ചെമ്പേരിയിൽ നിന്നും വയനാട്ടിലേക്ക് വലിയ ദൂരമൊന്നുമില്ല, എങ്കിലും അവിടേയ്ക്കൊന്നു പോകാൻ ഇത്രയും നാൾ കാത്തിരിക്കേണ്ടി വന്നു. ഓരോ കാരണങ്ങളാൽ രണ്ടുപ്രാവശ്യം മാറ്റിവയ്ക്കപ്പെട്ട യാത്രയാണ് ഇത്. ആ ആഗ്രഹം സഫലീകരിക്കാനായി ഞങ്ങൾ എസ് എസ് എൽ സി ബാച്ചിലെ കുറച്ചു സുഹൃത്തുക്കളും നാട്ടുകാരായ കുറച്ചു കുടുംബങ്ങളും ഞങ്ങളുടെ സ്വന്തം ടൂർ ഓപ്പറേറ്ററായ ഗണേഷിന്റെ നേതൃത്വത്തിലായിരുന്നു ഇക്കഴിഞ്ഞ രണ്ടാംതിയതി രാത്രി യാത്രയാരംഭിച്ചത്.
ആരംഭിക്കുമ്പോൾ യാത്ര ഇത്രയും അസ്വാദ്യകരവും മനോഹരവുമായിരിക്കുമെന്നു ആരും ഓർത്തിട്ടുണ്ടാവില്ല. ഒരേ മനസ്സോടെ ഒത്തൊരുമയോടെ ആദ്യം ചെന്നിറങ്ങിയത് “ദക്ഷിണകാശി”, എന്നും ‘ദക്ഷിണഗയ’ എന്നും വിളിക്കപ്പെടുന്ന തിരുനെല്ലി ക്ഷേത്രത്തിന് സമീപമുള്ള ഹോട്ടലിലാണ്. അവിടെനിന്നും ഫ്രഷ് ആയി ക്ഷേത്രസന്ദര്ശനത്തിനായി പുറപ്പെട്ടു.
കർണ്ണാടക അതിർത്തിയിലെ ബ്രഹ്മഗിരി മലനിരകളിലെ കമ്പമല, കരിമല, വരഡിഗ മലനിരകളാൽ ചുറ്റപ്പെട്ട സ്ഥലത്താണ് ക്ഷേത്രം. കണ്ണിനു കാഴ്ചസൗഭാഗവും കുളിർമ്മയുമേകുന്ന അതിമനോഹരമായ പ്രദേശം. ക്ഷേത്രത്തിന് സംരക്ഷണമേകി നിൽക്കുന്നതുപോലെയാണ് മലനിരകളുടെ നിൽപ്പ്. പടികൾക്ക്‌താഴെ ചെരിപ്പുകൾ അഴിച്ചുവെച്ചു ക്ഷേത്രത്തിലെത്തി.
ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ മഹാവിഷ്ണുവാണ്. പരമശിവന്റെ സാന്നിധ്യവും സമീപത്തുണ്ടെന്നാണ് വിശ്വാസം. നിലത്തുവിരിച്ച ശിലാപാളികളിൽ ഉറപ്പിച്ച കരിങ്കൽത്തൂണുകളിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ചുറ്റും കരിങ്കല്ല് പാകിയ നടപ്പാതയുമുണ്ട്. ഇപ്പോളവിടെ പുനരുദ്ധാരണപ്രവൃത്തികൾ നടക്കുന്നുണ്ട്. ചെറിയ മഴ ചാറിയതിനാൽ മുറ്റത്ത് അവിടവിടെയായി വെള്ളം കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. ബലിയിടാൻ വന്നവരും സന്ദര്ശകരുമായി അത്യാവശ്യം തിരക്കുണ്ടായിരുന്ന ക്ഷേത്രം ചുറ്റി ശ്രീകോവിലും സന്ദർശിച്ചു പുറത്തേയ്ക്കിറങ്ങുമ്പോൾ പഞ്ചസാരയും പഴവും കൂട്ടിക്കുഴച്ച പ്രസാദവും കിട്ടി. ദൈവം സർവ്വചരാചാരങ്ങളിലും നന്മയുള്ള മനുഷ്യന്റെ ഹൃദയത്തിലുമാണ് വസിക്കുന്നതെന്നു വിശ്വസിക്കുമ്പോൾ ആ പ്രസാദം വാങ്ങാൻ എന്തിനു മടിക്കണം.
ക്ഷേത്രത്തിനു സമീപം ജലം കൊണ്ടുവരാനുപയോഗിച്ചിരുന്ന ഒരു കരിങ്കൽ പാത്തി കണ്ടു. ആ പാത്തിയും ഞങ്ങളുടെ നാടുമായി ബന്ധമുള്ള ഒരു ഐതീഹ്യം ഉണ്ടെന്നു ഗണേഷ് പറഞ്ഞുതന്നു. കാസറഗോഡ് ജില്ലയിലെ ഒരു രാജവംശത്തിലെ തമ്പുരാട്ടി ക്ഷേത്രത്തിലെത്തി. അല്പം ദാഹജലം ആവശ്യപ്പെട്ടപ്പോൾ അവിടെയുള്ള നമ്പൂതിരി കുടിക്കാൻ വെള്ളമില്ല എന്ന നിസ്സഹായാവസ്ഥ വെളിപ്പെടുത്തി. അപ്പോൾ ആ സ്ത്രീ, എങ്കിൽ ഇവിടെ എങ്ങനെയും വെള്ളം എത്തിച്ചിട്ടുതന്നെ കാര്യമെന്ന് ദൃഢനിശ്ചയം ചെയ്തു. അങ്ങനെയാണ് ദൂരെയുള്ള മലഞ്ചെരിവിൽ നിന്നും വെള്ളമെത്തിക്കാനായി കരിങ്കൽപാത്തി നിർമ്മിക്കപ്പെട്ടതും കുടിവെള്ളം എത്തിച്ചതും. ഇതൊക്കെ ഓരോ ഐതീഹ്യം മാത്രം. ചരിത്രപരമായ തെളിവുകളൊന്നും ഇതേപ്പറ്റി ലഭ്യമല്ല.
പാപനാശിനി എന്ന അരുവിയുടെ തീരത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ അരുവിയിൽ ഒന്നു മുങ്ങിയാൽ എല്ലാ പാപങ്ങളിൽ നിന്നും വിടുതൽ ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
വർഷം മുഴുവൻ എല്ലാദിവസവും ഇവിടെ പിതൃതർപ്പണം നടക്കുന്നു. ഈ ക്ഷേത്രത്തിനു ചുറ്റും നെല്ലിമരങ്ങൾ ധാരാളമായി കാണാം. തീർഥയാത്ര പോയ മൂന്നു നമ്പൂതിരിമാർ വഴിതെറ്റി ഇവിടെ കറങ്ങിനടന്നപ്പോൾ ഇടിഞ്ഞുപൊളിഞ്ഞ ഒരു പുരാതനക്ഷേത്രവും അതിന് സമീപം നിറയെ നെല്ലിക്കകൾ കായ്ചുകിടക്കുന്ന നെല്ലിമരവും കണ്ടു. ആ നെല്ലിക്ക പറിച്ചുതിന്ന് അവർ പൈദാഹങ്ങൾ അകറ്റി. അപ്പോൾ ഒരു അശരീരി കേൾക്കുകയും ഇവിടം ത്രിമൂർത്തികളുടെ സാന്നിധ്യമുള്ള ഇടമാണെന്നും അതിനാൽ ഈ സ്ഥലത്തിന് ‘തിരുനെല്ലി’ എന്ന പേര് നൽകണമെന്നും ഇനി മറ്റൊരിടത്തേയ്ക്കും തീർഥയാത്ര പോകേണ്ടതില്ലെന്നും അറിയിച്ചു പോലും. ഐതീഹ്യം എന്തായിരുന്നാലും വളരെ മനോഹരമായ ഒരു സ്ഥലമാണ് ഇവിടം. ആകാശം മുട്ടെ ഉയർന്നുനിൽക്കുന്ന നീല മലകൾക്കു മുകളിൽ കോടയിറങ്ങുന്നത് നോക്കിനിന്നാൽ മതിയാവുകയില്ല. പ്രകൃതിയുടെ മനോഹാരിത മുഴുവൻ ആവാഹിച്ചു നിർത്തിയിരിക്കുകയാണ് ഇവിടെ.
ക്ഷേത്രത്തിനു താഴെയുള്ള ഹോട്ടലിൽനിന്നും പ്രഭാതഭക്ഷണം കഴിച്ചു അടുത്ത സ്ഥലമായ മീന്മുട്ടി വെള്ളച്ചാട്ടത്തിലേക്ക് പുറപ്പെട്ടു. ബസ്സിൽ ആട്ടവും പാട്ടും തമാശകളും തകൃതിയായിരുന്നു. വീടിന്റെ പിരിമുറുക്കത്തിൽ നിന്നും മറ്റൊന്നും ചിന്തിക്കാതെ എല്ലാവരും ആ യാത്ര പരമാവധി ആസ്വദിക്കുന്ന കാഴ്ചയാണ് ബസ്സിൽ കാണാൻ കഴിഞ്ഞത്. ജീവിതത്തിന് ഇത്രയേറെ ലാഘവത്വമുണ്ടെന്നു ഓരോരുത്തരും തിരിച്ചറിഞ്ഞ നിമിഷങ്ങൾ.
മനസ്സിന് കുളിർമ്മയേകുന്ന വനത്തിലൂടെയുള്ള മനോഹരയാത്ര. പ്രകൃതിയിലെ ഓരോ ജീവജാലങ്ങളും ഭൂമിയെ പ്രണയിച്ചുനിൽക്കുന്നതുപോലെ തോന്നും. അത്രയ്ക്ക് അസ്വാദ്യതയാണ് നിബിഡമായ വനത്തിന്. നമ്മളും അതിനുള്ളിലേയ്ക്ക് ആവാഹിക്കുപ്പെടുന്നതുപോലെയുള്ള ഒരനുഭവം.
പോകുന്നവഴിക്ക് ഉണ്ണിയേട്ടന്റെ പ്രശസ്തമായ ഉണ്ണിയപ്പക്കടയിലും കയറി. വേറിട്ട രുചിയിലെ ഉണ്ണിയപ്പം വാങ്ങി. അവിടത്തെ ഇഡ്ഡലിയും സാമ്പാറിനും ചമ്മന്തിപ്പൊടിക്കും അസാധ്യരുചിയാണ്. അത് പറയാതിരിക്കാൻ വയ്യ. പക്ഷേ ഉണ്ണിയപ്പം സാധാരണ ഉണ്ടാക്കുന്നതിലും വ്യത്യസ്തവും കുറച്ചു വലിപ്പവും ഉണ്ട്. വീണ്ടും യാത്ര തുടർന്നു. യാത്രയെ ആഘോഷമാക്കാൻ ഞങ്ങളുടെ രണ്ടു കുഞ്ഞുമക്കൾ ജോയലും ശ്രീലക്ഷ്മിയും കൂടെയുണ്ട്. അവരുടെ കളിച്ചിരികളും തമാശകളും യാത്രയ്ക്ക് വല്ലാത്തൊരു ഊർജ്ജം നൽകി.
മീന്മുട്ടി വെള്ളച്ചാട്ടത്തിലേയ്ക്ക് കുറച്ചുദൂരം നടക്കാനുണ്ട്. ബസ് താഴെ പാർക്കുചെയ്തു ടിക്കെറ്റ് എടുത്തു. ഒരാൾക്ക് നൂറുരൂപയാണ് പ്രവേശനഫീസ്. കല്ലുകൾ നിറഞ്ഞ വഴിയിലൂടെ വനത്തിനുള്ളിലേയ്ക്ക് കയറ്റം കയറിയിറങ്ങി വെള്ളച്ചാട്ടം ഉണ്ടെന്നു പറയപ്പെടുന്ന സ്ഥലത്തെത്തി. വേനലിന്റെ അസ്കിത വെള്ളച്ചാട്ടത്തെയും ബാധിച്ചിരുന്നു. നൂലുപോലെയാണ് വെള്ളമൊഴുകുന്നത്. കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നു. താഴത്തെ ഈ ദൃശ്യം മനസ്സുമടുപ്പിച്ചതുകൊണ്ട് മുകളിലേക്ക് പോയില്ല. കൂടെയുള്ള കുറച്ചു സുഹൃത്തുക്കൾ മുകളിലേക്ക് പോയിരുന്നു. അവർ എടുത്തുകൊണ്ടുവന്ന ഫോട്ടോസ് കണ്ടപ്പോൾ മുകളിലേക്ക് പോകാമായിരുന്നു എന്നു തോന്നി. ആകാശം മുട്ടിനിൽക്കുന്ന പാറകൾക്കിടയിലൂടെ ആകാശത്തുനിന്നും നേരിട്ടു താഴേയ്ക്ക് പതിക്കുന്ന നീർച്ചാൽ ഹൃദയഹാരിയായിരുന്നു. യാത്ര ദുർഘടമയിരുന്നെന്നാണ് അവർ പറഞ്ഞത്. കുത്തനെയുള്ള പാറകളിലൂടെ തലങ്ങനെയും വിലങ്ങനെയും കെട്ടിയിട്ട കയറിൽ പിടിച്ചുതൂങ്ങിയുള്ള സാഹസം അമ്പതുകഴിഞ്ഞവർക്ക് അത്ര എളുപ്പമായിരിക്കില്ലല്ലോ. അതിനാൽ അത്ര നിരാശ തോന്നിയില്ല. ചുറ്റുമുള്ള നിബിഡമായ വനപ്രദേശം ഏറെ ആകർഷണീയമായിരുന്നു. കാടിന്റെയുള്ളിൽ ആ കുളിർമ്മ ആസ്വദിച്ചു അല്പനേരം അവിടെ ചെലവഴിച്ചു തിരിച്ചുപോന്നു.
നൂറുരൂപ ഫീസ് വാങ്ങുന്നതിന്റെ പ്രതിഫലനമൊന്നും അവിടെ കണ്ടില്ല. കല്ലിലും മറ്റും തടഞ്ഞുവീഴാതെ ഒരു ചെറിയ നടപ്പാത കോണ്ക്രീറ്റ് ചെയ്തിട്ടിരുന്നെങ്കിലെന്നു അഭിപ്രായം ഉയർന്നു. ധാരാളം യാത്രികർ കേരളത്തിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും ഇവിടം സന്ദര്ശിക്കാനെത്തുന്നുണ്ട്. അവർക്കുള്ള അടിസ്ഥാനസൗകര്യമായ ഒരു നടപ്പാത അത്യന്താപേഷിതമാണെന്നു തോന്നി. ഞങ്ങളുടെ ക്യാപ്റ്റൻ ഗണേഷ്, അവിടെ പരാതിപ്പെട്ടപ്പോൾ വനംവകുപ്പ് നിർമ്മാണപ്രവർത്തനങ്ങളൊന്നും അനുവദിക്കില്ല എന്നാണ് പറഞ്ഞത്.
മീന്മുട്ടി സന്ദർശനം കഴിഞ്ഞപ്പോളേക്കും ഉച്ചയായി. വഴിക്ക് ഒരു ഹോട്ടലിൽക്കയറി വിഭവസമൃദ്ധമായ ഊണിനു ശേഷം ബാണാസുരസാഗർ അണക്കെട്ട് സന്ദർശനത്തിനായി പുറപ്പെട്ടു. നാലുമണിയോടെ പാർക്കിങ് ഏരിയയിൽ ബസ് ഒതുക്കി അണക്കെട്ടിലേയ്ക്ക് നടന്നു. നടക്കാൻ പറ്റാത്തവർക്കായി കെ എസ് ഈ ബി യുടെ ചെറിയ ബസുകളുണ്ട്. ഇതിൽ ഡാമിന് മുകളിലെത്താം. ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണുകൊണ്ടുള്ള അണക്കെട്ടും ഏഷ്യയിലെ രണ്ടാമത്തെ വലിയ അണക്കെട്ടുമാണ് ഇത്. ഡാമിന്റെ പാർശ്വഭിത്തിയിൽ മനോഹരമായി നട്ടുപരിപാലിച്ചു നിർത്തിയിരിക്കുന്ന പച്ചപ്പുല്ല് പ്രൂണ് ചെയ്തു മനോഹരമാക്കിയിരിക്കുന്നു. ഡാമിന് മുകളിലേക്ക് കുറച്ചേറെ പടികൾ കയറാനുണ്ട്. പടികൾ കയറാൻ പറ്റാത്തവർക്കായി വശങ്ങളിൽ റാമ്പും ഒരുക്കിയിരിക്കുന്നു.
തലയ്ക്ക് മുകളിൽ സിപ് ലൈനിലൂടെ പാഞ്ഞുപോകുന്ന സാഹസിക യാത്രികർ. ഏറെ വൃത്തിയിലും വെടിപ്പിലും പരിസരം സംരക്ഷിച്ചിരിക്കുന്നു. ഡാമിലും വേനൽ വറുതി പ്രത്യക്ഷമായിരുന്നു. ബോട്ടിങ്ങിനുള്ള സൗകര്യവും അവിടെ ഒരുക്കിയിട്ടുണ്ട്.
ഇന്ത്യയിലെ ആദ്യത്തെ ഫ്ലോട്ടിംഗ് സോളാർ പവർ പ്ലാന്റ് ബാണാസുര അണക്കെട്ടിലാണ് സ്ഥാപിച്ചിട്ടുള്ളത്. പടിഞ്ഞാറത്തറ കെ എസ് ഈ ബി സ്റ്റേഷന്റെ ഉത്തരവാദിത്തത്തിലാണ് അണക്കെട്ട്. കബനി നദിയുടെ കൈവഴിയായ കരമൻതോട് പുഴ തടഞ്ഞുനിർത്തിയാണ് അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. 1979 ൽ നിർമ്മാണം കഴിഞ്ഞ അണക്കെട്ട് ഒരുകിലോമീറ്റർ നീളത്തിൽ മണ്ണും കരിങ്കല്ലുകളും ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. കുറ്റ്യാടി ജലവൈദ്യുതപദ്ധതിയിലേയ്ക്ക് ജലമെത്തിക്കുക, സമീപപ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുകയും ജലസേചനത്തിനുമായാണ് ഇത് സംരക്ഷിക്കപ്പെട്ടിരിക്കുന്നത്.
ബാണാസുരസാഗർ മലകളുടെ താഴ്വരയിലുള്ള ഡാം നിർമ്മിച്ചപ്പോൾ സമീപപ്രദേശങ്ങളിലെ മൊട്ടക്കുന്നുകൾ ഡാമിനുള്ളിൽ ചെറിയ ദ്വീപുകൾ പോലെ അവശേഷിച്ചിരിക്കുന്നത് മനോഹരവും ഹൃദ്യവുമായ കാഴ്‌ചവിരുന്നൊരുക്കുന്നു. മലനിരകളെ തഴുകിവരുന്ന കാറ്റും വൈകുന്നേരത്തിന്റെ സൗന്ദര്യവും ആസ്വദിച്ചു ഒന്നൊന്നര മണിക്കൂറോളം ഇവിടെ ചെലവഴിച്ചു. ആകാശം മുട്ടി കൈകോർത്തു നിൽക്കുന്ന ബാണാസുര, മലകളുടെ ഗാംഭീര്യവും സൗദര്യവും വിവരിക്കാൻ പറ്റുന്നതല്ല. ചെമ്പ്ര കഴിഞ്ഞാൽ വയനാട് ജില്ലയിലെ ഏറ്റവും വലിയ മലയാണ് ചക്രവാളം മുട്ടിനിൽക്കുന്ന ബാണാസുരമല. സമുദ്രനിരപ്പിൽനിന്നും 6732 അടി ഉയരത്തിൽ നിൽക്കുന്ന മലയുടെ താഴ്വരയിലെ വിശാലമായ നീലജലാശയം. മണിക്കുന്ന്, കുറിച്യർ മല, ചെമ്പ്ര പീക്ക്, തരിയോട് മല സുഗന്ധഗിരിമല, ബ്രഹ്മഗിരി മലനിരകൾ എന്നിവ ഇവിടെനിന്നും ദർശനസൗഭഗം നൽകുന്നു.
ഈ ജലസമധിക്കടിയിൽ തരിയോട് എന്ന ഒരു ഗ്രാമം ഉറങ്ങുന്നുണ്ട്. വീടുകൾ, കൃഷിഭൂമികൾ, പള്ളികൾ എല്ലാം ഇതിനടിയിലായി. ഇവിടുത്തെ മനുഷ്യർ മറ്റിടങ്ങളിലേക്ക് പുനരധിവാസിക്കപ്പെട്ടു. ഇപ്പോളും പഴയ പള്ളിയുടെയും വീടുകളുടെയും അവശിഷ്ടങ്ങൾ സമീപത്തു കാണാം. ആർക്കും ബോട്ടിങിന് താല്പര്യമില്ലാത്തതുകൊണ്ട് ബോട്ടിങ് നടത്തിയില്ല. ചെറിയ ബോട്ടുകൾ ജലശയത്തിലൂടെ ചുറ്റിത്തിരിയുന്നതും പാഞ്ഞുപോകുന്നതും വരുന്നതും കാണാമായിരുന്നു. കേരളത്തിലെ പ്രധാനപ്പെട്ട എക്കോ ടൂറിസങ്ങളിൽ ഒന്നാണ് ഇവിടം.
തലേന്നത്തെ യാത്രാക്ഷീണവും ഉറക്കവും ബാക്കിനിൽക്കുന്നതിനാൽ പനമരത്തുള്ള താമസസ്ഥലത്തേയ്ക്ക് പുറപ്പെട്ടു. മൂന്നു കോട്ടേജുകളായാണ് ബുക്ക് ചെയ്തിരിക്കുന്നത്. മനോഹരമായ സ്വിമ്മിങ് പൂളിലെ ചെറുചൂടുവെള്ളത്തിലെ ജലകേളിയും ക്യാമ്പ് ഫയറും ബാർബിക്യൂവും ഊഞ്ഞാൽ തുടങ്ങിയ വിനോദോപാധികളും ഒരുക്കിയിരുന്നു.
കൊച്ചുകൊച്ചു ഗെയിമുകളും നടത്തി നല്ല തണുപ്പുള്ള സുഖദമായ കാലാവസ്‌ഥയും കൂടിയായപ്പോൾ എല്ലാംകൊണ്ടും മനോഹരമായ ഉറക്കത്തിലേക്ക് വഴുതിയത് അറിഞ്ഞില്ല.
തുടരും..
1979 ൽ നിർമ്മാണം കഴിഞ്ഞിട്ടില്ല.
1979 ൽ പണി ആരംഭിച്ചു. 2004 ൽ തീർന്നു.
അസ്സലായി വിവരണം..
വയനാടൻ കാഴ്ചകൾ ഹൃദ്യം
വയനാടൻ കാഴ്ചകളും തിരുനെല്ലി സ്ഥല നാമ ചരിത്രവും അറിഞ്ഞു. സമ്പൂർണ്ണ വിവരണമാണ് ഓരോ പ്രദേശത്തെയും കുറിച്ചു തന്നിരിക്കുന്നത്.
.