Friday, November 15, 2024
Homeസ്പെഷ്യൽഅറിവിൻ്റെ മുത്തുകൾ - (89) ഉത്സവകാലത്തെ പൂജാവിശേഷങ്ങൾ - ഭാഗം - 3 (തുടർച്ച) ✍...

അറിവിൻ്റെ മുത്തുകൾ – (89) ഉത്സവകാലത്തെ പൂജാവിശേഷങ്ങൾ – ഭാഗം – 3 (തുടർച്ച) ✍ പി.എം.എൻ. നമ്പൂതിരി

പി.എം.എൻ. നമ്പൂതിരി

മുളയിടുന്നത് സഹസ്രാരപദ്മപ്രതീകം

ഇതിനു ശേഷമോ മുമ്പോ ആയി മുളയറയിൽ മുളയിടുന്നു. 16 പാലികളിലായി അതതു ദേവനു പറഞ്ഞവിത്തുകൾ മുളപ്പിയ്ക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഈ മുളപ്പാലികൾ ചുറ്റും വെച്ച് അതിനകത്താണ് ദേവൻ പള്ളിവേട്ട കഴിഞ്ഞു വിശ്രമിയ്ക്കുന്നത്. പാലികകൾ 16 എന്നത് ശ്രദ്ധേയമാണ്. ചന്ദ്രൻ്റെ കലകൾ 16 ആണല്ലോ. ഇവിടെ ആവാഹിക്കുന്നതും പ്രധാനമായി സോമനേയും വിഷ്ണുവിനേയുമാണ്. സോമൻ ചന്ദ്ര മണ്ഡലാധിഷ്ഠിതമായ അമൃതചൈതന്യവും വിഷ്ണു അതിൽ യോഗനിദ്രയെ പ്രാപിച്ചിരിക്കുന്ന പരമാത്മാവുമാണത്രെ. അങ്ങനെ ഈ പാലിക സഹസ്രാരപദ്മമായ ചന്ദ്രമണ്ഡലത്തിൻ്റെ പ്രതീകമായിത്തീരുന്നു. ഈ മുളപ്പാലികകൾ വലിയ കാശാഭിഷേകങ്ങൾക്കും ഉണ്ടാകേണ്ടതുണ്ട്. ഉത്സവാവസാനത്തിൽ ദേവചൈതന്യം വഹിക്കുന്ന ഉത്സവബിംബവും കലശാഭിഷേകങ്ങളിൽ ദേവചൈതന്യം നിറഞ്ഞിരിക്കുന്ന ബ്രഹ്മകലശജീവകലശാദികളും ഈ പാലികയ്ക്കുള്ളിൽ വിരിച്ചിരിക്കുന്ന ശയ്യയിലാണ് നിദ്രചെയ്യുന്നത്. സഹസ്രാര പത്മത്തിലെത്തിയ ജീവചൈതന്യം ഇവിടെ സമാധി അവസ്ഥയെ പ്രാപിച്ചിരിയ്ക്കുകയാണ്. സാധാരണ നിദ്രയായിട്ടല്ല ഇതിനെ പരിഗണിയ്ക്കേണ്ടത്. തന്ത്രസമുച്ചയത്തിലെ ഉത്സവപടലത്തിൽ ( 9-ാം പടലം) 102 -ാം ശ്ലോകത്തിൽ ഈ ക്രിയയെ ഇങ്ങനെ പറഞ്ഞിരിക്കുന്നു.
ജാഗ്രത്സ്വപ്നേസുഷുപ്തിസംജ്ഞിതദശാ
സ്തീർത്ത്വാ തുരിയാം നയേത്
ഇതിന് കുഴിക്കാട്ടുപച്ചയുടെ വ്യാഖ്യാനം:- ജാഗ്രദാവസ്ഥയിൽനിന്ന് സ്വപ്നാവസ്ഥയേയും സ്വപ്നാവസ്ഥയിൽ നിന്ന് സുഷുപ്ത്യവസ്ഥയേയും സുഷുപ്ത്യാവസ്ഥയിൽ നിന്ന് തുരിയാവസ്ഥയേയും ധ്യാനിച്ച് തുരിയാവസ്ഥയെത്തന്നെ നയിപ്പു “ എന്നാണ്. സാധാരണ മനുഷ്യർ ഉറക്കത്തിൽ സുഷുപ്ത്യാ വസ്ഥവരെ മാത്രമേ പോകാറുള്ളൂ. യോഗികൾ മാത്രമേ തുരിയാവസ്ഥയിലേയ്ക്ക് ഉൽക്രമിക്കാറുള്ളൂ. അതാണ് സമാധിയുടെ ആദ്യപാദം. അതിനാൽ ഈ പാലികകൾ ദേവൻ്റെ സമാധി അവസ്ഥയുടെ പരിധികളിൽ സ്ഥിതി ചെയ്യുന്നതാണ്. ഇവയുടെ ഉള്ളിലാണ് സമാധി. അതായത് സമാധിയുടെ അതിർവരമ്പുകൾ ആണ് ഈ പാലികകൾ ആകുന്ന ചന്ദ്രമണ്ഡലം. ഉത്സവമാകുന്ന തീവ്രസാധനയുടെ അവസാനമാകുമ്പോഴേയ്ക്കും ക്ഷേത്രസ്ഥനായ ദേവൻ സമാധി അവസ്ഥയെ പ്രാപിച്ചിരിയ്ക്കും. അതിനായുള്ള സഹസ്രാരപദ്മപ്രതീകത്തെയാണ്, അഥവാ ചന്ദ്ര മണ്ഡലത്തെ സൃഷ്ടിയ്ക്കുകയാണ് മുളയിടുക എന്ന പ്രക്രിയ കൊണ്ട് ഉദ്ദേശിക്കുന്നത്. അതിൽ വിതയ്ക്കുന്ന വിത്തുകൾ ഔഷധികളാണ്. ചന്ദ്രൻ ഔഷധീശനാണല്ലോ. അമൃതകലയിൽ നിന്നേ ജീവൻ ഉൽപ്പാദിപ്പിയ്ക്കപ്പെടുകയുള്ളൂ. അതാണ് വിത്തുകൾ മുളപ്പിയ്ക്കുന്നതിൻ്റെ രഹസ്യം. ഈ പാലികകളിലുള്ള വിത്തുകൾ ആറേഴു ദിവസങ്ങൾ പൂജ കഴിഞ്ഞശേഷം നല്ലപോലെ വളർത്തിരിയ്ക്കും. ദിവസേന അവയ്ക്ക് പൂജ ചെയ്യേണ്ടതുണ്ട്. വിത്തുകൾ വിതയ്ക്കുന്നതിന് മുമ്പ് പാലിൽ (അമൃതിൻ്റെ പ്രതീകം) കഴുകണമെന്നുള്ളതും ശ്രദ്ധേയമാണ്.

ശ്രീഭൂതബലിയും ഉത്സവബലിയും

കൊടിയേറ്റവും മുളപൂജയും കഴിഞ്ഞാൽ അന്ന് രാത്രിതന്നെ ദേവന് വിസ്തരിച്ച് ഒരു പൂജ ചെയ്യണം. അതിന് നിവേദ്യസ്ഥാനത്ത് ശ്രീഭൂതബലി വേണമെന്നുള്ളത് നിർബന്ധമാണ്. ഇത് ഒരു സംപൂർണ്ണ പൂജയാണ്. ഈ ശ്രീഭൂതബലിയ്ക്കു വേണ്ടി മൂലബിംബസമീപത്തിലുള്ള അകത്തെ ദ്വാസ്ഥന്മാർ, മണ്ഡപത്തിലുള്ള വാഹനം, പിറകിലുള്ള അനന്തൻ, തെക്കേ ദ്വാരത്തിങ്കൽ ഇടത്തും വലത്തുമുള്ള ദക്ഷിണാമൂർത്തി, ഗണപതി, പുറത്തെ ദ്വാസ്ഥന്മാർ, ഇന്ദ്രാദി, അഷ്ടദ്വിക് പാലകന്മാർ, ഊർദ്ധ്വദിഗധിപതിയായ ബ്രാഹ്മാവ്, അധോദിഗധിപതിയായ അനന്തൻ, വിരഭദ്ര ഗണപതി, സമേതന്മാരായ ബ്രാഹ്മ്യാദി മാതൃക്കൾ, അതിനടുത്തുള്ള ശാസ്താവ്, വായു, ബലിക്കല്ലിനടുത്തുള്ള ദുർഗ്ഗ, സോമൻ്റെ ബലിക്കല്ലിനു അടുത്തുള്ള സുബ്രഹ്മണ്യൻ, അതിനടുത്തു തന്നെയുള്ള വൈശ്രവണൻ, അവസാനമായി ഈശാനകോണിലുള്ള നിർമ്മാല്യധാരി എന്നീ ദേവതകൾക്കും അവരുടെ പാർഷദന്മാർക്കും പുറത്തുള്ള പ്രത്യേക ദേവതകൾക്കും ബലിതൂകേണ്ടതായിട്ടുണ്ട്. ലേഖനദൈർഘ്യത്താൽ അവയെ ഇവിടെ വിവരിക്കുന്നില്ല. ബലി ക്രമത്തെപ്പറ്റി വിവരിയ്ക്കുവാൻ മറ്റൊരു ലേഖനം തന്നെ ആവശ്യമാണ്.

അടുത്ത ദിവസം മുതൽ ഈ പൂജയിൽ ശ്രീഭൂതബലിയ്ക്ക് പകരം ഉത്സവബലിയാണ് ചെയ്യുക. അത് ശ്രീഭൂതബലിയ്ക്ക് ഒരു വികസിത രൂപമാണ്. ഈ ബലിക്രമത്തിൽ ആ ദേവതയുടെ പൂർണ്ണരൂപം ഉന്മീല മാകുന്നുണ്ട് എന്ന് ചുരുക്കത്തിൽ പറയാം. ആ ഉത്സവബലിയോട് കൂടിയുള്ള പൂജകൾതന്നെയാണ് ഉത്സവാവസരത്തിൽ ക്ഷേത്രമാകുന്ന സാധകൻ ചെയ്യുന്ന തപസ്സ്.

(തുടരും)

✍ പി.എം.എൻ. നമ്പൂതിരി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments