ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടികയായി;മണ്ഡലത്തില്‍ ആകെ വോട്ടര്‍മാര്‍ 14,29,700 : 20,929 വോട്ടര്‍മാര്‍ വര്‍ധിച്ചു
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മണ്ഡലത്തിലെ അന്തിമ വോട്ടര്‍പട്ടികയില്‍ 14,29,700 വോട്ടര്‍മാര്‍. ജില്ലയിലെ ആകെ വോട്ടര്‍മാരായ 10,51,124 പേര്‍ക്കൊപ്പം കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങളിലെ 3,78,576 വോട്ടര്‍മാര്‍കൂടി ചേര്‍ന്നപ്പോള്‍ മണ്ഡലത്തിന്റെ വോട്ടര്‍മാരുടെ എണ്ണം 14,29,700 ആയി ഉയര്‍ന്നത്. കാഞ്ഞിരപ്പള്ളിയില്‍ ആകെ 1,87,898 വോട്ടര്‍മാരുണ്ട്. ഇതില്‍ 96,907 സ്ത്രീകളും 90,990 പുരുഷന്മാരും ഒരു ഭിന്നലിംഗ വോട്ടറുമാണുള്ളത്. പൂഞ്ഞാറില്‍ ആകെ 1,90,678 വോട്ടര്‍മാരില്‍ 96,198 സ്ത്രീകളും 94,480 പുരുഷന്മാരുമാണുള്ളത്.
ലോക്സഭാ മണ്ഡലത്തില്‍ പുരുഷ വോട്ടര്‍മാരും സ്ത്രീ വോട്ടര്‍മാരും ഏറ്റവും കുറവുള്ളത് യഥാക്രമം കാഞ്ഞിരപ്പള്ളിയിലും (90,990) പൂഞ്ഞാറിലുമാണ് (96,198). മണ്ഡലത്തില്‍ 2,238 പ്രവാസി വോട്ടര്‍മാരില്‍ 437 സ്ത്രീകളും 1,801 പുരുഷ വോട്ടര്‍മാരുമാണുള്ളത്.
ജനുവരി 22 ന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയേക്കാള്‍ 20,929 വോട്ടര്‍മാരുടെ വര്‍ധനവാണുള്ളത്. ആകെ വോട്ടര്‍മാരില്‍ 7,46,384 സ്ത്രീകളും 6,83,307 പുരുഷന്മാരും ഒമ്പത് ഭിന്നലിംഗ വോട്ടര്‍മാരുമുണ്ട്. സ്ത്രീ വോട്ടര്‍മാരില്‍ 10,689 പേരുടെയും പുരുഷ വോട്ടര്‍മാരില്‍ 10,239 പേരുടെയും ഒരു വോട്ടറിന്റെയും വര്‍ധനവുണ്ട്.
ജില്ലയില്‍ കൂടുതല്‍ സ്ത്രീവോട്ടര്‍മാര്‍
ജില്ലയിലെ മണ്ഡലങ്ങളില്‍ കൂടുതല്‍ സ്ത്രീവോട്ടര്‍മാര്‍. 5,53,279 സ്ത്രീ വോട്ടര്‍മാരും 4,97,837 പുരുഷ വോട്ടര്‍മാരും എട്ട് ഭിന്നലിംഗ വോട്ടര്‍മാരുമാരുമടക്കം ജില്ലയില്‍ ആരെ 10,51,124 വോട്ടര്‍മാര്‍. സ്ത്രീ വോട്ടര്‍മാരും പുരുഷ വോട്ടര്‍മാരും കൂടുതലുള്ളത് ആറന്മുളയിലാണ്. 1,12,100 പുരുഷന്‍മാരും 1,24,531 സ്ത്രീകളും ഒരു ഭിന്നലിംഗവുമടക്കം 2,36,632 വോട്ടര്‍മാരുമായി ആകെയുള്ള കണക്കിലും ആറന്മുള തന്നെ മുന്നില്‍.
ജില്ലയില്‍ പുരുഷവോട്ടര്‍മാരും സ്ത്രീ വോട്ടര്‍മാരും കുറവ് റാന്നിയിലാണ്. 92,110 പുരുഷവോട്ടര്‍മാരും 99,330 സ്ത്രീ വോട്ടര്‍മാരുമാരും രണ്ട് ഭിന്നലിംഗ വോട്ടര്‍മാരും ഉള്‍പ്പെടെ റാന്നിയില്‍ 1,91,442 വോട്ടര്‍മാരുമാണുള്ളത്.
അടൂരിലും തിരുവല്ലയിലും കോന്നിയിലും രണ്ടുലക്ഷത്തില്‍പരം വോട്ടര്‍മാരുണ്ട്. തിരുവല്ലയില്‍ 1,00,906 പുരുഷന്‍മാരും 1,11,533 സ്ത്രീകളും ഒരു ഭിന്നലിംഗ വോട്ടറുമടക്കം 2,12,440 വോട്ടര്‍മാരാണുള്ളത്. അടൂരില്‍ 98,176 പുരുഷന്‍മാരും 1,11,581 സ്ത്രീകളും മൂന്ന് ഭിന്നലിംഗവോട്ടറുമാരുമടക്കം 2,09,760 വോട്ടര്‍മാരുണ്ട്. കോന്നിയില്‍ 94,545 പുരുഷന്‍മാരും 1,06,304 സ്ത്രീകളും ഒരു ഭിന്നലിംഗവോട്ടറുമടക്കം 2,00,850 വോട്ടര്‍മാരുമാണുള്ളത്.
കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി സംഘടിപ്പിച്ച പരിശീലന ക്ലാസുകളില്‍ പങ്കെടുക്കാതിരുന്ന ഓഫീസര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയാതായി തെരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങള്‍ ഇലക്ഷന്‍ കമ്മീഷണര്‍ക്കും ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്കും നല്‍കിയതായും ഇവര്‍ക്കെതിരെ 1951 ലെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍ എന്നിവര്‍ക്കാണ് ഏപ്രില്‍ രണ്ടു മുതല്‍ നാലു വരെ ജില്ലയിലെ വിവിധകേന്ദ്രങ്ങളില്‍ പരിശീലനം നല്‍കിയത്.
പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 8
ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമ നിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 8 ന് . ഏപ്രില്‍ അഞ്ചിന് നടന്ന സൂക്ഷ്മ പരിശോധനയില്‍ എട്ട് സ്ഥാനാര്‍ഥികളുടെ പത്രികകളാണ് ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരി അംഗീകരിച്ചത്. എല്‍ഡിഎഫിന്റെ ടി എം തോമസ് ഐസക്ക്, യുഡിഎഫിന്റെ ആന്റോ ആന്റണി, ബിജെപിയുടെ അനില്‍ കെ ആന്റണി, ബിഎസ്പിയുടെ ഗീതാകൃഷ്ണന്‍, അംബേദ്ക്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ എം കെ ഹരികുമാര്‍, പീപ്പിള്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ സെക്കുലറിന്റെ ജോയ് പി മാത്യു, സ്വതന്ത്ര സ്ഥാനാര്‍ഥികളായ കെ സി തോമസ്, വി. അനൂപ് എന്നിവരുടെ പത്രികകളാണ് സ്വീകരിച്ചത്. ഏപ്രില്‍ എട്ടിന് സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിക്കും. ഏപ്രില്‍ 26 ന് തെരഞ്ഞെടുപ്പ്.
സ്ഥാനാര്‍ഥികളുടെ ചെലവ് പരിശോധന 12, 18, 23 തീയതികളില്‍
2024 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധ സ്ഥാനാര്‍ഥികളുടെ ചെലവ് സംബന്ധിച്ച വിവരങ്ങള്‍ സൂക്ഷിക്കുന്ന രജിസ്റ്ററുകള്‍, അനുബന്ധരേഖകള്‍ എന്നിവയുടെ പരിശോധന കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ 12, 18, 23 തീയതികളില്‍ രാവിലെ 11 ന് ചെലവ് നിരീക്ഷകന്റെ സാന്നിധ്യത്തില്‍ നടത്തുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേംകൃഷ്ണന്‍ അറിയിച്ചു.
പോളിംഗ് സ്റ്റേഷനുകള്‍ വോട്ടര്‍ സൗഹൃദമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍
ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് സ്റ്റേഷനുകള്‍ വോട്ടര്‍ സൗഹൃദമാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍മാര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പോളിംഗ് ബൂത്തില്‍ ഉറപ്പാക്കും. ഇത് സംബന്ധിച്ച് പരിശീലന സമയത്ത് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കും. തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് പോളിംഗ് സ്റ്റേഷനുകളിലുണ്ടാകുന്ന മാലിന്യങ്ങള്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചു നീക്കം ചെയ്യണം. മുതിര്‍ന്നവര്‍ക്കും ഭിന്നശേഷി വിഭാഗക്കാര്‍ക്കും പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കണം. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും കുടിവെള്ളം ലഭ്യമാക്കണം.
വോട്ടര്‍മാര്‍ക്ക് പോളിംഗ് ബൂത്തുകളുടെ സ്ഥാനം, ലഭ്യമായ സൗകര്യങ്ങള്‍, വോട്ടര്‍ അസിസ്റ്റന്‍സ് ബൂത്ത് എന്നിവയെക്കുറിച്ച് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിന് ഇംഗ്ലീഷിലും മലയാളത്തിലും നീലയും വെള്ളയും നിറത്തില്‍ ശരിയായ അടയാളങ്ങള്‍ പോളിംഗ് സ്റ്റേഷനുകളില്‍ സ്ഥാപിക്കണം.
സ്‌കൂളുകളില്‍ പോസ്റ്ററുകളും നോട്ടീസുകളും പതിപ്പിക്കുമ്പോള്‍ ജാഗ്രത പാലിക്കണം. ക്ലാസ്മുറികളിലെ ചുവരുകളിലെ ചിത്രങ്ങള്‍ നശിപ്പിക്കുകയോ കേടുവരുത്തുകയോ ചെയ്യാത്ത വിധത്തിലാവണം പോളിംഗ് സ്റ്റേഷനുകളില്‍ അറിയിപ്പുകള്‍ പതിക്കേണ്ടതെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.
കുട്ടികള്‍ക്കായി ക്രഷ് സംവിധാനം
ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് സ്റ്റേഷനുകള്‍ വോട്ടര്‍ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി കുട്ടികള്‍ക്കായി ക്രഷ് സംവിധാനം ഏര്‍പ്പെടുത്തും.നാലില്‍ കൂടുതല്‍ പോളിംഗ് സ്റ്റേഷനുകള്‍ സ്ഥിതി ചെയ്യുന്ന പോളിംഗ് ലൊക്കേഷനുകളില്‍ വോട്ടര്‍മാരെ അനുഗമിക്കുന്ന കുട്ടികള്‍ക്കായാണ് ഈ സൗകര്യം ക്രമീകരിക്കുക. കുട്ടികളെ പരിപാലിക്കുന്നതിനായി ഒരു ആയയെ അല്ലെങ്കില്‍ സന്നദ്ധപ്രവര്‍ത്തകയെ നിയോഗിക്കും.
നീണ്ട ക്യൂവിന് സാധ്യതയുള്ള പോളിംഗ് സ്റ്റേഷനുകളുടെ പട്ടിക തയാറാക്കണം
നീണ്ട ക്യൂവിന് സാധ്യതയുള്ള പോളിംഗ് സ്റ്റേഷനുകളുടെയും ലൊക്കേഷനുകളുടെയും പട്ടിക സെക്ടര്‍ ഓഫീസര്‍മാര്‍ തയാറാക്കണം. ക്യൂ നിയന്ത്രിക്കുന്നതിനായി സന്നദ്ധപ്രവര്‍ത്തകരെ ഏര്‍പ്പാടാക്കുക, ടോക്കണുകള്‍ വിതരണം ചെയ്യുക തുടങ്ങി തിരക്ക് കുറയ്ക്കുന്നതിനുള്ള നടപടികളും സ്വീകരിക്കണം.
തെരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ച്
മാലിന്യ സംസ്‌കരണത്തില്‍ ശ്രദ്ധ നല്‍കി ഹരിത തെരഞ്ഞെടുപ്പിന് ഒരുങ്ങി ജില്ല.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങളുടെ അളവ് കുറച്ച് പ്രകൃതി സൗഹൃദ സാമഗ്രികള്‍ ഉപയോഗിച്ച് ഹരിത തെരഞ്ഞെടുപ്പ് നടപ്പാക്കും. തെരഞ്ഞെടുപ്പ് കാലയളവിലെ മാലിന്യ നിര്‍മ്മാര്‍ജനത്തിന് ശ്രദ്ധ നല്‍കും. പ്രചാരണ സാമഗ്രികള്‍, ഭക്ഷണാവശിഷ്ടങ്ങള്‍ എന്നിവയിലൂടെ ഉണ്ടാകുന്ന മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്‌കരണം ഉറപ്പാക്കും.
തെരഞ്ഞെടുപ്പ് പ്രകൃതി സൗഹൃദമാക്കുന്നതിന് പനമ്പായ, പുല്‍പ്പായ, ഓല, ഈറ, മുള, പാള തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിച്ച് പ്രചാരണ സാമഗ്രികള്‍ നിര്‍മ്മിക്കണം. കൊടികളും തോരണങ്ങളും തുണിയിലോ പേപ്പറിലോ നിര്‍മ്മിക്കണം. പോളിപ്രൊപ്പലീന്‍ കൊണ്ടുള്ള കൊടിതോരണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. ഫ്‌ളക്‌സ്, പ്ലാസ്റ്റിക്, തെര്‍മോക്കോള്‍ എന്നിവ പൂര്‍ണമായി ഒഴിവാക്കി കോട്ടണ്‍ തുണി, പേപ്പര്‍ എന്നിവ കൊണ്ട് വാഹനങ്ങള്‍ അലങ്കരിക്കണം. തെരഞ്ഞെടുപ്പില്‍ ഹരിതചട്ടം ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴ ചുമത്തും.
പോളിങ് ബുത്തുകള്‍ ഒരുക്കുമ്പോള്‍
ലോക്സഭാ തെരഞ്ഞെടുപ്പിന് ഹരിത പെരുമാറ്റചട്ടം പാലിച്ച് പോളിങ് ബൂത്തുകള്‍ ഒരുക്കും. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകള്‍, ബൂത്തുകള്‍ക്ക് മുന്നിലെ കൗണ്ടറുകള്‍ എന്നിവ ഒരുക്കുമ്പോള്‍ ഹരിതചട്ടം പാലിക്കണം. കുടിവെള്ള ഡിസ്‌പെന്‍സറുകള്‍, സ്റ്റീല്‍/കുപ്പി ഗ്ലാസുകള്‍ എന്നിവ ബൂത്തുകളില്‍ സജ്ജീകരിക്കണം. ഭക്ഷണം കഴിക്കാന്‍ ഡിസ്‌പോസിബള്‍ ഗ്ലാസ്, പ്ലേറ്റ് എന്നിവ ഉപയോഗിക്കരുത്. പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണം പ്ലാസ്റ്റിക് കണ്ടയിനറുകളിലോ സഞ്ചികളിലോ വിതരണം ചെയ്യരുത്. മാലിന്യം തരം തിരിച്ചു നിക്ഷേപിക്കാന്‍ ബിന്നുകള്‍ സ്ഥാപിക്കണം. മാലിന്യം നീക്കം ചെയ്യാന്‍ ഹരിത കര്‍മ സേനയുമായി കരാറില്‍ ഏര്‍പ്പെടണം. തെരഞ്ഞെടുപ്പില്‍ ഹരിത പെരുമാറ്റ ചട്ടം നടപ്പിലാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ശുചിത്വമിഷന്‍ ജില്ലാ ഓഫീസുമായും ബന്ധപ്പെടാം.
വോട്ടേഴ്‌സ് ഇന്‍ഫര്‍മേഷന്‍ സ്ലിപ് വിതരണം
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ തെരഞ്ഞെടുപ്പ് തീയതിക്ക് അഞ്ചു ദിവസം മുന്‍പ് വോട്ടേഴ്‌സ് ഇന്‍ഫര്‍മേഷന്‍ സ്ലിപ് വിതരണം ചെയ്യണം. ഇവ വോട്ടറോ/ കുടുംബാംഗമോ കൈപ്പറ്റിയെന്നുള്ള രേഖ ബിഎല്‍ഒമാര്‍ ശേഖരിച്ച് ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരെ ഏല്‍പ്പിക്കണം അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു.
വോട്ടിംഗ് മെഷീനുകളുടെ വിതരണം പൂര്‍ത്തിയായി
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ ബൂത്തുകളിലേക്കുള്ള പോളിംഗ് സമാഗ്രികളുടെ വിതരണം പൂര്‍ത്തിയായി. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കാണ് കളക്ടറേറ്റിലെ ഇലക്ഷന്‍ വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ (ഇവിഎം), വിവിപാറ്റ് മെഷീനുകള്‍ തുടങ്ങിയ പോളിംഗ് സാമഗ്രികള്‍ കൈമാറിയത്. ആകെ 1397 വിവിപാറ്റുകളും 1290 വീതം ബാലറ്റ്, കണ്‍ട്രോള്‍ യൂണിറ്റുകളുമാണുള്ളത്. 16 ന് ഇവിഎമുകളുടെ രണ്ടാം ഘട്ട റാന്റമൈസേഷന് ശേഷം 17 ന് ഇവിഎമുകള്‍ കമ്മീഷന്‍ ചെയ്യും.
കുറ്റപ്പുഴ മാര്‍ത്തോമ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ (തിരുവല്ല), റാന്നി സെന്റ് തോമസ് കോളജ് (റാന്നി), മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (ആറന്മുള), എലിയറയ്ക്കല്‍ അമൃത വിഎച്ച്എസ്എസ് (കോന്നി), അടൂര്‍ ബി എഡ് സെന്റര്‍ (അടൂര്‍) എന്നിവയാണ് ജില്ലയിലെ വിതരണ കേന്ദ്രങ്ങള്‍. കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ നിയോജക മണ്ഡലങ്ങളിലെ പോളിങ് സാമഗ്രികളുടെ വിതരണ – സ്വീകരണകേന്ദ്രങ്ങള്‍ അതാത് ലോക്സഭാ മണ്ഡലത്തിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കും. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഏഴ് നിയോജക മണ്ഡലങ്ങളുടെയും വോട്ടെണ്ണല്‍ കേന്ദ്രം ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയമാണ്.
ഹരിത പ്രവര്‍ത്തനങ്ങള്‍- സ്ഥാനാര്‍ഥികള്‍ക്ക് ജില്ലാ കളക്ടറുടെ കത്ത്
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൂര്‍ണമായും ഹരിതചട്ടം പാലിക്കുന്നതിനും നിരോധിത വസ്തുക്കള്‍ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിവാക്കുന്നതിനും സ്ഥാനാര്‍ഥികള്‍ക്ക് ജില്ലാ കളക്ടറുടെ കത്ത്. വിജയിക്കുമ്പോള്‍ ഭാവിയില്‍ പ്രകൃതി സംരക്ഷണത്തിനും ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കും മലനിരകളേയും വനസമ്പത്തിനേയും ജലാശയങ്ങളേയും സംരക്ഷിക്കുന്ന സുസ്ഥിരവികസന പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന നല്‍കി മാതൃകാ എം.പി യായിമാറണമെന്നും ജില്ലാ കളക്ടര്‍ കത്തില്‍ അഭ്യര്‍ഥിക്കുന്നു. ഹരിതചട്ടം പാലിക്കുന്നതിന്റെ ബോധവത്കരണത്തിനായി സ്ഥാനാര്‍ഥികള്‍ക്ക് സ്റ്റീല്‍ വാട്ടര്‍ബോട്ടില്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയ ഹരിതചട്ടവുമായി ബന്ധപ്പെട്ട കൈപ്പുസ്തകം എന്നിവയും നല്‍കി. ശുചിത്വമിഷന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പിലെ ഹരിതചട്ടവുമായി ബന്ധപ്പെട്ട ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.