Sunday, November 24, 2024
Homeസ്പെഷ്യൽഅദ്ധ്യാപക ദിനം ഓർമ്മിപ്പിക്കുന്നത് .. ✍അഫ്‌സൽ ബഷീർ തൃക്കോമല

അദ്ധ്യാപക ദിനം ഓർമ്മിപ്പിക്കുന്നത് .. ✍അഫ്‌സൽ ബഷീർ തൃക്കോമല

അഫ്‌സൽ ബഷീർ തൃക്കോമല

1888 സെപ്റ്റംബർ 5 ന് സർവേപ്പള്ളി വീരസ്വാമിയുടെയും സീതമ്മയുടെയും മകനായി തമിഴ് നാട്ടിലെ “തിരുത്താണി ” എന്ന സ്ഥലത്തു തെലുങ്കു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച “സർവേപ്പള്ളി രാധകൃഷ്ണൻ “എന്ന ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്ന പ്രമുഖ അദ്ധ്യാപകന്റെ ജന്മദിനം കൂടിയാണിന്ന്‌.

തിരുത്താണിയിലുള്ള പ്രൈമറി ബോർഡ് വിദ്യാലയത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസംനേടി. പിന്നീട് സ്കോളർഷിപ്പുകളുടെ സഹായത്തോടെ 1896 ൽ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി തിരുപ്പൂരിലുള്ള ഹെർമാൻസ്ബർഗ് ഇവാഞ്ചലിക്കൽ ലൂഥർ മിഷൻ സ്കൂളിൽ എത്തി ,പിന്നീട് വെല്ലൂർ വൂർസ് കോളേജിൽ ചേർന്നുവെങ്കിലും അവിടെ നിന്നും മദ്രാസ് ക്രിസ്ത്യൻ കോളേജിലേക്കു മാറി. ഫിലോസഫി ഐഛികവിഷയമായെടുത്ത് ബി.എ ജയിച്ചു.മദ്രാസ് സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം നേടി. ഉയർന്ന മാർക്കുകൾ ഉണ്ടായിരുന്നിട്ടും കുടുംബത്തിലെ പ്രാരാബ്ധം കാരണം ഓക്സ്ഫഡ് സർവ്വകലാശാലയിൽ പഠിക്കുവാനുള്ള ആഗ്രഹം ഉപേക്ഷിച്ചു . പതിനാറാമത്തെ വയസ്സിൽ ബന്ധുവായ ശിവകാമുവിനെ വിവാഹം കഴിച്ചു. ഏക മകൻ “സർവേപ്പള്ളി ഗോപാൽ ” ചരിത്രകാരനാണ് .

1909 ൽ മദ്രാസ് പ്രസിഡൻസി കോളേജിൽ അദ്ധ്യാപകനായി.1918 മൈസൂർ സർവ്വകലാശാലയിലേക്ക് പ്രൊഫസറായി ഉദ്യോഗക്കയറ്റം ലഭിച്ചു . ഈ കാലഘട്ടത്തിൽ അദ്ദേഹം പത്രമാസികകളിൽ എഴുതാൻ തുടങ്ങി. “ദ ഫിലോസഫി ഓഫ് രബീന്ദ്രനാഥ് ടാഗോർ”എന്ന ആദ്യത്തെ പുസ്തകം പ്രസിദ്ധീകരിച്ചതും ഈ സമയത്താണ് ,1920 ൽ രണ്ടാമത്തെ പുസ്തകമായ” ദ റീൻ ഓഫ് റിലീജിയൻ ഇൻ കണ്ടംപററി ഫിലോസഫി “പ്രസിദ്ധീകരിച്ചു .1921 ൽ കൽക്കട്ടാ സർവ്വകലാശാലയിൽ ഫിലോസഫി പ്രൊഫസറായി . ഹാർവാർഡ് സർവ്വകലാശാലയിൽ നടന്ന “ഇന്റർനാഷണൽ കോൺഗ്രസ്സ് ഓഫ് ഫിലോസഫി” സമ്മേളനത്തിൽ പങ്കെടുത്തു . പാശ്ചാത്യ തത്ത്വശാസ്ത്രജ്ഞരിൽ ദൈവശാസ്ത്രത്തിന്റെ സ്വാധീനം അധികമാണെന്ന അദ്ദേഹത്തിന്റെ വാദം ഈ കാലഘട്ടത്തിൽ ഏറെ ചർച്ച ചെയ്യപെട്ടു . മാത്രമല്ല ഭാരതീയ ദർശനങ്ങൾ പാശ്ചാത്യ തത്ത്വശാസ്ത്രങ്ങളോടു കിടപിടിക്കുന്നതാണെന്ന് അദ്ദേഹം നിരന്തരം പറഞ്ഞു. അതിനു ശേഷമാണ് ഭാരതീയ ദർശനങ്ങളെപ്പറ്റി പാശ്ചാത്യർ അന്വേഷിച്ചു തുടങ്ങിയത് എന്നതാണ് വസ്തുത .

ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി.ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ ഉപരാഷ്ട്രപതിയായിരുന്ന വ്യക്തി.ഉപരാഷ്ട്രപതിയായിരുന്നതിനു ശേഷം രാഷ്ട്രപതി ആയ ആദ്യ വ്യക്തി.തത്ത്വ ചിന്തകനായ രാഷ്ട്രപതി 1962 ൽ ഇന്ത്യയിൽ ആദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി,”ഇന്ത്യൻ ഫിലോസഫി” ,”ദ ഹിന്ദു വ്യൂ ഓഫ് ലൈഫ്”. “ആൻ ഐഡിയലിസ്റ്റ് വ്യൂ ഓഫ് ലൈഫ്. ” തുടങ്ങിയ ഗ്രന്ഥങ്ങളുടെ കർത്താവ് അങ്ങനെ പറഞ്ഞു തീരാത്തത്ര വിശേഷണങ്ങളുള്ള അദ്ദേഹത്തിന്റെ ജന്മദിനം എന്ത് കൊണ്ടും അദ്ധ്യാപക ദിനമായി ആചരിക്കാൻ ഉചിതമാണെന്നുള്ളതിൽ രണ്ടു പക്ഷമില്ല .

ലക്ഷ്യ ബോധത്തിലധിഷ്ഠിതമായ വിദ്യാഭ്യാസ പ്രക്രിയയിലൂടെ മാനവ സംസ്കാരം വളർത്തിയെടുക്കുന്ന സത്യസന്ധനും സൽ സ്വാഭാവിയുമായ സാമുഹിക പരിഷ്കർത്തവാണ് മാതൃകാ അദ്ധ്യാപകൻ .ഇംഗ്ലീഷ് ഭാഷയിൽ “TEACHER എന്നത് കടഞ്ഞെടുത്ത ഏഴു വാക്കുകളുടെ ചുരുക്കെഴുത്താണ് Tolerance( ക്ഷമ ).അദ്ധ്യാപകർ പരമാവധി ക്ഷമാശീലം പുലർത്തിയില്ലെങ്കിൽ വിദ്യാർത്ഥികൾക്ക് പാഠഭാഗങ്ങൾ പഠിപ്പിച്ചു കൊടുക്കാൻ കഴിയാതെ വരുമെന്ന് മാത്രമല്ല ക്ഷമാ ശീലമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ അത് വഴി സാധ്യമാകാതെയും വരും .EDUCATION (വിദ്യാഭ്യാസം) പ്രൈമറി തലം മുതൽ ഇന്ത്യൻ ഭരണ സർവീസ് വരെ പഠിപ്പിക്കുന്നവർ അദ്ധ്യാപകർ തന്നെ .ആവശ്യത്തിന് മാത്രം വിദ്യഭ്യാസ യോഗ്യത നേടി അദ്ധ്യാപക വൃത്തിയിൽ ഏർപ്പെടുന്ന നമമുടെ അദ്ധ്യാപകർ നിർഭാഗ്യവശാൽ കാലോചിതമായ മാറ്റങ്ങൾക്കനുസരിച് അറിവ് നേടാൻ ശ്രമിക്കുന്നില്ല എന്നതാണ്‌ ഈ രംഗം ഇത്രയും കലുഷിതമായി നിൽക്കുന്നതെന്ന് പറയാതെ വയ്യ .അദ്ധ്യാപകൻ ജ്ഞാനതൃഷ്ണയുള്ളവരായിരിക്കണം എന്ന് ചുരുക്കം.

Affection (വാത്സല്യം ) സ്വന്തം മക്കളെ പോലെ പഠിപ്പിക്കുന്ന ഓരോ വിദ്യാർത്ഥിയെയും കാണാൻ അദ്ധ്യാപകർ തയാറാകണം.മക്കൾ പഠിക്കുന്ന ക്ലാസ്സിൽ നിന്ന് ഒഴിവായി നിൽക്കുകയോ അധികൃതർ ഒഴിവാക്കി നിർത്തുകയോ ചെയുന്നതാണ് അഭികാമ്യം. ഇല്ലെങ്കിൽ അദ്ധ്യാപകരുടെ മക്കൾക്ക് എല്ലാ രംഗത്തും മേൽകൈ ഉണ്ടാകുന്ന പതിവ് കാഴ്ച അത്ര സുഖമുള്ളതല്ല എന്നതും ഓർക്കേണ്ടതുണ്ട്. character( സ്വഭാവം )അദ്ധ്യാപകന്റെ സ്വഭാവ ശുദ്ധി വിദ്യാർത്ഥിയുടെ സ്വഭാവ രൂപീകരണത്തിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. മാതൃകയാകേണ്ട അദ്ധ്യാപകരുടെ വസ്ത്രധാരണം പ്രത്യേകിച്ച് അദ്ധ്യാപികമാരുടെ ഈ രംഗത്ത് വലിയ വിപത്തുണ്ടാക്കിയിട്ടുണ്ട് കൂടാതെ ലഹരി പാതാർത്ഥങ്ങളുടെ ഉപയോഗത്തിൽ നിന്നും അദ്ധ്യാപകർ പൂർണമായും ഒഴിവായി നിൽക്കേണ്ടതുണ്ട് .പ്രാകൃത ശിക്ഷാ രീതികൾ വിദ്യാർത്ഥികൾക്ക് മേൽ അടിചെല്പിക്കുന്നതും ഒഴിവാക്കപ്പെടണം .

HONEST( സത്യസന്ധത). അദ്ധ്യാപകർ സത്യസന്ധരല്ലെങ്കിൽ വിദ്യാർത്ഥികൾ സമൂഹത്തിനു ബാധ്യതയായി മാറും മഹാത്മാ ഗാന്ധിയുടെ രാഷ്ട്രീയ ഗുരുനാഥനായ ഗോഖലെയുടെ വാക്കുകൾ പ്രസക്തമാണ് .EXAMPLE( മാതൃക)അദ്ധ്യാപകന് “പുരോഹിതൻ” എന്നൊരർത്ഥമുണ്ട് “പുരോ” എന്നാൽ ഉയരത്തിൽ നിൽക്കുക “ഹിതം” എന്നാൽ ഇഷ്ടപെട്ടതു പറയുക .വാക്കിലും പ്രവർത്തിയിലും ചിന്തയിലും ദർശനത്തിലും എല്ലാം ഉയരത്തിൽ നിന്ന് കൊണ്ട് മറ്റുള്ളവർക്കിഷ്ടപെട്ടത് പറയുക അങ്ങനെ മാതൃകയാവേണ്ടവരാണ് അദ്ധ്യാപകർ .RESPECT (ബഹുമാനം) മറ്റുള്ളവരെ ബഹുമാനിക്കാനും അവരിൽ നിന്ന് ബഹുമാനം ലഭിക്കാനും അര്ഹതയുള്ളവരായി അദ്ധ്യാപകർ മാറണം .

ഏതായാലും വിദ്യാഭ്യാസം കച്ചവടമാക്കി സ്വാശ്രയമെന്നും മറ്റുമൊക്കെ പറഞ്ഞു വിദ്യഭ്യാസ മേഖല മുഴുവൻ വലിയ തകർച്ചയുടെ പാതയിൽ നിൽക്കുകയും നാട് മുഴുവൻ ബ്ലേഡ് സ്കൂളുകൾ കൂണ് പോലെ മുളച്ചു വന്നു കോർപ്പറേറ്റ് രീതികളിലേക്ക് മാറുന്നതും ഉൾപ്പടെ പ്രവാസി രക്ഷകര്താക്കളെ കഴുത്തറപ്പൻ നയങ്ങളുമായി പ്രവാസ ലോകത്തും കച്ചവടം പൊടിപൊടിക്കുന്നു . “ഭാരതത്തിന്റെ ഭാവി ഭാഗദേയം ക്ലാസ്സു മുറികളിലെ നാല് ചുമരുകൾക്കുള്ളിൽ രൂപാന്തര പെടുന്നു” എന്ന ഡോ .കൊത്താരിയുടെ നിഗമനം തന്നെയാണ്‌ ഇന്നും പ്രസക്തമായി നില്ക്കുന്നത് .

ഒരു അദ്ധ്യാപകന് എറ്റവും കൂടുതൽ ആത്മ നിർവൃതി ലഭിക്കുന്നത് തന്റെ ശിഷ്യന്മാർ വലിയ സ്ഥാനങ്ങളിൽ എത്തുമ്പോഴാണ് .

“അധ്യാപകൻ തൻ പരിശൊക്തി കേട്ടിട്ടുൾതാറു കത്താതെ മഹത്വമെത്താ ചാണോ ഫലകത്തിൻ ഉരവാർന്ന രത്നം ക്ഷോണീശ മൂർദ്ധാവിൽ വിളങ്ങിടുന്നു ”

അദ്ധ്യാപക ദിനാശംസകൾ..

✍.അഫ്‌സൽ ബഷീർ തൃക്കോമല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments