Thursday, December 26, 2024
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – മാർച്ച് 25, 2024 തിങ്കൾ

വാർത്തകൾ ഒറ്റനോട്ടത്തിൽ – മാർച്ച് 25, 2024 തിങ്കൾ

കപിൽ ശങ്കർ

🔹വെസ്റ്റ് ഫിലാഡൽഫിയ ഗോൾഫ് കോഴ്‌സിൽ നിന്ന് മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. സിറ്റി അവന്യൂവിലെ 7900 ബ്ലോക്കിൽ വൈകുന്നേരം നാലു മണിയോടെയാണ് 28 കാരനായ ഒരാൾ ഷോക്കേറ്റ് കിടക്കുന്നതായി റിപ്പോർട്ട്‌ ലഭിച്ചത്. പോലീസ് സംഭവസ്ഥസലത്തെത്തിയപ്പോൾ, ഒരു ഇലക്ട്രിക്കൽ ബോക്‌സിന് സമീപം പ്രതികരണശേഷിയില്ലാത്തതായി കണ്ടെത്തി. ഉടൻ തന്നെ ലങ്കെനൗ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

🔹താഹോ തടാകത്തിന് പടിഞ്ഞാറ് വിദൂര വടക്കൻ കാലിഫോർണിയ മേഖലയിൽ പർവത സിംഹത്തിൻ്റെ ആക്രമണത്തിൽ 21കാരൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു, 20 വർഷത്തിനിടെ സംസ്ഥാനത്ത് നടക്കുന്ന ആദ്യത്തെ മാരകമായ സംഭവമാണിതെന്നു അധികൃതർ പറയുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം കാലിഫോർണിയയിലെ പ്ലേസർവില്ലെക്ക് വടക്കുള്ള ജോർജ്ജ്ടൗണിൽ അദ്ദേഹവും സഹോദരനും ആക്രമിക്കപ്പെട്ടതായി 18 വയസ്സുള്ള ഒരാൾ 911 എന്ന നമ്പറിലേക്ക് വിളിച്ചു.\ എന്ന് എൽ ഡൊറാഡോ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു

🔹ന്യൂയോർക്ക് സിറ്റിയിലെ ഒരു പ്രധാന കൊക്കെയ്ൻ വിതരണക്കാരൻ ഉപയോഗിക്കുന്ന ഒരു അപ്പാർട്ട്മെൻ്റിലുടനീളം രഹസ്യ അറകളിൽ സൂക്ഷിച്ചിരുന്ന 30 പൗണ്ട് കൊക്കെയ്നും 3 മില്യൺ ഡോളറിൻ്റെ പണവും നിയമ നിർവ്വഹണ ഉദ്യോഗസ്ഥർ കണ്ടെത്തിയതായി സ്പെഷ്യൽ നാർക്കോട്ടിക് പ്രോസിക്യൂട്ടറുടെ സിറ്റി ഓഫീസ് വെള്ളിയാഴ്ച അറിയിച്ചു.
ബ്രോങ്ക്‌സിലെ ഒരു അപ്പാർട്ട്‌മെൻ്റിൽ ഫർണിച്ചറിനുള്ളിൽ നിറച്ച പണവും മയക്കുമരുന്നും ആഡംബര വാച്ചുകളും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതിനെ തുടർന്ന് മാർച്ച് 20 ന് 60 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്തതായി ഏജൻസി അറിയിച്ചു.

🔹പന്ത് തൊണ്ടയില്‍ കുടുങ്ങി രണ്ടര വയസുകാരനായ വയനാട് ചെന്നലോട് സ്വദേശി ഇലങ്ങോളി വീട്ടില്‍ മുഹമ്മദ് ബഷീറിന്റെ മകന്‍ മുഹമ്മദ് അബൂബക്കറിന് ദാരുണാന്ത്യം. പന്ത് തൊണ്ടയില്‍ കുടുങ്ങിയ ഉടനെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

🔹രാഹുല്‍ ഗാന്ധിക്കെതിരെ കെ.സുരേന്ദ്രനോട് മല്‍സരിക്കാന്‍ നിര്‍ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് സൂചന. കഴിഞ്ഞയാഴ്ച സുരേന്ദ്രനെ ഡല്‍ഹിയില്‍ വിളിപ്പിച്ച് കാര്യങ്ങള്‍ വിശദീകരിച്ചു. കെ.സുരേന്ദ്രനുവേണ്ടി ദേശീയ നേതാക്കള്‍ പ്രചാരണത്തിനെത്തും. സംസ്ഥാന അധ്യക്ഷപദവി ഒഴിയുന്ന സുരേന്ദ്രന് തിരഞ്ഞെടുപ്പിനുശേഷം അര്‍ഹമായ പദവി നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍.

🔹കൊല്ലം കരുനാഗപ്പള്ളി തഴവ കുറ്റിപ്പുറത്ത് തടിലോറി പൊട്ടിച്ച കെ ഫോണിന്റെ കേബിളില്‍ കുരുങ്ങി വീട്ടമ്മയ്ക്ക് പരുക്കേറ്റ കേസില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍. ലോറി ഡ്രൈവറായ തമിഴ്നാട് തെങ്കാശി സ്വദേശി ദുര്‍ഗേഷ് ആണ് കീഴടങ്ങിയത്. മനുഷ്യജീവന് ആപത്തുണ്ടാക്കും വിധം അശ്രദ്ധമായി വാഹനമോടിച്ചെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

🔹മലപ്പുറം കാളികാവ് ഉദരപൊയിലില്‍ രണ്ടര വയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛന്‍ മുഹമ്മദ് ഫാരിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിലവില്‍ ഫായിസിനെതിരെ പരാതി കിട്ടിയിട്ടില്ലെന്നും കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിനായും നിലവില്‍ അസ്വഭാവിക മരണത്തിന് മാത്രമാണ് കേസെടുത്തിരിക്കുന്നതെന്നും കാളികാവ് പൊലീസ് പറഞ്ഞു.

🔹കോതമംഗലം ടൗണിലെ വിവിധയിടങ്ങളിലായി തെരുവുനായയുടെ ആക്രണത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. ഒരേ നായ ആണ് എട്ടുപേരെയും ആക്രമിച്ചത്. എട്ടുപേരും കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

🔹മാവൂരില്‍ വീട്ടിലെ അടുക്കളയില്‍ സൂക്ഷിച്ച ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. തീപ്പിടിത്തത്തില്‍ വീട്ടുപകരണങ്ങളും വീടിനുളളില്‍ സൂക്ഷിച്ച പണവും കത്തി നശിച്ചു. പൊട്ടിത്തെറിക്ക് പിന്നാലെ തീ പടര്‍ന്ന് പിടിച്ചതോടെ വീട്ടുകാര്‍ പുറത്തേക്ക് ഓടിയതിനാല്‍ വലിയ അപകടം ഒഴിവായി.

🔹മധ്യപ്രദേശിലെ ഉജ്ജൈനില്‍ ഹോളി ആഘോഷത്തിനിടെയുണ്ടായ അപകടത്തില്‍ 14 പേര്‍ക്ക് പരിക്ക്. പുലര്‍ച്ചെ മഹാകാല്‍ ക്ഷേത്രത്തിലെ ശ്രീകോവിലിലാണ് തീ പടര്‍ന്നത്. പൂജാരി അടക്കം ക്ഷേത്രത്തികത്ത് ഉണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉജ്ജൈന്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

🔹രാഹുല്‍ ഗാന്ധി ടൂറിസ്റ്റ് വിസയില്‍ വരുന്ന എംപിയാണെന്നും രാഹുലിനേക്കാള്‍ വയനാട്ടിലെത്തിയത് ആനയാണെന്നും വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ.സുരേന്ദ്രന്‍. 5 കൊല്ലം വയനാട്ടില്‍ എന്ത് ചെയ്തുവെന്നും വന്യമൃഗ ഭീഷണിക്കെതിരെ രാഹുല്‍ എന്ത് ചെയ്തുവെന്നും എന്തങ്കിലും പദ്ധതി കൊണ്ടു വന്നോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.എന്‍ഡിഎ ഇക്കുറി കേരളത്തില്‍ ചരിത്രം കുറിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു

🔹വോട്ട് അഭ്യര്‍ത്ഥിച്ചുള്ള ഫ്ലക്സില്‍ വിഗ്രഹത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയ ആറ്റിങ്ങലിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി മുരളീധരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ പരാതി നല്‍കി ഇടത് മുന്നണി. വര്‍ക്കലയിലാണ് വിവാദ ഫ്ലക്സുകള്‍ വെച്ചിരിക്കുന്നത്. മുരളീധരന്റെ നടപടി ഗുരുതര ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിട്ടുള്ളത്.

🔹പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വിദ്യാര്‍ത്ഥികളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചത് റദ്ദാക്കാന്‍ ഗവര്‍ണര്‍ വിസിക്ക് നിര്‍ദേശം നല്‍കി. സസ്പെന്‍ഷന്‍ പിന്‍വലിച്ചതില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വിസിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

🔹സ്വന്തം പറമ്പില്‍ നിന്ന് തേങ്ങ പറിക്കുന്നതിന് കാസര്‍കോട് നീലേശ്വരം പാലായിയിലെ രാധയെന്ന വയോധികയ്ക്ക് സിപിഎമ്മിന്റെ വിലക്കെന്ന് പരാതി. സ്വന്തം പറമ്പില്‍ നിന്ന് തേങ്ങയിടാന്‍ തൊഴിലാളികളുമായി എത്തിയപ്പോഴാണ് ഭീഷണി. എന്നാല്‍, പുറത്ത് നിന്ന് തൊഴിലാളികള്‍ എത്തിയത് പാലായി ഭാഗത്തെ തൊഴിലാളികള്‍ ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്നാണ് സിപിഎമ്മിന്റെ പ്രതികരണം.

🔹വീണ്ടും ജനവാസ മേഖലയിലിറങ്ങി പടയപ്പ എന്ന കാട്ടാന. ഗ്യാപ്പ് റോഡില്‍ ദേവികുളം ടോള്‍ ബൂത്തിന് സമീപമിറങ്ങിയ ആന ചെറിയ തോതില്‍ ഗതാഗത തടസമുണ്ടാക്കി. സഞ്ചാരികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആര്‍.ടി.ടി സംഘമെത്തി പടയപ്പയെ ചൊക്കനാട് എസ്റ്റേറ്റിലേക്ക് തുരത്തിയതിനെ തുടര്‍ന്ന് ഗതാഗതം പുനസ്ഥാപിച്ചു.

🔹ആര്‍എല്‍വി രാമകൃഷ്ണനെതിരായ കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബര്‍ അതിക്രമം നേരിടുന്നുവെന്ന് കലാമണ്ഡലം സത്യഭാമ. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം തുടരുന്നുവെന്നും അവര്‍ പറഞ്ഞു. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി നല്‍കിയിരുന്നെന്നും ആരെയും വേദനിപ്പിക്കാന്‍ ഉദേശിച്ചിട്ടില്ലെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചു.

🔹കോട്ടയത്ത് രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയില്‍ നിന്നും നാടുകടത്തി. കടുത്തുരുത്തി മാഞ്ഞൂര്‍ സ്വദേശി മണികുഞ്ഞ് എന്നു വിളിക്കുന്ന അജിത്ത് കുമാര്‍ , കടുത്തുരുത്തി മുട്ടുചിറ സ്വദേശി അനന്തു പ്രദീപ് എന്നിവരെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്. ഇരുവരെയും ഒന്‍പതു മാസത്തേക്കാണ് ജില്ലയില്‍ നിന്ന് പുറത്താക്കിയത്.

🔹ഇടുക്കിയിലെ പൂട്ടിക്കിടക്കുന്ന തേയിലത്തോട്ടങ്ങളില്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി ഒരാഴ്ചക്കുള്ളില്‍ നല്‍കി തുടങ്ങുമെന്ന് സൂചന. വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന ഗ്രാറ്റുവിറ്റി സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്നാണ് വിതരണം ചെയ്യുന്നത്. ചീഫ് പ്ലാന്റേഷന്‍ ഇന്‍സ്പെക്ടറുടെ ഓഫീസില്‍ നടന്ന യോഗത്തിലായിരുന്നു തിരുമാനം.

🔹കൊല്ലം കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്കിനോട് അനുബന്ധിച്ച് വണ്ടിക്കുതിര വലിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ അഞ്ചു വയസുകാരി മരിച്ചു. ചവറ വടക്കുംഭാഗം പാറശേരി തെക്കതില്‍ വീട്ടില്‍ രമേശന്റെയും ജിജിയുടെയും മകള്‍ ക്ഷേത്രയാണ് മരിച്ചത്. കടത്താറ്റുവയലില്‍ നടന്ന കെട്ടുകാഴ്ചയ്ക്കിടെ നാല് ചക്രങ്ങളുള്ള വണ്ടിക്കുതിര നിയന്ത്രണം തെറ്റിയെത്തിയപ്പോഴായിരുന്നു അപകടം. തിരക്കിലുംതിരക്കിലും പെട്ട് അച്ഛന്റെ കൈയിലിരുന്ന കുഞ്ഞ് താഴെവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

🔹നിവിന്‍ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ‘മലയാളി ഫ്രം ഇന്ത്യ’ എന്ന ചിത്രത്തിലെ രസകരമായ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. കൃഷ്ണ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ടിറ്റോ പി തങ്കച്ചനാണ്. സംഗീതം ജേക്സ് ബിജോയ്. വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗരുഡന്‍ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രം മെയ് 1 നാണ് തിയറ്ററുകളില്‍ എത്തുക. നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് ഷാരിസ് മുഹമ്മദ് ആണ്. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്റെ പ്രൊമോ വീഡിയോ സിനിമാപ്രേമികള്‍ക്കിടയില്‍ വൈറല്‍ ആയിരുന്നു.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments