അവനവനെ സ്നേഹിക്കാം; അപരനേയും
——————————————————————-
മൂന്നു സ്ത്രീകൾ അടുക്കളയിൽ നിന്നു സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവരുടെ കുട്ടികൾ, അടുത്തു തന്നെ നിന്ന്, കളിക്കുന്നുമുണ്ട്. പല വിഷയങ്ങളും സംസാരിക്കുന്നതിനിടെ, ഇപ്പോൾ ഒരപകടം സംഭവിച്ചാൽ ആദ്യം എന്തു ചെയ്യും എന്നതിനേക്കുറിച്ചായി, അവരുടെ ചർച്ച. മൂന്നു പേരും ഒരേ സ്വരത്തിൽ പറഞ്ഞു: “ആദ്യം കുട്ടികളെ രക്ഷപെടുത്തും “. സംസാരം അങ്ങനെ പുരോഗമിക്കുന്നതിന് ഇടയ്ക്കു്, പെട്ടന്നാണ്ട് അടുപ്പത്തിരുന്ന വലിയ പ്രഷർകുക്കറ്റിൻ്റെ വാൽവ് ഉച്ച ശബദത്തോടെ തെറിച്ചു പോയത്. സെക്കൻ്റുകൾക്കുള്ളിൽ, കളിച്ചു കൊണ്ടിരുന്ന കുട്ടികളെ മറന്നിട്ട് മൂന്നു പേരും വീടിനു വെളിയിൽ ചാടി.
അവനവനേക്കാൾ കൂടുതൽ ആർക്കും, മറ്റാരേയും സ്നേഹിക്കാനാവില്ല. ഭാര്യാ സ്നേഹവും, ഭർത്തൃസ്നേഹവും, പുത്ര സ്നേഹവും, പുത്രീ സ്നേഹവും, മാതൃസ്നേഹവും, പിതൃസ്നേഹവുമെല്ലാം. സ്വയസ്നേഹം കഴിഞ്ഞേയുള്ളൂ സ്വയം സ്നേഹിക്കാത്ത ഒരാൾക്ക്, മറ്റുള്ളവരെ സ്നേഹിക്കാൻ കഴിയണം എന്നുമില്ല.
സ്വയ സ്നേഹത്തെ, സ്വാർത്ഥതയും തൻ കാര്യവും മാത്രമായി വ്യാഖ്യാനിക്കേണ്ടതില്ല. സ്വന്തം ജീവിതത്തോട് ഒരു പ്രതിപത്തിയുമില്ലാത്ത ഒരാൾക്ക് എങ്ങനെയാണ്, അയാളുടെ വ്യക്തി ജീവിതവും, സാമൂഹ്യ ജീവിതവും, ഫലകരമായും സംതൃപ്തമായും നയിക്കാനാകുക? മക്കളുടെ ഉന്നത വിജയവും, മാതാപിതാക്കളുടെ ആരോഗ്യവും സംബന്ധിച്ച കരുതലെല്ലാം, അവനവനോടുള്ള സ്നേഹത്തിൻ്റെ, വെളിപ്പെടുത്തൽ തന്നെയാണ്. കൂടപ്പിറപ്പുകളുടെ അതിജീവനത്തേക്കുറിച്ചും, അരക്ഷിതാവസ്ഥയേക്കുറിച്ചും നമ്മിൽ ഉയരുന്ന ആശങ്കകൾ, അവ സ്വന്തം ജീവിതത്തിൽ സൃഷ്ടിച്ചേക്കാവുന്ന അസൗകര്യങ്ങളേക്കുറിച്ചുള്ള ചിന്തയുടെ കൂടി ഫലമാണ്.
അവനവൻ്റെ ആത്മ സംതൃപ്തിക്കു കൂടി ഉതകുന്ന, അപര സന്തോഷങ്ങളിൽ പങ്കെടുക്കാനായിരിക്കും നമുക്കെല്ലാം ഇഷ്ടം. വിരുന്നില്ലാത്ത വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ നമ്മിൽ എത്ര പേർക്ക് താൽപര്യമുണ്ടാകും? അപരൻ്റ സന്തോഷവും, അവനവൻ്റെ സന്തോഷവും തമ്മിലുളള അകലം എത്ര കണ്ടു കുറയ്ക്കുന്നുവോ, അത്രമാത്രം ക്രിയാത്മകവും, സന്തുഷ്ടവുമായിരിക്കും ഓരോ ജീവിതവും.
ദൈവം സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.