Friday, February 23, 2024
HomeUS Newsപുണ്യ ദേവാലയങ്ങളിലൂടെ - (49) സെന്റ്. ജോർജ്ജ് ഫൊറോനോ പള്ളി, അരുവിത്തുറ

പുണ്യ ദേവാലയങ്ങളിലൂടെ – (49) സെന്റ്. ജോർജ്ജ് ഫൊറോനോ പള്ളി, അരുവിത്തുറ

ലൗലി ബാബു തെക്കെത്തല ✍

കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന പ്രദേശമാണ് അരുവിത്തുറ. കോട്ടയം ജില്ലയിലെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രമായ അരുവിത്തുറ പള്ളി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

രണ്ട് അരുവികളുടെ സംഗമസ്ഥാനവും അതിന്റെ തുറയിൽ രൂപപ്പെട്ട പ്രദേശമായതിനാലാണ് അരുവിത്തുറ എന്ന പേരു ലഭ്യമായതെന്നു കരുതുന്നു.

കേരളത്തിലെ പുരാതന ക്രിസ്ത്യൻ ദേവാലയങ്ങളിലൊന്നും വി.ഗീവർഗ്ഗീസിന്റെ നാമത്തിലുള്ള പ്രമുഖ തീർത്ഥാടന കേന്ദ്രവുമാണ് സെന്റ്. ജോർജ്ജ് ഫൊറോനോ പള്ളി അഥവാ അരുവിത്തുറ പള്ളി (Aruvithura Church). കോട്ടയത്ത് നിന്നും ഏകദേശം 35 കിലോമീറ്റർ അകലെയുള്ള ഈരാറ്റുപേട്ടയിലെ അരുവിത്തുറയിൽ മീനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ദേവാലയം കേരളത്തിലെ വലിപ്പമേറിയ പള്ളികളിലൊന്നാണ്. പാലാ രൂപതയുടെ കീഴിലാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്.

🌻ചരിത്രം

രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലോ മൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ സ്ഥാപിതമായതാണ് അരുവിത്തുറ പള്ളി എന്നാണ് ക്രിസ്തീയവിശ്വാസം. ചില പ്രാദേശിക പാരമ്പര്യങ്ങളുടെ അടിസ്ഥാനത്തിൽ തോമാശ്ലീഹാ സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്ന ഏഴരപ്പള്ളികളിലെ അരപ്പള്ളിയാണ് ഇതെന്നു കരുതുന്നവരുമുണ്ട്.

പുരാതന ക്ഷേത്രമാതൃകയിൽ കരിങ്കല്ലിൽ പണിതിരുന്ന ഈ പള്ളി മർത്തമറിയമിന്റെ നാമത്തിലുള്ളതായിരുന്നു. അക്കാലത്ത് ഈ പ്രദേശം ഇരപ്പുഴ, ഇരപ്പേലി തുടങ്ങിയ പേരുകളിലായിരുന്നു അറിയപ്പെട്ടിരുന്നത്. പതിനാലാം നൂറ്റാണ്ടിൽ നിലക്കൽ ഭാഗത്തു നിന്നും ഈ പ്രദേശത്തേക്ക് കുടിയേറിയ ക്രൈസ്തവർ പേർഷ്യൻ ശില്പകലാ മാതൃകയിലുള്ള വിശുദ്ധ ഗീവർഗ്ഗീസിന്റെ തിരുസ്വരൂപവും കൂടെ കൊണ്ടുവന്നു. ഈ തിരുസ്വരൂപം അരുവിത്തുറ പള്ളിയിൽ സ്ഥാപിക്കപ്പെട്ടതോടു കൂടി മർത്തമറിയമിന്റെ നാമധേയത്തിലുണ്ടായിരുന്ന ഈ ദേവാലയം വി.ഗീവർഗ്ഗീസിന്റെ പള്ളിയായി അറിയപ്പെടുകയും ഇടവകയിലും സമീപപ്രദേശങ്ങളിലും ഉള്ള വിശ്വാസികൾക്കിടയിൽ വി.ഗീവർഗ്ഗീസ് ‘അരുവിത്തുറ വല്യച്ചൻ’ ആയി മാറുകയും ചെയ്തു.

പിന്നീട് അരുവിത്തുറ പള്ളി പല പ്രാവശ്യം പുതുക്കിപണിതിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടിൽ ഇടവാകാംഗം തന്നെയായിരുന്ന മാത്യു കല്ലറക്കൽ എന്ന വൈദികന്റെ നേതൃത്വത്തിൽ പുതിയ പള്ളി പണികഴിപ്പിച്ചു. അതിനു ശേഷമുള്ള ഇപ്പോഴത്തെ ദേവാലയം 1952-ൽ നിർമ്മാണം പൂർത്തിയാക്കിയതാണ്.

🌻തിരുനാളുകൾ

എല്ലാ വർഷവും ഏപ്രിൽ 23 മുതൽ 25 വരെയാണ് അരുവിത്തുറ പള്ളിയിൽ വി.ഗീവർഗീസിന്റെ തിരുനാൾ ആഘോഷിക്കപ്പെടുന്നത്. ഇതിനു പുറമേ ജനുവരി മാസത്തിൽ കർമ്മല മാതാവിന്റെ തിരുനാൾ കല്ലിട്ട തിരുനാൾ എന്ന പേരിലും ആഘോഷിക്കുന്നു.

🌻നേർച്ച സമർപ്പണം

വിശേഷപ്പെട്ട അവസരങ്ങളില്‍ വീട്ടില്‍ ഉണ്ടാക്കുന്ന പലഹാരങ്ങളുടെ ഓഹരി ഭക്തർ വല്യച്ചനെത്തിക്കുന്നു . അരിവറുത്തതും കുരുമുളകുമാണ്‌ ഇവിടെയുള്ള പ്രധാന നേര്‍ച്ച. കള്ളപ്പം, നെയ്യപ്പം, കൊഴുക്കട്ട എന്നിവയും നേര്‍ച്ച പലഹാരങ്ങളാണ്‌. മുട്ടയും പാലും മിക്കവാറും ഭക്തർ നേര്‍ച്ചയായി നൽകുന്നു തിരിയും കുന്തിരിക്കവും സ്‌നേഹപൂര്‍വ്വം വല്യച്ചനു നിവേദിക്കുന്ന ഭക്തരുണ്ട്‌. കുരിശില്‍ എണ്ണയൊഴിക്കുന്നതും തിരികത്തിച്ച്‌ പ്രാര്‍ഥിക്കുന്നതും ഇവിടത്തെ മുഖ്യചടങ്ങാണ്‌. പുതിയസ്ഥലം വാങ്ങുമ്പോഴും വീട്‌ പണിയുമ്പോഴും കുറച്ച്‌ മണ്ണ്‌ വല്യച്ചനുകൊടുക്കുന്ന പതിവ്‌ ഇവിടെയുണ്ട്‌. എണ്ണ, തൈര്‌, തേന്‍, കോഴി, മൂരിക്കിടാവ്‌, ആട്‌ എന്നിവയും പള്ളിക്ക്‌ കാഴ്‌ചകൊടുക്കുന്ന പതിവും അരുവിത്തുറയുടെ പ്രത്യേകതയാണ്‌.

പാമ്പുംപുറ്റും മാറ്റൊരു പ്രധാനസമര്‍പ്പണമാണ് . ചിലര്‍ കുന്തവും സമര്‍പ്പിക്കാറുണ്ട്‌. വല്യച്ചനു മുത്തുക്കുട സമ്മാനിക്കുന്നവരുമുണ്ട്‌. വാഴക്കുല, ചേന, പഴവര്‍ഗ്ഗങ്ങള്‍ എന്നീ കാര്‍ഷിക വിഭവങ്ങളും തെങ്ങിന്‍തൈയും ഇവിടെ എത്തിക്കാറുണ്ട്‌. ചുവന്ന പട്ടുസാരിയും ഒരു കാലത്ത്‌ നേര്‍ച്ചയായി നൽകിയിരുന്നു

. മന്ത്രവാദം, കൂടോത്രം, കൈവിഷം എന്നിവയ്‌ക്ക്‌ ഉപയോഗിച്ചിട്ടുള്ള സാധനങ്ങള്‍ വല്യച്ചന്റെ അടുക്കല്‍ എത്തിച്ച്‌ ഇത്തരം ഭയത്തില്‍ നിന്ന്‌ വിശ്വാസികള്‍ വിടുതല്‍ നേടുന്നു. അരുവിത്തുറയില്‍ കൊണ്ടു പോയി പുതിയതും പഴയതുമായ സാധനങ്ങള്‍ വെഞ്ചരിക്കുന്നവര്‍ വളരെയേറെയുണ്ട്‌. യാത്രാസൗകര്യം കുറവുള്ളകാലത്ത്‌ വിശ്വാസികള്‍ ഇവിടെ താമസിച്ച്‌ ഒന്‍പതുദിവസത്തെ നൊവേനയില്‍ പങ്കെടുക്കുമായിരുന്നു.

🌻വല്യച്ചൻമല കയറ്റം

വലിയ നോമ്പിലെ ഒന്നാം വെള്ളിയാഴ്ച പ്രാർഥനകളുമായി വിശ്വാസികൾ അരുവിത്തുറ വല്യച്ചൻമല കയറുന്നു . വൈകുന്നേരം പള്ളിയിൽ നിന്ന് ജപമാലയോടെ പാപ പരിഹാര പ്രദക്ഷിണം തുടർന്ന് മല മുകളിലേക്ക് കുരിശിന്റെ വഴി . കഴിഞ്ഞ നാളുകളിലെ തെറ്റുകളും കുറവുകളും ഏറ്റുപറഞ്ഞു കരുണ യാചിക്കാൻ കുട്ടികളും അമ്മമാരുമടക്കം ആയിരങ്ങളാണ് പ്രാർഥനകളിൽ പങ്കു ചേരുന്നു

🌻അരുവിത്തുറ വല്യച്ചന്‍

അരുവിത്തുറ ദേശത്തിന്റെ സംരക്ഷകനായി ദൈവം നല്‍കിയ കനിവാണ്‌ അരുവിത്തുറ വല്ല്യച്ചന്‍ എന്ന്‌ അറിയപ്പെടുന്ന വിശുദ്ധ ഗീവര്‍ഗീസ്‌ സഹദാ. ജീവത ക്ലേശവും പാപഭാരവും ദുഷ്ടശക്തിയുടെ സ്വാധീനവും കൊണ്ട്‌ ജീവിതം വ്യസനിക്കുമ്പോള്‍ അരുവിത്തുറ വല്ല്യച്ചാ ഞങ്ങള്‍ക്ക്‌ വേണ്ടി അപേക്ഷിക്കണമേ എന്ന പ്രാര്‍ത്ഥനാ മന്ത്രവുമായി വല്ല്യച്ചന്റെ സന്നിധിയില്‍ എത്തുന്നവര്‍ക്ക്‌ സഹദാ നല്‍കുന്ന സംരക്ഷണം ഒരു ആശ്വാസമാണ്‌. തന്റെ സന്നിധിയില്‍ വന്ന്‌ മധ്യസ്ഥം അപേക്ഷിക്കുന്ന ഏവര്‍ക്കും സമീപസ്ഥനാണ്‌ വല്ല്യച്ചന്‍. അശ്വാരൂഢനായി വാഴുന്ന ഗീവര്‍ഗീസ്‌ സഹദാ അരുവിത്തുറയുടെ ആത്മചൈതന്യമാണ്.

അരുവിത്തുറ ദേശത്തിനും കിഴക്കൻ മലയോര മേഖലകൾക്കും സംരക്ഷകനായി ദൈവം നല്‍കിയ വലിയ അനുഗ്രഹമാണ് അരുവിത്തുറ വല്യച്ചന്‍….
പാപഭാരങ്ങളും ജീവിത ക്ലേശങ്ങളും ദുഷ്ടശക്തികളുടെ സ്വാധീനങ്ങളും കൊണ്ട്‌ വേദനിക്കുമ്പോൾ, വ്യസനിക്കുമ്പോള്‍..
”അരുവിത്തുറ വല്യച്ചാ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ”
എന്ന പ്രാര്‍ത്ഥനയുമായി വല്യച്ചന്റെ തിരുസന്നിധിയില്‍ അണയുന്നവര്‍ക്ക്‌ വിശുദ്ധ സഹദാ നല്‍കുന്ന സംരക്ഷണവും ആശ്വാസവും വാക്കുകൾക്ക് അതീതമാണ്…..
അശ്വാരൂഢനായി വാഴുന്ന ഗീവര്‍ഗീസ്‌ സഹദായേ,
”അരുവിത്തുറ വല്യച്ചാ,
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ….”

ലൗലി ബാബു തെക്കെത്തല ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments