Monday, November 25, 2024
Homeസ്പെഷ്യൽആകാശത്തിലെ പറവകൾ - (25) ‘ചെങ്കണ്ണി തിത്തിരി ‘ പക്ഷികൾ (Red-wattled Lapwing)

ആകാശത്തിലെ പറവകൾ – (25) ‘ചെങ്കണ്ണി തിത്തിരി ‘ പക്ഷികൾ (Red-wattled Lapwing)

റിറ്റ ഡൽഹി

‘കിക്ക്-കിക്ക്-ടിറ്റി-റ്റൂയി-ടിറ്റിട്ടൂയി ‘

 എന്ന  ശബ്ദം കേൾക്കുമ്പോൾ  ഫോട്ടോ എടുക്കാനായി ഫോണും കൊണ്ട് ഓടി ചെല്ലുന്ന എൻ്റെയടുത്ത്,

‘കിക്ക്-കിക്ക്-ടിറ്റി-റ്റൂയി-ടിറ്റിട്ടൂയി ‘

ഒരു പക്ഷെ ‘ ടൈം ഒട്ടും  ഇല്ല…പോട്ടേ’എന്നു പറയുന്നതു പോലെ ഉച്ചത്തിൽ ചിലച്ചു കൊണ്ടു പോകുന്ന ‘ചെങ്കണ്ണി തിത്തിരി ‘ പക്ഷികൾ (Red-wattled Lapwing), ഇവയുടെ മുഖത്ത്  കണ്ണിന് ചുറ്റും കാണുന്ന ചുവന്ന ചർമ്മമാണ് ചെങ്കണ്ണി തിത്തിരി എന്ന പേരിന് ആധാരം.

തുറസായ പ്രദേശങ്ങളിലും ചതുപ്പുനിലങ്ങളിലും താമസിക്കാൻ ഇഷ്ടപ്പെടുന്ന ഇവ സദാ ശബ്ദിച്ചു

കൊണ്ടിരിക്കുന്ന പക്ഷികളാണ്.ശത്രുജീവികളെ, പ്രത്യേകിച്ച് മനുഷ്യരെ കാണുമ്പോൾ ഇവ ഈ ശബ്ദം ഉറക്കെ പല പ്രാവശ്യം പുറപ്പെടുവിക്കുന്നു. ഈ മുന്നറിയിപ്പു ശബ്ദം കൂടെയുള്ള ഇത്തരം പക്ഷികൾക്കു മാത്രമല്ല, മറ്റു പല ജന്തുക്കൾക്കും പലപ്പോഴും ശത്രുക്കളിൽ നിന്നു രക്ഷപ്പെടാനുളള വഴികാട്ടിയായിത്തീരാറുണ്ട്. അതിനാൽ ഇവയ്ക്ക് ആൾകാട്ടി എന്നും പേരുണ്ട്.

ഓരോ പക്ഷികളിലെ വിശേഷങ്ങളും സവിശേഷതകളും എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഈ പക്ഷിയാണെങ്കിൽ ‘പ്രകൃതിദത്തമായ കാലാവസ്ഥാ പ്രവചകൻ ‘ ആണെന്ന് വിശ്വസിക്കുന്നവരുമുണ്ട്.

താഴ്ന്ന സ്ഥലങ്ങളിൽ ഇവ കൂടുകൂട്ടുകയാണെങ്കിൽ മഴകുറവായിരിക്കുമെന്നും ഉയർന്ന ഇടങ്ങളിൽ ഇവ കൂടുകൂട്ടുകയാണെങ്കിൽ വെള്ളപ്പൊക്കത്തിന് സാദ്ധ്യത ഉണ്ടെന്നും കർഷകർ അനുമാനിക്കുന്നു.കാ‍ലാവസ്ഥാവ്യതിയാ‍നം മുൻ‌കൂട്ടി അറിയാവുന്ന ഇവ കൂടുകൂട്ടുന്ന സ്ഥലത്തിന്റെ പ്രത്യേകതയാണ് കർഷക രെ കാലാവസ്ഥാ പ്രവചനത്തിന് സഹായിക്കുന്നത്.

ജലാശയങ്ങൾക്കടുത്തുളള പാറക്കെട്ടുകൾ, തുറസ്സായ പ്രദേശങ്ങൾ, വയലുകൾ തുടങ്ങിയവയാണ് ചെങ്കണ്ണിയുടെ വാസകേന്ദ്രങ്ങൾ. ചെങ്കണ്ണികൾ ഒറ്റയായോ ഇണകളായോ അഞ്ചും ആറും ഉളള ചെറുകൂട്ടങ്ങളായോ ആണ് കാണപ്പെടാറുളളത്.

ചെങ്കണ്ണി തിത്തിരി പക്ഷികൾ  നിലത്ത് നടന്ന് ഇര തേടുന്ന പക്ഷികളാണ്തറയിൽ വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ ഇടക്കിടെ കുനിഞ്ഞ് എന്തോ പെറുക്കുന്ന പോലെയാണിവയുടെ രീതി. നന്നായി നീന്താനറിയുമെങ്കിലും അധികം നീന്തുന്നതായി കാണാറില്ല.

മാർച്ച് മുതൽ ആഗസ്ത് വരെയാണ് ചെങ്കണ്ണി തിത്തിരിയുടെ പ്രജനന കാലം. ഇണയെ ആകർഷിക്കാനായി ആൺ പക്ഷി തൂവലുകൾ വിടർത്തി ഇളക്കി കൊക്ക് മേലേക്ക് ചൂണ്ടി നിൽക്കും. തുടർന്ന് പെൺ പക്ഷിക്ക് ചുറ്റും ഓടിക്കളിക്കും. താത്പര്യം തോന്നിയാൽ പെൺ പക്ഷി ചെറിയ ശബ്ദം ആവർത്തിച്ച് പുറപ്പെടുവിച്ച് മറുപടി നൽകും. നിരവധി ആൺ പക്ഷികൾ ഒരേ സമയം ഒരു പെൺ പക്ഷിയെ ആകർഷിക്കാൻ ശ്രമിക്കാറുണ്ട്.

ഈ പക്ഷിക്ക് പ്രത്യേകിച്ച് കൂട് നിർമാണം ഒന്നുമില്ല. വെറും തറയിൽ മണ്ണോ ചരലോ ചെറുതായി ഒന്ന് നീക്കിയാൽ ഇവയ്ക്ക് മുട്ടയിടാനുള്ള സ്ഥലമായി. ഇങ്ങനെ ആണെങ്കിലും ഇവയുടെ കൂട്  അത്ര എളുപ്പമൊന്നും ശത്രുക്കളുടെ ശ്രദ്ധയിൽ പെടില്ല. ചെറിയ കല്ലുകൾക്കും മറ്റ് ഉണങ്ങിയ ചുള്ളിക്കമ്പുകൾക്കും ഇടയിൽ മൂന്ന് നാല് മുട്ടകൾ വരെ ഇടും. 42 x 30 മി.മീ. വലുപ്പമുള്ള മങ്ങിയ നിറമുള്ള മുട്ടകൾക്ക് നിറയെ കടും തവിട്ട് നിറത്തിലുള്ള പുള്ളികളാണ്. ചുറ്റുപാടുകളോട് ഇഴുകിച്ചേരുന്ന ഈ രൂപം മുട്ടകളെ ശത്രുക്കളുടെ ശ്രദ്ധയിൽ നിന്ന് ഒഴിയാൻ സഹായിക്കുന്നു.

പ്രധാനമായും മെയ് ജൂൺ മാസങ്ങളിലാണ് മുട്ടയിടുന്നത്. ഏതെങ്കിലും ജീവി കൂട്ടിനടുത്തേക്ക് വന്നാൽ ഈ പക്ഷികൾ അവയ്ക്ക് ചുറ്റും പറന്ന് ഉറക്കെ ശബ്ദം ഉണ്ടാക്കി വിരട്ടി അകറ്റാൻ ശ്രമിക്കും. ശത്രു അകലും വരെ ഇത് തുടരും. ഭയപ്പെടുത്തി അകറ്റാനാവാത്ത ശത്രുക്കളെ ഓടാൻ ബുദ്ധിമുട്ടനുഭവിക്കുന്നതായി അഭിനയിച്ച് എളുപ്പം പിടിക്കാം എന്ന് തെറ്റിദ്ധരിപ്പിച്ച് കൂടിൻറെ സമീപത്ത് നിന്ന് അകലേക്ക് കൊണ്ടുപോയി അപകടം ഒഴിവാക്കാറുണ്ട്. അതും പരാജയപ്പെട്ടാൽ മുകളിലേക്ക് പറന്നുയർന്ന ശേഷം അതിവേഗം താഴേക്ക് പറന്നിറങ്ങി അക്രമിയെ കൊത്തി അകറ്റാനും ശ്രമിക്കും. കടുത്ത ചൂടുള്ള ദിവസങ്ങളിൽ മുട്ടകളെ സംരക്ഷിക്കാൻ രക്ഷിതാക്കൾ അവയുടെ തൂവലുകൾ നനച്ച് കൊണ്ടുവന്ന് മുട്ടകളെ തണുപ്പിക്കാറുണ്ടത്രെ. ആൺ പെൺ പക്ഷികൾ മാറിമാറി അടയിരിക്കുകയും കൂടിനെ സംരക്ഷിക്കുകയും ചെയ്യും. ഉച്ച സമയത്തെ കൊടും ചൂടിൽ ആൺ പക്ഷി പെൺ പക്ഷിയെ മാറ്റി അടയിരിക്കുന്ന ഉത്തരവാദിത്തം ഏറ്റെടുക്കാറുണ്ട്.

ഈയടുത്ത കാലത്ത് മുട്ടകളെ സംരക്ഷിക്കാനുള്ള അമ്മകിളിയുടെ ബഹളം, സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. തായ്ലാൻഡിലാണ് സംഭവം. കൃഷിസ്ഥലത്തേക്ക് ട്രാക്ടറുമായി വന്ന കർഷകന് എതിരെയുള്ള പക്ഷിയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടു നോക്കിയപ്പോൾ കണ്ടത് ട്രാക്ടറിന്റെ ടയറിനു മുന്നിൽ ചിറകും വിരിച്ചുപിടിച്ച് നിൽക്കുന്ന പക്ഷിയെയാണ്.

പിന്നീട് ശ്രദ്ധിച്ചപ്പോഴാണ് മുട്ട കണ്ടത്. അപ്പോഴാണ് മനസ്സിലായത് മുട്ട സംരക്ഷിക്കാനായിരുന്നു പക്ഷി ശ്രമിച്ചതെന്ന്.

28 – 30 ദിവസങ്ങൾ കൊണ്ട് മുട്ടകൾ വിരിയും. മുട്ട വിരിഞ്ഞാൽ അല്പസമയത്തിനുള്ളിൽ തന്നെ കുഞ്ഞുങ്ങൾ മാതാപിതാക്കൾക്കൊപ്പം നടക്കാൻ തുടങ്ങും. അപകടഭീഷണി മണത്താൽ ഉടൻ കുഞ്ഞുങ്ങൾ നിലത്തോട് ചേർന്ന് കിടക്കുകയോ പുല്ലുകൾക്കിടയിൽ ഒളിക്കുകയോ ചെയ്യും. കടുത്ത ചൂടുള്ള ദിവസങ്ങളിൽ മുട്ടകൾ സംരക്ഷിച്ച പോലെ കുഞ്ഞുങ്ങളെയും വെള്ളം നനച്ച് ചൂടിൽ നിന്ന് രക്ഷിക്കാറുണ്ടത്രേ!

38 ദിവസങ്ങൾ കൊണ്ട് കുഞ്ഞുങ്ങൾ പറക്കമുറ്റി വേറിട്ട് ജീവിക്കാൻ തുടങ്ങും.9 വർഷം വരെയാണ് ചെങ്കണ്ണി തിത്തിരി പക്ഷികളുടെ ശരാശരി ആയുർദൈർഘ്യം.

ഭാരതത്തിൽ രാജസ്ഥാനിലെ മരുഭൂമികളിലും, കാഷ്മീരും, ഹിമാലയ പർവ്വതവും ഒഴികെ എല്ലാ പ്രദേശങ്ങളിലും കണ്ടുവരുന്നു.

ആകാശത്തിലെ ഓരോ പറവകളുടെ വിശേഷങ്ങളും ഒന്നിനൊന്ന് വ്യത്യസ്തവും വിചിത്രവുമാണ് അല്ലേ?

25 തരം പറവകളുടെ വിശേഷങ്ങൾ നിങ്ങളുമായി പങ്ക് വെയ്ക്കാൻ അവസരം തന്ന മലയാളി മനസ്സിനും വായനക്കാരോടും നന്ദി പറഞ്ഞു കൊണ്ട് ഈ പംക്തി ഞാൻ ഇവിടെ അവസാനിപ്പിക്കുകയാണ്.

Thanks

റിറ്റ ഡൽഹി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments