അവധിക്കാലം തുടങ്ങിയ ആദ്യദിവസം തന്നെ പല്ലവിമോൾ അമ്മയോട് പറഞ്ഞു: ”അമ്മേ, മുറ്റത്തേ മൂവാണ്ടൻ മാവിൻ്റെ കൊമ്പിൽ എനിക്ക് കളിക്കാൻ ഒരു ഊഞ്ഞാല് കെട്ടിത്തരണം.”
അമ്മ പറഞ്ഞു: ”എനിക്ക് ഊഞ്ഞാലു കെട്ടാനൊന്നും അറിയത്തില്ല, നീ അച്ഛനോട് പറയ്.”
അവൾ അച്ഛൻ്റെയടുത്തേക്ക് ഓടി. അച്ഛനപ്പോൾ ഓഫീസിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു. പല്ലവി അച്ഛൻ്റെ മുന്നിൽ കാര്യം അവതരിപ്പിച്ചു.
ഭാഗ്യത്തിന് അച്ഛൻ ‘പറ്റില്ല’ എന്നൊന്നും പറഞ്ഞില്ല. ”അച്ഛൻ ഓഫീസിൽ പോയി വരട്ടെ. എന്നിട്ട് നോക്കാം,” എന്നാണ് പറഞ്ഞത്.
പല്ലവിക്ക് വൈകുന്നേരംവരെ കാത്തിരിക്കാനുള്ള ക്ഷമ ഇല്ലായിരുന്നു. അവൾ പേരമരത്തിൻ്റെ ഉയരം കുറഞ്ഞ ചില്ലയിൽ ഒരു കുഞ്ഞ് ഊഞ്ഞാലിൻ്റെ പണിതുടങ്ങി.
വാഴനാരും ചുള്ളിക്കമ്പും കൊണ്ട് അവൾ വളരെ വേഗം ഊഞ്ഞാലിൻ്റെ പണി പൂർത്തിയാക്കി.
‘ആരെയാണ് ഇതിലിരുത്തി ആട്ടുക?’ പല്ലവി ആലോചിച്ചു.
അപ്പോഴാണ് അവൾ മാവിൻ ചില്ലയിലൂടെ ശബ്ദമുണ്ടാക്കാതെ നടക്കുന്ന ഒരു കുയിലിനെ കണ്ടത്.
”കുയിലച്ചാ, കുയിലച്ചാ.. എൻ്റെ കുഞ്ഞിയൂഞ്ഞാലിൽ വന്നിരിക്കുമോ? ഞാൻ നിന്നെ ഊഞ്ഞാലാട്ടിത്തരാം.” പല്ലവി കുയിലിനോട് പറഞ്ഞു.
കുയിലച്ചൻ അവളെ നോക്കിയിട്ട് ഏതോ അപകടത്തിൽ നിന്ന് രക്ഷപ്പെടുന്ന മട്ടിൽ പറന്നു പോയി. പല്ലവിക്ക് സങ്കടമായി.
എന്നാൽ സങ്കടം മാറ്റാൻ തെങ്ങോലത്തുമ്പത്ത് ഒരു തത്തമ്മ വന്നിരുന്നു.
”തത്തമ്മേ, തത്തമ്മേ.. എൻ്റെ കുഞ്ഞിയൂഞ്ഞാലിൽ വന്നിരിക്കുമോ? ഞാൻ നിന്നെ ഊഞ്ഞാലാട്ടിത്തരാം.”
പല്ലവി പറഞ്ഞു തീരും മുമ്പേ തത്തമ്മ അവിടെ നിന്ന് പറന്നു പൊയ്ക്കഴിഞ്ഞിരുന്നു. അവൾക്ക് പിന്നെയും സങ്കടമായി.
അവളുടെ സങ്കടം കണ്ടിട്ടെന്നവണ്ണം പ്ലാവിൻ കൊമ്പിൽ ഒരു സുന്ദരൻ കാക്കക്കുട്ടൻ വന്നിരുന്നു. കാക്കക്കുട്ടനോട് പല്ലവി പറഞ്ഞു:
”കാക്കക്കുട്ടാ, കാക്കക്കുട്ടാ.. എൻ്റെ കുഞ്ഞിയൂഞ്ഞാലിൽ വന്നിരിക്കുമോ? ഞാൻ നിന്നെ ഊഞ്ഞാലാട്ടിത്തരാം.”
ഭാഗ്യത്തിന് കാക്കക്കുട്ടൻ പേടിച്ച് പറന്നു പോയില്ല. അവൻ ‘ക്രാ.., ക്രാ..’ എന്നു മാത്രം പറഞ്ഞു. അതിൻ്റെ അർത്ഥമെന്താണെന്ന് പല്ലവിക്കൊട്ടു മനസ്സിലായതും ഇല്ല.
പെട്ടെന്നാണ് പല്ലവിക്ക് ഒരു ബുദ്ധി തോന്നിയത്. അവൾ വേഗം വീടിനുള്ളിലേക്കു പോയി അവളുടെ പാവക്കുട്ടിയെ എടുത്തു കൊണ്ടുവന്ന് ഊഞ്ഞാലിലിരുത്തി മെല്ലെ ആട്ടാൻ തുടങ്ങി. എന്നാൽ പാവക്കുട്ടി താഴേക്കു വീണു.
”മണിക്കുട്ടീ, അടങ്ങിയിരിക്ക്.” അവൾ പറഞ്ഞു.
പല്ലവി ക്ഷമയോടെ വീണ്ടും പാവക്കുട്ടിയെ ഊഞ്ഞാലിലിരുത്തി, വീണു പോവാതിരിക്കാൻ രണ്ടു കൈകളും നാരുകൊണ്ട് ഊഞ്ഞാലിൻ്റെ വള്ളിയിൽ കെട്ടിവെക്കുകയും ചെയ്തു.
പാവക്കുട്ടിയെ ഊഞ്ഞാലാട്ടിക്കൊണ്ട് പല്ലവി ഒരു പാട്ടു പാടി;
കുയിലച്ചൻ കേറാത്തൊരൂഞ്ഞാല്
തത്തമ്മ ആടാത്തൊരൂഞ്ഞാല്
കാക്കയ്ക്കും വേണ്ടാത്തൊരൂഞ്ഞാല്
എൻ്റെ മണിക്കുട്ടി ആടുന്നൊരൂഞ്ഞാല്..
പാട്ടുകേട്ട് പ്ലാവിൻ കൊമ്പിലിരുന്ന് കാക്കക്കുട്ടൻ ‘ക്രാ, ക്രാ, ക്രാ, ക്രാ..’ എന്ന് നീട്ടിക്കരഞ്ഞു. അവനെ നോക്കി കൊഞ്ഞനം കുത്തി പല്ലവി പറഞ്ഞു;
”ഊഞ്ഞാലിലിരിക്കാൻ നിന്നെ ഞാൻ വിളിച്ചതല്ലേ? എന്തേ വരാഞ്ഞത്? എൻ്റെ മണിക്കുട്ടി ആടുന്നതു കണ്ട് അസൂയപ്പെട്ടിട്ട് കാര്യമില്ല!’
പല്ലവിമോളുടെ ഊഞ്ഞാൽക്കഥ ഇഷ്ടമായില്ലേ? ഇനി രണ്ട് കുഞ്ഞു കവിതകളാവാം. ശ്രീ.മടവൂർ രാധാകൃഷ്ണനാണ് കവിതയുടെ രചയിതാവ്.
തിരുവനന്തപുരം ജില്ലയിലെ മടവൂരിൽ ജനിച്ച അദ്ദേഹം
മുത്തുകൾ, പനിനീർപ്പൂക്കൾ, മയിൽപ്പീലി,മിന്നാമിന്നി, കുഞ്ഞിക്കിളി, ചെല്ലക്കാറ്റ് തുടങ്ങിയ കവിതാ സമാഹാരങ്ങളുടെ രചയിതാവാണ്. ബാലപ്രസിദ്ധീകരണങ്ങളിലും മറ്റ് ആനുകാലികങ്ങളിലും കവിതകൾ എഴുതുന്നു. പ്രചോദ അവാർഡ്, ശ്രീലയം കവിതാഅവാർഡ്,ഡെക്കാൻ കൾച്ചറൽ സൊസൈറ്റി അവാർഡ്,മീഡിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്,തിക്കുറിശ്ശി ഫൗണ്ടേഷൻ കവിതാ അവാർഡ്, കേരളബാലസാഹിത്യ അക്കാദമി അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
മടവൂർ രാധാകൃഷ്ണനെഴുതിയ കവിതകൾ വായിക്കാം
തീപ്പെട്ടി
………….
കണ്ടോ നല്ലൊരു പെട്ടി
കമ്പു നിറഞ്ഞൊരു പെട്ടി
കമ്പിൻ തുമ്പിലിരിക്കും
കരി പോലുള്ള പദാർഥം
പെട്ടിയിൽ വേഗമുരഞ്ഞാൽ
പെട്ടെന്നവിടെ തീകത്തും!
വീക്ക്
………….
കാക്കേ നിന്നുടെ നോക്ക്
കൈയിലിരിക്കും കേക്ക്
നിനക്കു കിട്ടും വീക്ക്
കള്ളീ ഇതെന്റെ വാക്ക്.
🍀☘️🍀☘️🍀☘️🍀☘️🍀☘️🍀☘️🍀☘️
ഇപ്രാവശ്യത്തെ എല്ലാ കവിതകളും കഥകളും നിങ്ങൾക്കിഷ്ടമായില്ലേ? അടുത്ത വെള്ളിയാഴ്ച നമുക്ക് കുറച്ചുപേരെക്കൂടെ പരിചയപ്പെടാം. അവരുടെ കഥകളും കവിതകളും ആസ്വദിക്കാം.
സ്നേഹത്തോടെ
നിങ്ങളുടെ പ്രിയപ്പെട്ട