കോൺഗ്രസിന്റെ പാലക്കാട് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ നൽകി എ കെ ആന്റണി. രാഹുൽ മാങ്കൂട്ടത്തിലിന് വലിയ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പാണ് കേരളത്തിൽ ഹാട്രിക്ക് വിജയമായിരിക്കും കോൺഗ്രസിനുണ്ടാവുക പാലക്കാട് വോട്ടെണ്ണി കഴിയുമ്പോൾ ബിജെപിയുടെ വോട്ട് കുത്തനെ കുറയുമെന്നും എ കെ ആന്റണി പറഞ്ഞു.
എല്ലാവരും ഒറ്റകെട്ടായി നിക്കണം. പാലക്കാട് വിജയസാധ്യതയുള്ള സീറ്റാണ്. ഹൈക്കമാൻഡ് തീരുമാനമെടുത്താൽ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തകരും അനുഭാവികളും തീരുമാനം അംഗീകരിക്കണം.ഇലക്ഷൻ കാലത്ത് ഒരുപാട് പേർക്ക് ആഗ്രഹമുണ്ടാകും. താൻ ഒളിച്ചോടില്ല ഇവിടെ തന്നെയുണ്ടാക്കും വോട്ടെണ്ണൽ കഴിയുമ്പോൾ താൻ പറഞ്ഞത് യാഥാർഥ്യമാകും.ഏറ്റവും കൂടുതൽ കാലം താൻ സ്ഥിരമായി താമസിച്ച ഇടമാണ് പാലക്കാട്, അവിടെ എല്ലാ ഗ്രാമഗ്രാമാന്തരങ്ങളും വന്നിട്ടുണ്ട്. പാലക്കാട് ജില്ലയിലെ ജനങ്ങളെ കുറിച്ച് സാമാന്യം നല്ല അറിവുണ്ടെന്നും എകെ ആന്റണി വ്യക്തമാക്കി.
ജനസമ്പർക്ക പരിപാടി ഇലക്ഷൻ കാലത്തുണ്ടാവണം, പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വം വയനാടിനെ പിടിച്ചുയർത്തും ഉണ്ടാകാൻ പോകുന്നത് തരംഗമാണ്. ഇത്തവണ ചേലക്കരയും രമ്യാ ഹരിദാസ് തിരിച്ച് പിടിക്കും എകെ ആന്റണി പറഞ്ഞു.
രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിന് നേരെ തുറന്നടിച്ച് കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ ഡോ പി സരിൻ രംഗത്തെത്തിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വം പുനപരിശോധിക്കണമെന്ന് സരിൻ ആവശ്യപ്പെട്ടു.പാർട്ടി കുറച്ച് ആളുടെ ആവശ്യത്തിന് വഴങ്ങരുത്. വഴങ്ങിയാൽ ഹരിയാന ആവർത്തിക്കുമെന്ന് സരിൻ വിമര്‍ശിച്ചു. നേതൃത്വത്തിന് തിരുത്താൻ ഇനിയും സമയമുണ്ട്. ഇല്ലെങ്കിൽ തോൽക്കുക രാഹുൽ മാങ്കൂട്ടമല്ല, രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയമായിരിക്കുമെന്നും സരിന്‍ പറഞ്ഞു.
ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു കോണ്‍ഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. വയനാട് ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയും ചേലക്കരയില്‍ പാലക്കാട് മുൻ എംപി രമ്യ ഹരിദാസും പാലക്കാട് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലുമാണ് സ്ഥാനാർത്ഥികള്‍. കേരളത്തില്‍ നവംബർ 13നാണ് ഉപതിരഞ്ഞെടുപ്പ്.