നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ രണ്ട് പേരെ കൂടി സിബിഐ അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡ് ഹസാരിബാഗിലെ ഒയാസിസ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അഹ്‌സാനുല്‍ ഹഖിനെയും വൈസ് പ്രിന്‍സിപ്പാള്‍ ഇംതിയാസ് ആലാം എന്നിവരെയുമാണ് അറസ്റ്റ് ചെയ്തത്. ഈ സ്‌കൂളില്‍ നിന്നാണ് നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ന്നതെന്ന് ബിഹാര്‍ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു
കഴിഞ്ഞ ദിവസം കേസില്‍ രണ്ടുപേരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ബിഹാര്‍, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ പൊലീസ് അന്വേഷിച്ചിരുന്ന കേസുകളും സിബിഐ ഏറ്റെടുത്തിട്ടുണ്ട്. അതിനിടെ, ദേശീയ പരീക്ഷ ഏജന്‍സിയുടെ സുതാര്യത ഉറപ്പാക്കാന്‍ രൂപീകരിച്ച ഡോ. രാധാകൃഷ്ണന്‍ അധ്യക്ഷനായ സമിതി വിദ്യാര്‍ഥികള്‍, മാതാപിതാക്കള്‍, അധ്യാപകര്‍ എന്നിവരില്‍നിന്നടക്കം നിര്‍ദേശങ്ങള്‍ തേടി. ജൂലൈ ഏഴ് വരെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാമെന്നും വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു.
അതേസമയം നീറ്റ് ക്രമക്കേടില്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് എസ്എഫ്‌ഐ. ജൂലൈ നാലിന് പഠിപ്പ് മുടക്കി സമരം ചെയ്യും. നീറ്റ് പരീക്ഷ സമ്പ്രദായം അവസാനിപ്പിക്കുക, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.