ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി പള്ളാതുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാല്‍ ചുണ്ടന്. കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വിയപുരത്തെ 5 മൈക്രോ സെക്കൻഡുകൾക്ക് പരാജയപ്പെടുത്തിയാണ് കാരിച്ചാൽ 16-ാം നെഹ്റു ട്രോഫി കിരീടം നേടിയത്. പള്ളാതുരുത്തിയുടെ തുടർച്ചയായ അഞ്ചാം നെഹ്റു ട്രോഫിയാണ് ഇത്.
വിബിസി കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടന്‍ രണ്ടാമതെത്തി. കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടനും നിരണം ബോട്ട് ക്ലബ്ബ് തുഴഞ്ഞ നിരണം ചുണ്ടനും മൂന്നാമതായും നാലാമതായും ഫിനിഷ് ചെയ്തു. ഹീറ്റ്‌സില്‍ 4.14.35 മിനിറ്റ് സമയംകുറിച്ചാണ് കാരിച്ചാല്‍ ഫൈനലിലെത്തിയത്. കഴിഞ്ഞതവണ വീയപുരം ചുണ്ടന്‍ തുഴഞ്ഞാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് ചാമ്പ്യന്മാരായത്.
ഫൈനലില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയ ചുണ്ടന്‍വള്ളങ്ങള്‍ ഫിനിഷ് ചെയ്ത സമയം
1. കാരിച്ചാല്‍ ചുണ്ടന്‍- 4.29.785
2. വീയപുരം ചുണ്ടന്‍- 4.29.790
3. നടുഭാഗം ചുണ്ടന്- 4.30.130
2016 നു ശേഷം നെഹ്റു ട്രോഫി നേടിയിട്ടില്ലെന്ന പരാതി തീർക്കാനിറങ്ങിയ കാരിച്ചാൽ ചുണ്ടൻ നെഹ്റു ട്രോഫിയുടെ ചരിത്രത്തിലെ മികച്ച സമയം കുറിച്ചാണ് ഫൈനൽ യോഗ്യത ഉറപ്പിച്ചത്. 4:14.35 മിനിറ്റിലായിരുന്നു ഫിനിഷിങ്. 1974, 1975, 1976, 1980, 1982, 1983, 1984, 1986, 1987, 2000, 2001, 2003, 2008, 2011, 2016 വർഷങ്ങളിലാണ് മുൻപ്
കാരിച്ചാൽ നെഹ്റുവിന്റെ കയ്യൊപ്പ് പതിഞ്ഞ വെള്ളിക്കപ്പ് സ്വന്തമാക്കിയത്.
5 ഹീറ്റ്സ് മത്സരങ്ങളിലായി 19 ചുണ്ടൻ വള്ളങ്ങളാണ് പങ്കെടുത്തത്. ഒന്നാം ഹീറ്റ്സ് മത്സരത്തിൽ കൊല്ലം ജീസസ് ക്ലബ് തുഴഞ്ഞ ആനാരി ചുണ്ടൻ ജേതാക്കളായി. രണ്ടാം ഹീറ്റ്സിൽ പുന്നമട ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം ചുണ്ടനും മൂന്നാം ഹീറ്റ്സിൽ യുബിസി കൈനകരിയുടെ തലവടി ചുണ്ടനും ജേതാക്കളായി.
നാലാം ഹീറ്റ്സിൽ വിബിസി കൈനകരിയുടെ വിയപുരം ചുണ്ടൻ ഒന്നാമതെത്തി. ഹീറ്റ്സ് അഞ്ചിൽ കാരിച്ചാൽ ചുണ്ടനും ഒന്നാമതെത്തി.അതേസമയം ലൂസേഴ്സ് ഫൈനലിൽ തലവടി ചുണ്ടൻ വിജയി ആയി. രണ്ടാം ലൂസേഴ്സ് ഫൈനലിൽ വലിയ ദിവാൻജിയും മൂന്നാം ലൂസേഴ്സ് ഫൈനലിൽ ആയാപറമ്പ് പാണ്ടി ചുണ്ടനും ജേതാക്കളായി.
പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടനായിരുന്നു കഴിഞ്ഞ വർഷത്തെ ജേതാവ്. കുമരകം ടൗൺ ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനു 6 മില്ലി സെക്കൻഡ് വ്യത്യാസത്തിലാണു കപ്പ് നഷ്ടമായത്.
ഓഗസ്റ്റ് 10നാണ് വള്ളംകളി നടക്കേണ്ടിയിരുന്നത്. എന്നാൽ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വള്ളംകളി മാറ്റി വയ്ക്കുകയായിരുന്നു.
ഉച്ചയ്ക്കു 2ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് 70ാമത് നെഹ്റു ട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്തു. പവിലിയനിലെ നെഹ്റു പ്രതിമയിൽ പുഷ്പാർച്ചനയോടെയായിരുന്നു തുടക്കം. ചടങ്ങിൽ മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിച്ചു. മന്ത്രി സജി ചെറിയാൻ മത്സരവും മന്ത്രി വി.എൻ.വാസവൻ മാസ്ഡ്രില്ലും ഫ്ലാഗ് ഓഫ് നിർവഹിച്ചു.