തിരുവിതാംകൂർ ദേവസ്വം ബോർഡ് രൂപീകരിച്ചതിന്റെ പ്ലാറ്റിനം ജൂബിലി വർഷത്തോടനുബന്ധിച്ച് അടുത്തവർഷം സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പാക്കുമെന്ന് ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വ്യക്തമാക്കി.
നിലവിൽ ഇന്റർനെറ്റ് കവറേജ് വേണ്ടത്ര ലഭ്യമല്ലാത്തതാണ് ശബരിമലയിലെ പ്രശ്നം. ബ്രോഡ്ബാന്റ് കണക്ഷൻ ലഭ്യമാക്കാൻ ബോർഡ് നിലയ്ക്കൽ മുതൽ പമ്പ വരെ ഡക്ട് ഫൈബർ ഒപ്റ്റിക് കേബിൾ സ്ഥാപിക്കും. ഡക്ട് യാഥാർഥ്യമായാൽ ശബരിമലയിൽ ഇന്റർനെറ്റ് ബ്രോഡ്ബാന്റ് പൂർണ്ണ തോതിൽ ലഭ്യമാക്കാമെന്ന് ബി എസ് എൻ എൽ ഉൾപ്പെടെ ഇൻറർനെറ്റ് സേവനദാതാക്കളായ കമ്പനികൾ അറിയിച്ചിട്ടുണ്ട്.
നിലവിൽ മണ്ഡലമകര വിളക്ക് മഹോത്സവ സമയത്താണ് ശബരിമലയിൽ ഇന്റർനെറ്റ് ലഭ്യമാകുന്നത്. ബ്രോഡ്ബാൻഡ് വന്നാൽ 365 ദിവസവും ഇൻറർനെറ്റ് ലഭ്യമാകും– പ്രസിഡണ്ട് വ്യക്തമാക്കി.
സമ്പൂർണ ഡിജിറ്റലൈസേഷൻ
ബോർഡ് പ്രവർത്തനം സമ്പൂർണമായി ഡിജിറ്റിലൈസ് ചെയ്യാനുള്ള പ്രവർത്തനങ്ങൾ അടുത്ത വർഷം തുടങ്ങും. ഇതിനായി കേരള പോലീസിന്റെ സൈബർ ഉപദേശകനായ ഡോ. വിനോദ് ഭട്ടതിരിയെ ചീഫ് അഡ്വൈസർ ആയി നിയമിച്ചിട്ടുണ്ട്.
ആദ്യ ഘട്ടത്തിൽ റവന്യൂ, ചെലവ് വിഭാഗമാണ് ഡിജിറ്റിലൈസ് ചെയ്യുക.തുടർന്ന് ഇ-ഗവേണൻസ് നടപ്പാക്കും. പ്രൈസ് സോഫ്റ്റ്‌വെയർ, ഇ-ടെൻഡർ, ഇ-ബില്ലിംഗ് മുതലായവയും നടപ്പാക്കും. ഇതോടെ ബോർഡ് ഭരണത്തിൽ വേഗത വർദ്ധിക്കുകയും കൂടുതൽ സുതാര്യത കൈവരികയും വരുമാന ചോർച്ച ഇല്ലാതാവുകയും ചെയ്യും. ഇത് ബോർഡിനെ വരുമാന വർധനയിലേക്ക് നയിക്കും.
ഡിജിറ്റലൈസേഷന്റെ ഭാഗമായി നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററുമായി (എൻഐസി) സഹകരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് ടെമ്പിൾ സോഫ്റ്റ്‌വെയർ തയാറാക്കുന്നതായും പ്രസിഡന്റ് അറിയിച്ചു.
“ബോർഡിന് കീഴിലെ 1252 ക്ഷേത്രങ്ങളിൽ ടെമ്പിൾ സോഫ്റ്റ്‌വെയർ നിലവിൽവരും. ഇതിനുള്ള ധാരണാപത്രം എൻഐസി യുമായി ഡിസംബർ 20ന് ഒപ്പിടും,”പ്രസിഡണ്ട് കൂട്ടിച്ചേർത്തു.അടുത്തവർഷം മുതൽ ശബരിമല തീർത്ഥാടനത്തിലൂം ഇത് പ്രതിഫലിക്കും. തമിഴ്നാട്ടിലെ 45,000 ത്തോളം ക്ഷേത്രങ്ങളുടെ ടെമ്പിൾ സോഫ്റ്റ്‌വെയർ തയാറാക്കിയത് എൻഐസി ആണ്.
പുല്ലുമേട്, എരുമേലി വഴി കിലോമീറ്ററുകൾ നടന്നു വരുന്നവർക്ക് ദർശനത്തിന് പ്രത്യേക സൗകര്യം ഉടൻ: ദേവസ്വം ബോർഡ് പ്രസിഡന്റ്
അയ്യപ്പനെ കാണാൻ പുല്ലുമേട് വഴിയും എരുമേലി വഴിയും കാനന പാതയിലൂടെ കിലോമീറ്ററുകൾ നടന്നു. ദർശനത്തിനെത്തുന്ന
തീർത്ഥാടകർക്കായി പ്രത്യേക സംവിധാനം ഉടൻ ഒരുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡൻറ് പി എസ് പ്രശാന്ത് അറിയിച്ചു.
ഇത്രയും ദൂരം നടന്നുവരുന്ന ഇവർക്ക് വനം വകുപ്പുമായി സഹകരിച്ച് പ്രത്യേക ടാഗ് നൽകും. പമ്പയിൽ നിന്ന് സ്വാമി അയ്യപ്പൻ റോഡ് വഴി സന്നിധാനത്തേക്ക് വരാം. നീലിമല
വഴി പോകണം എന്നുള്ളവർക്ക് ആ വഴിയുമാകാം.
മരക്കൂട്ടത്ത് വച്ച് ശരംകുത്തി വഴി ഒഴിവാക്കി ഈ തീർത്ഥാടകർക്ക് ചന്ദ്രാനന്ദൻ റോഡ് വഴി
സന്നിധാനത്ത് പ്രവേശിക്കുകയും ആകാം. ഇങ്ങനെ പുല്ലുമേട് നിന്നും എരുമേലിയിൽ നിന്നും പ്രത്യേക പാതയിലൂടെ വന്നു നടപന്തലിൽ എത്തുന്ന പ്രത്യേകം ടാഗ് ധരിച്ച തീർത്ഥാടകർക്ക് പ്രത്യേക വരി ഉണ്ടാകും. ഈ വരിയിലൂടെ തീർത്ഥാടകർക്ക് ദർശനം നടത്താം.
വനംവകുപ്പുമായി സഹകരിച്ചാണ് പുതിയ സൗകര്യം ഏർപ്പാടാക്കുന്നത്. കാനന പാതയിലൂടെ വരുന്ന തീർത്ഥാടകർക്ക് പ്രത്യേക ടാഗ് നൽകേണ്ടത് വനം വകുപ്പാണ്. പുതിയ സംവിധാനം ഉടൻ നിലവിൽ വരുമെന്ന് പ്രസിഡന്റ് പറഞ്ഞു.